Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ഡല പുനർനിർണയം: സർക്കാർ ലാക്ക് ഇപ്പോഴും അവ്യക്തം

text_fields
bookmark_border
മണ്ഡല പുനർനിർണയം: സർക്കാർ ലാക്ക് ഇപ്പോഴും അവ്യക്തം
cancel

ലോക്സഭയുടെ മണ്ഡല പുനർനിർണയ വിഷയത്തിൽ വിവാദങ്ങൾ തുടരുകയാണ്. ഏറ്റവും അവസാനം ഈ മാസം 16നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ഒരു സർവകക്ഷി സമ്മേളനം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടു. എന്നാൽ, കഴിഞ്ഞ 19നു പാർലമെൻററികാര്യ മന്ത്രി കിരൺ റിജിജു അയച്ച മറുപടി കഴിഞ്ഞ മാർച്ചിലും ഏപ്രിലിലും കോൺഗ്രസിന്റെ സഹകരണം തേടി സർക്കാർ കത്തുകളയക്കുകയും ചർച്ചകളിലൂടെ അതാവർത്തിക്കുകയും ചെയ്തിരുന്നു എന്നാണ്. കൂടാതെ പല പ്രതിപക്ഷ കക്ഷികളുമായും വിഷയത്തിൽ ചർച്ചകൾ നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, പ്രതിപക്ഷം ആവശ്യപ്പെടുന്നത് സർവകക്ഷിയോഗമാണ്. ഇതു സംബന്ധമായ സർക്കാർ നിർദേശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ പ്രതിപക്ഷ കക്ഷികളോട് ബില്ലിന്റെ ഉള്ളടക്കം വ്യക്തമാക്കിയിട്ടില്ല. ബിൽ പാസാക്കാൻ വേണ്ട മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് പ്രതിപക്ഷ സഹകരണം അനിവാര്യവുമാണ്.

ഭരണഘടനയനുസരിച്ച് ഓരോ സെൻസസിനു ശേഷവും ലോക്‌സഭ-നിയമസഭ മണ്ഡലങ്ങൾ പുനർനിർണയിക്കേണ്ടതാണ്. പക്ഷേ, 1971ലെ പുനർനിർണയ ശേഷം 2000 വരെയും പിന്നീട് 2026 വരെയും ഇത് മരവിപ്പിച്ചിരിക്കുകയായിരുന്നു. ജനസംഖ്യ നിയന്ത്രണത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നതായിരുന്നു കാരണം. എന്നാൽ, ഇതിനകം ജനസംഖ്യാനുപാതികമായി പല സംസ്ഥാനങ്ങൾക്കുമുണ്ടായ സീറ്റുകളുടെ കുറവ് പുതിയ നിർദേശങ്ങൾ പരിഗണിക്കുന്നതിലെത്തിച്ചു. അതനുസരിച്ച് ലോക്സഭയുടെ അംഗബലം 850 ആവണം. ഇത് 2026ലെ ജനസംഖ്യ അനുമാനമനുസരിച്ച് ആനുപാതികമായി വീതിച്ചാൽ ഉത്തർപ്രദേശിന്‌ ഇപ്പോഴുള്ള 80നു പകരം 143ഉം രാജസ്ഥാന്റെ 20 അമ്പതും മധ്യപ്രദേശിന്റെ 29 അമ്പതും ആകുമ്പോൾ കേരളം, കർണാടകം, പഞ്ചാബ് എന്നിവയുടേത് 20, 28, 13 എന്നത് യഥാക്രമം 20, 41, 18 എന്നാവും. അഥവാ ജനസംഖ്യാനിയന്ത്രണം ഫലപ്രദമായതിനാൽ ഈ സംസ്ഥാനങ്ങളുടെ പാർലമെന്റ് പ്രാതിനിധ്യം ഗണ്യമായി കുറയും.

ലോക്സഭയുടെ അംഗസംഖ്യ നിലവിലെ 543ൽ നിലനിർത്തിയാൽ പോലും പുതിയ സെൻസസനുസരിച്ച് തത്തുല്യമോ അതിലും പ്രതികൂലമോ ആയി അവരുടെ സീറ്റ് കുറയും. ഉദാഹരണമായി കേരളത്തിന്റെ 20 എന്നത് പന്ത്രണ്ടും ആന്ധ്ര/തെലങ്കാനയുടേത് 42ൽനിന്ന് 34ഉം ആവും. അതുകൊണ്ടുതന്നെ മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ജനസംഖ്യയിൽ കുറവുവന്ന മറ്റു സംസ്ഥാനങ്ങളും അംഗീകരിക്കാൻ തയാറല്ല.

സർക്കാർ ഔപചാരികമായി നിർദേശമൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും എല്ലാ സംസ്ഥാനങ്ങളുടെയും നിലവിലെ സീറ്റുകൾ 50 ശതമാനം കണ്ടു വർധിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. അതായത് കേരളത്തിന്റെ ഇരുപത് മുപ്പതാവും, യു.പിയുടെ 80നു പകരം 120ഉം. പ്രതിപക്ഷം ഇതിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് പ്രശ്നത്തിനു പരിഹാരമാവുമോ എന്ന് അവർക്കു ഉറപ്പുമില്ല. മാത്രമല്ല മണ്ഡല പുനർനിർണയത്തിന്റെ വിധവും അവ്യക്തമാണ്. എന്നാൽ, ആനുപാതിക വർധന അംഗീകരിക്കാമെന്നാണ് ഡി.എം.കെ സൂചിപ്പിക്കുന്നത്. ഏതു രീതിയിലുള്ള നിയമനിർമാണമാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാൻ അവർ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനൊപ്പം സ്ത്രീ സംവരണ ബില്ലും കൂടി ചേർത്തത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി.

സ്ത്രീകൾ സംവരണത്തിലൂടെ അംഗമായി വരുമ്പോൾ തന്നെ ലോക്സഭയുടെ സീറ്റു വർധിപ്പിക്കുകകൂടി ചെയ്‌താൽ നിലവിലുള്ള പുരുഷ അംഗങ്ങളുടെ സംഖ്യ കുറയില്ല എന്നുറപ്പുവരുത്താം എന്നാണ് അതിൽ ഗവൺമെന്റ് കണ്ട ഉപായം. ആനുപാതികമായി അംഗസംഖ്യ വർധിപ്പിച്ചാലും കക്ഷികളുടെ അംഗബലം വർധിക്കുമല്ലോ. അത് സഭാചർച്ചകളിലും വോട്ടിങ്ങിലും പ്രതിഫലിക്കും.

എണ്ണം വർധിച്ചാൽ 850 അംഗങ്ങൾക്ക് സഭയിൽ സംസാരിക്കാനുള്ള സമയലഭ്യതയും പ്രശ്നമാവും. ഇപ്പോൾതന്നെ ആവശ്യത്തിന് സമയം അംഗങ്ങൾക്ക് കിട്ടാറില്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങളും മതിയാവാതെ വരും. മുന്നിൽക്കണ്ട അംഗസംഖ്യ വർധനക്കനുസരിച്ച് 880 പേരെ ഇരുത്താൻ പുതിയ പാർലമെന്റ് കെട്ടിടത്തിൽ സ്ഥലം വകയിരുത്തിയിട്ടുണ്ടെന്നത് ശരി. പക്ഷേ, അതുമാത്രം പോരാ. നടപടിക്രമങ്ങൾ യഥാവിധി നടക്കാനും വേണം മതിയായ അവസരങ്ങൾ. സമ്മതിദായകർക്ക് സ്വന്തം എം.പിമാരെ കൂടുതൽ അടുത്തു ലഭിച്ചേക്കാം. പക്ഷേ, അതിലും ഭീമമായ അസന്തുലനം തുടരും. ലക്ഷദ്വീപിലെ 57,000 വോട്ടർമാർക്ക് സ്വന്തം എം.പിയെ കാണാൻ പറ്റുന്ന എളുപ്പത്തിൽ തെലങ്കാനയിലെ മത്കാജെഗിരിയിലെ 37.80 ലക്ഷം വോട്ടർമാർക്ക് പറ്റില്ല. പാർലമെന്റിന്റെ പ്രവർത്തനദൈർഘ്യം വർധിപ്പിച്ചു സമ്മേളനങ്ങൾക്കിടയിലെ ഇടവേളകൾ കുറക്കുകയും, നിയമനിർമാണ ചർച്ചകൾ കൂടുതൽ നടക്കുകയും വേണം.

17ാം ലോക് സഭയിലെ 35 ശതമാനം ബില്ലുകളും പാസാക്കാൻ ഒരു മണിക്കൂറിൽ താഴെയുള്ള ചർച്ചകളേ വേണ്ടിവന്നുള്ളൂ എന്നും ബജറ്റ് ചർച്ചകളിൽ 80 ശതമാനവും ബില്ലുകൾ മൊത്തമായി പാസാക്കുന്ന ഗില്ലറ്റിൻ രീതിയിലാണ് പാസായത് എന്നുമുള്ള കണക്കുകളും ഒട്ടും ശുഭകരമായ പാർലമെന്ററി പ്രവർത്തനത്തിന്റെ ലക്ഷണമല്ല. അതിനാൽ അംഗബലത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അനുപാതവും ഗുണപരമായ പ്രവർത്തനരീതികളും എല്ലാം ഒന്നിച്ച് പരിഗണിച്ചെങ്കിൽ മാത്രമേ പാർലമെന്റിനെ ജനാധിപത്യത്തിൽ ഫലപ്രദമാക്കാൻ പറ്റൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - editorial article about constituency redistricting
Next Story