Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറപ്പാക്കണം മുതിർന്ന പൗരരുടെ സുരക്ഷ

text_fields
bookmark_border
ഉറപ്പാക്കണം മുതിർന്ന പൗരരുടെ സുരക്ഷ
cancel
യുവതലമുറ ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും തേടി നാടിന് പുറത്തേക്ക് സ്വയം പറിച്ചുനടുന്ന പ്രവണത ശക്തിപ്പെട്ടിരിക്കെ പ്രായമായ മാതാപിതാക്കൾക്ക് ലഭിക്കേണ്ട സ്നേഹപൂർവമായ പരിചരണമോ പരിഗണന പോലുമോ ലഭിക്കാതെ പോവുകയാണ്

2026 ഒക്ടോബർ 26ന് ഇന്ത്യയിൽ ആദ്യമായി കേരള സംസ്ഥാന നിയമസഭ ‘കേരളം മുതിർന്ന പൗരരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബിൽ ഏകകണ്ഠമായി പാസാക്കിയതോടെ, വാർധക്യത്തിന്റെ സഹജമായ അവശതകളോടൊപ്പം സ്വന്തക്കാരിൽനിന്നും ബന്ധുക്കളിൽനിന്നും അവഗണനയും പീഡനങ്ങളും അവകാശ നിഷേധവും നേരിടുന്ന വയോധികർക്ക് ആശ്വസിക്കാനും സന്തോഷിക്കാനും വകയുള്ള നിയമനിർമാണത്തിന്റെ ആദ്യ കടമ്പ കടന്നിരിക്കുന്നു. ബിൽ നിയമമാവാൻ ലോക്ഭവന്റെയോ രാഷ്ട്രപതിഭവന്റെയോ നിസ്സഹകരണം ആശങ്കിക്കേണ്ടതില്ല. കാരണം മറ്റൊന്നുമല്ല; കേവലം മാനുഷികമായ കടപ്പാടിന്റെ സാക്ഷാത്കാരം തന്നെയാണല്ലോ പുതിയ നിയമനിർമാണത്തിന്റെ ലക്ഷ്യം. ബില്ലിലെ അവസാനത്തേതും എട്ടാമത്തേതുമായ അധ്യായം മുതിർന്ന പൗരരുടെ ക്ഷേമത്തിനായുള്ള സംസ്ഥാന കരുതൽ നിധിയാണ്. അതുപ്രകാരം മുതിർന്ന പൗരരുടെ സംരക്ഷണം, ക്ഷേമം, സാമൂഹിക സുരക്ഷ എന്നിവക്കായി ഔദ്യോഗിക ഗെസറ്റിൽ വിജ്ഞാപനം വഴി സംസ്ഥാന കരുതൽ നിധി സ്ഥാപിക്കേണ്ടതാണ്. സർക്കാർ ഗ്രാന്റ്, തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള തുക, സർക്കാർ സംഘടനകളിൽനിന്നോ സർക്കാറിതര അസോസിയേഷനുകളിൽ നിന്നോ ലഭിക്കുന്ന തുക തുടങ്ങിയ സ്രോതസ്സുകളിലൂടെ നിധിസമാഹരണം നിയമം ലക്ഷ്യമിടുന്നു. മുതിർന്ന പൗരരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ബന്ധുക്കൾ അവരെ ഉപേക്ഷിച്ചാൽ മൂന്നുവർഷം വരെ തടവും അരലക്ഷം രൂപവരെ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മാനവിക വികസന സൂചികയിൽ രാജ്യത്ത് മുന്നിലുള്ള കേരളം തന്നെയാണ് 75.1 വയസ്സെന്ന ശരാശരി ആയുർദൈർഘ്യത്തിലും ഒന്നാമത്. മൊത്തം മൂന്നരക്കോടി കേരളീയരിൽ 16.5-18.7 ശതമാനമാണ് അറുപത് കഴിഞ്ഞ മുതിർന്ന പൗരർ. സർക്കാർ ജീവനക്കാരാകട്ടെ 56 വയസ്സോടെ സർവിസിൽനിന്ന് പിരിയുകയും വേണം. ഇത് അറുപതുവരെ ഉയർത്തണമെന്ന ആവശ്യം ചിരകാലമായുണ്ടെങ്കിലും തൊഴിൽരഹിതരായ യുവജനങ്ങളുടെ എണ്ണം ഭീമമായതിനാൽ സർവിസ് പ്രായം ഉയർത്താൻ ഭരിച്ചവരാരും ധൈര്യപ്പെട്ടിട്ടില്ല. അതെന്തായാലും രണ്ടുവിധത്തിലുള്ള അവഗണന കേരളത്തിലെ വയോജനങ്ങൾ അനുഭവിക്കുന്നു. ഒന്ന്, ജീവിക്കാൻ ആവശ്യമായ പെൻഷനും സാമ്പത്തികശേഷിയും മികച്ച താമസസൗകര്യങ്ങളുമെല്ലാം ലഭ്യമായിരിക്കെത്തന്നെ നേരിടേണ്ടിവരുന്ന ഏകാന്തതയും ഒറ്റപ്പെടലും അവഗണനയും. യുവതലമുറ ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും തേടി സംസ്ഥാനത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കുമായി സ്വയം പറിച്ചുനടുന്ന പ്രവണത അഭൂതപൂർവമായി ശക്തിപ്പെട്ടിരിക്കെ പ്രായമായ മാതാപിതാക്കൾക്ക് ലഭിക്കേണ്ട സ്നേഹപൂർവമായ പരിചരണമോ പരിഗണനപോലുമോ ലഭിക്കാതെ പോവുകയാണ്. വാർത്താവിനിമയ രംഗത്തെ വിപ്ലവകരമായ പുരോഗതി ശാരീരിക സാന്നിധ്യത്തിന് പകരമാവുന്നില്ലെന്നതാണ് പ്രശ്നം. കുടുംബബന്ധങ്ങളിലെ ഊഷ്മളത നഷ്ടമായി മാതൃ-പിതൃ-പുത്ര ബന്ധങ്ങൾ കേവലം ഔപചാരികതയിലൊതുങ്ങുമ്പോൾ സ്റ്റാർ സൗകര്യങ്ങളോടെയുള്ള വൃദ്ധസദനങ്ങളായാൽപോലും അത് സംതൃപ്തിയോ സന്തുഷ്ടിയോ പ്രദാനം ചെയ്യുന്നില്ലെന്നുറപ്പ്. ഈ പ്രശ്നത്തിന്റെ പരിഹാരം പക്ഷേ, നിയമനിർമാണത്തിലൂടെ ഉറപ്പുവരുത്താനാവില്ല. നിയമസഭ പാസാക്കിയ ബില്ലിൽ ഒറ്റപ്പെടലിനുള്ള പരിഹാരപദ്ധതികൾ ഒരുവേള വിഭാവനം ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ അതിന് സാരമായ പരിമിതികൾ സ്വാഭാവികമാണ്. വിദ്യാഭ്യാസം, ആത്മീയവും ധാർമികവുമായ ബോധവത്കരണം, തലമുറകളുടെ കൂട്ടായ്മ, മാനവിക വികാരവിചാരങ്ങളിലൂന്നിയ പ്രചാരണം തുടങ്ങിയ മാർഗങ്ങളിലൂടെ വേണം പ്രതിവിധി കണ്ടെത്താൻ.

അതേസമയം ഇളംതലമുറയുടെ അപഥസഞ്ചാരവും ലഹരിയുടെ ഭീതിജനകമായ വ്യാപനവും കലാസാംസ്കാരിക രംഗങ്ങളിലെ ധാർമികത്തകർച്ചയും സർവോപരി പണത്തിനും സുഖഭോഗങ്ങൾക്കായുള്ള നെട്ടോട്ടവും നിയമപാലകരുടെ നിരുത്തരവാദിത്തവും നീതിന്യായ വ്യവസ്ഥയുടെ ദ്രുതവാട്ടവുമെല്ലാം ചേർന്ന ദൂഷിതവലയമാണ് മുതിർന്ന പൗരർ നേരിടുന്ന അരക്ഷിതാവസ്ഥക്ക് മുഖ്യകാരണം. വാർധക്യത്തിൽ മക്കൾ രക്ഷകരായുണ്ടാവുമെന്ന ശുഭചിന്തയിൽ വീടും സ്വത്തുക്കളുമെല്ലാം എഴുതിക്കൊടുക്കുന്ന മാതാപിതാക്കൾ ഒടുവിൽ നേരിടുന്ന കടുത്ത അവഗണനയും അരക്ഷിതത്വത്തിനും ഒരളവോളം പരിഹാരമാണ് നിയമസഭ പാസാക്കിയ മുതിർന്ന പൗരരുടെ സംരക്ഷണ ബിൽ; മക്കളും ബന്ധുക്കളും ഉപേക്ഷിക്കുന്ന വൃദ്ധമാതാപിതാക്കൾക്ക് കൈമാറിപ്പോയ സ്വത്ത് തിരിച്ചുപിടിക്കാനുള്ള അവകാശം നിയമം ഇതിനകം ഉറപ്പുവരുത്തിയിട്ടുണ്ട്. എങ്കിലും ഉത്തരവാദപ്പെട്ടവരുടെ അവഗണനയും പീഡനവും അവകാശ നിഷേധവും ശിക്ഷാർഹമാക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നതോടെ മുതിർന്ന പൗരർക്ക് പൊലീസിന്റെയും കോടതികളെയും ഇടപെടൽ രക്ഷാമാർഗം തന്നെയാണ്. നിയമം തങ്ങളുടെ അത്യാചാരങ്ങൾക്ക് തടസ്സമാണെന്ന് കണ്ടാൽ യുവതലമുറ വീണ്ടുവിചാരത്തിന് സന്നദ്ധരായെന്നും വരാം. പക്ഷേ, ഫലപ്രദമായ ബോധവത്കരണത്തിലൂടെ സാധിക്കേണ്ടതാണ് നിയമത്തിന്റെ ഫലപ്രാപ്തി. അഭൂതപൂർവമായി സമൂഹത്തെ സ്വാധീനിച്ചുകഴിഞ്ഞ നവമാധ്യമങ്ങൾക്ക് തദ്വിഷയകമായി സന്ദർഭത്തിനൊത്ത് ഉയരാൻ കഴിയേണ്ടതാണ്. സ്വാസ്ഥ്യവും സമാധാനവും സന്തുഷ്ടിയും സർവരുടെയും ലക്ഷ്യമാണല്ലോ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ensuring Dignity and Safety for Senior Citizens in Society
Next Story