ഇറാനിലെ ചാരസുന്ദരി
text_fieldsകാതറിൻ പെറസ് ഷക്ദം
‘അയലത്തെ ശത്രുക്കളെ’ വിട്ട് അകലത്തെ മിത്രങ്ങളെ വരിക്കുക’ എന്നതായിരുന്നു ഇസ്രായേലിന്റെ പ്രഥമ പ്രധാനമന്ത്രി ബെൻഗൂറിയന്റെ അടിസ്ഥാനനയം. അങ്ങനെയാണ് ഷായുടെ ഇറാനും കമാൽ പാഷയുടെ തുർക്കിയുമായി ഇസ്രായേൽ നയതന്ത്രബന്ധം സ്ഥാപിച്ചത്. രണ്ടും അറബ് രാജ്യങ്ങളെങ്കിലും മുസ്ലിം രാഷ്ട്രങ്ങളാണ്. ഇറാനിൽ ഖുമൈനി തിരിച്ചെത്തിയതോടെ നയതന്ത്രബന്ധം മാത്രമല്ല തെഹ്റാനിലെ എംബസി തന്നെയും ഇസ്രായേലിന് നഷ്ടപ്പെട്ടു. ആ കെട്ടിടത്തിനു മുകളിൽ പിന്നീട് പാറിയത് പി.എൽ.ഒവിന്റെ പതാക.
യഹൂദന്മാരുടെ പീഡിതകാലത്തെ അഭയഗേഹമായിരുന്നു ഒരുകാലത്ത് ഒട്ടോമൻ തുർക്കിയ. പോളിഷ് വംശജനായ ബെൻ ഗൂറിയൻ തന്നെയും ഒട്ടോമൻ തുർക്കിയിൽനിന്നാണ് ഇസ്രായേലിലേക്ക് കുടിയേറുന്നത്. തുർക്കിയയുടെ ഈ സൗമനസ്യം കൊല്ലം തോറും ഇസ്രായേൽ ആഘോഷിക്കാറുള്ള വാർത്ത ബോംബെയിലെ ഇസ്രായേലി കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരുന്ന ‘ന്യൂസ് ഫ്രം ഇസ്രായേലി’ൽ വായിച്ചത് ഓർക്കുന്നു (ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചിരുന്നില്ലെങ്കിലും അന്നും അവർക്ക് ഇന്ത്യയിൽ കോൺസുലേറ്റുണ്ടായിരുന്നു). ഇപ്പോൾ കാലം മാറി, കഥയുംമാറി. ഇറാനിൽ ഭരണം അടപടലേ മാറിയപോലെ തുർക്കിയയിലും മാറി. കമാലിസ്റ്റുകളെ തട്ടിമാറ്റി ഉർദുഗാന്റെ എ.കെ.പി ഭരണത്തിലെത്തിയതോടെ ബെൻ ഗൂറിയൻ ഡോക്ടിന്റെയും കഥകഴിഞ്ഞു. അകലെയുള്ള പഴയ മിത്രങ്ങൾക്ക് പകരം അടുത്തുള്ള ശത്രുക്കളെ മിത്രങ്ങളായി കിട്ടുമെന്ന മോഹത്തിൽ ഇസ്രായേൽ കെട്ടിയ മനക്കോട്ട ഹമാസിന്റെ അൽ അഖ്സാ പ്രളയത്തിൽ ഒലിച്ചുപോവുകയും ചെയ്തു. പ്രതികാരംപൂണ്ട് ഇസ്രായേൽ ഗസ്സയെ ചുടലക്കളമാക്കിയെങ്കിലും ഹമാസ് കൊണ്ടുപോയ ബന്ദികളെ മുഴുവൻ മോചിപ്പിക്കാനോ അവരെ ഒളിപ്പിച്ചുവെച്ചിടം കണ്ടെത്താനോ ഇക്കാലമത്രയും അവർക്ക് സാധിച്ചില്ല.
ഇറാനുനേരെ
അതിനിടെ ഹിസ്ബുല്ലയുടെ ഒളിത്താവളം കണ്ടെത്തി ഹസൻ നസ്റുല്ലയെ കൊലപ്പെടുത്താൻ കഴിഞ്ഞതാണ് നെതന്യാഹുവിന് ആഘോഷിക്കാൻ കിട്ടിയ ഒരവസരം. മറ്റൊരു വശത്ത്, മൈൽസ് കൂപ്ലാന്റ് ‘ഗെയിംസ് ഓഫ് നാഷൻസി’ൽ പ്രതിപാദിച്ച കഥകളുടെ ആവർത്തനം സിറിയയിലും നടക്കുന്നുണ്ടായിരുന്നു. പഴയ ‘അൽഖാഇദ’ ഫെയിം അഹ് മദ് ശറഅ് സിറിയയിലെ കടലാസ് സിംഹത്തെ മോസ്കോവിലേക്ക് ഓടിച്ചു, താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയപോലെ സിറിയയിൽ ഭരണം പിടിച്ചടക്കി. അതോടെ അമേരിക്ക സിറിയയുടെ പേരിലുള്ള ഉപരോധം നീക്കുകയും ചെയ്തു. ഹിസ്ബുല്ലയുടെ തകർച്ചക്കൊപ്പം മധ്യപൗസ്ത്യദേശത്തെ ഒരേയൊരു പിൻബലവും ഇറാന് നഷ്ടപ്പെട്ടു.
ഇറാനെ പ്രഹരിക്കാൻ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇതിലും നല്ലൊരു സന്ദർഭമുണ്ടായിട്ടുണ്ടോ? ട്രംപ് ഭരണകൂടവും ഇറാനും തമ്മിൽ ഒമാനിൽ നടത്തിവന്ന ആണവ ചർച്ച വിജയിച്ചാൽ അവസരം പാഴാകുമെന്ന് ഇസ്രായേൽ കണക്കുകൂട്ടിക്കാണും. ചർച്ച അവർക്ക് ചോർന്ന് കിട്ടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയാണ് യു.എസിന്റെ സമ്മതം കാത്ത് നിൽക്കാതെ ജൂൺ 13ന് ഒരു മുന്നറിയിപ്പുമില്ലാതെ ഇസ്രായേൽ ഇറാനെ കടന്നാക്രമിക്കുന്നത്. ഒമാനിലെ ആണവ ചർച്ച ഇസ്രായേലിന് ഒരുക്കം നടത്താനുള്ള യു.എസിന്റെ ഗൂഢാലോചനയാണെന്ന വ്യാഖ്യാനവുമുണ്ട്.
ഏലി കോഹൻ
ചാരവനിത
ആണവ ശാസ്തജ്ഞന്മാരടക്കമുള്ള ഇറാന്റെ തലച്ചോറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ആക്രമണം എങ്ങനെ സാധിച്ചു?. അറുപതുകളിൽ ബ്രിട്ടീഷ് സ്റ്റേറ്റ് യുദ്ധകാര്യമന്ത്രി ജോൺ ഡെന്നിസ് പ്രൊഫ്യൂമോയുടെ പതനത്തിന് നിമിത്തമായ ക്രിസ്ത്യൻ കീലറെ അനുസ്മരിപ്പിക്കുന്ന ഒരു ചാരവനിതയുമായി ബന്ധപ്പെട്ട കഥകൾ സമൂഹമാധ്യമങ്ങളിൽ ഒഴുകി നടക്കുന്നുണ്ട്. കാതറിൻ പെറസ് ഷക്ദം എന്ന ഈ ചാരവനിതക്ക് ഇറാന്റെ മർമപ്രധാനമായ കേന്ദ്രങ്ങളൊക്കെ പ്രാപ്യമായിരുന്നുവെത്രേ. വിദേശികൾക്ക് വിശിഷ്യാ പാശ്ചാത്യ വനിതകൾക്ക് സാധാരണ ഗതിയിൽ പ്രവേശം ലഭിക്കാത്ത മേഖലകളിലൊക്കെ നിർബാധം സഞ്ചരിക്കാൻ ഭക്തി വേഷവും വിപ്ലവത്തിന്റെ ആദർശ ഭാഷയിൽ ഒഴുക്കോടെ സംസാരിക്കാനുള്ള സിദ്ധിയും തുണയായി.സ്റ്റേറ്റ് ടി.വിയിൽ പ്രത്യക്ഷപ്പെടാനും സുപ്രീം ലീഡറുടെ ഇംഗ്ലീഷ് വെബ്സൈറ്റിൽ എഴുതാനും അവർക്ക് അവസരം കിട്ടി. 2017ൽ ഇബ്രാഹീം റഈസി പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രചാരണത്തിലും പങ്കുകൊണ്ടിരുന്നു.
കഴിഞ്ഞ നവംബറിൽ ടൈംസ് ഓഫ് ഇസ്രായേലിലെ തന്റെ ബ്ലോഗിൽ അവർ ഇങ്ങനെ എഴുതുകയുണ്ടായി: ‘‘ആ കാട്ടുമൃഗത്തിന്റെ വയറ്റിനുള്ളിലൂടെതന്നെ നടക്കാൻ എനിക്ക് കഴിഞ്ഞു’’. ഒരു യമനി മുസ്ലിമിനെ വിവാഹം ചെയ്ത് ഫ്രഞ്ച് പാസ്പോർട്ടുമായി എത്തിയ കാതറീന് ഇറാന്റെ അധികാര ഘടനക്കകത്ത് കടന്നുചെല്ലാൻ പ്രയാസമേതുമുണ്ടായില്ല. റെവലൂഷനറി ഗാർഡിലുള്ളവരടക്കം ചില ഉന്നതാധികാരികൾ തങ്ങൾക്ക് ഇങ്ങനെയൊരു സ്ത്രീയെ അറിയുകയേ ഇല്ലെന്ന് നിഷേധിക്കുമ്പോൾ മുൻ പ്രസിഡന്റ് അഹ് മദ് നജാദി ഗ്രൂപ്പിലുള്ളവരടക്കം ആരോപിക്കുന്നത് കാതറീന് റെവലൂഷനറി ഗാർഡിലും നുഴഞ്ഞുകയറാൻ കഴിഞ്ഞിട്ടുണ്ടെന്നാണ്. ഇതു ശരിയാണെങ്കിൽ അറുപതുകളിൽ സിറിയൻ ഭരണ സിരാകേന്ദ്രങ്ങളിൽ നുഴഞ്ഞുകയറിയ ഏലി കോഹനെ അനുസ്മരിപ്പിക്കുന്നതാണ് അവരുടെ കഥ. കോഹൻ ഒടുവിൽ പിടിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. സിറിയയിൽ ഒടുവിൽ നടന്ന ഭരണമാറ്റത്തിനിടയിൽ അസദ് ഭരണകൂടം രഹസ്യമായി സൂക്ഷിച്ച കോഹൻ ഫയലുകൾ മുഴുവൻ തങ്ങൾക്ക് പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ ചാരവൃത്തങ്ങൾ ഇപ്പോൾ അവകാശപ്പെടുന്നത്.
റഅ്ഫത്ത് അലി
1956ൽ ഇസ്രായേലിൽ നുഴഞ്ഞുകയറിയ, ഈജിപ്ഷ്യൻ ജനറൽ ഇന്റലിജൻസ് ഡയറക്ടറേറ്റിലെ (EGID) റഅ്ഫത്ത് അലി സുലൈമാൻ അൽജമാലിന്റേതാണ് അറബ് രാജ്യങ്ങളിൽനിന്ന് ഇസ്രായേലിൽ ചാരപ്പണി ചെയ്തതായി അറിയപ്പെടുന്ന ഒരേയൊരു സമാനസംഭവം. ഇസ്രായേലിനകത്ത് 17 വർഷമാണ് ഒരു ടൂറിസ്റ്റ് കമ്പനിയുടെ ഓപറേറ്റർ വേഷത്തിൽ റഅ്ഫത്ത് ചാരവൃത്തിയിലേർപ്പെട്ടത്. ഇസ്രായേലിന്റെ വിലപ്പെട്ട പല രഹസ്യങ്ങളും റഅ്ഫത്തിന് ഈജിപ്തിലെത്തിക്കാൻ കഴിയുകയുണ്ടായി. റഅ്ഫത്ത് ഹഗാൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ ഈജിപ്തുകാർ ഒരു ഹീറോ ആയാണ് ആഘോഷിക്കുന്നത്.
സാലിഹ് മുർസി എഴുതിയ റഅ്ഫത്തുൽ ഹഗാന്റെ ജീവചരിത്രത്തെ ആസ്പദമാക്കി പിന്നീട് ഈജിപ്ഷ്യൻ സംവിധായകൻ യഹ്യാ അലമി ടി.വി പരമ്പരയാക്കുകയുണ്ടായി. മഹ് മൂദ് അബ്ദുൽ അസീസ് നായകനും ഈമാൻ തൂഖീ നായികയുമായി അഭിനയിച്ച ഈ പരമ്പര ഖത്തർ ടി.വി പുനഃസംപ്രേക്ഷണം ചെയ്തത് ഈ ലേഖകൻ കണ്ടിരുന്നു. അറബ് ലോകത്ത് ഇപ്പോഴും ശക്തമായ ചാരവലയങ്ങളുണ്ട്. അവയുടെ പ്രവർത്തനം ഇസ്രായേൽ വിരുദ്ധർക്കെതിരിലാണെന്നു മാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.