Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗിയുടെ അജണ്ടയും നേഹ ബോറയുടെ പ്രസംഗവും

text_fields
bookmark_border
ദിഗ്വിജയ്നാഥും അദ്ദേഹത്തിന്റെ പിൻഗാമിയായ അവൈദ്യനാഥും ആദിത്യനാഥും ചേർന്ന് ഗോരഖ്നാഥ് ക്ഷേത്രത്തെ തീവ്ര ഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രമാക്കി മാറ്റി. ഇന്നത്തെ തലമുറ ആദിത്യനാഥിനെ നോക്കിക്കണ്ടാൽ ഗോരഖ്നാഥിന്റെ യഥാർഥ തത്ത്വചിന്തയോ സന്ദേശമോ മനസ്സിലാക്കാനാകില്ല; കാരണം, ഗോരഖ്നാഥിന്റെ നേർവിപരീത രൂപമാണ് ആദിത്യനാഥ്
യോഗിയുടെ അജണ്ടയും നേഹ ബോറയുടെ പ്രസംഗവും
cancel
camera_alt

യോഗി ആദിത്യനാഥ്, നേഹ ബോറ

രാജ്യത്തെ തിരുത്തൽ ശക്തികളായി വളർന്നുവരുന്ന ജെൻ സി ആക്ടിവിസ്റ്റുകളിലൊരാളും ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷയുമായ നേഹ ബോറ ഈയിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ചില പ്രയോഗങ്ങൾ നടത്തുകയുണ്ടായി. ഇതിനു മറുപടിയായി ആദിത്യനാഥിന്റെ അനുയായികളും ആർ.എസ്.എസ്, ഹിന്ദു യുവവാഹിനി പ്രവർത്തകരും നേഹയെ ‘‘സംസ്കാരശൂന്യ’’ എന്നു വിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കാനിറങ്ങി. ഇപ്പോഴും ഈ വിദ്വേഷപ്രചാരണം തുടരുകയാണ്.

അത്തരം പ്രയോഗങ്ങൾ നടത്തുന്നതിനു പകരം, തന്റെ പ്രസംഗത്തിൽ പരാമർശിച്ച ഗൗതമബുദ്ധൻ, കബീർ, യോഗി ഗോരഖ്നാഥ് എന്നിവരുടെ പാരമ്പര്യവുമായി തട്ടിച്ചുനോക്കി ആദിത്യനാഥിന്റെ പ്രവൃത്തികളെ വിലയിരുത്തുകയായിരുന്നു നേഹ ചെയ്യേണ്ടിയിരുന്നത്. ആദിത്യനാഥ് ഇന്ന് മഹന്തായിരിക്കുന്ന ഗോരഖ്പുരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ പ്രചോദനമായ ഗോരഖ്നാഥിന്റെ പാരമ്പര്യം ഭക്തി–സൂഫി സാഹിത്യത്തിലെ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചിരുന്നുവെങ്കിൽ, അത് പൊതുസമൂഹത്തിന് പുതിയ ഉൾക്കാഴ്ച നൽകുമായിരുന്നു; ഒപ്പം യോഗിയുടെ ബുൾഡോസർ രാജിന്റെ കെടുതികൾക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്തുപകരുകയും ചെയ്തേനെ.

ഗോരഖ്നാഥിന്റെ പാരമ്പര്യം

ആരായിരുന്നു ഗോരഖ്നാഥ്? എന്താണ് അദ്ദേഹത്തിന്റെ പാരമ്പര്യം? പതിനൊന്നാം നൂറ്റാണ്ടിലാണ് ഗോരഖ്നാഥ് ജീവിച്ചിരുന്നതെന്ന് ചരിത്ര–സാഹിത്യ രചനകൾ സൂചിപ്പിക്കുന്നു. പ്രമുഖ ഹിന്ദി എഴുത്തുകാരൻ ഹസാരി പ്രസാദ് ദ്വിവേദിയുടെ പ്രശസ്ത കൃതിയായ ‘നാഥ് സമ്പ്രദായ’യിൽ, വിന്ധ്യനു വടക്കും തെക്കുമുള്ള രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഗോരഖ്നാഥിന്റെ അനുയായികൾ നിലനിൽക്കുന്നുണ്ടെന്ന് രേഖപ്പെടുത്തുന്നു. അവർ ഹിന്ദു, മുസ് ലിം സമുദായങ്ങളിലെ നെയ്ത്തുകാർ, ആട്ടിടയർ, കാർഷിക സമൂഹങ്ങൾ എന്നിവരിൽപ്പെട്ടവരാണ്.

നാഥ് സന്യാസക്രമത്തെക്കുറിച്ച് ആധികാരികമായി പഠിച്ച ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇൻഡോളജിസ്റ്റും നരവംശശാസ്ത്രജ്ഞനുമായ ജോർജ് വെസ്റ്റൺ ബ്രിഗ്സ് തന്റെ ‘ഗോരഖ്നാഥ് ആൻഡ് ദി കാൻഫട്ട യോഗീസ്’ എന്ന പുസ്തകത്തിൽ സെൻസസ് കണക്കുകൾ ഉദ്ധരിക്കുന്നുണ്ട്. 1891-ലെ സെൻസസ് പ്രകാരം ഇന്ത്യയിലുണ്ടായിരുന്ന 2,14,546 യോഗികളിൽ 83,137 മുസ് ലിം യോഗികൾ പഞ്ചാബിൽ മാത്രം ഉണ്ടായിരുന്നു. 1921-ലെ സെൻസസിൽ 6,29,978 ഹിന്ദു യോഗികളും 31,158 മുസ് ലിം യോഗികളും ഇരുവിഭാഗങ്ങളിലുമായി 1,41,132 ഫക്കീർമാരും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അക്കാലത്തെ യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതിയ മുൻനിര വിപ്ലവകാരിയായിരുന്നു ഗോരഖ്നാഥെന്നും, പുരോഹിതവർഗം ദീർഘകാലം താഴ്ന്ന കണ്ണോടെ കണ്ടിരുന്ന പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ അദ്ദേഹം തന്റെ സമ്പ്രദായത്തിലേക്ക് ഉൾപ്പെടുത്തിയെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കബീർ, ദാദു, മുല്ല ദാവൂദ്, മാലിക് മുഹമ്മദ് ജയസി തുടങ്ങിയ പിൽക്കാല സന്യാസിമാരിലും കവികളിലും അദ്ദേഹം വലിയ സ്വാധീനം ചെലുത്തി.

സർവതലസ്പർശിയായ ഒരു തത്ത്വചിന്തയാണ് ഗോരഖ്നാഥ് അവശേഷിപ്പിച്ചു പോയത്. ഇന്നത്തെ ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ ഭൗതിക അടിത്തറ നിർമിച്ചതിന്റെ പെരുമ മഹന്ത് ബുദ്ധനാഥിനും (1708–1723) അദ്ദേഹത്തിന്റെ ആത്മീയ സുഹൃത്തായ ബാബ റോഷൻ അലിക്കുമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ അവ്ധിലെ നവാബ് ആസഫ് ഉദ് ദൗള ബുദ്ധനാഥിനും റോഷൻ അലിക്കും 52 ഏക്കറിലധികം ഭൂമി ദാനം നൽകിയെന്നും, ഇത് ക്ഷേത്രത്തിന്റെ പുനരുജ്ജീവനത്തിനും വളർച്ചയ്ക്കും കാരണമായെന്നും ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

1930-കളിൽ ദിഗ്വിജയ്നാഥ് മഹന്തായി സ്ഥാനമേൽക്കുന്നതുവരെ ഗോരഖ്നാഥ് ക്ഷേത്രം സമ്മിശ്ര സംസ്കാരത്തിന്റെ ഉദാത്ത മാതൃകയായി തുടർന്നു. എന്നാൽ, താൻ ഏത് സന്യാസിയുടെ നാമത്തിലാണോ നാഥ് സമ്പ്രദായത്തിലേക്ക് പ്രവേശിച്ചത്, അതേ സന്യാസിയുടെ പാരമ്പര്യത്തെത്തന്നെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്ക് ദിഗ്വിജയ്നാഥ് തുടക്കമിട്ടു. ദിഗ്വിജയ്നാഥും അദ്ദേഹത്തിന്റെ പിൻഗാമിയായ അവൈദ്യനാഥും ആദിത്യനാഥും ചേർന്ന് ഗോരഖ്നാഥ് ക്ഷേത്രത്തെ തീവ്ര ഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രമാക്കി മാറ്റി. ഇന്നത്തെ തലമുറ ആദിത്യനാഥിനെ നോക്കിക്കണ്ടാൽ ഗോരഖ്നാഥിന്റെ യഥാർത്ഥ തത്ത്വചിന്തയോ സന്ദേശമോ മനസ്സിലാക്കാനാകില്ല; കാരണം, ഗോരഖ്നാഥിന്റെ നേർവിപരീത രൂപമാണ് ആദിത്യനാഥ്.

ആദിത്യനാഥ് എന്ന ഭരണാധികാരി

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ ഭരണമികവായി എടുത്തുപറയാൻ ആദിത്യനാഥിന് കാര്യമായി ഒന്നുമില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യനിർമാർജനം, സാമൂഹികനീതി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ ഭരണം ദയനീയ പരാജയമാണ്. അഖിലേഷ് യാദവിന്റെയും മുലായം സിംഗ് യാദവിന്റെയും ഭരണകാലത്ത് മോശമായിരുന്ന ക്രമസമാധാനനില അദ്ദേഹം ‘മെച്ചപ്പെടുത്തി’ എന്നാണ് അനുയായികളുടെ അവകാശവാദം.

മുൻ സർക്കാരുകളുടെ ഭരണത്തിന് ക്ലീൻ ചിറ്റ് നൽകുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. എന്നാൽ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ, ആദിത്യനാഥ് ഭരണത്തിലെ "മെച്ചപ്പെട്ട ക്രമസമാധാനം" എന്നതിന്റെ യഥാർഥ ചിത്രം വ്യക്തമാകും: പാവപ്പെട്ട ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുക, 'ഏറ്റുമുട്ടൽ' എന്ന പേരിൽ മുസ് ലിം നേതാക്കളെയും പ്രവർത്തകരെയും ഇല്ലാതാക്കുക, അവരെ ജയിലിലടയ്ക്കുക, കൻവാരിയ തീർഥാടകർക്കുമേൽ പുഷ്പവൃഷ്ടി നടത്താൻ ഭരണസംവിധാനത്തെ ദുരുപയോഗിക്കുക, തീവ്ര ഹിന്ദുത്വ ആചാരവ്യാഖ്യാനങ്ങളോട് വിയോജിക്കുന്ന സന്യാസിമാരെപ്പോലും അപമാനിക്കുക, ഉത്സവവേളകളിൽ പള്ളികൾക്കു സമീപം ആയുധങ്ങളുമായി അഴിഞ്ഞാടാൻ സംഘടനകളെ കയറൂരിവിടുക എന്നിവയാണ് നടക്കുന്നത്. വർഗീയ ധ്രുവീകരണത്തിലൂടെ 2027-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ച് മൂന്നാം ഊഴം ഉറപ്പിക്കാമെന്ന് ആദിത്യനാഥ് കണക്കുകൂട്ടുന്നുണ്ടാകാം.

നിരാശയും പ്രത്യാശയും

ഞാനുൾപ്പെടുന്ന മുൻതലമുറ, ഞങ്ങൾ കണ്ടറിഞ്ഞ ഇന്ത്യയെ അതേപടി അടുത്ത തലമുറയ്ക്കു കൈമാറുന്നതിൽ പരാജയപ്പെട്ടു. പകരം, ജനാധിപത്യ–വിദ്യാഭ്യാസ–സാംസ്കാരിക സ്ഥാപനങ്ങളുടെ അന്തസ്സ് തകർത്ത ഒരു വ്യവസ്ഥിതിയാണ് ഞങ്ങൾ ബാക്കിവെച്ചത്. സമന്വയ സംസ്കാരത്തിന്റെയും സൗഹാർദപരമായ സഹവർത്തിത്വത്തിന്റെയും നാടായ ഉത്തർപ്രദേശ്, ബി.ജെ.പി ഭരണത്തിൽ വർഗീയ പോർക്കളമായി മാറി.

സാമൂഹിക–രാഷ്ട്രീയ ഘടനയിലുണ്ടായ ഈ മാറ്റത്തിനു പിന്നിൽ ആർ.എസ്.എസിന്റെ സംഘടനാപ്രവർത്തനങ്ങളുണ്ട്. ജാതിഭേദമന്യേ, അവർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ആശയങ്ങളെ പിന്തുണയ്ക്കുന്ന വലിയൊരു വോട്ടുബാങ്ക് ഇന്ന് ഉത്തർപ്രദേശിലുണ്ടെന്നത് നിഷേധിക്കാനാകില്ല.

എങ്കിലും പ്രതീക്ഷ ബാക്കിയുണ്ട്. ജെൻ സിയും ജെൻ ആൽഫയും ഈ രാഷ്ട്രീയക്കളി തിരിച്ചറിയുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ ബാധിച്ച അപചയങ്ങളെ തിരിച്ചറിയുന്നതിൽ അവർ മുൻതലമുറയേക്കാൾ മുന്നിലാണ്. ഇരുപതുകളിലും മുപ്പതുകളുടെ തുടക്കത്തിലുമുള്ള തലമുറ ഇന്നത്തെ ഭരണകൂടത്തെ അധികാരത്തിലേറ്റിയതിലോ അവരുടെ "പുതിയ ഇന്ത്യ" നിർമിതിയിലോ പങ്കാളികളല്ല. എങ്കിലും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നഷ്ടപ്പെടുന്നതിലൂടെ അവരാണ് ഇതിന്റെ പ്രധാന ഇരകളാകുന്നത്.

അതുകൊണ്ടുതന്നെ, ജന്തർ മന്തറിൽ പ്രക്ഷോഭത്തിന്റെ കരുത്തു തെളിയിച്ച നേഹ ബോറയെപ്പോലുള്ള ആക്ടിവിസ്റ്റുകളിലാണ് നാളെയുടെ പ്രതീക്ഷ. അവിടെനിന്നുള്ള ഊർജം നഗര–ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന നേഹയ്ക്കും കൂട്ടർക്കും അഭിനന്ദനങ്ങൾ. എങ്കിലും, ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. പതിറ്റാണ്ടുകളായി വിദ്വേഷപ്രചാരണം നടത്തുന്ന സംഘടിത ശക്തികളെ പ്രതിരോധിക്കാൻ താഴെത്തട്ടുമുതൽ ബദൽപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനാൽ അവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. പുതിയ തലമുറയ്ക്ക് എല്ലാവിധ ഭാവുകങ്ങളും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yogi’s Agenda, Neha Bora’s Speech
Next Story