തെരഞ്ഞെടുപ്പ് കമീഷൻ: സുപ്രീംകോടതി അന്വേഷിക്കണം
text_fieldsസ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് തികഞ്ഞ ഉത്തരവാദിത്തത്തോടെ, തെളിവുകളുടെ പിൻബലത്തോടെ, തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉന്നയിച്ച ഗുരുതരമായ ‘വോട്ടുമോഷണ’ ആരോപണത്തോടുള്ള കമീഷന്റെ ഇതുവരെയുള്ള പ്രതികരണം സംശയങ്ങൾ ബലപ്പെടുത്താനേ ഉപകരിച്ചിട്ടുള്ളൂ. കമീഷന്റെ തന്നെ രേഖകളും ഡേറ്റയും പരിശോധിച്ച്, ആറുമാസമെടുത്ത് തയാറാക്കിയ അന്യൂനമായ ഒരു വിശദവിവരണം വാർത്തസമ്മേളനത്തിലൂടെ രാജ്യത്തിന് മുമ്പാകെ വെച്ച രാഹുൽ ഗാന്ധിയോട്, അപ്പറഞ്ഞത് സത്യവാങ്മൂലമായി നൽകണമെന്നാണ് കമീഷന്റെ നിർദേശം.
രാഹുൽ പറഞ്ഞത് തെറ്റാണെന്ന് പറയാനോ വിശദീകരിക്കാനോ കമീഷൻ തയാറായിട്ടില്ല. അനാവശ്യമായ തർക്കമുന്നയിച്ച് നേരിടാവുന്നത്ര നിസ്സാരമല്ല ആരോപണങ്ങൾ. കമീഷൻ വോട്ടർപട്ടിക നൽകിയത് ഇലക്ട്രോണിക് രൂപത്തിലല്ലാത്തതിനാൽ കുന്നുകണക്കിന് അച്ചടിപ്പേജുകൾ പരിശോധിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ പരിശോധന ഏറെയും കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് നടത്താനായത്. അതിൽ തെളിഞ്ഞ അനിഷേധ്യമായ ക്രമക്കേടുകൾ മറ്റനേകം മണ്ഡലങ്ങളിലും മഹാരാഷ്ട്ര, ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പുകളിലും നടന്നിരിക്കാൻ സാധ്യതയുണ്ടെന്നുകൂടി രാഹുൽ ചൂണ്ടിക്കാട്ടുന്നു.
ഒരുവേള നരേന്ദ്ര മോദി 2023ൽ പ്രധാനമന്ത്രിയായതുപോലും വോട്ടുകൊള്ളയിലൂടെയാവാം എന്നും രാഹുൽ അഭിപ്രായപ്പെടുന്നു. മഹാദേവപുര മണ്ഡലത്തിലെ ആറരലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജമാണ്. കള്ളപ്പേര്, കള്ളവിലാസം, കള്ളഫോട്ടോകൾ തുടങ്ങി പലതരം കൃത്രിമങ്ങൾ വഴി വോട്ടർപട്ടിക പെരുപ്പിച്ചു. മഹാദേവപുരയിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത് കൃത്രിമങ്ങൾ വഴിയാണ്. പരിശോധിച്ചാൽ മറ്റുപല മണ്ഡലങ്ങളിലും ഇത്തരം ക്രിമിനൽ അഴിമതി പൊളിയും. അതിനു രേഖകൾ ഡിജിറ്റൽ രൂപത്തിൽ വേണമെന്ന് രാഹുൽ ആവശ്യപ്പെടുന്നു. ഈ ആവശ്യത്തോടുള്ള ഇലക്ഷൻ കമീഷന്റെ ഇതുവരെയുള്ള മറുപടി മൗനമാണ്.
ആരോപണങ്ങൾ ഇലക്ഷൻ കമീഷന്റെ ആധികാരിക രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മാത്രമല്ല, അവ പെട്ടെന്നൊരു ബോധോദയം പോലെ പൊട്ടിവീണ ഒറ്റപ്പെട്ട പരാതികളുമല്ല. കുറച്ചുകാലമായി വോട്ടർപട്ടിക, വോട്ടെടുപ്പുദിന നിർണയം, വോട്ടുയന്ത്രം, വിവിപാറ്റ് രേഖകൾ, നിരീക്ഷണകാമറ ദൃശ്യങ്ങൾ, വോട്ടുകണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നതിലെ വൈമുഖ്യം തുടങ്ങി വിവിധ കാര്യങ്ങളിൽ ഉന്നയിക്കപ്പെട്ട ഗൗരവമുള്ള പരാതികളോടൊന്നും കമീഷൻ സുതാര്യമായും വിശ്വസ്തതയോടെയും പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അപ്രതീക്ഷിതവും യുക്തിസഹമായി വിശദീകരിക്കപ്പെടാത്തതുമായ വിജയമുണ്ടായ മഹാരാഷ്ട്രയിൽ അഞ്ചുവർഷം കൊണ്ടുണ്ടായതിനേക്കാൾ കൂടുതൽ വോട്ടർമാരെ അഞ്ചുമാസംകൊണ്ട് പട്ടികയിൽ ചേർത്തിരുന്നു. ഇതുസംബന്ധിച്ച പരാതിയിലും വ്യക്തമായ നടപടി ഉണ്ടായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരുടെ ബൂത്തുതല കണക്കുകൾ ഫോം 17-സി ഒന്നാം ഭാഗത്ത് രേഖപ്പെടുത്തിയത് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അങ്ങനെ നിയമപരമായ ബാധ്യതയൊന്നും തങ്ങൾക്കില്ലെന്ന് പറഞ്ഞ് സുതാര്യതാലംഘനം നടത്തുകയാണ് ഇലക്ഷൻ കമീഷൻ ചെയ്തത്. മുൻകാലങ്ങളിൽ ക്രമക്കേടുകളെപ്പറ്റി പരാതികളുയർന്നപ്പോഴെല്ലാം അതത് കാലത്തെ കമീഷൻ അർഹിക്കുന്ന ഗൗരവത്തിൽ പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്തുവന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ മുമ്പില്ലാത്തവിധം കമീഷൻതന്നെ ഒത്തുകളിക്കുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ബൂത്തുതല സി.സി ടി.വി ദൃശ്യങ്ങൾ പൗരന് നൽകാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി കൽപിച്ചപ്പോൾ അതു നൽകാതിരിക്കാൻ സർക്കാറിനെക്കൊണ്ട് നിയമം മാറ്റിയെഴുതിച്ച കമീഷന് എന്താണ് മറച്ചുവെക്കാനുള്ളത്?
തെരഞ്ഞെടുപ്പ് കമീഷനെ സർക്കാർ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രമായ സ്വയംഭരണ സ്ഥാപനമായാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ, നരേന്ദ്രമോദി സർക്കാർ അതിന്റെ സ്വതന്ത്രസ്വഭാവം ഇല്ലാതാക്കി. സർക്കാറിന്റെ ഇഷ്ടക്കാരെയും വിധേയരെയും കമീഷണർമാരാക്കാൻ പറ്റാത്ത തരത്തിലായിരുന്ന നിയമനച്ചട്ടങ്ങൾ, സുപ്രീംകോടതി നിർദേശം ലംഘിച്ചുപോലും മാറ്റുകയാണ് യൂനിയൻ സർക്കാർ ചെയ്തത്. ഇത്തരം കമീഷൻതന്നെയാണ് പഞ്ചാബ്-ഹരിയാന കോടതിവിധി മറികടന്ന് സി.സി ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കാൻ ചട്ടം മാറ്റിയത്. സി.സി ടി.വി ദൃശ്യങ്ങൾ വേഗത്തിൽ നശിപ്പിക്കാൻ തീരുമാനമെടുത്തതും ഇത്തരം കമീഷൻതന്നെ. വോട്ടുപട്ടിക ചോദിച്ചപ്പോൾ കോൺഗ്രസിന് അതു കൊടുത്തത് കടലാസിൽ. പാർട്ടികൾക്ക് മാത്രമല്ലല്ലോ ഇത് പ്രയാസമുണ്ടാക്കുന്നത്.
കമീഷനുതന്നെയും അത്രയും അച്ചടിക്കാൻ എത്രമാത്രം അധ്വാനവും ചെലവുമെടുത്തിരിക്കും! പരിശോധന ഇല്ലാതാക്കുന്നതിന് ഇത്രയേറെ കഷ്ടപ്പാട് നേരിടാൻ കമീഷൻ തീരുമാനിച്ചതിനു പിന്നിലെ ലക്ഷ്യമെന്താവും? കാര്യങ്ങൾക്ക് സുതാര്യത ലഭിക്കാൻ ഒരു വഴിയേ ഉള്ളൂ-സുപ്രീംകോടതി ഇടപെടലാണത്. ഇലക്ടറൽ ബോണ്ട് എന്ന വൻ അഴിമതി ഇല്ലാതായത് കോടതി ഇടപെടലിലൂടെയാണ്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ നിർണായകമായ തോതിൽ കൃത്രിമം നടന്നതായി സൂചന കമീഷൻ രേഖകളിൽനിന്നുതന്നെ ലഭ്യമായിരിക്കെ രാജ്യത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ സുപ്രീംകോടതി സ്വമേധയാ അന്വേഷണം നടത്തുകയാണ് കരണീയം. ജുഡീഷ്യറിക്ക് അതിനുള്ള അധികാരവും അവകാശവും മാത്രമല്ല ബാധ്യതയുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.