ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക്
text_fieldsകായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്. ജപ്പാനിലെ ഐച്ചി നഗോയയിൽ ഇരുപതാമത് ഏഷ്യൻ ഗെയിംസിന് സമാപനം കുറിച്ചപ്പോൾ പതിവുപോലെ ചൈന ആധിപത്യം നിലനിർത്തി. ജപ്പാനും ദക്ഷിണ കൊറിയയും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ നമ്മുടെ ഇന്ത്യ നാലാം സ്ഥാനം നിലനിർത്തി. എന്നാൽ, മെഡലുകളുടെ എണ്ണത്തിൽ അതിദയനീയമാംവിധം പിന്നാക്കം പോയി. സ്വർണം മാത്രം ഏഴെണ്ണം കുറഞ്ഞപ്പോൾ കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ആകെ മെഡൽക്കമ്മി 21 ആണ്. ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ അത്ലറ്റിക്സിൽ നമ്മുടെ താരങ്ങൾക്ക് തിളങ്ങാൻ കഴിയാതെ പോയതാണ് ഈ ഗെയിംസിലെ ഇന്ത്യൻ മെഡൽപട്ടിക ഇടിഞ്ഞുവീഴാൻ പ്രധാന കാരണമായത്.
ഇക്കുറി ഒരേയൊരു സ്വർണമെഡലാണ് ട്രാക്കിൽനിന്ന് നേടാനായത്. കഴിഞ്ഞ തവണ മികച്ച സ്വർണനേട്ടം സമ്മാനിച്ച ഷൂട്ടിങ്ങിൽ നമുക്ക് ഉന്നം തെറ്റിയെങ്കിലും, നീതു ദണ്ഡയുടെ ഇരട്ട സ്വർണത്തിനും മലയാളിയായ വിദർശ വിനോദിന്റെ ഇരട്ട വെള്ളിക്കും തിളക്കമേറെയാണ്. അമ്പെയ്ത്തിലും ബോക്സിങ്ങിലും ഗുസ്തിയിലും നമ്മുടെ താരങ്ങൾ കാഴ്ചവെച്ച മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് നാലാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചത്. ഐച്ചി നഗോയയിൽ നാം കൊടിയ തകർച്ച നേരിട്ടു എന്ന് പറയാനാവില്ല, പക്ഷേ കഠിനമായ തളർച്ച സംഭവിച്ചു എന്നത് നിഷേധിക്കാനുമാവില്ല.
കായികതാരങ്ങളല്ല, രാജ്യത്തിന്റെ കായികനയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങളെ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്. കായികവികസന കർമപദ്ധതി എന്ന പേരിൽ ഏതാനും ഇനങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുന്ന രീതിയാണ് നമുക്കുള്ളത്. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള പല താരങ്ങളെയും രണ്ടാംകിടക്കാരായാണ് നമ്മുടെ മേധാവികൾ കണ്ടിരുന്നതെന്ന് പറയാതിരിക്കാനാവില്ല. ഏഷ്യൻ ഗെയിംസിൽ ഇതാദ്യമായി പോൾവാൾട്ടിൽ ഇന്ത്യക്കായി മെഡൽ നേടിയ തമിഴ്നാട് സ്വദേശിനി ഭരണിക ഇളങ്കോവന്റെ കാര്യംതന്നെ ഉദാഹരണമായി എടുക്കാം. മത്സരത്തിന് ഉപയോഗിക്കാനുള്ള പോളുകൾ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ വിസമ്മതിച്ചതിനാൽ അന്തിമഘട്ട പരിശീലനത്തിന് വിനിയോഗിക്കേണ്ട സമയത്തിൽ ഭൂരിഭാഗവും അത് പരിഹരിക്കാനുള്ള ഓട്ടത്തിലായിരുന്നു അവർ. പരിശീലന ക്യാമ്പുകളിലും മത്സരങ്ങളിലും പങ്കെടുക്കാനായി യാത്ര ചെയ്യുമ്പോൾ നീളംകൂടിയ ഈ പോളുകൾ ട്രെയിനിൽ കൊണ്ടുപോകാൻ അനുവദിക്കാതെ പലതവണ ഇന്ത്യൻ റെയിൽവേ അധികൃതർ തങ്ങളെ ട്രെയിനിൽനിന്ന് ഇറക്കിവിട്ടിട്ടുള്ളതായി ഭരണികയുടെ കോച്ച് മിൽബർ റസ്സൽ തുറന്നുപറയുന്നു. അതായത്, എതിരാളികളെയല്ല, സ്വന്തം നാട്ടിലെ വ്യവസ്ഥകളുമായി മത്സരിച്ച് ക്ഷീണിച്ച മനസ്സും ശരീരവുമായാണ് പല താരങ്ങളും ഇന്ത്യൻ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്. താരങ്ങളുടെ പരിക്കുകളും ശാരീരികക്ഷമതയില്ലായ്മയും അത്ലറ്റിക്സിലടക്കം മെഡലുകൾ നഷ്ടപ്പെടാൻ വലിയൊരളവിൽ കാരണമായിട്ടുണ്ട്.
2030ൽ ദോഹയിൽ നടക്കുന്ന അടുത്ത ഏഷ്യൻ ഗെയിംസിനുവേണ്ടി പഴുതടച്ചുള്ള ദീർഘവീക്ഷണമാർന്ന ആസൂത്രണം ഇന്നുമുതൽ ആരംഭിക്കുകയാണ് ഇനി വേണ്ടത്. നാലുവർഷത്തെ കൃത്യമായ റോഡ് മാപ്പിന് രൂപം നൽകണം. അവസാനനിമിഷത്തെ ക്യാമ്പുകൾക്ക് പകരം തുടർച്ചയായ വിദേശ പരിശീലനങ്ങളും എക്സ്പോഷറും ഓരോ താരത്തിനും ഉറപ്പാക്കണം. ജാവലിൻ, പോൾ, ഷൂട്ടിങ് ഗൺ തുടങ്ങിയ കായിക ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും യാത്രകൾക്കും കായിക മന്ത്രാലയം പ്രത്യേക ‘ഗ്രീൻ ചാനൽ’ അല്ലെങ്കിൽ റെയിൽവേ, വ്യോമയാന മന്ത്രാലയങ്ങളുമായി ചേർന്ന് പ്രത്യേക പ്രോട്ടോകോൾ തയാറാക്കണം. ഒരു അത്ലറ്റിനുപോലും മൈതാനത്തിന് പുറത്ത് അനാവശ്യ സമ്മർദങ്ങൾ നേരിടേണ്ടിവരരുത്. പരിക്കുകൾ കുറക്കുന്നതിനും അതിജീവിക്കുന്നതിനുമായി ആധുനിക ഫിസിയോതെറപ്പിസ്റ്റുകളുടെയും സ്പോർട്സ് സൈക്കോളജിസ്റ്റുകളുടെയും പിന്തുണ എല്ലാ താരങ്ങൾക്കും ലഭ്യമാക്കണം.
പുതുസാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഓരോ താരത്തിന്റെയും ചലനവും വേഗതയും ബയോമെക്കാനിക്സും കൃത്യമായി വിലയിരുത്താൻ സ്പോർട്സ് സയൻസ് ലാബുകളും ഡേറ്റാ അനലിറ്റിക്സും സജ്ജമാക്കണം. നിറപ്പകിട്ടും വരുമാനസാധ്യതകളുമുള്ള ക്രിക്കറ്റ് പോലുള്ള ഇനങ്ങൾക്കും താരങ്ങൾക്കുമായി കോടികൾ ഒഴുക്കുകയും ഫണ്ടില്ലെന്ന പേരിൽ പല കായികയിനങ്ങളും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം മേലിൽ ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പാക്കണം. രാഷ്ട്രീയ നേതാക്കളെയും വ്യവസായ പ്രമുഖരെയും കുത്തിനിറച്ച സ്പോർട്സ് ഫെഡറേഷനുകളിൽ കായികതാരങ്ങളെയും സ്പോർട്സിനെ ശരിയാംവിധം സ്നേഹിക്കുന്ന കായികപ്രേമികളെയും ഉൾപ്പെടുത്താൻ തയാറാവുക എന്നത് പരമപ്രധാനമാണ്. കടന്നൽകൂട് ഒഴിപ്പിക്കുന്നതിനേക്കാൾ പ്രയാസമുള്ള പ്രക്രിയയാണിത്.
സ്കൂൾ, യൂനിവേഴ്സിറ്റി തലങ്ങളിൽനിന്ന് കഴിവുള്ള താരങ്ങളെ കണ്ടെത്താനും അവർക്ക് സ്കോളർഷിപ്പോടെ മികച്ച പരിശീലന സൗകര്യങ്ങൾ ഉറപ്പാക്കാനും സംവിധാനങ്ങൾ ആവിഷ്കരിക്കണം. മെഡൽ നേടിയാൽ മാത്രം പാരിതോഷികം നൽകുന്നതിനുപകരം, ദേശീയ ക്യാമ്പുകളിലെത്തുന്ന അത്ലറ്റുകൾക്ക് ഇൻഷുറൻസും തൊഴിൽസുരക്ഷിതത്വവും ലഭ്യമാക്കണം. ഓരോ മേള കഴിയുമ്പോഴും നഷ്ടക്കണക്ക് എണ്ണിപ്പറയേണ്ടിവരുന്ന അവസ്ഥ ഇനി നമുക്ക് വേണ്ട. ഇതുവരെ സംഭവിച്ച പിഴവുകളെല്ലാം ദോഹയിൽ നമുക്ക് തിരുത്തണം. അതിന് ഇച്ഛാശക്തിയോടെ രാജ്യം ഒന്നാകെ കളത്തിലിറങ്ങേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

