നടുത്തളത്തിലെ സൈനിക വിന്യാസം
text_fields1929 ഏപ്രിൽ ഒമ്പത്. സ്വതന്ത്രപൂർവ ഇന്ത്യയിലെ അധോസഭയായ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് സ്പീക്കർ വിത്തൽ ഭായ് പട്ടേൽ കടന്നുവരുന്നു. സഭക്കുള്ളിൽ ഏതാനും പൊലീസുകാരെ കണ്ട അദ്ദേഹം ആഭ്യന്തരമന്ത്രിയോട് കാര്യമന്വേഷിച്ചു. തലേന്നാൾ ഭഗത് സിങ്ങും ബി.കെ. ദത്തും അസംബ്ലിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അംഗങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് മന്ത്രി വിശദീകരിച്ചു. വ്യാപാര തർക്ക നിയമം അവതരിപ്പിക്കാൻ സ്പീക്കർ റൂളിങ് പുറപ്പെടുവിച്ചപ്പോഴായിരുന്നു ഭഗത് സിങ്ങും കൂട്ടാളികളും സഭയിലേക്ക് വീര്യം കുറഞ്ഞ ബോംബെറിഞ്ഞത്. പൊതുസുരക്ഷാ ബിൽ ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരായ പ്രതിഷേധം കൂടിയായിരുന്നു അത്.
ഇൻഖിലാബ് വിളികളുടെ അകമ്പടിയോടെ സഭയിൽ അവർ ലഘുലേഖകൾ വാരിവിതറുകയും ചെയ്തു. ആരെയെങ്കിലും അപകടപ്പെടുത്തുക എന്നത് അവർ ഉദ്ദേശിച്ചിരുന്നില്ല; മറിച്ച്, തൊഴിലാളി വിരുദ്ധമായൊരു നിയമനിർമാണത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം തങ്ങളുടെ ആശയ പ്രചാരണത്തിന്റെ വേദികൂടിയാക്കുന്ന ഒരു സമരമുറയായിരുന്നു അത്. അതുകൊണ്ടുതന്നെ, ബോംബെറിഞ്ഞശേഷം ഇരുവരും അറസ്റ്റിന് വഴങ്ങി. സംഭവത്തിൽ ഏതാനും പേർക്ക് നിസ്സാര പരിക്ക് പറ്റിയിരുന്നു. അതുകൊണ്ടായിരിക്കാം, ആഭ്യന്തരമന്ത്രി അരഡസൻ പൊലീസുകാരെ അവിടെ വിന്യസിക്കാൻ തീരുമാനിച്ചത്. എന്നാൽ, സഭാനാഥനായ വിത്തൽ ഭായ് പൊലീസുകാരോട് പിന്മാറാനാണ് നിർദേശിച്ചത്. നിയമനിർമാണ സഭയിൽ ഏതെങ്കിലും സായുധസേനയുടെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിത നിലപാട്. അപ്പോഴും, അംഗങ്ങളുടെ സുരക്ഷക്കായി എന്തു ചെയ്യാനാകുമെന്നാരായാൻ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തി. പ്രസ്തുത കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 1931ൽ ‘വാച്ച് ആൻഡ് വാർഡ്’ എന്ന സംവിധാനം ഏർപ്പെടുത്തിയത്. ലോക്സഭാ സ്പീക്കറുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ സംവിധാനമാണിത്. സ്വാതന്ത്ര്യാനന്തരവും ഇതേ സംവിധാനത്തിലാണ് രാജ്യം മുന്നോട്ടുപോയത്. 2009ൽ, പാർലമെന്റ് സെക്യൂരിറ്റി സർവിസ് (പി.എസ്.എസ്) എന്ന് പേര് മാറ്റിയതല്ലാതെ സുരക്ഷാ സംവിധാനത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല. പാർലമെന്റിന് പുറത്ത് അർധ സൈനിക വിഭാഗങ്ങളിലെ ഏതാനും ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ടെങ്കിലും ഇരുസഭകളുടെയും സുരക്ഷാ ചുമതല വിത്തൽ ഭായ് സങ്കൽപിച്ച മാതൃകയിൽ തന്നെയായിരുന്നു. എന്നാൽ, ആ മാതൃക പാടെ തൂത്തെറിയാനുള്ള പുറപ്പാടിലാണ് മോദി സർക്കാർ. അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾക്കും അതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങൾക്കുമാണ് കഴിഞ്ഞ ദിവസം രാജ്യസഭ സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞദിവസം, ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ പ്രതിഷേധിക്കാനായി രാജ്യസഭയുടെ നടുത്തളത്തിലെത്തിയ പ്രതിപക്ഷ എം.പിമാരെ നേരിടാൻ ഡെപ്യൂട്ടി ചെയർമാൻ ഇറക്കിയത് സി.ഐ.എസ്.എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) എന്ന അർധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരെയായിരുന്നു. സാധാരണ പാർലമെന്റിന്റെ നടുത്തളത്തിൽ പ്രതിഷേധമുണ്ടാകുമ്പോൾ തടയാൻ പി.എസ്.എസിന്റെ ഭാഗമായ മാർഷലുകളെയാണ് സജ്ജമാക്കാറുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരർധ സൈനിക വിഭാഗം നടുത്തളത്തിൽ ക്രമസമാധാനപാലനത്തിനായി ഇറങ്ങിത്തിരിച്ചത്. കേന്ദ്ര സർക്കാറിന്റെ അറിവോടെയും അംഗീകാരത്തോടെയുമായിരുന്നു ഈ നീക്കമെന്നതാണ് ശ്രദ്ധേയം. 2023 മേയ് 28ന് ഹിന്ദുത്വയുടെ ചെങ്കോൽ പ്രതിഷ്ഠിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റിലെ നടപടിക്രമങ്ങളും വ്യത്യസ്തമായിരുന്നുവല്ലോ. അതിന്റെ തുടർച്ചയിലാണ് സൈനിക വിന്യാസവും. 2023 ഡിസംബറിൽ പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ, സന്ദർശക ഗാലറിയിൽനിന്ന് രണ്ടുപേർ ലോക്സഭയിലേക്ക് ചാടിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തെതുടർന്നാണ് സി.ഐ.എസ്.എഫ് വിന്യാസമെന്നാണ് കേന്ദ്രസർക്കാർ ന്യായം. ആ സംഭവമൊരു സുരക്ഷാവീഴ്ചയായിരുന്നുവെന്ന് ആർക്കാണറിയാത്തത്? മൈസൂരുവിൽനിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസിലാണ് അക്രമികൾ സന്ദർശക ഗാലറിയിലെത്തിയത്.
സംഭവം നടക്കുമ്പോൾ പാർലമെന്റിന് പുറത്തും ഏതാനും പേർ പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തിയിരുന്നു. അടിമുടി ദുരൂഹതയുള്ള ആ സംഭവത്തെ മറയാക്കി കേന്ദ്രം നടുത്തളത്തിൽ സൈന്യത്തെ വിന്യസിക്കുകയായിരുന്നുവെന്ന് കരുതാനാണ് ന്യായം. ഈ വിന്യാസം തന്നെയും ഘട്ടംഘട്ടമായിട്ടായിരുന്നു. 2024 ഏപ്രിലിൽ, പാർലമെന്റ് കോംപ്ലക്സിൽ പി.എസ്.എസിനൊപ്പം പ്രവർത്തിച്ചിരുന്ന ഡൽഹി പൊലീസിലെ 150 ഉദ്യോഗസ്ഥർക്ക് പകരമായിട്ടാണ് സി.ഐ.എസ്.എഫുകാർ എത്തിയത്; ഒരുമാസം കഴിഞ്ഞപ്പോൾ ചില ചുമതലകൾ സി.ഐ.എസ്.എഫിന് കൈമാറുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നു. ശ്വാനസേനയുടെ ചുമതലയും ഫ്ലാപ് ഗേറ്റുകളിലെ സുരക്ഷാ പരിശോധനയുമെല്ലാമായിരുന്നു അത്. അറിയിപ്പിന് പിന്നാലെ, പാർലമെന്റിന്റെ സമ്പൂർണ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിന് കൈമാറുന്നതിനെക്കുറിച്ച് പഠിക്കാൻ ആഭ്യന്തരവകുപ്പ് ഏഴംഗ സമിതിയെ ചുതലപ്പെടുത്തിയുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. പ്രസ്തുത പാനലിന്റെ നിർദേശമനുസരിച്ചാവണം, സി.ഐ.എസ്.എഫ് ഇപ്പോൾ നടുത്തളത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാനെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽപോലും പാർലമെന്റിന്റെ സുരക്ഷാ ചുമതല തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർക്കായിരുന്നു. അതുകൊണ്ടുകൂടിയാണ് സ്പീക്കർ സഭാനാഥൻ എന്നറിയപ്പെടുന്നത്. സഭയുടെയും സഭാ നടപടികളുടെയും ജനാധിപത്യപരവും നീതിപൂർവവുമായ നടത്തിപ്പിനുവേണ്ടിയാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെത്തന്നെ സഭയുടെ അധ്യക്ഷപദവിയിലേക്ക് നിയോഗിക്കുന്നത്; അതുവഴി സഭയുടെ സ്വയംഭരണാവകാശവും ഉറപ്പാക്കപ്പെടുന്നു.
ജനപ്രതിനിധികൾ സഭയിൽ ഉയർത്തുന്ന പ്രതിഷേധങ്ങൾ പരിധിവിട്ടാൽ നിയന്ത്രിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതും ഇതേ സങ്കൽപത്തിന്റെ ഭാഗമായിട്ടാണ്. ഇപ്പോൾ, ആ സങ്കൽപത്തെതന്നെ പാടേ വെട്ടിമാറ്റിയിരിക്കുകയാണ് മോദി സർക്കാർ. നടുത്തളം സി.ഐ.എസ്.എഫ് കൈയടക്കിയതോടെ സഭാനാഥൻ സ്പീക്കർ അല്ലാതായി; പാർലമെന്റിന്റെ നിയന്ത്രണം ട്രഷറി ബെഞ്ചിന്റെ ഭാഗം മാത്രമായ ആഭ്യന്തരമന്ത്രിക്കായി. പാർലമെന്ററി നടപടികളുടെയും അതുവഴി ഭരണഘടനയുടെ അന്തഃസത്തയെയും ചോദ്യം ചെയ്യുന്നതാണ് ഈ നീക്കം. പ്രതിപക്ഷവും ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന് അയച്ച കത്തിൽ കേന്ദ്രത്തിന്റെ പുതിയ സമീപനത്തിലുള്ള ആശങ്കയും രോഷവും പ്രകടിപ്പിക്കുന്നുണ്ട്. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ധൻഖറിന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ രാജിയെതുടർന്ന് പ്രസ്തുത ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചെയർമാന് ഇക്കാര്യത്തിലൊന്നും കൃത്യമായ ഉത്തരമില്ല. വിഷയത്തിൽ മറുപടി പറയുന്നതാകട്ടെ, നിയമകാര്യ മന്ത്രി റിജിജുവും! അപ്പോൾ ആരാണ് പാർലമെന്റ് നിയന്ത്രിക്കുന്നതെന്ന് വ്യക്തം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.