കുറ്റമുണ്ട്, ഇരകളുണ്ട്, കുറ്റവാളികളില്ല; ശിക്ഷയില്ല
text_fieldsനീതി വൈകുന്നതുതന്നെ നീതിനിഷേധമാണ്. എന്നാൽ, നീതി വൈകിപ്പിച്ചശേഷം അത് പൂർണമായി നിഷേധിക്കുകയെന്ന ഇരട്ട അനീതിയാണ് മാലേഗാവ് ഭീകരാക്രമണത്തിന്റെ ഇരകളോട് നമ്മുടെ ഭരണനിർവഹണ-നീതിന്യായ സംവിധാനങ്ങൾ ചെയ്തത്. മഹാരാഷ്ട്രയിലെ മാലേഗാവിൽ 2008 സെപ്റ്റംബർ 29ന് മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസ്‍ലിംകൾ ധാരാളമുള്ള പ്രദേശത്ത് റമദാൻ മാസത്തിൽ, ചെറിയ പെരുന്നാളിന്റെ തലേന്നായിരുന്നു സംഭവം. നവരാത്രിയും അന്നായിരുന്നു. ഹിന്ദുത്വ സംഘടനക്കാരെ പ്രതിചേർത്തുള്ള ആദ്യത്തെ ഭീകരാക്രമണക്കേസായി ഇത് രേഖപ്പെട്ടു. ആരോപണവിധേയരായ ഏഴുപേരെയും വെറുതെവിട്ടുകൊണ്ടാണ് കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ എൻ.ഐ.എ പ്രത്യേക കോടതി അന്തിമവിധി പറഞ്ഞിരിക്കുന്നത്. ഗൂഢാലോചന സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എ.കെ. ലഹോത്തിയുടെ ഉത്തരവ്.
പ്രതികളെ സ്ഫോടനവുമായി ബന്ധിപ്പിക്കാവുന്ന തെളിവുകൾ ഹാജരാക്കിയില്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കോടതി നഷ്ടപരിഹാരം അനുവദിച്ചു. സ്ഫോടനമുണ്ടായെന്നും അതിൽ ആറുപേർ മരിച്ചെന്നും തെളിഞ്ഞു; എന്നാൽ അത് ചെയ്തതാര് എന്ന് തെളിഞ്ഞില്ല-കോടതിവിധിയുടെ ചുരുക്കം ഇതാണ്. കുറ്റവാളികളെ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതും കോടതിയിൽ കുറ്റം തെളിയിച്ച് അവരെ ശിക്ഷിക്കേണ്ടതും ഭരണകൂടമാണെന്നിരിക്കെ, ഇരകൾക്ക് കിട്ടേണ്ട നീതി നിഷേധിച്ച കുറ്റം ഭരണകൂടത്തിന്റേതുതന്നെ. ശരിയായ ദിശയിൽ നീങ്ങിക്കൊണ്ടിരുന്ന അന്വേഷണം ആസൂത്രിതമായി അട്ടിമറിച്ചാണ് കുറ്റവാളികളെ രക്ഷപ്പെടുത്തിയതെങ്കിൽ അത് രാജ്യത്തോട് ചെയ്ത നെറികേട് കൂടിയാണ്.
അത് തന്നെയാണ് നടന്നതെന്ന് കരുതാൻ നിർബന്ധിക്കുന്നതാണ് കേസിന്റെ നാൾവഴി. ബി.ജെ.പിയുടെ മുൻ എം.പി പ്രജ്ഞസിങ് ഠാകുർ, സേനാ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് തുടങ്ങി ഏഴുപേരാണ് പ്രതികൾ. കേസ് തോറ്റുകൊടുക്കുകയെന്ന തന്ത്രമാണ് എൻ.ഐ.എ അന്വേഷണസംഘം പ്രയോഗിച്ചത്. ഭീകരാക്രമണം നടന്ന് മൂന്നാഴ്ച കഴിഞ്ഞ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) അന്വേഷണമേറ്റെടുത്തു. 2009 ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചു. മഹാരാഷ്ട്ര സംഘതിത കുറ്റകൃത്യ നിയമം (മകോക), യു.എ.പി.എ വകുപ്പുകൾ ചുമത്തി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാൻ പിന്നീട് വെളിപ്പെടുത്തിയതനുസരിച്ച് ബി.ജെ.പി സർക്കാറുകൾ ഡൽഹിയിലും മഹാരാഷ്ട്രയിലും ഭരണമേറ്റെടുത്തശേഷം കേസിൽ വലിയ ഇടപെടലുകളുണ്ടായി. കേസ് എ.ടി.എസിൽനിന്ന് എൻ.ഐ.എ ഏറ്റെടുത്തത് അതിന് സഹായകവുമായി.
പ്രതികൾക്കെതിരെ മൃദുസമീപനം മതിയെന്ന് എൻ.ഐ.എ മുഖേന സർക്കാർ തന്നിൽ സമ്മർദം ചെലുത്തിയതായി രോഹിണി സല്യാൻ പറഞ്ഞു. ഏതായാലും കേസ് പതുക്കെപ്പതുക്കെ ദുർബലമായിക്കൊണ്ടിരുന്നു. ‘മകോക’ വകുപ്പുകൾ ഒഴിവാക്കി. ഇപ്പോൾ കോടതി പറയുന്നു, അന്വേഷണത്തിൽ വീഴ്ചകളുണ്ടായി, തെളിവ് ശേഖരിക്കുന്നതിലും മറ്റ് നടപടിക്രമങ്ങളിലും പാളിച്ചകളുണ്ടായി എന്ന്. സ്ഫോടകവസ്തു ബൈക്കിൽ സ്ഥാപിച്ചതിനോ ബൈക്ക് പ്രജ്ഞസിങ്ങിന്റേതാണ് എന്നതിനോ പുരോഹിത് സ്ഫോടകങ്ങൾ സംഘടിപ്പിക്കാൻ പണം പിരിച്ചതിനോ ഒന്നും തെളിവില്ലാതായി. പ്രജ്ഞസിങ്ങിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് അവരെ ഒഴിവാക്കാൻ 2016ൽ പ്രോസിക്യൂഷൻ ശ്രമിച്ചിരുന്നു-അന്നത് നടന്നില്ലെന്ന് മാത്രം. അതുവരെ സല്യാൻ ശേഖരിക്കുകയും കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്ന തെളിവുകൾ ശക്തമായിരുന്നു. സുപ്രീംകോടതി അവ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ കണ്ടത്, കേസന്വേഷണം എ.ടി.എസിൽനിന്ന് എൻ.ഐ.എയിലേക്ക് മാറ്റുന്നതാണ്. അവരാകട്ടെ ലഭിച്ച തെളിവുകൾ അവഗണിച്ച് പുനരന്വേഷണം നടത്താൻ തീരുമാനിക്കുകയാണ് ചെയ്തത്. ഭീകരാക്രമണം നടന്ന് പത്തുവർഷം കഴിഞ്ഞാണ് വിചാരണ തുടങ്ങിയത്. ഇരകളായ അന്യായക്കാർ ദൂരെയുള്ള മുംബൈയിലേക്ക് പലതവണ സഞ്ചരിക്കേണ്ടിവന്നു. പണവും അധ്വാനവും ധാരാളം ചെലവിട്ടു. എന്നാൽ, പ്രോസിക്യൂഷനിലെ പഴുതുകൾ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലായിരുന്നു. പ്രജ്ഞസിങ്ങിനെ കേസിൽനിന്ന് ഒഴിവാക്കാൻ വിസമ്മതിച്ച ജഡ്ജി തക്‍ലയെ സ്ഥലംമാറ്റിയതും ഒരു സൂചനയായി.
ഇത്ര ഗൗരവപ്പെട്ട കേസായിട്ടും ജഡ്ജിമാർ മാറിക്കൊണ്ടിരുന്നു. വിധി പറഞ്ഞത് അഞ്ചാമത്തെ ജഡ്ജിയാണ്. 323 സാക്ഷികളിൽ 39 പേർ മാപ്പുസാക്ഷികളായി. പ്രോസിക്യൂഷൻമുതൽ സാക്ഷികൾവരെ വലിയ സമ്മർദത്തിനിരയായി എന്ന് കരുതാൻ വേണ്ടത്ര ന്യായമുണ്ട്. ദരിദ്രരും നിസ്സഹായരുമായ ഇരകൾക്ക് കേസിന്റെ നീണ്ട കാലവിളംബം തന്നെ അധിക ശിക്ഷയാണ്. കേസിൽ വിധി വന്നിരിക്കെ അത് രാജ്യത്തിന്റെ മൊത്തം നീതിന്യായ സംവിധാനത്തെപ്പറ്റി അസുഖകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നീതിനിഷേധത്തിന്റെ മറ്റൊരു മുഖമാണ് മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ കുറച്ചുനാൾ മുമ്പ് വന്ന വിധി. അതിൽ നിരപരാധികളായ 12 പേർ 19 വർഷം ജയിലിൽ കിടന്നശേഷം വിട്ടയക്കപ്പെടുകയായിരുന്നു. മാലേഗാവ് കേസിൽ ലഭ്യമായ തെളിവുകൾ പുനരന്വേഷണത്തിലൂടെ നഷ്ടപ്പെടുത്തി, കുറ്റവാളികൾക്ക് മോചനം സാധ്യമാക്കുകയാണുണ്ടായത്. രണ്ടിലും കുറ്റവാളികളില്ല, കുറ്റമുണ്ട് എന്നതാണ് കണ്ടെത്തൽ. മുംബൈ വിധിയിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു; മാലേഗാവ് വിധിയിൽ അത്തരം ആലോചനകൾ ഉള്ളതായി അറിവില്ല. കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ വെറുതെ ജയിലിൽ കിടക്കുകയും ചെയ്യുന്ന വിചിത്രനീതി തിരുത്താനെന്തുണ്ട് വഴി?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.