Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബംഗാളിൽ നിന്നൊരു പാഠം

ബംഗാളിൽ നിന്നൊരു പാഠം

text_fields
bookmark_border
ബംഗാളിൽ നിന്നൊരു പാഠം
cancel
സമഗ്ര വോട്ടേഴ്സ് ലിസ്റ്റ് ‘ശുദ്ധീകരണം’ കൊണ്ട് മതിയാക്കാതെ വേറെയും അധാർമിക ചെയ്തികളിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ടി.എം.സിയുടെ ജയസാധ്യത കുറക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി ആവിഷ്‍കരിക്കുന്നുണ്ടെന്നാണ് ഒടുവിലത്തെ വിശേഷം

ഏപ്രിൽ 23നും 29നും രണ്ട് ഘട്ടങ്ങളിലായി നിശ്ചയിച്ചിരിക്കുന്ന പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഉൾപ്പെടെ ബി.ജെ.പിയുടെ വൻതോക്കുകളുടെ പങ്കാളിത്തത്തോടെ പ്രചണ്ഡമായി തുടരവേ ഇലക്ഷൻ സ്വതന്ത്രവും നീതിപൂർവവുമായി നടക്കുമോ എന്ന കടുത്ത ആശങ്ക തുടരുകയാണ്. ഫെബ്രുവരി 28ന് പ്രഖ്യാപിക്കപ്പെട്ട എസ്.ഐ.ആർ പട്ടികപ്രകാരം മൊത്തം 7.04 കോടി സമ്മതിദായകരാണ് ബംഗാളിലുള്ളത്. 91 ലക്ഷം വോട്ടർമാർ പട്ടികക്കുപുറത്ത് എന്നാണ് ഉയർന്ന പരാതി. 60.66 ലക്ഷം വോട്ടർമാരെ ‘പരിശോധനയിലുള്ളവർ’ എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയത്. മൊത്തം വോട്ടർമാരിൽ 8.3 ശതമാനം വരും ഇവരുടെ സംഖ്യ. ഇത് അങ്ങേയറ്റം ഖേദകരവും മനുഷ്യത്വവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ചൂണ്ടിക്കാട്ടിയെങ്കിലും ഇലക്ഷൻ കമീഷൻ അത് പരിഗണിച്ചതേയില്ല.

ഒടുവിൽ പരാതികൾ സുപ്രീംകോടതിയിലേക്ക് പ്രവഹിച്ചതോടെയാണ് പരാതിക്കാരെ കേൾക്കാനും പരിഹാരമുണ്ടാക്കാനും പരമോന്നത കോടതി ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. അവർ സാധ്യമായ അളവിൽ പരിശോധിച്ചപ്പോൾ 27 ലക്ഷം പേരുടെ പരാതികളിൽ കഴമ്പുണ്ടെന്നുകണ്ട് അവരോട് ട്രൈബ്യൂണലുകളെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. പക്ഷേ, പ്രഖ്യാപിക്കപ്പെട്ട പോളിങ് തീയതികൾക്കുമുമ്പ് ന്യായമായ ഈ പരാതികൾ യഥാവിധി പരിശോധിക്കാനോ അവർക്ക് വോട്ടവകാശം വിനിയോഗിക്കാനോ ആവില്ലെന്നതാണ് തെളിഞ്ഞുകഴിഞ്ഞ സത്യം. ബംഗ്ലാദേശുമായി അതിർത്തിപങ്കിടുന്ന മുസ്‍ലിം ഭൂരിപക്ഷ ജില്ലകളിലാണ് കൂട്ടത്തോടെയുള്ള വെട്ടിമാറ്റൽ നടന്നിരിക്കുന്നത് എന്നതിൽ നിന്നുതന്നെ ഏറെ ആസൂത്രിതമായി നടത്തപ്പെട്ട ‘ശുദ്ധീകരണ’ പദ്ധതിയുടെ ഭാഗമാണിതെന്ന് വ്യക്തം. ബി.ജെ.പി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ രാജ്യത്തുനിന്ന് പുറന്തള്ളുമെന്ന നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾ തീവ്രഹിന്ദുത്വത്തിന്റെ പരോക്ഷ ലക്ഷ്യം അനാവരണം ചെയ്യുന്നു. അതോടൊപ്പം 15 വർഷമായി തുടരുന്ന തൃണമൂൽ കോൺഗ്രസ് ഭരണം എവ്വിധവും അവസാനിപ്പിച്ച് സംസ്ഥാന ഭരണം കാവിപ്പടയെ ഏൽപിക്കാൻ ഉടനടിയുള്ള പരിപാടിയിലെ പ്രഥമ ഘട്ടമാണിതെന്നും വ്യക്തമാണ്. കാരണം മൂന്നര പതിറ്റാണ്ടുകാലം സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ബംഗാൾ ഭരിച്ചത് പ്രധാനമായും ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണയോടെ ആയിരുന്നല്ലോ. എന്നിട്ടും മാനവിക വികസനത്തിന്റെ സമസ്ത സൂചികകളിലും തങ്ങൾ പിന്നാക്കമോ അതിപിന്നാക്കമോ ആയി തുടരുന്നെന്ന നഗ്നയാഥാർഥ്യമാണ് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ അഭയംതേടാൻ ജനസംഖ്യയിൽ 27 ശതമാനം വരുന്ന മതന്യൂനപക്ഷത്തെ പ്രേരിപ്പിച്ചത്.

മനുഷ്യത്വവിരുദ്ധവും മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ നഗ്നലംഘനവുമായ ഈ സമഗ്ര വോട്ടേഴ്സ് ലിസ്റ്റ് ‘ശുദ്ധീകരണം’ കൊണ്ട് മതിയാക്കാതെ വേറെയും അധാർമിക ചെയ്തികളിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ടി.എം.സിയുടെ ജയസാധ്യത കുറക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി ആവിഷ്‍കരിച്ച് നടപ്പാക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. കഴിഞ്ഞ ഡിസംബറിൽ പൊടുന്നനെ തൃണമൂൽ നേതാവ് ഹുമയൂൺ കബീർ ബാബരി മസ്ജിദ് എന്നപേരിൽ ഒരു പള്ളി നിർമാണ പദ്ധതിയുമായി മുർശിദാബാദിലെ ബെൽഡങ്കയിൽ പ്രത്യക്ഷപ്പെടുന്നതോടെയാണ് തുടക്കം. ആയിരക്കണക്കിന് ‘ഭക്തജനങ്ങൾ’ പങ്കെടുത്ത മസ്ജിദ് തറക്കല്ലിടൽ പരിപാടിതന്നെ അതിഗംഭീരമായിരുന്നു. പിന്നീടാണ് ആം ജനത ഉന്നയിൻ പാർട്ടി (എ.ജെ.യു.പി) രൂപവത്കരിച്ചതായി മേപ്പടിയാൻ പ്രഖ്യാപിക്കുന്നതും തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എം.ഐ.എമ്മുമായി കൂട്ടുകെട്ടുണ്ടാക്കി 150 സീറ്റുകളിൽ മത്സരിക്കുന്നതായി അറിയിക്കുന്നതും. ഇലക്ഷൻ പ്രചാരണത്തിനായി ഹെലികോപ്ടർ വാടകക്കെടുത്ത് മണ്ഡലങ്ങളിലാകെ പറന്നെത്താൻ ഹുമയൂൺ കബീറിന് പൊടുന്നനെ സാധിച്ചതെങ്ങനെയാണെന്ന് ജനം അത്ഭുതപരതന്ത്രരായി നോക്കിനിൽക്കെയാണ്, നേതാവും മറ്റൊരാളുമായി നടന്ന രഹസ്യസംഭാഷണം തൃണമൂൽ പാർട്ടിക്കാർ തന്ത്രത്തിൽ വിഡിയോയിൽ പകർത്തി പുറത്തുവിട്ടിരിക്കുന്നത്.

1000 കോടി രൂപയുടെ ഡീൽ ബി.ജെ.പിയുമായി നടന്നെന്ന ഹുമയൂൺ കബീറിന്റെ വെളിപ്പെടുത്തൽ പുറത്തായതോടെ ഉവൈസി അയാളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് സ്വന്തമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വൻകിട കോർപറേറ്റുകളുടെ അകമഴിഞ്ഞ സംഭാവനകളുടെ ബലത്തിൽ മത്സരിച്ച് ജയിക്കുകയും ഭരിക്കുകയും ചെയ്യുന്ന ഹിന്ദുത്വ പാർട്ടിയെ സംബന്ധിച്ചിടത്തോളം, എത്രതന്നെ നിഷേധിച്ചാലും ജനം ഇതുപോലുള്ള ഡീൽ അവിശ്വസനീയമായി കരുതുകയേ ഇല്ല. ഏറ്റവുമൊടുവിൽ കേരളത്തിലെ തെരഞ്ഞെടുപ്പിൽ വോട്ടിന് നോട്ട് വിതരണം നടന്ന സംഭവം അങ്ങാടിപ്പാട്ടാണല്ലോ. സ്വസമുദായത്തെ വിരുദ്ധശക്തികൾക്ക് ഒറ്റിക്കൊടുക്കാൻ മീർ ജാഫർമാർ വേണ്ടത്രയുണ്ടെന്നതിന് ബംഗാൾ തന്നെ ചരിത്രം സാക്ഷി. ഇത്തരം രക്ഷകരെയും അവരുടെ പിന്നിൽ കളിക്കുന്ന ദുശ്ശക്തികളെയും ജാഗ്രതയോടെ നിരീക്ഷിക്കാനും അവർ കുഴിക്കുന്ന കുഴികളിൽ വീഴാതിരിക്കാനും സമുദായ സംഘടനകളും യഥാർഥ സമുദായ സ്നേഹികളും ജാഗ്രത പുലർത്തിയില്ലെങ്കിൽ ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്നാണ് പഠിക്കേണ്ട പാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalTMCBJP
News Summary - A Lesson from Bengal
Next Story