ഭരണത്തിലും ഹിറ്റാകുമോ ‘ജനനായകൻ’
text_fieldsവെള്ളിത്തിരയിലെ ട്വിസ്റ്റുകളും ക്ലൈമാക്സും രാഷ്ട്രീയ ഗോദയിൽ സാധ്യമാകുമോ എന്ന രാഷ്ട്രീയ നിരീക്ഷകരുടെ സംശയങ്ങളെയെല്ലാം തകിടംമറിച്ചാണ് അപ്രതീക്ഷിത രാഷ്ട്രീയ മാറ്റത്തിലൂടെ നടൻ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ തമിഴകത്ത് അധികാരത്തിലേറിയത്. വെള്ളിത്തിരയിലേതിനെ വെല്ലുന്ന പഞ്ച് ഡയലോഗുകളുടെയും ജനപ്രിയ പ്രഖ്യാപനങ്ങളുടെയും അകമ്പടിയിൽ വിജയ് സത്യപ്രതിജ്ഞ ചെയ്തിട്ട് നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്.
ആറു ദശാബ്ദകാലം ദ്രാവിഡ കക്ഷികൾ മാറിമാറി നടത്തിയ ഭരണത്തിലുള്ള മടുപ്പും പുതുതലമുറയുടെയും സ്ത്രീ സമൂഹത്തിന്റെയും പിന്തുണയുമാണ് ദളപതി എന്നറിയപ്പെടുന്ന വിജയ്‌യെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ചത്. മെയ് പത്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വേളയിൽ പ്രഖ്യാപിച്ച അഴിമതിക്കെതിരായ നടപടികൾ ഉൾപ്പെടെ ഓരോന്നും പ്രാവർത്തികമായി തുടങ്ങിയത് ജനങ്ങളിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സാധാരണക്കാർ കയറിയിറങ്ങുന്ന സർക്കാർ ഓഫീസുകളിലെ കൈക്കൂലി നിയന്ത്രിക്കാനായത്. അധികാരത്തിലേറിയ ഉടൻ സംസ്ഥാനത്തെ 717 മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സിങ്കപ്പെൺ’ വനിതാ സേന രൂപവത്കരിച്ചതും മയക്കുമരുന്ന് വ്യാപനത്തിനെതിരായി നടപടി ഊർജ്ജിതപ്പെടുത്തിയതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
200 യൂണിറ്റ് സൗജന്യ വൈദ്യുതി, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം, യുവതികൾക്ക് വിവാഹ സമ്മാനം, സ്കൂളുകളിൽ കാമരാജ് ഭക്ഷണ പദ്ധതി, വിദ്യാർഥികൾക്ക് സൗജന്യ സൈക്കിളും ലാപ്ടോപ്പുകളും തുടങ്ങി ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത്. നിക്ഷേപസംഗമത്തിലെ ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളും സ്ത്രീകൾക്കായുള്ള ബജറ്റിലെ ക്ഷേമപ്രഖ്യാപനങ്ങളും കൈയടി നേടി. മന്ത്രിസഭയിൽ ദലിതർക്ക് പ്രാമുഖ്യം നൽകിയ സോഷ്യൽ എൻജിനീയറിങ്ങും ചർച്ചാവിഷയമായി. നിയമസഭാ നടപടികൾ തത്സമയ സംപ്രേഷണം നടത്തുന്നതും പുതു അനുഭവമാണ്.
108 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ അധികാരത്തിലേറിയ ആദ്യ ദിനങ്ങളിൽ സർക്കാരിന്റെ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് വിജയ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 സീറ്റ് ഉറപ്പിക്കാനായി ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസ്, വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ), മുസ് ലിം ലീഗ് കക്ഷികളെ അടർത്തിയെടുത്തു. ഈ മൂന്ന് പാർട്ടികളും സർക്കാരിന്റെ ഭാഗമായപ്പോൾ സി.പി.എം, സി.പി.ഐ കക്ഷികൾ പുറമെ നിന്ന് പിന്തുണ നൽകി. ഇതോടെ പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് ഭരണപങ്കാളിത്തം ലഭിച്ചെങ്കിലും കോൺഗ്രസും ഡി.എം.കെയും തമ്മിൽ അകന്നത് ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യത്തെ ദുർബലമാക്കി. മോദി സർക്കാരിന്റെ അജണ്ടകളെ വെല്ലുവിളിച്ച് നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തിയിരുന്ന ഡി.എം.കെ ‘ഇൻഡ്യ’ സഖ്യം വിട്ടു. തമിഴകത്തിൽ എൻ.ഡി.എ സഖ്യവും ശിഥിലമായ നിലയിലാണ്. അണ്ണാ ഡി.എം.കെയിൽ ആഭ്യന്തരക്കുഴപ്പം മൂർച്ഛിച്ച് സംഘടന തകർച്ചയിലേക്ക് നീങ്ങുകയാണ്. നിയമസഭയിൽ ഒരംഗം മാത്രമുള്ള ബി.ജെ.പിയാണെങ്കിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ അപ്രസക്തമായ നിലയിലാണ്. എൻ.ഡി.എയിലെ മറ്റൊരു ഘടകകക്ഷിയായ പട്ടാളി മക്കൾ കക്ഷി സംസ്ഥാന രാഷ്ട്രീയത്തിൽ പ്രശ്നാധിഷ്ഠിത നിലപാടാണ് സ്വീകരിക്കുന്നത്.
തുടക്കം മുതൽ തന്നെ അണ്ണാ ഡി.എം.കെയെ കാര്യമായി വിമർശിക്കാതെ ഡി.എം.കെയെ മാത്രം രാഷ്ട്രീയ എതിരാളിയെന്ന നിലയിൽ മുൻനിർത്തിയാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങിയത്. ഫലമോ, അണ്ണാ ഡി.എം.കെയിൽ നിന്ന് എം.എൽ.എമാർ ഉൾപ്പെടെ പ്രമുഖ നേതാക്കളും പ്രവർത്തകരും രാജിവെച്ച് ടി.വി.കെയിലേക്ക് പ്രവഹിച്ചു. മുൻ മന്ത്രിമാരുൾപ്പെടെ ആറ് അണ്ണാ ഡി.എം.കെ എം.എൽ.എമാരാണ് ടി.വി.കെയിൽ ചേർന്നത്. ഇനിയും നിരവധി പേർ ടി.വി.കെയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഘടനാതലത്തിൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിനെതിരെ പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തി മുതലെടുക്കുന്നതും എം.ജി.ആർ, ജയലളിത തുടങ്ങിയ നേതാക്കളെ വിജയ് വാഴ്ത്തിപ്പാടുന്നതും അണ്ണാ ഡി.എം.കെ നേതാക്കളുടെ കൂറുമാറ്റത്തിന് പ്രചോദനമായി.
ഡി.എം.കെ ഭരണത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും അന്വേഷിക്കുമെന്ന് വിജയ് മുന്നറിയിപ്പ് നൽകവേ റീലുകളിൽ ഒതുങ്ങുന്ന സർക്കാറാണിതെന്നാണ് ഡി.എം.കെയുടെ ആക്ഷേപം. ടി.വി.കെ നേതാക്കളുടെയും മന്ത്രിമാരുടെയും സംഘടനാതല-ഭരണ പരിചയക്കുറവ് തലവേദനയാണ്. വിജയ് ഉൾപ്പെടെ തൊണ്ണൂറു ശതമാനം പേരും കന്നി എം.എൽ.എമാരാണ്. പരിചയസമ്പന്നരും പ്രഗത്ഭരുമായ നേതാക്കൾ പ്രതിപക്ഷ ബെഞ്ചുകളിലുള്ളപ്പോഴും നിയമസഭാ നടപടികൾ വലിയ പ്രശ്നങ്ങളില്ലാതെ വിജയ് തരണം ചെയ്യുന്നത് ശ്രദ്ധേയമാണ്. ഇതിൽ സ്പീക്കർ ജെ.സി.ഡി പ്രഭാകറുടെ സമയോചിത ഇടപെടലുകൾ തുണയാവുന്നുണ്ട്.
നടി തൃഷക്കെതിരായ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത സംഭവത്തിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയായി.
വിജയ് സർക്കാർ പുതുതായി ഒന്നും നടപ്പാക്കിയിട്ടില്ലെന്നും ദ്രാവിഡ സർക്കാരുകൾ നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ പേരുകൾ മാറ്റി പുതിയ സ്റ്റിക്കറുകൾ ഒട്ടിച്ച് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കാവേരി നദീജലം കൃത്യസമയത്ത് കർണാടകയിൽ നിന്ന് വിട്ടുകിട്ടാത്തതിൽ കർഷകർ അസംതൃപ്തരാണ്. കാവേരിക്ക് കുറുകെ മേക്കേദാട്ടുവിൽ കർണാടക ഡാം നിർമ്മിക്കുന്നത് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ഫലപ്രദമായി തടയാനാവാത്തതും തെരഞ്ഞെടുപ്പ് സമയത്ത് കാർഷിക കടം പൂർണമായും എഴുതിത്തള്ളുമെന്ന വിജയ്‌യുടെ പ്രഖ്യാപനം നടപ്പാക്കാത്തതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.
മെയ് 27-ന് വിജയ് ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിർദ്ദിഷ്ട മേക്കേദാട്ടു അണക്കെട്ട് നിർമ്മാണ വിഷയവും തമിഴ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം ഉന്നയിച്ച് നിവേദനം സമർപ്പിച്ചിരുന്നു. ബി.ജെ.പിക്കെതിരെ വിജയും ടി.വി.കെയും ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പിയുടെ ‘ബി’ ടീമാണ് ടി.വി.കെയെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങളെ, നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ-മണ്ഡല പുനർനിർണയ ബില്ലുകൾക്കെതിരെയും നിയമസഭയിൽ പ്രമേയം പാസാക്കിയാണ് നേരിട്ടത്. തമിഴ്നാടിന്റെ താല്പര്യങ്ങളും അവകാശങ്ങളും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളാണ് ഇനി ഉയരുന്നത്. ഏറെ നാൾ കാത്തിരുന്ന് കഴിഞ്ഞ മാസം റിലീസ് ചെയ്ത വിജയ് ചിത്രം ‘ജനനായകൻ’ മുൻ സിനിമകൾ പോലെ കത്തിക്കയറിയില്ലെങ്കിലും ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. സി.എം. ഓഫീസിൽ ഈ വിജയം ആവർത്തിക്കാനാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

