വന്ദേമാതരത്തെ ഒന്നാമതാക്കുന്നതിന് പിന്നിൽ
text_fieldsഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ‘വന്ദേമാതരം’ എന്നത് ദേശീയബോധത്തെ വൈകാരികമായി ഉത്തേജിപ്പിച്ച കേവലമൊരു ഗീതമല്ല; രൂക്ഷമായ കലാപങ്ങളുടെയും മതസാഹോദര്യത്തിനേറ്റ ചരിത്രപരമായ മുറിവുകളുടെയും അടയാളം കൂടിയാണ്ദേ ശീയ ഗീതമായ ‘വന്ദേമാതര’ത്തിന് ദേശീയഗാനമായ ‘ജനഗണമന’യേക്കാൾ പ്രാധാന്യം നൽകുന്ന പ്രോട്ടോകോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു കേന്ദ്രസർക്കാർ. ഇരുഗാനങ്ങളും ആലപിക്കേണ്ടിവരുന്ന സദസ്സുകളിൽ ഇനിമുതൽ ആദ്യം ചൊല്ലേണ്ടത് വന്ദേമാതരമായിരിക്കണം.
അതും വിശ്വാസപരമായി ഏറെ വിവാദങ്ങളടക്കിയിട്ടുള്ള ആറു ഖണ്ഡങ്ങളും പൂർണമായി. പുതിയ ഉത്തരവോടെ, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സർക്കാറുകളുടെയും ഔദ്യോഗിക പരിപാടികളിൽ ദേശീയഗീതത്തിന്‍റെ ആലാപനത്തിന് നിർബന്ധസ്വരം വരികയാണ്. കുട്ടികളിൽ ദേശീയബോധം വളർത്തുന്നതിനുവേണ്ടി സ്കൂളുകളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രഭാതത്തിൽ പൂർണമായും കൂട്ടമായും ആലപിക്കണമെന്ന നിർദേശവുമുണ്ട്. യു.പി സർക്കാർ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കിയിരുന്നു. അത് അവിടെ സൃഷ്ടിച്ചത് പാടുന്നവരും പാടാത്തവരും എന്ന വിഭജനമാണ്. രാജ്യമൊന്നാകെ, കുട്ടികളുടെയടക്കം ഹൃദയങ്ങളെ ഭിന്നിപ്പിച്ച് അപരത്വത്തിന്‍റെ സംഘർഷാവസ്ഥയിലേക്ക് ബോധപൂർവം നയിക്കുകയാണ് ഭരണകൂടം.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ‘വന്ദേമാതരം’ എന്നത് ദേശീയബോധത്തെ വൈകാരികമായി ഉത്തേജിപ്പിച്ച കേവലമൊരു ഗീതമല്ല; രൂക്ഷമായ കലാപങ്ങളുടെയും മതസാഹോദര്യത്തിനേറ്റ ചരിത്രപരമായ മുറിവുകളുടെയും അടയാളംകൂടിയാണ്. 18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബംഗാളിൽ ക്ഷാമവും കലാപവും പൊട്ടിപ്പുറപ്പെട്ട കലുഷിതകാലത്ത് രചിക്കപ്പെട്ട ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലും അതിലെ ആറു ചരണങ്ങളുള്ള പദ്യവും 150 വർഷങ്ങൾ കഴിഞ്ഞിട്ടും സംഘർഷങ്ങളുടെ പ്രതിധ്വനികൾ വഹിക്കുന്നുവെന്നത് എത്ര ഖേദകരമല്ല!
മുസ്ലിം ഭരണാധികാരികൾക്കും ബ്രിട്ടീഷ് അധികാരത്തിനുമെതിരെ ഒരുകൂട്ടം ഹിന്ദു സന്യാസിമാർ നടത്തുന്ന പോരാട്ടം വിഭാവനംചെയ്ത ആ നോവലിൽ, ദേശത്തെ ആരാധിക്കപ്പെടേണ്ട ദേവതയായി രൂപാന്തരീകരിക്കുകയായിരുന്നു. അതിൽ പ്രതിഫലിക്കുന്ന ‘ഭാരതമാതാ’ സങ്കല്പം സ്വാതന്ത്ര്യസമരകാലത്ത് സവർണ ഹിന്ദു മധ്യവർഗം രൂപപ്പെടുത്തിയ ദേശീയവാദ ഭാവനക്ക് അനുസൃതവുമായിരുന്നു. അതുകൊണ്ടുതന്നെ ഈ ഗാനത്തെ ചൊല്ലി 1930കളിൽതന്നെ മുസ്ലിം, സിഖ് മത പണ്ഡിതർക്കും സെക്കുലർ രാഷ്ട്രീയ നേതാക്കൾക്കും വിമർശനങ്ങളും ആശങ്കകളുമേറെയായിരുന്നു. വിഗ്രഹാരാധനാപരമായ ദേശീയ പ്രതിച്ഛായ വിശ്വാസപരവും സാംസ്കാരികവുമായ കാരണങ്ങളാൽ അവർക്ക് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു.
ഈ വിയോജിപ്പിനെ വിവേകത്തോടെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തുകൊണ്ടാണ് 1937ൽ ആരാധനാമൂർത്തികളെ പരാമർശിക്കുന്നതും യുദ്ധാഹ്വാന സ്വഭാവമുള്ളതുമായ ഖണ്ഡികകൾ ഒഴിവാക്കി ആദ്യഭാഗത്തെ മാത്രം ദേശീയഗീതമായി സ്വാതന്ത്ര്യസമര നേതാക്കൾ അംഗീകരിച്ചത്. ഇതിന് വന്ദേമാതരത്തെ ഏറെ പ്രണയിച്ച ഗാന്ധിജിയുടെയും ടാഗോറിന്‍റെയും പിന്തുണയുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഡോ. രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ ‘ജനഗണമന’യോടൊപ്പം വന്ദേമാതരത്തെയും ആദരിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയുടെ വൈവിധ്യത്തെ മാനിച്ചുകൊണ്ട് ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ഔദ്യോഗികമായി സ്വീകരിച്ചുള്ളൂ. ഇപ്പോൾ പൂർണ വന്ദേമാതരത്തെ മോദിസർക്കാർ ഔദ്യോഗികമാക്കുമ്പോൾ റദ്ദാക്കപ്പെടുന്നത് രാഷ്ട്രശിൽപികളുടെ വൈവിധ്യങ്ങളുടെ ഒരുമയിലൂടെ രൂപപ്പെടുന്ന വിശാലമായ ദേശീയതാ കാഴ്ചപ്പാടാണ്.
വന്ദേമാതരത്തെ ദേശീയഗാനമായ ‘ജനഗണമന’ക്കു മുമ്പ് പാടണം എന്ന നിബന്ധനയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദുത്വ ചിഹ്നങ്ങളാൽ സമൃദ്ധമായ സാംസ്കാരിക മേൽക്കോയ്മയാണ്. വന്ദേമാതരത്തെ വീണ്ടും ഒരു ദേശസ്നേഹ പരീക്ഷണ വസ്തുവാക്കി മാറ്റുകയാണവർ. ഒരുകാലത്ത് ‘ആനന്ദമഠം’ വില്ലനായി ചിത്രീകരിച്ച മുസ്‍ലിമിനെ, ഇന്ന് സംഘ് പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഇന്ത്യയിൽ ശത്രുവും ഇല്ലായ്മ ചെയ്യേണ്ട അപരനുമായി മുദ്രകുത്തുവാൻ ദേശീയഗീതം ആലപിക്കാത്തവർ എന്ന ഒറ്റ പ്രചാരണം മതിയാകും. രാജ്യമാണോ വിശ്വാസമാണോ വലുതെന്ന ചോദ്യം സർക്കാറുകളുടെ ഔദ്യോഗിക പരിപാടികളിലോരോന്നും സ്വാഭാവികതയോടെ ഉന്നയിച്ചുകൊണ്ടിരിക്കും.
ഭരണഘടന അനുച്ഛേദം 25 വിശദീകരിച്ചുകൊണ്ട് 1986ലെ ബിജോയ് ഇമ്മാനുവേൽ കേസിൽ ദേശീയഗാനാലാപനംപോലും ആരെയും നിർബന്ധിക്കരുതെന്ന സുപ്രീംകോടതിയുടെ മഹത്തായ വിധി ഉദ്ധരിക്കുന്നത് പോലും രാജ്യദ്രോഹമായി മാറുകയാണ്. വന്ദേമാതരത്തിന്റെ 150ാം വാർഷികം അനുസ്മരിക്കുന്നതിനായി ഡിസംബർ എട്ടിന് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിലും മുഴങ്ങിയത് രാജ്യം മറക്കാനാഗ്രഹിക്കുന്ന വിഭജനത്തിന്‍റെയും മതകാലുഷ്യത്തിന്‍റെയും ഓർമകളിലേക്ക് നയിക്കുന്ന അപകടകരമായ വാക്കുകളായിരുന്നു. പുതിയ ചട്ടങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ദേശീയതയുമായി ബന്ധപ്പെട്ട പഴയ തർക്കങ്ങളെ വീണ്ടും സജീവമാക്കി വിഭജനാന്തരീക്ഷം സൃഷ്ടിക്കുകയാണ് കേന്ദ്രാധികാരത്തണലിൽ സംഘ് പരിവാർ.
ആസന്നമായ ബംഗാൾ തെരഞ്ഞെടുപ്പിൽ വന്ദേമാതരം കാർഡ് കളിക്കുന്നത് അവിടെ ഹിന്ദു-മുസ്ലിം ഏകോപനത്തെ തകർക്കാനുപകരിക്കുമെന്ന സൃഗാലബുദ്ധി കൂടി പ്രവർത്തിച്ചിട്ടുണ്ട് ഈ ഉത്തരവിൽ. ഭരണഘടനാപരമായും നിയമപരമായും ഈ ഉത്തരവ് നിലനിൽക്കുമോ എന്ന സന്ദേഹം നിയമവിദഗ്ധർ ഉന്നയിക്കുമ്പോഴും രാജ്യത്തെ, വിശേഷിച്ച് ബംഗാളിലെ ജനങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകാനിത് കാരണമാകും എന്നതിൽ ആർക്കും സംശയമില്ല. ആനന്ദമഠവും വന്ദേമാതരവും ഒരിക്കൽ ബംഗാളിനെ വിഭജിക്കുന്നതിന് നിമിത്തമായതാണ്. വീണ്ടും അതേ ദൗത്യമാണോ വന്ദേമാതരത്തിന് ഹിന്ദുത്വ ഇന്ത്യയിൽ നിർവഹിക്കാനുള്ളത്? ദേശീയതയെ നിർബന്ധിതമായി അടിച്ചേൽപിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല എന്ന കാര്യം രാജ്യം എപ്പോഴായിരിക്കും മനസ്സിലാക്കുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

