Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീഫിന്‍റെ പേരിൽ ഒരു ജാതിക്കൊലപാതകം

text_fields
bookmark_border
ബീഫിന്‍റെ പേരിൽ ഒരു ജാതിക്കൊലപാതകം
cancel

മാട്ടിറച്ചി കൈവശം വെച്ചതിന്റെ പേരിലും മാട്ടിറച്ചി വീട്ടിൽ സൂക്ഷിച്ചുവെന്ന സംശയത്തിന്റെ പേരിലുമെല്ലാം എണ്ണമറ്റ അറുകൊലകൾ കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷത്തിനിടെ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ അതിനിർഭാഗ്യകരമായൊരു മരണംകൂടി ചേർക്കപ്പെട്ടിരിക്കുന്നു. ഹിന്ദുത്വവർഗീയതയുടെ ഹൃദയഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യയിലല്ല, വർഗീയ-വംശീയ മേൽക്കോയ്മ വാദങ്ങളെ വെല്ലുവിളിക്കുന്ന ദ്രാവിഡരാഷ്ട്രീയ തട്ടകമായ തമിഴ്നാട്ടിൽ.

ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയിലെ അഖ്‌ലാഖിനെയും ബിഹാറിലെ നസീം ഖുറൈശിയെയും മറ്റും വർഗീയ ആക്രമികൾ വളഞ്ഞിട്ടു മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെങ്കിൽ, കോയമ്പത്തൂർ ശ്രീ. കെ.കെ. നായിഡു ഹയർസെക്കൻഡറി സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥിയായിരുന്ന എ. അഖിലൻ എന്ന പതിനാറുകാരൻ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പഠിച്ചുവളർന്ന് വക്കീലായി നാട്ടിലെ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി പ്രതിഫലം വാങ്ങാതെ കേസ് നടത്തിക്കൊടുക്കണമെന്ന സ്വപ്നം പാതിവഴിയിൽ മുറിച്ച് അവൻ രോഹിത് വെമുലയുടെയും ഡോ. പായൽ താഡ്‍വിയുടെയും അരികിലേക്ക് പോയിരിക്കുന്നു.

ബീഫ് തിന്നുന്നവൻ എന്നുവിളിച്ചും ജാതിപറഞ്ഞും സഹപാഠികൾ നടത്തിയ അധിക്ഷേപങ്ങളും കൈയേറ്റങ്ങളും സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് മകൻ കടുംകൈ ചെയ്തതെന്ന് വിലപിക്കുന്നു മാതാവ് കൗസല്യാദേവി. എന്നാൽ, കുട്ടികളുടെ കളിയാക്കലിനും ​കൈയാങ്കളിക്കുമെല്ലാം ഒരു പിന്നാമ്പുറക്കഥയുണ്ട്. തെക്കെന്നോ വടക്കെന്നോ ഇല്ലാതെ മഹാഭാരത രാജ്യത്തെമ്പാടും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജാതി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് അത് വ്യക്തമാക്കിത്തരുന്നു.

ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പദ്ധതിയിൽ പേരു ചേർക്കുന്നതിന് അഖിലൻ അപേക്ഷ നൽകി. ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്കിടെ ക്ലാസിൽ ബീഫ് കഴിക്കുന്ന വിദ്യാർഥികൾ ആരൊക്കെ എന്ന് അധ്യാപകൻ ചോദിക്കുകയും, അഖിലനും മറ്റ് നാലുപേരും എഴുന്നേറ്റു നിൽക്കുകയും ചെയ്തു. അതിനുപിന്നാലെ രണ്ട് സഹപാഠികൾ ജാതിപ്പേരു വിളിച്ചു അധിക്ഷേപവും മർദനവും പതിവാക്കി. ഇക്കാര്യം ക്ലാസ് അധ്യാപകനെയും സ്കൂൾ പ്രിൻസിപ്പലിനെയും അറിയിച്ചെങ്കിലും അവരത് ഗൗനിച്ചതേയില്ല. താൻ സ്കൂളിലെത്തി ഈ വിഷയം ഉന്നയിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അതിന്റെ പേരിൽ കൂടുതൽ പ്രതികാര നടപടികളുണ്ടായാലോ എന്ന് മകൻ ആശങ്കപ്പെട്ടതിനാൽ പിന്മാറുകയായിരുന്നുവെന്നും കൗസല്യ പറയുന്നു. നിരുത്തരവാദപരമായി പെരുമാറിയ അധ്യാപകനും ദലിത് സമൂഹത്തിൽനിന്നുള്ളയാളാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, അത് കുറ്റകൃത്യത്തിന്റെ കാഠിന്യത്തിന് കുറവുവരുത്തുന്നില്ല. സത്യപ്രതിജ്ഞ ചെയ്യുംമുമ്പേ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ, പട്ടികജാതി-വർഗ സമൂഹങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ജോസഫ് വിജയ് വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരം ജാതിദുഷ്കൃത്യങ്ങൾക്ക് തടയിടാൻകൂടി ശക്തമായ പദ്ധതി തയാറാക്കേണ്ടിയിരിക്കുന്നു.

മുംബൈ ഐ.ഐ.ടിയിൽ സാഹിൽ വാഖോഡെ എന്ന ദലിത് വിദ്യാർഥി ജാതി അതിക്രമങ്ങളിൽ പൊറുതിമുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടയിലാണ് അഖിലന്റെ മരണവാർത്തയെത്തുന്നത്. ഐ.ഐ.ടിയും ഐ.ഐ.എമ്മും പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും സ്കൂളുകളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോവുകയോ മാത്രമേ മാർഗമുള്ളൂ എന്നും ഇത്തരം ഓരോ മരണവും അടിവരയിടുന്നു.

ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും സംവരണവും മറ്റുള്ളവരുടെ ഔദാര്യമാണെന്ന മട്ടിലൊരു ജാതിബോധം രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെമ്പാടും ചൂഴ്ന്നുനിൽക്കുന്നുണ്ട്. വംശീയ-വർഗീയ രാഷ്ട്രീയക്കാരും സ്ഥാപന അധികൃതരും അധ്യാപകരുമെല്ലാം കൊളുത്തിവിടുന്ന ഈ ദൂഷിതചിന്ത സ്കൂൾ വിദ്യാർഥികളിലേക്കുപോലും പടരുന്നു. ജാതി അധിക്ഷേപത്തിനും അക്രമങ്ങൾക്കുമപ്പുറം ദലിത്-പിന്നാക്ക വിദ്യാർഥികളെ അക്കാദമിക് ഇടങ്ങളിൽ ഊരുവിലക്കുന്നതിനും വംശീയവാദികൾക്ക് മടിയില്ലാതായിരിക്കുന്നു. ജാതിരഹിതമെന്ന് വീമ്പുപറയാറുള്ള നവോത്ഥാന കേരളവും ഇക്കാര്യത്തിൽ ഒട്ടും മെച്ചമല്ല. എം.ജി സർവകലാശാലയിൽ ഡോ. ദീപ പി. മോഹനനും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ അനഘ ശശിയുമെല്ലാം നേരിട്ടത് അത്തരം ഊരുവിലക്കും അയിത്തവുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dalit Student Death Shocks Tamil Nadu
Next Story