ട്രംപ് കുലുക്കിയിട്ടും കുലുക്കമില്ലാതെ ചൈന
text_fields‘യു.എസ്-ചൈന വ്യാപാരയുദ്ധം’ ആഴ്ചകളായി വാർത്താതലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കുകയാണ്. രണ്ടു രാജ്യങ്ങളുടെ മാത്രം വിഷയമല്ലിത്. ചൈനീസ് ഉൽപന്നങ്ങൾക്ക് 145 ശതമാനം വരെ നികുതി കൂട്ടിയ യു.എസ് നടപടിയാണ് പ്രശ്നങ്ങളുടെ തുടക്കം. മറുപടിയായി അമേരിക്കൻ ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ ചുങ്കം ചുമത്തിയ ചൈന അതും പോരാഞ്ഞ് ആയുധ, ബഹിരാകാശ, ഓട്ടോമൊബൈൽ വ്യവസായങ്ങൾക്ക് നിർണായകമാവുന്ന അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യു.എസ് കമ്പനികൾക്കുമേൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ചൈനീസ് ഭരണകൂടം അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽനിന്ന് വിമാനങ്ങൾ വാങ്ങരുതെന്ന് വ്യോമയാന കമ്പനികളോട് നിർദേശിക്കുകയും ചെയ്തു. അതോടെ വൈരാഗ്യബുദ്ധി ഇരട്ടിച്ച ട്രംപ് ഭരണകൂടം 245 ശതമാനത്തിലേക്ക് നികുതി എത്തിച്ച് തിരിച്ചടിക്കുകയായിരുന്നു.
വികസ്വരരാജ്യങ്ങൾ അമേരിക്കയുടെ തീരുമാനത്തിനെതിരെ ഒന്നിച്ചുനിൽക്കണമെന്ന് പറഞ്ഞ് ഇന്ത്യയുടെ പിന്തുണ അഭ്യർഥിക്കുന്നുണ്ട് ചൈന. ഇന്ത്യയിലെ ചൈനീസ് പ്രതിനിധി, ‘ഗ്ലോബൽ സൗത്തി’ന്റെ വാണിജ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും വികസനത്തിനുള്ള വഴി മുടക്കുന്നുവെന്നും സമൂഹ മാധ്യമം വഴി കുറിച്ചിട്ടുണ്ട്. വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും ജേതാക്കളില്ല, നഷ്ടപ്പെടുന്നവരേ ഉണ്ടാകൂ എന്നും വാണിജ്യരംഗത്തെ ഏകപക്ഷീയ തീരുമാനങ്ങളെ സംയുക്തമായി എതിർക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
പുതിയ സാഹചര്യത്തിൽ, തങ്ങളുടെ താൽപര്യങ്ങൾകൂടി പരിഗണിച്ചുള്ള വ്യാപാര കരാറുകളെക്കുറിച്ച് ചർച്ചചെയ്യാൻ സന്നദ്ധരായ 75ലധികം രാജ്യങ്ങൾക്കെതിരെ ചുമത്തിയ ഉയർന്ന താരിഫുകൾ താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട് അമേരിക്ക. ചർച്ചക്കൊരുങ്ങാതെ മാറിനിൽക്കുന്ന ചൈനയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്. ഈ വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ലെന്നാണ് ആഗോള സാമ്പത്തിക വളർച്ചയുടെ 30 ശതമാനത്തോളം പ്രതിവർഷം സംഭാവനചെയ്യുന്ന ചൈനയുടെ നിലപാട്. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് ആണ് ഇക്കാര്യത്തിൽ ശക്തമായ പ്രസ്താവന നടത്തിയ മറ്റൊരു ലോകനേതാവ്.
ലോക വാണിജ്യ ശൃംഖലയെ നിയന്ത്രിക്കുന്ന അമേരിക്ക ഇത്രമാത്രം വെറി കൊള്ളാൻ എന്തായിരിക്കാം കാരണമെന്ന അന്വേഷണത്തിന് മറുപടിയായി ചൈനീസ് സുഹൃത്തുക്കളിലൊരാൾ ഒരു പട്ടിക വെച്ചുനീട്ടി. യു.എസ്-ചൈന വ്യാപാരബന്ധത്തിന്റെ കണക്കായിരുന്നു അത്. ചരക്കുകളും സേവനങ്ങളുമായി അമേരിക്ക ചൈനയിലേക്ക് കയറ്റിയയക്കുന്നത് ഏതാണ്ട് 199 ബില്യൺ ഡോളറിന്റെ ഉൽപന്നങ്ങളാണ്. ചൈനയിൽനിന്ന് അമേരിക്കയിലേക്കാകട്ടെ 462 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടക്കുന്നത്. ഏതാണ്ട് 130 ബില്യൺ ഡോളറിന്റെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ചൈന അമേരിക്കയിലേക്ക് കയറ്റിയയക്കുന്നത്. പട്ടികയിൽ ബോയിലേഴ്സും മെഷിനറികളും കളിപ്പാട്ടങ്ങളും ഫർണിച്ചറും ഒക്കെയുണ്ട്. ആഗോള പ്രശസ്തമായ ഇലക്ട്രോണിക്സ് ബ്രാൻഡുകളുടെ പറുദീസയായ അമേരിക്കയും ചൈനയിലേക്ക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ കയറ്റിയയക്കുന്നുണ്ട് -അതിന്റെ മൂല്യം 15 ബില്യൺ ഡോളർ മാത്രം. അമേരിക്ക ചൈനയിലേക്ക് അയക്കുന്ന ഉൽപന്നങ്ങളിൽ പിന്നീട് വരുന്നത് ക്രൂഡോയിലും കാർഷിക ഉൽപന്നങ്ങളും ഒക്കെയാണ്. ഇത്തരത്തിലൊരു താരതമ്യം നടത്തിയാൽതന്നെ മനസ്സിലാകും, എന്തുകൊണ്ടാണ് അമേരിക്ക ചൈനയുടെ നേരെ നീങ്ങുന്നത് എന്ന്. അമേരിക്കക്ക് ലോകത്തിനുമേൽ ഉണ്ടായിരുന്ന മേൽക്കൈ ഏതാണ്ട് നഷ്ടമാകുന്ന സ്ഥിതിയാണ് വരാൻ പോകുന്നത്. സിലിക്കൺ വാലി ഉള്ള അമേരിക്കയെക്കാൾ എങ്ങനെയാണ് ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ കാര്യത്തിൽ ചൈന മുന്നിലെത്തിയത് എന്ന് പലരും സംശയിക്കുന്നുണ്ടാവും. അതറിയണമെങ്കിൽ ഷെൻജൻ എന്ന നഗരത്തെക്കുറിച്ച് അറിയണം.
തെക്കൻ ചൈനയിലെ ഗ്വാങ് ദോങ് പ്രവിശ്യയിലാണ് ചൈനയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഈ നഗരം. ആഗോള ടെക്നോളജി ഹബായ ഷെൻജനിലാണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് മാർക്കറ്റ്. മൂന്നു മില്യൺ സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ഹുഖ്വയ്ങ് ബേ എന്ന മാർക്കറ്റിൽ മുപ്പതിനായിരം ബിസിനസുകളുണ്ട്. ലോകത്തെമ്പാടുമുള്ള ഇലക്ട്രോണിക് ഉൽപന്ന നിർമാതാക്കളും വ്യാപാരികളും എത്തിച്ചേരുന്നത് ഹുഖ്വയ്ങ് ബേയിലേക്കാണ് എന്നത് അതിശയോക്തിയല്ല. ഈയിടെ മാർക്കറ്റിലൂടെ ചുറ്റിക്കറങ്ങിയപ്പോൾ ഒരു സ്മാർട്ട് വാച്ച് കണ്ണിലുടക്കി. കാമറയും മൈക്രോഫോണുമുള്ള ആ വാച്ചിന് വില 250 യുവാൻ (മൂവായിരം രൂപക്കടുത്ത്) മാത്രം.
സൈക്ൾ ഷെയറിങ് സിസ്റ്റം ചൈനയിൽ വന്ന കാലത്ത്, 2008ൽ, ഒരു ബ്രാൻഡ് സ്വയം തുടങ്ങിയാലോ എന്ന ആലോചനയിൽ ഞങ്ങൾ ഷെൻജനിലെ ഒരു സോഫ്റ്റ് വെയർ കമ്പനി സന്ദർശിച്ചിരുന്നു. യാത്രക്കാർക്ക് യഥേഷ്ടം മൊബൈൽ ചാർജ് ചെയ്യാൻ സൗകര്യപ്പെടുന്ന സോളാർ പാനൽ ഘടിപ്പിച്ച സൈക്ൾ ആയിരുന്നു ഞങ്ങളടെ ആവശ്യം. ബിസിനസിൽ ചൈനക്കാർ ‘നോ’ പറയുന്നത് വളരെ അപൂർവമായേ കേട്ടിട്ടുള്ളൂ. സോളാർ പാനൽ ഘടിപ്പിച്ച സാമ്പ്ൾ ബൈസിക്ൾ ഒരു മാസത്തിനകം ഞങ്ങളുടെ കൈയിലെത്തി. ഇന്ന് ലോകത്ത് ഉപയോഗിക്കപ്പെടുന്ന സോളാർ സെല്ലുകളുടെ 85 ശതമാനം ഉൽപാദിപ്പിക്കപ്പെടുന്നത് ചൈനയിലാണ്. ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് രംഗത്ത് വരാൻപോകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ മാത്രം ലക്ഷക്കണക്കിന് വ്യാപാരികളാണ് പ്രതിവർഷം ഇലക്ട്രോണിക്സ് മാർക്കറ്റിൽ എത്തിച്ചേരുന്നത്.
ഇത്തരത്തിൽ നിലവിലെ വിപണിയിൽ തങ്ങിനിൽക്കാതെ ഭാവിയിലേക്കുകൂടി നോട്ടമിട്ടുള്ള ഉൽപന്നങ്ങളാണ് ചൈന തയാറാക്കുന്നത്. ഓട്ടോമൊബൈൽ രംഗത്ത് ജർമനിക്കാണ് അപ്രമാദിത്വം. പിന്നാലെ ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കയും മറ്റും. ഇവിടെ ചൈന ഇലക്ട്രിക് കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ചൈന ഉൽപാദിപ്പിച്ചതെങ്കിൽ ഒമ്പത് വർഷംകൊണ്ട് അത് ഏതാണ്ട് ഒരു കോടിയിൽ എത്തിനിൽക്കുന്നു. അതിൽ 60 ലക്ഷത്തോളം കാറുകൾ പുറംരാജ്യങ്ങളിലേക്ക് കയറ്റിപ്പോകുന്നു. ഞങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന എക്സ്പെങ് കാറുകൾ പല രാജ്യങ്ങളുടെയും നിരത്തുകൾ കീഴടക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. മാത്രമല്ല, ലോകത്ത് ഉപയോഗിക്കുന്ന 70 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികൾ ചൈനയിൽനിന്നുള്ളവയാണ്.
ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ നടത്തുന്ന ഒരു രാജ്യം അമേരിക്കപോലെ, സാങ്കേതികവിദ്യയുടെ തട്ടകമായ രാജ്യത്തെ മറികടക്കുക സ്വാഭാവികം. പട്ടിക നോക്കി ഞാൻ സുഹൃത്തിനോട് ചോദിച്ചു: ‘‘അല്ല, അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ചൈനയുടെ വിപണി മാർക്കറ്റ് ഇടിയുകയല്ലേ?’’ അതിനും മറുപടിയുണ്ടായിരുന്നു: ‘‘അമേരിക്ക മാത്രമല്ലല്ലോ ലോകം. അമേരിക്ക ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് നമ്മൾ മൂന്നര ട്രില്യൺ ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്. അമേരിക്കയുടെ നടപടി കാരണം അവരിൽ പലരും ഇവിടെനിന്ന് കൂടുതൽ വാങ്ങാൻ തുടങ്ങും. അതോടെ അമേരിക്കൻ ശാപം ഞങ്ങൾക്ക് ഉപകാരമായിത്തീരുകയാണ്’’. തലക്കു മേലെ വെള്ളമെങ്കിൽ അതുക്കും മേലെ തോണി എന്നു ചൊല്ല്. അതിൽ പിടിച്ച് അമേരിക്കൻ ഉപരോധംതന്നെ ഉണ്ടായാലും അതിനെയും അവസരമാക്കി മുന്നോട്ടുപോകാൻ കഴിയുമെന്ന പൂർണവിശ്വാസത്തിലാണ് ഇപ്പോഴും ചൈന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.