Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും

text_fields
bookmark_border
ലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും
cancel
ലുല ക്യാമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാം; ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു വരുത്താം. ഇതിലെല്ലാം വെല്ലുവിളികൾ ഏറെയുണ്ട് സിൽവക്കു മുന്നിൽ

ബ്രസീലിൽ കഴിഞ്ഞ മാസം 25നു നടന്ന പ്രസിഡന്റ് പദത്തിലേക്കുള്ള രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ നേടിയ വിജയം ആഘോഷിക്കപ്പെടാൻ കാരണങ്ങൾ പലതാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ടിൽ പരാജയപ്പെട്ട സ്ഥാനാർഥി രണ്ടാം റൗണ്ടിൽ വിജയിക്കുന്നതുതന്നെ ബ്രസീൽ ചരിത്രത്തിൽ ഇതാദ്യമാണ്. ആദ്യറൗണ്ടിൽ ഡ സിൽവക്ക് 45.16 ശതമാനം വോട്ട് ലഭിച്ചപ്പോൾ 47.03 ശതമാനം വോട്ട് നേടി വിജയിച്ച എതിരാളിയും മുൻ പ്രസിഡന്റ് ജയിർ ബോൾസോനാറോവിന്റെ മകനുമായ ഫ്ലേവിയോ ബോൾസോനാറോവിന് വിജയിക്കാൻ ആവശ്യമായ 50 ശതമാനം വോട്ട് കിട്ടാത്തത് കൊണ്ടുമാത്രം രണ്ടാം റൗണ്ടിലേക്ക് കടന്നതാണ് തെരഞ്ഞെടുപ്പ്. ആദ്യറൗണ്ട് പരാജയത്തെ മറികടക്കാൻ ഡാ സിൽവയുടെ പിന്നിൽ ഇടതുപക്ഷ പ്രവർത്തകരും വിദ്യാർഥികളും തൊഴിലാളികളും അതിശക്തമായി അണിനിരന്നപ്പോൾ ലുലാക്കു 64.25 ദശലക്ഷം (51.7 ശതമാനം) വോട്ടുകളും ബോൾസോനാറോവിനു 59.82 ദശലക്ഷം (48.2 ശതമാനം) വോട്ടുകളും ലഭിച്ചു. തെരഞ്ഞെടുപ്പിലെ ആ തിരിച്ചുവരവിന് വലിയ അർഥതലങ്ങളുണ്ടെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രീയമായും ആധുനിക സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തിയും യുവജനങ്ങളുടെ നിറസാന്നിധ്യത്തിൽ നടത്തിയ ചിട്ടയായ പ്രചാരണങ്ങളാണ് ഫലം കണ്ടതെന്നാണ് പൊതുവായ നിഗമനം.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ആഗോള തലത്തിൽ തീവ്ര വലതുപക്ഷത്തിന്റെ, വിശിഷ്യാ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ കണ്ണിലെ കരടുമായ ഒരാളാണ് 81 കാരനായ ഡാ സിൽവ. തോറ്റ എതിരാളി ഫ്ലേവിയോ ബോൾസോനാറോയെ ബ്രസീലിയൻ കോടതിയുടെ വിലക്കുകൾ നിലനിൽക്കെ രായ്ക്കുരാമാനം അമേരിക്കയിലെത്തിച്ച് അഭയം നൽകാൻ പുലർത്തിയ തിടുക്കവും അതിന്റെ ഭാഗമാണ്. തെക്കേ അമേരിക്കയിലെ അർജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, എക്വഡോർ, പെറു എന്നീ രാജ്യങ്ങളിലും യൂറോപ്പിൽ ജർമനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ പ്രധാന രാജ്യങ്ങളിലും വലതുപക്ഷ കക്ഷികൾ സമീപകാലത്തെ തെരഞ്ഞെടുപ്പുകൾ ജയിച്ച പശ്ചാത്തലത്തിൽ വേണം ഡാ സിൽവയുടെ വിജയത്തെ വിലയിരുത്താൻ.

അമേരിക്കൻ സാമ്രാജ്യത്വ ദുരയോട് പൂർണവിരോധമുള്ളവരാണ് ഡാ സിൽവയുടെ വർക്കേഴ്സ് പാർട്ടി. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ തന്നെ ബ്രസീൽ ആരുടെയും പിൻമുറ്റമല്ല എന്ന് വ്യംഗ്യമായി ട്രംപിനെ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെക്കേ അമേരിക്കയിലെ തന്നെ വെനിസ്വേലയിൽ നികോളസ് മദുറോയെ നാടകീയമായി പൊക്കിയെടുത്ത് അമേരിക്കയിൽ തടവിലാക്കി, അവിടത്തെ ബൃഹത്തായ എണ്ണശേഖരം ഇനി ഞങ്ങളാവും കൈകാര്യം ചെയ്യുക എന്ന് വീമ്പുപറയുകയും ചെയ്തതാണല്ലോ ട്രംപ്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും ജനസംഖ്യയുമുള്ള (22 കോടി) ബ്രസീലിനെ അത്രയെളുപ്പത്തിൽ വരുതിയിലാക്കാമെന്ന മോഹമൊന്നും ട്രംപിന് കാണില്ലെങ്കിലും മൂന്നാം ലോകത്തിന്റെയും ആഗോള ദക്ഷിണധ്രുവത്തിന്റെയും രാഷ്ട്ര കൂട്ടായ്മകളിൽ, വിശിഷ്യാ റഷ്യക്കും ചൈനക്കും നിർണായക റോളുള്ള ബ്രിക്സ് പോലുള്ള യു.എസ് ഇതര രാഷ്ട്ര മുന്നണികളിൽ ബ്രസീലിനെ മുന്നിൽ കാണാമെന്നതാവും ട്രംപിനെ ഏറെ ചൊടിപ്പിക്കുക.

ഡ സിൽവയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നതും ഒപ്പം വെല്ലുവിളികൾ പ്രതീക്ഷിക്കുന്നതും ആഗോള പരിസ്ഥിതി പ്രസ്ഥാനങ്ങളാവും. പരിസ്ഥിതിക്ക് പുല്ലുവില കൽപിക്കുകയും ആഗോളതാപനം വെറും വ്യാജ യുക്തിയാണെന്ന് വാദിക്കുകയും ചെയ്യുന്ന ട്രംപിനെപ്പോലുള്ളവർക്ക് എതിരാവും ബ്രസീലിന്റെ മുഖ്യമുഖം. ലോകത്തെ വനപ്രദേശങ്ങളുടെ അഞ്ചിലൊന്നും അവശേഷിക്കുന്ന ഉഷ്ണമേഖലാ മഴക്കാടുകളുടെ പകുതിയോളം ബ്രസീലിലാണ്. ഭൂമിയുടെ ശ്വാസകോശം എന്നു വിളിക്കപ്പെടുന്ന ആമസോൺ കാടുകളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നതും ബ്രസീലിലാണ്. വനനശീകരണം തടയുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ എത്ര വലിയ പങ്കാണ് ബ്രസീലിനു വഹിക്കേണ്ടിവരിക എന്നതിന്റെ സൂചനയാണിത്.

ലുലാ ക്യാമ്പ് പ്രഖ്യാപിച്ച വനനശീകരണ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാമത്രെ. അതോടൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു വരുത്താം. ഇതിലെല്ലാം വെല്ലുവിളികൾ ഏറെയുണ്ട് സിൽവക്കു മുന്നിൽ. ആമസോൺ മേഖലയിലെ ഒമ്പതു സംസ്ഥാനങ്ങളിൽ ഏഴിലും ഗവർണർമാരായും മുനിസിപ്പൽ മേയർമാരായും തെരഞ്ഞെടുക്കപ്പെട്ടത് ബോൾസോനാറോയുടെ ലിബറൽ പാർട്ടി നോമിനികളാണ്. ഇതിനു പുറമെ ബ്രസീൽ പാർലമെന്റായ നാഷനൽ കോൺഗ്രസിൽ ഇപ്പോൾ മേധാവിത്വം കാർഷിക-വ്യാപാര പ്രമാണികൾക്കും ഖനന താൽപര്യക്കാർക്കുമാണ്. രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നതിലും അവർക്ക് ഏറെ സ്വാധീനമുണ്ട്. കൂടുതൽ ഖനനപ്രവർത്തനങ്ങളും വ്യവസായങ്ങളും വികസിപ്പിക്കുന്നതിനിടയിൽ അവർക്ക് പ്രകൃതിയോട് ഒട്ടും പ്രതിബദ്ധതയുണ്ടാവില്ല. പുഴകൾ സ്വകാര്യവത്കരിക്കാനും പരിസ്ഥിതി സംരക്ഷണം ദുർബലപ്പെടുത്താനുമാണ് അവർക്കു താൽപര്യം. തങ്ങളുടെ ലക്ഷ്യങ്ങൾക്ക് വിലങ്ങുതടിയാവുന്ന പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പോലും തുനിഞ്ഞേക്കാമെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രസീലിൽ ലഭ്യമായ ധാതുവസ്തുക്കൾക്കുമേൽ ചൈനക്ക് ആധിപത്യം നൽകാതെ അമേരിക്കയിലേക്ക് തിരിച്ചുവിടണമെന്ന് ട്രംപ് സമ്മർദം ചെലുത്താനും ഇടയുണ്ട്. ആമസോണിന്റെ കാര്യത്തിൽത്തന്നെ ബ്രസീൽ, താപനം തടയുന്ന നടപടികൾ സ്വീകരിച്ചാലും ആഗോള താപനത്തിന്റെ ഉപഫലങ്ങൾ വനപ്രദേശങ്ങൾക്ക് ഭീഷണി ഉയർത്തിയേക്കാം. ഇങ്ങനെ നോക്കിയാൽ അവസരങ്ങളോടൊപ്പം വെല്ലുവിളികളും നിറഞ്ഞതാവും ഡ സിൽവയുടെ ഇനിയുള്ള നാലു വർഷം. അതിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാട്ടിയ മികവോടു കൂടി ആസൂത്രണവും പ്രവർത്തനവും കൊണ്ട് നേരിടാൻ എത്രമാത്രം സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു ബ്രസീലിന്റെയും ഒപ്പം ദക്ഷിണ അമേരിക്കൻ വൻകരയുടെ തന്നെയും സാമ്പത്തിക, പാരിസ്ഥിതിക രാഷ്ട്രീയഭാവി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hopes and Challenges: Inside Lula's Environmental Policies and Climate Goals
Next Story