Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർഗാത്മകതയും പരിസ്ഥിതിയും

text_fields
bookmark_border
സർഗാത്മകതയും പരിസ്ഥിതിയും
cancel

സർഗാത്മകത ഒരു മനുഷ്യന്റെ ഉള്ളിൽ മാത്രം അടയിരിക്കുന്ന ഒന്നല്ല. അത് തളിർക്കാനും പൂക്കാനും അനുയോജ്യമായൊരു പരിസ്ഥിതി വേണം. നല്ല മണ്ണും വെള്ളവും വെളിച്ചവും ലഭിക്കുമ്പോഴാണ് ഒരു വിത്ത് വൃക്ഷമാകുന്നത്; അതുപോലെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും മനസ്സമാധാനവും ഉള്ളിടത്താണ് മനുഷ്യനിലെ സ്വാഭാവിക സർഗശേഷി പൂർണമായി വിടരുന്നത്.

അതിജീവനവും സൃഷ്ടിയും

മനസ്സ് നിരന്തരം ഭയത്തിലും അരക്ഷിതത്വത്തിലും കഴിയുമ്പോൾ അതിന്റെ മുൻഗണന സൃഷ്ടിയല്ല, അതിജീവനമാണ്. ‘ഞാൻ സുരക്ഷിതനാണോ?’, ‘അടുത്ത നിമിഷം എന്തു സംഭവിക്കും?’ എന്ന ആധിയിൽ ഉഴലുമ്പോൾ പുത്തൻ ആശയങ്ങളുടെ വാതിലുകൾ അടഞ്ഞുപോകുന്നു. കടുത്ത സമ്മർദവും ഭയവും സർഗാത്മക ചിന്തകളെ മരവിപ്പിക്കുമെന്ന് ന്യൂറോസയൻസും വ്യക്തമാക്കുന്നുണ്ട്. നിരന്തര ഭീഷണി നേരിടുമ്പോൾ മനസ്സ് സ്വന്തം നിലനിൽപിനായി പൊരുതുകയോ ഒളിച്ചോടുകയോ ചെയ്യും; അവിടെ സൃഷ്ടിപരമായ അന്വേഷണങ്ങൾക്ക് ഇടമില്ലാതാകുന്നു.

ബന്ധങ്ങളുടെ ആവാസവ്യവസ്ഥ

നമ്മുടെ ബന്ധങ്ങളാണ് സർഗാത്മകതയുടെ അന്തരീക്ഷം നിർണയിക്കുന്നത്. ആരോഗ്യകരമായ ബന്ധങ്ങൾ ഒരാൾക്ക് സ്വന്തം ഇടവും സ്വാതന്ത്ര്യവും നൽകുമ്പോൾ, നിയന്ത്രണങ്ങളും കുറ്റപ്പെടുത്തലുകളും നിറഞ്ഞ അന്തരീക്ഷം അയാളുടെ ഊർജത്തെ വറ്റിച്ചുകളയുന്നു. മറ്റൊരാളുടെ പ്രതികരണങ്ങളെ ഭയന്ന് ജീവിക്കേണ്ടിവരുമ്പോൾ, ‘എനിക്ക് എന്താണ് വേണ്ടത്?’ എന്ന ആന്തരിക ശബ്ദം നിലച്ചുപോകുന്നു. അങ്ങനെയാണ് എഴുതാൻ കൊതിച്ചവർ പേന മാറ്റിവെക്കുന്നതും പാടാൻ കൊതിച്ചവർ നിശ്ശബ്ദരാകുന്നതും. ഇവിടെ കഴിവ് നശിച്ചുപോകുന്നതല്ല; മറിച്ച്, അത് പ്രകടിപ്പിക്കാനുള്ള മാനസിക സുരക്ഷിതത്വം നഷ്ടപ്പെടുകയാണ്.

പരിചിതമായ നോവുകളും

സ്വാതന്ത്ര്യവും

കുടുംബം, സമൂഹം, സാമ്പത്തിക ബാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പലപ്പോഴും മനുഷ്യരെ, വീർപ്പുമുട്ടിക്കുന്ന ഇടങ്ങളിൽ തന്നെ തുടരാൻ നിർബന്ധിതരാക്കുന്നു. അപരിചിതമായ സ്വാതന്ത്ര്യത്തേക്കാൾ കൂടുതൽ സുരക്ഷിതത്വം ചിലപ്പോൾ പരിചിതമായ വേദനകളിൽ തോന്നിയേക്കാം. എന്നാൽ, ഒരാളുടെ സമാധാനത്തിനും ആത്മാഭിമാനത്തിനും നിരന്തരം കോട്ടം തട്ടുന്ന സാഹചര്യങ്ങളിൽനിന്ന് അകലം പാലിക്കുന്നത് സ്വാർഥതയല്ല; സ്വന്തം അസ്തിത്വത്തോടുള്ള ഉത്തരവാദിത്തമാണ്.

സ്വയംനിർണയാവകാശത്തിന്റെ മനഃശാസ്ത്രം

മനഃശാസ്ത്രജ്ഞരായ എഡ്വേർഡ് ഡെസിയും റിച്ചാർഡ് റയാനും (Edward Deci & Richard Ryan) മുന്നോട്ടുവെച്ച ‘സെൽഫ് ഡിറ്റർമിനേഷൻ തിയറി’ (Self Determination Theory) പ്രകാരം മനുഷ്യന്റെ പൂർണ വളർച്ചക്ക് മൂന്ന് കാര്യങ്ങൾ അത്യാവശ്യമാണ്: ഒന്ന്, സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം. രണ്ട്, സ്വന്തം കഴിവിനെക്കുറിച്ചുള്ള ബോധ്യം. മൂന്നാമതായി സ്നേഹവും ബഹുമാനവുമുള്ള ബന്ധങ്ങൾ. ഈ മൂന്ന് ഘടകങ്ങൾ ഉറപ്പുവരുത്തപ്പെടുന്ന ഇടങ്ങളിലേ മനസ്സ് തുറന്നുപ്രവർത്തിക്കൂ.

ശാന്തതയുടെ ഇടങ്ങൾ

ജീവിതത്തിൽ നാം നമ്മോട് ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, ‘മറ്റുള്ളവർ എന്നെ അംഗീകരിക്കുന്നുണ്ടോ?’ എന്നതല്ല; ‘ഈ ജീവിതത്തിൽ എനിക്ക് ഞാനായിരിക്കാൻ കഴിയുന്നുണ്ടോ?’ എന്നതാണ്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനായി സ്വന്തം സമാധാനം പണയപ്പെടുത്തുമ്പോൾ, നമ്മൾ നമ്മിൽ നിന്നുതന്നെയാണ് അന്യപ്പെടുന്നത്. സ്വയം സംരക്ഷിക്കുക എന്നാൽ മറ്റുള്ളവരെ നിഷേധിക്കലല്ല; മറിച്ച് ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കലാണ്.

സർഗാത്മകതക്ക് എപ്പോഴും ആന്തരിക കൊടുങ്കാറ്റുകൾ ആവശ്യമില്ല; പലപ്പോഴും അതിന് വേണ്ടത് ശാന്തമായൊരു ഇടമാണ്. സ്വന്തം ശബ്ദം കേൾക്കാനുള്ള നിശ്ശബ്ദത. സമാധാനം എന്നത് വെറുമൊരു ആഡംബരമല്ല, അത് സർഗാത്മകത വേരുപിടിക്കേണ്ട മണ്ണാണ്. ഒരാളുടെ കഴിവുകൾ വിരിയുന്നില്ലെങ്കിൽ അയാളുടെ പ്രതിഭയെ മാത്രമല്ല സംശയിക്കേണ്ടത്; അയാൾ ശ്വാസമെടുക്കുന്ന അന്തരീക്ഷം എത്രമാത്രം സുരക്ഷിതമാണെന്നു കൂടിയാണ് തിരിച്ചറിയേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Creativity and the environment
Next Story