ഹസീനയുടെ ഭാവിയും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളും
text_fields2026 ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നശേഷം താരതമ്യേന ശാന്തമായിരുന്ന ബംഗ്ലാദേശ് വീണ്ടും അസ്വസ്ഥതയിലേക്ക് നീങ്ങുന്നുവെന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2024 ജൂലൈയിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ട അന്നത്തെ പ്രധാനമന്ത്രി ഹസീന വാജിദ് രാജ്യത്തെ രക്തരൂഷിതമാക്കി, ക്രസമാധാനം പാടേ തകരാൻ അനുവദിച്ചത് മറക്കാൻ നേരമായിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം 1400 പേരെങ്കിലും അന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ഭരണകക്ഷിയായ അവാമി ലീഗും പൊലീസും പട്ടാളവും ചേർന്ന് നടത്തിയ നരനായാട്ട് കലാശിച്ചത് പ്രധാനമന്ത്രി ഹസീനയുടെ ഒളിച്ചോട്ടത്തിലായിരുന്നല്ലോ. മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം ആഗസ്റ്റ് ആദ്യത്തിൽ ഇന്ത്യയിൽ അഭയം തേടിയ ഹസീന 2026 ഡിസംബറിൽ സ്വരാജ്യത്തേക്ക് മടങ്ങാൻ നീക്കങ്ങളാരംഭിച്ചതാണ് വീണ്ടും ബംഗ്ലാദേശിനെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. പ്രതിയോഗികളെ നശിപ്പിക്കാൻ താൻ തന്നെ സ്ഥാപിച്ച ഇന്റർനാഷനൽ ട്രൈബ്യൂണലാണ് അവരുടെ അസാന്നിധ്യത്തിൽ യുദ്ധക്കുറ്റങ്ങൾക്ക് വധശിക്ഷ വിധിച്ചത് എന്നത് വിധിയുടെ പ്രതികാരം എന്നേ പറയാനാവൂ. കാരണം 1971ൽ പാകിസ്താൻ പട്ടാളത്തിന്റെ രക്തപങ്കിലമായ ഓപറേഷനുമായി സഹകരിച്ചു എന്ന കുറ്റംചുമത്തി അരനൂറ്റാണ്ടിനുശേഷം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി നേതാക്കളെ വധശിക്ഷക്ക് വിധിക്കാൻ അവർ തന്നെ തട്ടിക്കൂട്ടിയതായിരുന്നു ഇന്റർനാഷനൽ ട്രൈബ്യൂണൽ. ഇന്ത്യ, ഔപചാരികമായി അഭയം പ്രഖ്യാപിക്കാതെതന്നെ അവരെ സുരക്ഷിതമായി പാർപ്പിച്ചിരിക്കെ ഈയവസരത്തിൽ സ്വരാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് അവർ ആഗ്രഹവും തീരുമാനവും പ്രഖ്യാപിച്ചതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. മുൻ പ്രധാനമന്ത്രി വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയായിരിക്കെ ഇന്ത്യ അവരെ ബംഗ്ലാദേശ് സർക്കാറിന് വിട്ടുകൊടുത്തേ മതിയാകൂ എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ത്വാരിഖുർ റഹ്മാന്റെ ആവർത്തിച്ചുള്ള ആവശ്യം. ഈയാവശ്യം ഇതേവരെ ഇന്ത്യ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ബംഗ്ലാദേശ് കൂടി അംഗമായ ബഹുരാഷ്ട്ര കൂട്ടായ്മകളുടെ യോഗങ്ങൾ ഇന്ത്യയിൽവെച്ച് നടക്കുമ്പോൾ ആ രാജ്യത്തിനതിൽ സംബന്ധിക്കാനാവാത്ത അസുഖകരമായ അവസ്ഥ അനിശ്ചിതമായി തുടരുന്നു. ഏറ്റവുമൊടുവിൽ, 1996 ഡിസംബർ 12ന് ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ച ഗംഗാ നദീജലക്കരാറിന്റെ കാലാവധി 30 വർഷം പൂർത്തിയാവുന്ന ഇക്കൊല്ലം അത് പുതുക്കുന്ന പ്രശ്നം അടിയന്തര പരിഹാരം തേടുന്നു. അതേപ്പറ്റിയുള്ള ചർച്ചകൾക്കായി ധാക്കയിലെത്തിയ ഇന്ത്യൻ പ്രതിനിധിസംഘം പങ്കാളികളായി നവംബർ 22, 23 തീയതികളിൽ സംയുക്ത യോഗം ചേരുകയുണ്ടായി. എന്നാൽ, കരാർ പുതുക്കാൻ തീരുമാനിച്ച വിവരമൊന്നും പുറത്തുവന്നിട്ടില്ല. പാകിസ്താനുമായുള്ള നമ്മുടെ രാജ്യത്തിന്റെ ബന്ധങ്ങൾ ഏറ്റവും മോശാവസ്ഥയിൽ തുടരവേ, കിഴക്ക് ബംഗ്ലാദേശുമായി കൂടി ഇടഞ്ഞുനിൽക്കുന്നത് ദേശീയ താൽപര്യങ്ങൾക്ക് ദോഷകരമാവും എന്ന ബോധ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട് എന്നാണ് കരുതേണ്ടത്. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യ തികഞ്ഞ സംയമനത്തോടെയാണിതുവരെ പെരുമാറിവന്നിട്ടുള്ളത്. ഇന്ത്യയുമായി 4000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ബംഗ്ലാദേശുമായി അധികകാലം പുറംതിരിഞ്ഞുനിൽക്കുന്നത് ഗുണകരമാവില്ല എന്ന ബോധ്യം തന്നെയാവും സംയമനത്തിന്റെ പിന്നിൽ.
അതേസമയം പ്രവാസജീവിതം നയിക്കുന്ന തങ്ങളുടെ നേതാവിനെ അനിശ്ചിതകാലം പുറത്തുനിർത്തി സ്വന്തം ശക്തിയും പ്രസക്തിയും വീണ്ടെടുക്കാനാവില്ലെന്ന് തിരിച്ചറിയുന്ന നിരോധിത അവാമി ലീഗിന്റെ ഇപ്പോഴത്തെ പൊട്ടിത്തെറിയുടെ ഗതിയെന്താവും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. തങ്ങളുടെ മുഖ്യശത്രുവായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി അധികാരത്തിലേറുന്നത് തടയാൻ ബീഗം ഖാലിദ സിയയുടെ ബി.എൻ.പിയെ ഇലക്ഷനിൽ പിന്തുണച്ചവരാണ് അവാമി ലീഗുകാർ. അതേ പാർട്ടി നയിക്കുന്ന സർക്കാറിനോട് ‘യുദ്ധം’ ചെയ്യേണ്ടിവന്നിരിക്കുന്ന ഗതികേട് വിധിയുടെ വിചിത്ര നിയോഗങ്ങളിലൊന്നാവും. അക്രമണാസക്തമായ കലാപത്തിൽ നാലുപേർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ തകർക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഹസീനയുടെ പലായനത്തെത്തുടർന്ന് രാജ്യത്തിന്റെ ഭരണനേതൃത്വം ഏറ്റെടുക്കേണ്ടിവന്ന നൊബേൽ സമാധാന ജേതാവ് മുഹമ്മദ് യൂനുസിന്റെ വീടും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. തങ്ങളുടെ പാർട്ടിയെ നിരോധിക്കാൻ ആവശ്യപ്പെട്ട വിദ്യാർഥി പ്രക്ഷോഭകരുടെ ഡിമാൻഡ് അംഗീകരിച്ച് പാർട്ടിക്ക് ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചത് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ആയിരുന്നല്ലോ. നീണ്ട 15 വർഷക്കാലം ജമാഅത്തെ ഇസ്‍ലാമിക്ക് വിലക്കേർപ്പെടുത്തിയത് ഹസീന സർക്കാർ ആയിരുന്നു എന്ന സത്യം അവാമി ലീഗിനുനേരെ കൊഞ്ഞനംകുത്തുന്നത് വിധിവൈപരീത്യമാവാം. കൊലയും കൊള്ളിവെപ്പും ഒരു രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാണാൻ സാധ്യമല്ലെന്നാണ് നിഷ്പക്ഷ നിരീക്ഷകരുടെ വീക്ഷണം. രാജ്യത്താകെ പടർന്നുപിടിച്ചിട്ടില്ലെന്നതുകൊണ്ട് അതൊതുക്കാൻ നിയമപാലകർക്ക് പ്രയാസമുണ്ടാവില്ലെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിക്കുന്നു. എന്തായാലും ഒരേയൊരു ഹസീനയുടെ ന്യായമോ അന്യായമോ ആയ നിലപാടിന്റെ പേരിൽ അയൽരാജ്യമായ ബംഗ്ലാദേശിനെ ശത്രുപാളയത്തിലേക്ക് തള്ളാനുള്ള ബുദ്ധിമോശം നമ്മുടെ ഭരണാധികാരികൾക്കുണ്ടാവില്ലെന്നു തന്നെ കരുതുക.

