ആശമാരോട് എന്തിനീ കൊടുംക്രൂരത?
text_fieldsഅവകാശങ്ങൾ ചോദിച്ചു വാങ്ങാൻ അവകാശമില്ലാത്ത (Right to ask for rights)വരെപ്പറ്റി ചരിത്രകാരിയും ഫിലോസഫറുമായ ഹന്ന ആരന്റ് സൂചിപ്പിച്ചിട്ടുണ്ട്. പൗരത്വമില്ലാതെ പല രാജ്യങ്ങളിലായി ചിതറിക്കിടന്ന അഭയാർഥികളായിരുന്നു അതെഴുതുമ്പോൾ ഹന്നയുടെ മനസ്സിൽ എങ്കിൽ ഇന്ന് ജീവിതത്തിന്റെ പല മേഖലകളിലും അവരെ കാണാം. വികസനം പുറത്താക്കിയ ആദിവാസി ദലിത് വിഭാഗങ്ങൾ, സർക്കാർ-സ്വയംഭരണ-സ്വകാര്യമേഖലകളിൽ പണിയെടുക്കുന്ന ദിവസക്കൂലിക്കാരും കരാർ ജീവനക്കാരും എല്ലാം പൗരാവകാശങ്ങളില്ലാത്ത അഭയാർഥികൾതന്നെ. ഒരു ദേശരാഷ്ട്രത്തിന്റെ നയ-നിയമ കാർക്കശ്യങ്ങൾക്കനുസരിച്ചാണ് അവരുടെ പെരുപ്പം എന്ന് ‘അഭയാർഥികൾ’ എഴുതിയ ആനന്ദിനെ ഉദ്ധരിച്ച് പറയാം. തൊഴിൽ നിയമങ്ങൾ റദ്ദുചെയ്തും തൊഴിലാളികളെ സന്നദ്ധസേവനക്കാരാക്കിയും ദേശസ്നേഹപ്രചോദിതരായി സമയപരിധിയില്ലാതെ ജോലി ചെയ്യണമെന്ന് ഉദ്ബോധിപ്പിച്ചും കണ്ണിൽ ചോരയില്ലാതെ പൗരരുടെ അധ്വാനശേഷി ചൂഷണം ചെയ്യുകയാണ് ഇന്ന് കേന്ദ്ര ഭരണകൂടം. കോർപറേറ്റ് ബാന്ധവ ഫാഷിസ്റ്റ് സർക്കാറിൽനിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കാനും വയ്യ. പക്ഷേ, ‘പോയി കേന്ദ്രത്തോട് ചോദിക്കൂ’ എന്ന് ദരിദ്രരും നിസ്സഹായരുമായ സ്ത്രീത്തൊഴിലാളികളോട് പറയാനാവുന്നവർ, അധികാരികളോ ന്യായീകരണക്കാരോ ആരായാലും ആ ഫാഷിസ്റ്റ് മനോഭാവക്കാരിൽനിന്ന് വിഭിന്നരെന്ന് കരുതാനാവില്ല.
ആരോഗ്യരംഗത്തെ ഭിഷഗ്വര സംഘടനയുടെ മൗനവും അത്ഭുതമുളവാക്കുന്നു. ആശാവർക്കർമാർ എന്ന അടിത്തട്ട് ജീവനക്കാരുടെ സേവനത്തിന്റെ വ്യാപ്തിയും പ്രയോജനവും കൃത്യമായി മനസ്സിലാക്കുന്നവരല്ലേ അവർ! ക്ഷേമപദ്ധതികൾ താളം തെറ്റുന്നത് അവരറിയുന്നുണ്ട്. അവരുടെ സമരത്തോടും പ്രയാസങ്ങളോടും അനുതാപമുള്ളവർ അക്കൂട്ടത്തിലുണ്ട് എന്ന് ചിലരോടൊക്കെ സംവദിച്ചപ്പോൾ മനസ്സിലായി. സോഷ്യൽ ആക്ടിവിസ്റ്റുകളുടെ നേരെയാണ് അവരതിനായി പ്രതീക്ഷയോടെ നോക്കുന്നതെന്നും. തങ്ങൾക്കുകൂടി ഇതിൽ ഇടപെടേണ്ട ഉത്തരവാദിത്തമുണ്ടെന്ന് അവർ എപ്പോൾ മനസ്സിലാക്കും?
2005ൽ ഡോ.മൻമോഹൻ സിങ് സർക്കാർ തുടങ്ങിവെച്ച ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതി (NRHM)യുടെ ഭാഗമായാണ് ആശ വളണ്ടിയേഴ്സ് പദ്ധതി ആവിഷ്കരിക്കപ്പെട്ടത്. ഒഴിവുസമയവും സേവനമനസ്ഥിതിയുമുള്ള ഗ്രാമീണസ്ത്രീകളെ പരിശീലനം നൽകി പൊതുജനാരോഗ്യ സംവിധാനത്തിനുവേണ്ടി സജ്ജരാക്കുക എന്ന ആശയമായിരുന്നു അതിനു പിന്നിൽ. ഇന്നത് നഗര-ഗ്രാമ ഭേദമില്ലാതെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആരോഗ്യമേഖലയുടെ അവശ്യഘടകമായി മാറിയിരിക്കുന്നു. ദേശീയതലത്തിൽ തുടക്കമിട്ട പദ്ധതിയിലെ അംഗങ്ങളുടെ പരിശീലനം, നിയമനം, പ്രവർത്തനമേഖല, പ്രതിഫലം എന്നിവ നിശ്ചയിക്കേണ്ടതും നിർവഹിക്കേണ്ടതും സംസ്ഥാനങ്ങളാണ്. കേന്ദ്രം ചെറിയൊരു തുക സ്ഥിരമായി ഇൻസൻറീവ് നൽകും. സ്പെഷൽ ടാസ്കുകൾക്ക് ചെറിയ പ്രതിഫലവും.
2007ൽ, പ്രവർത്തിച്ചു തുടങ്ങിയതുമുതൽ ആശമാർ ഏറ്റെടുക്കേണ്ട ജോലികൾ കൂടി. ഒരു ഒഴിവുസമയ ജോലിയായി എടുക്കാനാവാത്തവിധം ഉത്തരവാദിത്തങ്ങൾ വർധിച്ചു. കുടുംബാരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ മിക്കവാറും അവരിലൂടെയായി. ഗർഭിണികളെ ആദ്യമാസങ്ങളിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുക, ഉപദേശങ്ങൾ നൽകുക, അത്യാവശ്യമരുന്നുകൾ എത്തിക്കുക, വാക്സിനേഷന് പ്രേരിപ്പിക്കുക, ആശുപത്രി പ്രസവത്തിന് പ്രേരിപ്പിക്കുക, പ്രസവശേഷം ആഴ്ചതോറും സന്ദർശിച്ച് ആരോഗ്യം ഉറപ്പുവരുത്തുക, കുഞ്ഞിന്റെ ആരോഗ്യം, മുലപ്പാൽ ലഭ്യത, വാക്സിനേഷൻ എന്നിവ ഉറപ്പാക്കുക, കൂടാതെ, കിടപ്പുരോഗികളുടെ പരിചരണം, പലതരം കണക്കെടുപ്പുകൾ എന്നിങ്ങനെ അറ്റമില്ലാത്ത പുതിയ ഉത്തരവാദിത്തങ്ങൾ അവരുടെ മേൽ വന്നുചേർന്നു. കൃത്യതയോടെ എല്ലാം രേഖപ്പെടുത്തി സമർപ്പിക്കൽ പ്രധാനം. മാസം തോറും പരിശീലനത്തിനും അല്ലാതെയും യോഗങ്ങളിൽ പങ്കെടുക്കുക നിർബന്ധം. വീഴ്ചവരുത്തിയാൽ ഓണറേറിയം കട്ട് ചെയ്യപ്പെടും. സമയപരിധിയോ അവധിയോ ഇല്ല. ദിവസവും 12 മണിക്കൂർ പണിതാലും തീരാത്ത ജോലികൾ! കേരള സർക്കാർ പ്രഖ്യാപിച്ച 10 ഉപാധികൾ പൂർത്തിയാക്കിയാലേ ഇന്നു കിട്ടുന്നു എന്ന് പറയുന്ന 7000 രൂപപോലും അവർക്ക് സമരം തുടങ്ങും വരെ ലഭിച്ചിരുന്നുള്ളൂ. സേവനമായി കണക്കാക്കിയതിനാലാവാം, സമരം തുടങ്ങുമ്പോൾ മൂന്നു മാസത്തെ ഓണറേറിയം കുടിശ്ശികയായിരുന്നു.
എല്ലാ മനുഷ്യരും പേടിച്ച് വീട്ടിൽ അടച്ചിരുന്ന കോവിഡ് കാലത്ത് ആശമാരുടെ ജോലി പതിന്മടങ്ങ് വർധിച്ചു. സന്നദ്ധ പ്രവർത്തകർക്കും പൊലീസിനുമൊപ്പം രാപ്പകൽ അവർ വീടുകൾ കയറിയിറങ്ങി. മരുന്നും ഭക്ഷണവുമെത്തിച്ചു. ക്വാറന്റീനും സോഷ്യൽ ഡിസ്റ്റൻസിങ്ങും പാലിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിച്ചു. ആശുപത്രി ചികിത്സ വേണ്ടവർക്ക് സൗകര്യങ്ങൾ ചെയ്തു. ആശുപത്രിക്കകത്ത് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും സ്വന്തം ജീവനെയും ആരോഗ്യത്തെയും പിറകോട്ടു തള്ളി എങ്ങനെ പ്രവർത്തിച്ചുവോ, അതുപോലെ ആശമാർ പുറത്തും പ്രവർത്തിച്ചതിനാൽ തന്നെയാണ് കേരളത്തിന് ഫലപ്രദമായി കോവിഡിനെ നിയന്ത്രിക്കാനായത്. മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ് ഇതൊക്കെ.
ഇന്ന് ഈ സഹോദരിമാർ തെരുവിലാണ്. രണ്ടു മാസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നിലെ കൊടുംവെയിലും മഴയും ശാരീരികമായി തളർത്തുന്നെങ്കിലും മാനസികമായി അവരെ ശക്തരാക്കുകയാണ്. വൈദ്യുതി വിച്ഛേദിക്കപ്പെട്ട വീടും പലിശ മുടങ്ങിയ ലോണും അവരെ സഹനസമരത്തിനുതന്നെ പ്രേരിപ്പിക്കും. അത് അവരുടെ മാത്രം പ്രശ്നമല്ല; സമൂഹത്തിന്റേതു കൂടിയാണ്. ഭരണാധികാരികളുടേതുകൂടി ആവേണ്ടതുമാണ്.
ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്ന അപ്രായോഗിക നിർദേശം എന്തുകൊണ്ടാണ്? സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം തന്നെയാണ് അവരുടെ വേതനമെന്ന് പറയാവുന്നത്. കേന്ദ്ര സർക്കാറിൽനിന്നുള്ളത് 1500-2000 രൂപവരെയുള്ള ഇൻസന്റീവ് മാത്രമാണ്. മറ്റു പല സംസ്ഥാനങ്ങളെക്കാൾ കേരളം കൂടുതൽ കൊടുക്കുന്നു എന്നു പറയുമ്പോൾ കേരളത്തിലുള്ളത്ര ജോലിഭാരം വേറെയെവിടെയും കാണില്ല എന്നതും സത്യമല്ലേ? മിനിമം മാന്യതയോടെ ഭക്ഷണത്തിനും വസ്ത്രത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും വേണ്ടത് ലഭ്യമാകുക അവരുടെ അവകാശമല്ലേ? ഇൻസന്റീവ് കൂട്ടിയാലേ ഓണറേറിയം കൂട്ടാനാവൂ എന്ന് വാശിപിടിക്കുന്നതെന്തിന്? കേന്ദ്രം തടഞ്ഞുവെച്ചു എന്നു പറയുന്നത് ഏതു ഫണ്ടാണ്? ഇൻസെന്റീവുകൾ വിതരണം ചെയ്യാനുള്ള ഫണ്ടോ? അതോ മൊത്തം ആരോഗ്യ വിഹിതമോ? ചുരുങ്ങിയത് അതെങ്കിലും ജനം അറിയട്ടെ.
സ്ത്രീകളായത് കൊണ്ടും അടിത്തട്ടുകാരായതുകൊണ്ടും ആശാവർക്കർമാർ അവഗണിക്കപ്പെടുന്നത് ക്രൂരതയല്ലേ? വാസ്തവത്തിൽ ഒരു കമ്യൂണിസ്റ്റ് സർക്കാറിന് ഏറ്റവുമധികം പ്രതിബദ്ധതയുണ്ടാവേണ്ടത് അങ്ങനെയുള്ളവരോടല്ലേ? ഇല്ലെങ്കിൽ അവർക്കെങ്ങനെ ഇടതുപക്ഷമെന്ന് അഭിമാനിക്കാനാവും! ആശമാരുടെ കൂടെ നിൽക്കുന്നവരെ ചൂണ്ടിയാണ് ആക്ഷേപമെങ്കിൽ, അശരണരുടെ കൂടെ നിൽക്കാൻ എസ്.യു.സി.ഐ എന്ന മറ്റൊരു കമ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമില്ലെന്ന് എങ്ങനെയാണ് പറയുക? സർക്കാറിനെ തകർക്കാനും താഴെയിറക്കാനുമുള്ള ഗൂഢാലോചനയെന്ന് സംശയിക്കുന്നെങ്കിൽ അതിനിടകൊടുക്കാതെ എത്രയും വേഗം സമരം മനുഷ്യത്വപരമായി പരിഹരിക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്? അംഗീകൃത തൊഴിലാളി യൂനിയനുകളിലൂടെ മാത്രമേ പരിഹാരം തേടാവൂ എന്ന് വാശി പിടിക്കുന്നവർ, അവർകൂടി ഉൾപ്പെട്ട ചർച്ചായോഗത്തിൽ എന്തു സംഭവിച്ചു എന്നുകൂടി ഓർക്കണം. കേന്ദ്ര സർക്കാറിനെ മുൾമുനയിൽ നിർത്തി തീരുമാനങ്ങളെടുപ്പിച്ച കർഷകസമരം ഏതെങ്കിലും തൊഴിലാളി സംഘടനയുടെ ബാനറിൽ ആയിരുന്നോ? ആ സമരത്തിന്റെ പ്രസക്തി മനസ്സിലാക്കി അതിലേക്കു വന്നുചേരുകയായിരുന്നില്ലേ രാഷ്ട്രീയക്കാരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സംഘടനകളുമൊക്കെ? ആശാസമരവും അത്തരമൊരു ഘട്ടത്തിലേക്ക് വൈകാതെ എത്തിച്ചേരാം. അതിനു മുമ്പ് കർണാടക ആരോഗ്യമന്ത്രി ചെയ്തതുപോലെ, അനുഭാവപൂർവം അവരുമായി സംസാരിച്ച് പ്രതിഫല വർധനയും വിരമിക്കാനിരിക്കുന്നവർക്ക് പരിരക്ഷയും നടപ്പിലാക്കുകയാണ് നീതി. ആരോഗ്യമേഖലയുടെ യശസ്സ് നിലനിർത്താൻ കിണഞ്ഞ് യത്നിക്കുന്ന ഇക്കൂട്ടരെ ആത്മാഭിമാനമുള്ള സ്ഥിരം വേതനക്കാരാക്കി മാറ്റാൻ കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തുമെന്ന് ഉറപ്പും കൊടുക്കുക.
ആശമാർക്ക് മാത്രമല്ലല്ലോ പിച്ചക്കാശിന് സമാനമായ വേതനം എന്ന ചോദ്യം അശ്ലീലമാണ്. ഏതു മേഖലയിലായാലും അത് തിരുത്തപ്പെടണം. അതിന് മുന്നിട്ടിറങ്ങേണ്ടത് ഇടതുപക്ഷ ധർമവുമാണ്. എല്ലാവർക്കും നീതി പുലരുമ്പോൾ നിങ്ങൾക്കുമാവും എന്നു പറയേണ്ടത് പട്ടിണിപ്പാവങ്ങളോടല്ല. അനീതിക്കിരയാവുന്നവർ അവകാശങ്ങൾ ചോദിച്ചു വരികതന്നെ ചെയ്യും. ഇടതുപക്ഷം അവർക്കൊപ്പമുണ്ടാവുകയും വേണം. ഇടതുപക്ഷമെന്നത് വെറും രാഷ്ട്രീയപ്പാർട്ടി മാത്രമാണെന്ന വാശിയരുത്. ഫാഷിസക്കാലത്ത് കമ്യൂണിസ്റ്റുകൾ കുറച്ചുകൂടി വിവേകം കാണിക്കേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.