അടിത്തട്ടു കാണാത്ത അഗാധതയും കുതിരവാലിലെ കുഞ്ചിരോമവും
text_fieldsഎസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യിൽ പടിഞ്ഞാറേ കായൽപ്പുളിക്കൽ ഗോവിന്ദക്കുറുപ്പ് എന്നൊരു കഥാപാത്രമുണ്ട്. ‘ജാതകദോഷം എന്നു പറഞ്ഞാൽമതി – ഒരു നോവലിസ്റ്റാകണമെന്ന മഹാവ്യാധി ബാധിച്ച’യാളെന്നാണ് കഥാപാത്രത്തെ പൊറ്റെക്കാട്ട് പരിചയപ്പെടുത്തുന്നത്. ‘ഭാവനയുടെ ജാരസന്താനമാണ് തന്റെ നന്ദിനി’യെന്ന് ഗോവിന്ദക്കുറുപ്പ് സ്വന്തം നോവലിനെ വിശേഷിപ്പിക്കുന്നു. മലയാളത്തിലെ ഇപ്പോഴത്തെ നോവലെഴുത്തു ബഹളം മുമ്പേ മനസ്സിലാക്കിയ ക്രാന്തദർശിയായിരുന്നു എസ്.കെ. പൊറ്റെക്കാട്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, ചുമ്മാതല്ല ജ്ഞാനപീഠം കിട്ടിയത്.
പടിഞ്ഞാറേ കായൽപ്പുളിക്കൽ ഗോവിന്ദക്കുറുപ്പ്, കഷ്ടകാലത്തിന് മുന്നിൽ ചെന്നുപെട്ടുപോയ ശ്രീധരനെ സ്വന്തം നോവൽ വായിച്ചുകേൾപ്പിക്കുന്നു. ‘ആദ്യത്തെ അധ്യായം പകലിന്റെ വർണനയോടുകൂടിയാണ് തുടക്കം. കർമസാക്ഷി ധർമരശ്മി ചൊരിയുന്ന നിർമലവാസരം... അങ്ങനെ പോകുന്നു വർണന. പ്രാസങ്ങൾകൊണ്ടുള്ള ഒരു പയറ്റുതന്നെ.’ എങ്ങനെയിരിക്കുന്നു എന്ന നോവലിസ്റ്റിന്റെ ചോദ്യത്തിന് കഷായച്ചണ്ടി പോലിരിക്കുന്നു എന്നുപറയാനാണ് ശ്രീധരനു തോന്നിയത്. ‘ന ബ്രൂയാത് സത്യമപ്രിയം’ എന്ന സാരോപദേശം ഓർമ വന്നതുകൊണ്ട് കഷായച്ചണ്ടി അപ്രിയമായൊരു സത്യമാണ് എന്ന് ശ്രീധരൻ മനസ്സിൽ പറയുന്നു. പിരിയാൻ നേരത്ത് ഇങ്ങനെ ഉറക്കെ വിളിച്ചുപറയണമെന്ന് ശ്രീധരനു തോന്നി: ‘ഏയ് നോവലിസ്റ്റ് ആനക്കാരൻ കുറുപ്പേ, നിങ്ങൾ എഴുതിക്കൂട്ടിയതൊക്കെ ആനപ്പിണ്ടിയാണ്. വെറും ആനപ്പിണ്ടി. ഇനി കാണുമ്പോൾ ആ ഘോരസത്യം വെട്ടിത്തുറന്നുപറയും.’
പൊറ്റെക്കാട്ടിന്റെ ശ്രീധരനെന്നല്ല, എനിക്കും തോന്നുന്നുണ്ട് ചില ഘോരസത്യങ്ങൾ വെട്ടിത്തുറന്നു പറയാൻ. പല പതിപ്പുകളും പ്രശസ്തിയുമായി നിൽക്കുന്ന ഇപ്പോഴത്തെ ചില നോവലുകൾ വായിച്ചപ്പോഴാണ് ആ തോന്നലുണ്ടായത്. സാരോപദേശം അവിടെക്കിടക്കട്ടെ. അർഥവും പൊരുത്തവുമൊന്നും നോക്കാതെ എഴുതിത്തള്ളി നോവലിസ്റ്റുകൾ മലയാളഭാഷയെയും വായനക്കാരെയും ശ്രീധരന്റെ അവസ്ഥയിലെത്തിക്കുകയാണ്.
അക്കാദമി അവാർഡ് നേടിയ ഒരു നോവലിന്റെ തുടക്കം ഇങ്ങനെ: ‘തൂവലുകൾ കണക്കെ തലയ്ക്കുമീതെ പൊഴിഞ്ഞുകൂടിയ പഞ്ഞിക്കഷണങ്ങൾ അവളെ അടിത്തട്ടുകാണാത്ത അഗാധതയിലേക്ക് അമർത്തിയാഴ്ത്തി.’ അടിത്തട്ടു കാണാൻ കഴിയാത്ത ആഴത്തെയാണ് അഗാധതയെന്നു പറയുന്നത്. അഗാധമെന്നാൽ നിലയില്ലാത്ത പ്രദേശമെന്നും ആഴമുള്ള കുഴിയെന്നും അർഥം. അടിത്തട്ടുകാണാത്ത അഗാധത അന്ധകാരത്തിന്റെ കൂരിരുട്ടുപോലെയാണ്. തൂവൽപോലെ പൊഴിയുന്ന പഞ്ഞിക്ക് ഒരാളെ അഗാധതയിലേക്കു ചവിട്ടിത്താഴ്ത്താനുള്ള കാലും ബലവും എവിടുന്നു കിട്ടിയെന്നു ചോദിക്കുന്നില്ല. സ്വപ്നസീനായതുകൊണ്ട് പഞ്ഞിക്ക് പാദമാകാം. വെളുത്ത പഞ്ഞിത്തുണ്ടുകൾ കരിമ്പടത്തേക്കാൾ കനത്തിൽ പൊതിയുന്നതായി ഒരു പ്രയോഗവും അവിടെ കാണാം. വെളുത്ത മേഘം, പഞ്ഞിത്തുണ്ട് എന്നീ സജാതീയ പദങ്ങളോട് കറുത്ത നിറമുള്ളതും പരുക്കനുമായ കരിമ്പടമെന്ന വിജാതീയപദം ചേർത്ത ശൈലിയെ സഹചരഭിന്നത്വം എന്നാണ് കാവ്യശാസ്ത്രജ്ഞർ വിളിക്കുക. ‘നീർ നിറഞ്ഞ തണ്ണിമത്തനുകൾ’ എന്നൊക്കെ നോവലിസ്റ്റ് എഴുതിയാൽ എന്തുചെയ്യാനാണ്. നീരും തണ്ണിയും രണ്ടല്ലല്ലോ. നീരില്ലാത്ത തണ്ണിമത്തൻ ആരെങ്കിലും മുറിച്ചുവിൽക്കാൻ വെക്കുമോ?
ദമയന്തിയെ കേന്ദ്രകഥാപാത്രമാക്കിയ ഒരു പുരാണോപജീവി നോവലിൽ കുതിര ‘കുഞ്ചിരോമങ്ങൾ നിറഞ്ഞ വാലാട്ടി തലകുലുക്കി’യെന്നു കണ്ടു. കുതിരയുടെയും സിംഹത്തിന്റെയുമൊക്കെ കഴുത്തിലെ നീണ്ട രോമമാണ് കുഞ്ചിരോമം. ഇംഗ്ലീഷിൽ mane എന്നുപറയും. സംസ്കൃതത്തിൽ ദേവമണിയെന്നും. കുതിരവാലിലെ രോമത്തിന് ബാലഹസ്തമെന്നും ബാലധിയെന്നുമാണു വാക്കുകൾ. നിബിഡവനത്തിലെ വൃക്ഷാലയങ്ങൾ, വള്ളിക്കുടിലുകൾ, പുഷ്പസഞ്ചയങ്ങൾ എന്നു നോവലിസ്റ്റ് എഴുതുന്നു. വൃക്ഷാലയത്തിന് വൃക്ഷമെന്ന് അർഥമില്ല. പക്ഷി എന്നാണർഥം (വൃക്ഷത്തെ ആലയമാക്കുന്നത്). ‘സായന്തനത്തിലേക്കു കടക്കുന്ന സൂര്യന്റെ അരുണരാജികളിൽ’ എന്ന് മറ്റൊരു പ്രയോഗം. ‘അരുണരാജി’ക്ക് ചുവന്ന പ്രകാശം എന്നർഥമില്ല. രാജി എന്നാൽ കൂട്ടം. അതുകൊണ്ടാണ് വർണരാജിയെന്നു പറയുന്നത്.
കസേര എന്ന അർഥത്തിൽ ഉപവിഷ്ടം എന്നു പ്രയോഗിക്കുന്നതും തെറ്റാണ്. ഇരുന്ന എന്ന അർഥമേ ഉപവിഷ്ടത്തിനുള്ളൂ. ഉപവിഷ്ടനായി എന്നു പറയുമ്പോലെ. ഇരിക്കുന്ന സാധനത്തിന് ഉപവിഷ്ടമെന്നു പറയാറില്ല. അർഥം മാറിപ്പോകും. രണ്ടായിരം എന്ന അർഥത്തിൽ ദ്വസഹസ്രം എന്നുപറഞ്ഞാലും തെറ്റാണ്. ദ്വിസഹസ്രം എന്നുവേണം പറയാൻ. ശിഖരശാഖി എന്ന് എഴുതുന്നതും കുഴപ്പമാണ്. ശിഖരം, ശാഖ അഥവാ കൊമ്പുള്ളത് ശാഖി. മരമെന്നർഥം. ‘ചന്ദ്രജ്യോത്സന പൂത്തുനിൽക്കുന്ന അമൃത സരോവരം’ എന്നെ പരിഭ്രമിപ്പിച്ചു. ജ്യോത്സന എന്നാൽ നിലാവ് എന്നും നിലാവുള്ള രാത്രി എന്നും അർഥം. ചന്ദ്രജ്യോത്സന എന്നുപറഞ്ഞാൽ ചന്ദ്രന്റെ നിലാവ് എന്നാവും. നിലാവ് മറ്റാർക്കുമില്ലല്ലോ. ചന്ദ്രജ്യോത്സന ഒരു ജലസസ്യമാണെന്നു വിചാരിച്ചെങ്കിലും അങ്ങനെയൊന്നിന്റെ പേര് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കാളിദാസൻ വനജ്യോത്സനയെന്നു മുല്ലവള്ളിയെ വിളിച്ചെന്നുവരും. അത് കാളിദാസൻ. കവിസ്വാതന്ത്ര്യംപോലെ നോവലിസ്റ്റിനുമുണ്ടല്ലോ സ്വാതന്ത്ര്യം. കൂടുതൽ നോവലുകളെപ്പറ്റി പറയാൻ ഈ പംക്തിയുടെ സ്ഥലം അനുവദിക്കുന്നില്ലെന്നു മാത്രം.
പക്ഷേ സ്വാതന്ത്ര്യവും അറിവില്ലായ്മയും ഭാഷയുടെയും വാക്കുകളുടെയും മേൽ പ്രയോഗിക്കാതിരുന്നാൽ നല്ലത്. സ്വന്തമായി അർഥമുള്ള ഭാഷാ ഏകകമാണ് വാക്ക്. നോവലിസ്റ്റുകൾക്ക് അതിന് പുതിയ അർഥങ്ങൾ നൽകാം. അർഥശൂന്യതയും അർഥദോഷവും നൽകരുത്. പൊറ്റെക്കാട്ട് പറഞ്ഞതുപോലെ ഭാവനയുടെ ജാരസന്തതികളല്ല സാഹിത്യത്തിനും ഭാഷക്കുമാവശ്യം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നോവലിസ്റ്റുകളിലൂടെ മലയാളത്തിന് ഈ ദുർവിധി വരുമെന്ന് പൊറ്റക്കാട്ടിനുംമുമ്പേ 1892ൽ തന്നെ ഒരു ക്രാന്തദർശി തിരിച്ചറിഞ്ഞിരുന്നു. സാക്ഷാൽ ഒ. ചന്തുമേനോൻ തന്നെ. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ‘ശാരദ’യിലെ ‘വക്കീലന്മാരുടെ കുളമ്പ്’ എന്ന പേരിൽ പ്രസിദ്ധമായ ആറാമധ്യായത്തിൽ മലയാള നോവലുകളെയും യശഃപ്രാർഥികളായ നോവലിസ്റ്റുകളെയുംകുറിച്ച് ഒരു ചർച്ചയുണ്ട്. വക്കീൽമാരുടെ ക്ലബിലിരുന്ന് കർപ്പൂരയ്യൻ വക്കീൽ പുതിയൊരു മലയാള നോവൽ വായിക്കുന്നു. നോവലല്ല, അതിനെപ്പറ്റി ഓരോരുത്തർ എഴുതിയ സ്തുതിലിഖിതങ്ങളാണ് താൻ ഇത്രനേരവും വായിച്ചതെന്ന് കർപ്പൂരയ്യൻ പറയുന്നു. ഒടുവിൽ കർപ്പൂരയ്യനും ഒരു അഭിപ്രായം എഴുതി: ‘ഇപ്പോൾ ഈയിടെ ഉണ്ടാക്കിയ നോവലുകൾ എല്ലാം ഓരോ അസഭ്യകഥകളും നേരംപോക്ക് അടങ്ങീട്ടുള്ള ദുർദേവതമാരെപ്പോലെതന്നെ മലയാളത്തിനെ ബാധിച്ചിരിക്കുന്നു. വായിപ്പാൻ അറെക്കുന്നു.’
ഒ.വി. വിജയന്റെ ‘കഥാപാത്രം’ എന്ന ലഘുകഥകൂടി ഓർമിപ്പിക്കട്ടെ. എന്റെ ആത്മാവിന്റെ നൊമ്പരം എന്നുപറഞ്ഞ കഥാപാത്രത്തോട് കഥയിലെ അദ്ദേഹം ചോദിക്കുന്നു: നിനക്ക് നേരാവണ്ണം വർത്തമാനം പറയാൻ അറിഞ്ഞൂടേ, തെണ്ടി?’ പക്ഷേ സാഹിത്യകാരൻ എന്ന യജമാനൻ അതിനു സമ്മതിക്കില്ലെന്ന് കഥാപാത്രം. അദ്ദേഹം പറഞ്ഞു: ‘ശരി, പൊയ്ക്കോ. പക്ഷേ, ഈ പ്രദേശത്തൊന്നും കാണരുത്. പ്രത്യേകിച്ചും കുട്ടികൾ അക്ഷരം പഠിക്കുന്നേടത്ത്.’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.