Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേലിൽ തല മാറാം, തലവര മാറുമോ?

text_fields
bookmark_border
ഇസ്രായേലിൽ തല മാറാം, തലവര മാറുമോ?
cancel
നെതന്യാഹു പോയി ഐസൻകോട്ട് വന്നാലും ആ രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ വമ്പിച്ച മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല

ഇസ്രായേലിൽ പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ പ്രസിഡന്റ് ഇസാക് ഹെർസോഗ്, പ്രതിപക്ഷ യാഷർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചതോടെ ബിന്യമിൻ നെതന്യാഹുവിന്റെ രക്തപങ്കില ഭരണത്തിന് അന്ത്യമാകുമോ എന്നു ഉറ്റുനോക്കുകയാണ് ലോകം. 19 അറബ് പ്രതിനിധികളടക്കം 67 പേർ ഐസൻകോട്ടിനെ പ്രസിഡന്റ് പദത്തിലേക്ക് പിന്തുണച്ചപ്പോൾ 46 പേരുടെ പിന്തുണ മാത്രമേ നെതന്യാഹുവിന് ലഭിച്ചുള്ളൂ. മുൻ സൈന്യത്തലവനായ ഐസൻകോട്ടിന് സർക്കാർ രൂപവത്കരണത്തിന് നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട് പ്രസിഡന്റ്. അതിനകം സർക്കാറുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സമയപരിധി രണ്ടാഴ്ച കൂടി നീട്ടിക്കൊടുക്കും. അവിടെയും പരാജയപ്പെട്ടാൽ പിന്നെ രണ്ടാം സ്ഥാനക്കാരനും മൂന്നാമനുമൊക്കെ ഇതുപോലെ അവസരം നൽകുന്നു. അവിടെയും സാധ്യത തെളിഞ്ഞില്ലെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്-ഇതാണ് ആ രാഷ്ട്രത്തിലെ തെരഞ്ഞെടുപ്പ് രീതി. ഇതേ അനുഭവം മുമ്പുണ്ടായിരിക്കെ, സർക്കാർ രൂപവത്കരണത്തിനുള്ള ക്ഷണം കിട്ടിയതുകൊണ്ടുമാത്രം ഐസൻകോട്ടിന് ആശ്വസിക്കാനാവില്ല.

നെതന്യാഹുവിന്റെ ലികുഡ് കക്ഷി നയിക്കുന്ന മുന്നണിയുടെ അംഗബലം 2022ലെ 64ൽ നിന്ന് എട്ടുസീറ്റ് കുറഞ്ഞ് 53 ആയിരിക്കുന്നു. അപ്പോഴും 21 കിട്ടിയ ഐസൻകോട്ടിന്റെ യാഷർ പാർട്ടിയേക്കാൾ ആറു സീറ്റ് അധികം നേടിയ ലികുഡ് തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച ഐസൻകോട്ട് സഖ്യവിപുലീകരണത്തിനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സഖ്യത്തിൽ നെതന്യാഹുവിരോധത്തിൽ കവിഞ്ഞ പൊതുഘടകമൊന്നുമില്ല.

ദേശീയസുരക്ഷ, മതവിവേചനം, ഫലസ്തീൻ അധിനിവേശം എന്നീ സുപ്രധാന വിഷയങ്ങളിലൊക്കെ വിരുദ്ധ ചേരികളിലാണ് മുന്നണിയിലെ കക്ഷികൾ. യായിർ ഗോലാൻ നയിക്കുന്ന മധ്യ ഇടത് ഡെമോക്രാറ്റുകൾ, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ മധ്യ വലതു കക്ഷിയായ ടുഗദർ പാർട്ടി, അവിഗ്ദോർ ലിബർമാന്റെ വലതുപക്ഷ യിസ്രായേൽ ബെയ്തെയ്നു എന്നീ കക്ഷികൾ ചേരുമ്പോഴും 48 സീറ്റുകളുടെ ബലമേ കിട്ടുന്നുള്ളൂ. അവിടെയാണ് അറബി കക്ഷികൾ നിർണായകമാകുന്നത്. അതിൽ റഅം പാർട്ടിയും അറബി ജൂത കക്ഷി ഹദാശ്, ഇസ്രായേലിലെ ഫലസ്തീൻ അവകാശങ്ങൾക്കായുള്ള തആൽ, ബലദ് എന്നീ പാർട്ടികളുടെ കൂട്ടുകെട്ടായ ജോയിന്റ് ലിസ്റ്റും ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പിന്തുണ കൂടി ചേരുമ്പോഴാണ് പ്രതിപക്ഷ മുന്നണിയുടെ കരുത്ത് 67 സീറ്റുകളിലെത്തുന്നത്.

അതേസമയം, അറബി പാർട്ടികളെ ഒന്നിനെയും സഖ്യത്തിലേക്ക് അടുപ്പിക്കേണ്ട എന്നതാണ് ജയിച്ച മുന്നണിയുടെ തീരുമാനം. ഗോലാന്റെ ഡെമോക്രാറ്റ് കക്ഷിക്ക് റഅമിനെ കൂട്ടാം എന്നുണ്ടെങ്കിലും അവിഗ്ദോർ ലീബർമാൻ അറബ് പിന്തുണയിൽ ന്യൂനപക്ഷ ഗവൺമെന്റ് പോലും വേണ്ട എന്ന പക്ഷക്കാരനാണ്. അവരെ തൊടീക്കാതെ തന്നെ യുനൈറ്റഡ് തോറാ യൂദായിസം, ഷാസ് തുടങ്ങിയ അതിയാഥാസ്ഥിതിക വിഭാഗങ്ങളെ ചേർത്താൽ തന്നെ അധികാരത്തിനുള്ള എണ്ണം തികക്കാനാവും എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഏഴു സീറ്റുകളുള്ള അവർ ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആർക്കും പിന്തുണ വ്യക്തമാക്കിയിട്ടില്ല. ഈയൊരു ആശയക്കുഴപ്പത്തിൽ നിന്നു രക്ഷപ്പെട്ടുവേണം ഐസൻകോട്ടിന് നെതന്യാഹു യുഗത്തിന് അന്ത്യം കുറിക്കാൻ. പരമാവധി പേരുടെ പിന്തുണയാർജിക്കാനുള്ള നീക്കങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. നെതന്യാഹു ഒഴികെ, ലികുഡ് പാർട്ടിയിൽ നിന്നുള്ളവരെയും അദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ട്.

അറബി കക്ഷികളുടെ പിന്തുണയില്ലാതെ, ജൂതസംഘടനകളുടെ മാത്രം സംഘാതമായ ഗവൺമെന്റാണ് ഇപ്പോൾ ഭരണം ലക്ഷ്യമിട്ടുനീങ്ങുന്ന പ്രതിപക്ഷ മുന്നണിയുടെ ആഗ്രഹം. അത്തരത്തിലുള്ള പ്രചാരണം അഴിച്ചുവിടുന്നതിലൂടെ ലികുഡ് പാർട്ടിയിലെ നെതന്യാഹു വിരുദ്ധ ആശയഗതിക്കാരെ കൂടി അവർ ലക്ഷ്യമിടുന്നുണ്ട്. അതേസമയം അറബ് വംശജരുടെ സംഘടനകളെ കൂടി ചേർത്തു ഐക്യമുന്നണിക്കുള്ള സന്നദ്ധത ഐസൻകോട്ട് തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. അതോടുകൂടിയാണ് മുന്നണിയിലെ മറ്റു തീവ്രവലതുപക്ഷക്കാർ സമ്മർദതന്ത്രമായി അറബി വിരുദ്ധ, തീവ്രയാഥാസ്ഥിതിക പാർട്ടികളെ പാട്ടിലാക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടിയത്. ഇപ്പോൾ മുന്നണിയിലുള്ള നഫ്താലി ബെന്നെറ്റ് നേരത്തേ റഅം പാർട്ടിയെ കൂട്ടി ഭരണത്തിലേറിയതും അവരെ കാബിനറ്റിൽ ഉൾപ്പെടുത്തിയതുമാണ്. എന്നാൽ, വലതുപക്ഷാഭിമുഖ്യമുള്ള ജനത്തിനു നടുവിൽ കാറ്ററിഞ്ഞു പാറ്റുന്നതാണ് നല്ലത് എന്ന നിഗമനത്തിലാണിപ്പോൾ ബെന്നെറ്റ്.

പരാജയവും തുടർന്ന് അധികാരത്തിൽ നിന്നുള്ള നിഷ്‍കാസനവും നെതന്യാഹുവിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അറബി കക്ഷികൾ 19 സീറ്റുകളിൽ നേടിയ വിജയമാണ് ആ വംശീയവെറിക്കാരനെ വെകിളി പിടിപ്പിച്ചിരിക്കുന്നത്. അറബ് വോട്ടുകളിൽ കൃത്രിമം നടന്നതായി ആരോപിച്ച് നെതന്യാഹുവും സഖ്യകക്ഷികളും ഫലം വന്നതിൽ പിന്നെ കൊണ്ടുപിടിച്ച പ്രചാരണത്തിലായിരുന്നു. എന്നാൽ, അതെല്ലാം കളവാണെന്ന് അന്വേഷണ ഏജൻസികൾ തന്നെ കണ്ടെത്തി. മൂന്ന് അറബി ബദു ആക്ടിവിസ്റ്റുകളെ തെരഞ്ഞെടുപ്പ് ദിവസം, റഅം പാർട്ടിക്കുവേണ്ടി വോട്ടർമാരെ സ്വാധീനിച്ചുവെന്നു പറഞ്ഞു പിടികൂടിയെങ്കിലും കേസ് തെളിയിക്കാനായില്ല. ജോയിന്റ് ലിസ്റ്റിനെതിരായ വിദേശ ഫണ്ട് ആരോപണവും ചീറ്റിപ്പോയി.

ഗസ്സ വംശഹത്യക്കെതിരായി രാജ്യത്തിനകത്തുനിന്നുതന്നെ വന്ന ശക്തമായ പ്രതിഷേധം കൂടി വോട്ടായി മാറിയതാണ് തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിനെതിരായത് എന്ന കാര്യം അദ്ദേഹം മാത്രമല്ല, അദ്ദേഹത്തെ പരാജയപ്പെടുത്തിയവരും ഓർക്കുന്നില്ല എന്നാണ് പുതിയ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങൾ വ്യക്തമാക്കുന്നത്. നെതന്യാഹു പോയി ഐസൻകോട്ട് വന്നാലും രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ വമ്പിച്ച മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ കൂടി സൂചനയാണത്. ഇസ്രായേലിൽ തല മാറിയേക്കാം. എന്നാൽ, അതുകൊണ്ടുമാത്രം അവരുടെയും ലോകത്തിന്റെയും തലവര മാറണമെന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shifting Power in Israel: What Does a New Leader Mean?
Next Story