നഷ്ടപ്പെടുത്തരുത് ജനാധിപത്യ രാഷ്ട്രമെന്ന മേൽവിലാസം
text_fieldsതെരഞ്ഞെടുപ്പുകൾ പൗരർക്കിടയിൽ ആത്മവിശ്വാസവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കേണ്ടതിനു പകരം, അവരിൽ വിശ്വാസനഷ്ടം വളർത്തുകയാണ് ചെയ്യുന്നതെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെത്തന്നെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂചികകളിൽ നമ്മുടെ രാജ്യം വീണുപോയിടത്തുനിന്ന് ഇനിയും കരകയറിയിട്ടില്ല എന്നു തെളിയിക്കുന്നു, സ്വാതന്ത്ര്യം സംബന്ധിച്ച അന്തർദേശീയ പഠനവേദിയായ ‘ഫ്രീഡം ഹൗസി’ന്റെ 2026ലെ റിപ്പോർട്ട്. ലോകത്തെ 195 രാജ്യങ്ങളിലും 13 ഇതര പ്രദേശങ്ങളിലും രാഷ്ട്രീയാവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഏതളവിൽ നിലനിൽക്കുന്നു എന്നു പരിശോധിക്കുന്ന ഫ്രീഡം ഹൗസ് രാഷ്ട്രങ്ങളെ സ്വതന്ത്രം, ഭാഗിക സ്വതന്ത്രം, അസ്വതന്ത്രം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഭാഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന 19 രാഷ്ട്രങ്ങൾ ഇപ്പോൾ അസ്വതന്ത്രങ്ങളായി മാറിയിട്ടുണ്ട്. ഈ വർഷത്തെ പുതിയ കണക്കനുസരിച്ച് 100ൽ 62 പോയന്റ് നേടിയ ഇന്ത്യ വീണ്ടും ഒരു പോയന്റ് പിറകിലേക്കു പോയി ഇപ്പോഴും ഭാഗികസ്വതന്ത്രമായിത്തന്നെ തുടരുകയാണ്. സ്വതന്ത്രവും നീതിനിഷ്ഠവുമായ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യമായിട്ടുകൂടി, ഭരണ നിർവഹണരംഗത്തെ കൗശലങ്ങളും സൂത്രങ്ങളും ജനാധിപത്യത്തിന്റെ ശോഷണത്തിനും അതുവഴി ഇന്ത്യയുടെ സ്വതന്ത്രരാഷ്ട്ര പദവി നഷ്ടത്തിനും ഇടയാക്കി. 2020 മുതൽ ഭാഗികസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കു പിന്തള്ളപ്പെട്ട നമ്മുടെ നാട് ഇപ്പോഴും അവിടെ തുടരുകയാണ് എന്നുതന്നെയല്ല, പ്രതിവർഷം പ്രതിച്ഛായ നഷ്ടം കൂടിവരുകയുമാണ്. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ പൗരർക്കിടയിൽ ആത്മവിശ്വാസവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കേണ്ടതിനു പകരം, അവരിൽ വിശ്വാസനഷ്ടം വളർത്തുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബിഹാറിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 203 നേടി ദേശീയ ജനാധിപത്യസഖ്യം നേടിയ അഭൂതപൂർവമായ വിജയം പ്രതിപക്ഷനേതാക്കളിൽ വോട്ടർപട്ടികയെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുമൊക്കെ സംശയങ്ങളും വാദവിവാദങ്ങളുമുയർത്തി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) മുസ്‍ലിംകളടക്കമുള്ള പിന്നാക്ക വിഭാഗം വോട്ടർമാരെ ബിഹാറിലും മറ്റു 12 സംസ്ഥാനങ്ങളിലും പുറന്തള്ളാനുള്ള ശ്രമമായി ആരോപിക്കപ്പെട്ടു. അതിനെ ശരിവെക്കുന്ന വിധത്തിൽ വോട്ടെടുപ്പു നാളിൽ വ്യാപകമായ രീതിയിൽ വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനാവാതെ തിരിച്ചുപോകേണ്ട അനുഭവങ്ങളുണ്ടായി. അതുപോലെ ബി.ജെ.പി കേന്ദ്രത്തിൽ ഭരണത്തിലേറിയതിൽ പിന്നെ രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനുള്ള ഇലക്ടറൽ ബോണ്ട് സംവിധാനം. 2024ൽ സുപ്രീംകോടതി ഇടപെട്ടതോടെ സംവിധാനം മാറിയെങ്കിലും ഏതൊക്കെ സ്ഥാപനങ്ങൾ ഏതൊക്കെ പാർട്ടിക്ക് എന്നതൊക്കെ തെരഞ്ഞെടുപ്പ് കമീഷനൊഴികെ പൊതുജനത്തിന് ഇപ്പോഴും അപ്രാപ്യംതന്നെ.
ഇന്ത്യയുടെ ബഹുസ്വര രാഷ്ട്രീയകക്ഷി സംവിധാനവും ദുർബലപ്പെടു(ത്തു)കയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണകൂടത്തിന്റെ അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സി.ബി.ഐ എന്നിവയെ ഉപയോഗിച്ച് അഴിമതിവിരുദ്ധ വേട്ടയുടെയും മറ്റും പേരിൽ കക്ഷിരാഷ്ട്രീയത്തിൽ ശത്രുനിഗ്രഹം നടത്തിവരുകയാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ എന്നതിന് കണക്കുകളും നിരത്തുന്നുണ്ട്. 2014 മുതൽ 24 വരെയുള്ള 10 വർഷത്തിനിടയിൽ ഇ.ഡി ചോദ്യംചെയ്ത 121 രാഷ്ട്രീയ നേതാക്കളിൽ 115 പേരും പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ളവരാണ്. അതിൽ ബി.ജെ.പിയിൽ ചേർന്ന 25ൽ 23 പേർക്കും എതിരായ അന്വേഷണങ്ങൾ നിർവീര്യമാക്കപ്പെട്ടു. ഇതിനും പുറമെയാണ് സ്ത്രീകൾക്കും വംശീയന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ഭരണ, രാഷ്ട്രീയരംഗങ്ങളിലെ പ്രത്യക്ഷവിവേചനങ്ങൾ. ലോക്സഭയിലെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും 14 ശതമാനത്തിൽതന്നെ കുറഞ്ഞ നിലയിൽ തുടരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു ശേഷം പാർലമെന്റിലെ മുസ്‍ലിം പ്രാതിനിധ്യം 24ൽ പരിമിതപ്പെട്ടിരിക്കുന്നു. കഴിഞ്ഞ സെൻസസിൽ രാജ്യ ജനസംഖ്യയിൽ 14.2 ശതമാനമുള്ള ഒരു സമുദായത്തിന്റെ പ്രാതിനിധ്യമാണ് ഇത് എന്നോർക്കണം. ഇങ്ങനെ ജനാധിപത്യ സ്ഥാപനങ്ങളും സംവിധാനങ്ങളും കരുതിക്കൂട്ടിയുള്ള മൂല്യശോഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
രാജ്യത്തെ മതസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും മൂല്യനിർധാരണത്തിന്റെ മാനദണ്ഡമായെടുക്കുന്ന ഫ്രീഡം ഹൗസ് രണ്ടിലും ഇന്ത്യ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ, ബിസിനസ് ലോബികളുടെ കൂട്ടുകെട്ടിൽ ആദ്യം ബലികഴിക്കപ്പെടുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്. ഏതു പ്രതിശബ്ദത്തെയും പ്രതിപക്ഷ പ്രവർത്തനങ്ങളെയും രാജ്യവിരുദ്ധതയുടെ ചാപ്പയടിച്ച് നിശ്ശബ്ദമാക്കുന്ന പ്രവണത രാജ്യത്ത് കൂടിവരുകയാണ്. പാർശ്വവത്കൃത സമൂഹങ്ങളിൽനിന്നുള്ള ഇത്തരം പ്രതിശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ‘ബുൾഡോസർ നീതി’ നടപ്പാക്കിയാണ്. ഇത് ഭരണഘടനാവിരുദ്ധമെന്ന് രണ്ടു വർഷം മുമ്പ് സുപ്രീംകോടതി വിധിച്ചിട്ടും കഴിഞ്ഞവർഷവും ഈ കാട്ടുനീതിക്ക് മുടക്കമൊന്നുമുണ്ടായില്ല. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണ ശേഷം മുസ്‍ലിംകൾക്കെതിരായ വിദ്വേഷവമന പ്രസംഗങ്ങളിൽ 97 ശതമാനം വർധനയുണ്ടായി. മണിപ്പൂരിലെ മെയ്തി-കുക്കി സംഘർഷത്തിൽ കുറവൊന്നുമുണ്ടായില്ല. ഇനി ഭരണതലത്തിലാണെങ്കിൽ മാരകനിയമനിർമാണങ്ങളിലൂടെ എതിർശബ്ദങ്ങൾ അടിച്ചമർത്താനുള്ള നീക്കത്തിനും കഴിഞ്ഞവർഷം ആക്കംകൂടി. വിചാരണത്തടവുകാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോഴും അവർക്ക് നീതി ലഭ്യമാക്കുന്നതിൽ സിസ്റ്റം ഇപ്പോഴും തകരാർ തുടരുകതന്നെയാണ്. വിചാരണകൂടാതെ തടവിൽ വെക്കാനുള്ള കാലാവധി മൂന്നു മാസമാക്കി ഉയർത്തിയത് ഭരണകൂടത്തിന്റെ പൗരാവകാശ സംരക്ഷണത്തിലുള്ള ഗൗരവബുദ്ധിയുടെ കുറവാണ് കാണിക്കുന്നത്.
ഇങ്ങനെ ഏതു കാര്യത്തിലും ലോകത്തെ വർധിച്ചുവരുന്ന ഏകാധിപത്യത്തിന്റെ നിഴൽ വ്യാപിപ്പിക്കുന്ന പ്രവർത്തനമാണ് പൗരാവകാശലംഘനങ്ങളിലൂടെയും ജനാധിപത്യധ്വംസനത്തിലൂടെയും സംഗതിവശാൽ ഇന്ത്യയിലും തുടരുന്നത്. ഒരു തിരുത്തിനു മുതിരുന്നില്ലെങ്കിൽ ജനാധിപത്യരാഷ്ട്രമെന്ന മേൽവിലാസംതന്നെ നഷ്ടപ്പെടുത്തുന്നതിലായിരിക്കും അത് കലാശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

