Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം; ഹൈകോടതികളുടെ താക്കീത്

text_fields
bookmark_border
പഴഞ്ചൻ കെട്ടിടം യഥാസമയം പൊളിച്ചുനീക്കാതെ അത് വീണ്ടും വീണ്ടും വിദ്യാർഥികളെ പാർപ്പിക്കുന്ന ഹോസ്റ്റലായി ഉപയോഗിക്കാൻ കാപാലികർക്ക് കൂട്ടുനിന്നത് ഫോർ എൻജിൻ ഭരണസൗധത്തിലെ ഉദ്യോഗസ്ഥവൃന്ദമാണ്
ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം; ഹൈകോടതികളുടെ താക്കീത്
cancel

ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിന് ഡൽഹിയിലെ സത്യനികേതനിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി ജീവഹാനി സംഭവിച്ചവരിൽ ഏഴുപേരുടെ ഉയിരറ്റ ദേഹങ്ങളാണ് കഴിഞ്ഞദിവസം വരെ കണ്ടെടുത്തത്. ഡൽഹി സർവകലാശാല സൗത്ത് കാമ്പസിന് സമീപമുള്ള കെട്ടിടത്തിൽ പേയിങ് ഗെസ്റ്റുകളായ വിദ്യാർഥികളാണ് മരണപ്പെട്ടവരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡൽഹി ഹൈകോടതി നിയമവിരുദ്ധ നിർമാണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട ഡൽഹി മുനിസിപ്പൽ കോർപറേഷനെ നിശിതമായി വിമർശിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് സുരക്ഷിത താമസസൗകര്യം ഉറപ്പാക്കാത്ത ഡൽഹി സർവകലാശാല അധികൃതർക്കും അപകടത്തിൽ തുല്യ പങ്കുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചത്. അധികൃതർ തങ്ങളുടെ നിയമാനുസൃത കടമകളിൽ ജാഗ്രതപുലർത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാവുമായിരുന്നു എന്നും കോടതി പറഞ്ഞു.

അപകടത്തെ തുടർന്ന് ഒളിവിൽപോയ കെട്ടിട ഉടമയെയും ഭാര്യയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി മഹാ നഗരസഭ സൗത്ത് സോണിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. തലസ്ഥാന നഗരി ഭരിക്കുന്ന ട്രിപ്പ്ൾ എൻജിൻ സർക്കാറിന്റെ നിസ്സഹായതയെ അപലപിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അപകടം തടയാൻ കാലേക്കൂട്ടി കരുതൽനടപടി എടുക്കാത്തവരുടെ ലജ്ജാകരമായ അനാസ്ഥയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. ഡൽഹി കോർപറേഷൻ, ഡൽഹി നിയമസഭ, കേന്ദ്രസർക്കാർ എന്നീ മൂന്ന് അധികാരകേന്ദ്രങ്ങളും കൈവശംവെച്ചിരിക്കുന്ന ബി.ജെ.പിയുടെ നിരുത്തരവാദിത്തത്തെ കണക്കിന് അപഹസിച്ചിരിക്കുന്നു രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. എൻ.എസ്.യു.ഐ നേതാവ് വിനോദ് ഝാക്കർ, ലഫ്. ഗവർണറെക്കൂടി ചേർത്ത് ഫോർ എൻജിൻ സർക്കാർ എന്നാണ് വിശേഷിപ്പിച്ചത്. ജന്തർമന്തറിലെ സി.ജെ.പി പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിലോ നേരത്തേ അന്യായമായ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ സമാധാനപരമായി നടന്ന യുവജന പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പിടികൂടുന്നതിലോ കാണിച്ച ജാഗ്രതയുടെ നേരിയൊരംശംപോലും മനുഷ്യജീവന്റെ സുരക്ഷക്കായുള്ള നിയമങ്ങൾ നടപ്പാക്കുന്നതിൽ ഹിന്ദുത്വ സർക്കാറുകൾക്കില്ല എന്നത് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്.

ഉദ്യോഗസ്ഥരുടെ കൂറ് സർക്കാറിനോടാകരുതെന്നും ഭരണഘടനയോടാവണമെന്നും കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതി ചൂണ്ടിക്കാണിച്ചതും ഇതോട് ചേർത്ത് വായിക്കണം. ഉത്തർപ്രദേശിലെ നോയ്ഡയിൽ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ദേശസുരക്ഷ നിയമപ്രകാരം തടങ്കലിലുള്ള വിദ്യാർഥിനി ആകൃതി ചൗധരിയെ മോചിപ്പിക്കാനുള്ള വിധിന്യായത്തിൽ കലക്ടർ മേധ രൂപം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടാണ് കൂറ് ഭരണഘടനയോടായിരിക്കണമെന്ന് കോടതിക്ക് ഓർമിപ്പിക്കേണ്ടിവന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‍കുമാറിന്റെ മകളാണ് ഗൗതംബുദ്ധ് നഗർ കലക്ടറായ മേധ രൂപം. ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥിനി ആകൃതി ചൗധരിയെ അക്രമത്തിന് പ്രേരിപ്പിച്ചതായി തെളിവുകൾ കണ്ടെത്താതെ കലക്ടർ സ്വീകരിച്ച നടപടി പരിഹാസ്യമാണെന്നും കോടതി തുറന്നടിച്ചു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, വിശേഷിച്ചും ഹിന്ദുത്വാചാര്യനായ യോഗി ആദിത്യനാഥിന്റെ യു.പിയിൽ ആർ.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ അതിതീവ്ര സംഘടനകൾ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ അവർതന്നെ ചൂണ്ടിക്കാട്ടുന്നവരെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പിടികൂടി ജയിലിലടക്കുന്നതും വിചാരണകൂടാതെ അനിശ്ചിതകാലം തടവിൽ പാർപ്പിക്കുന്നതും ഇപ്പോൾ വാർത്താപ്രാധാന്യംപോലുമില്ലാത്ത സംഭവങ്ങളായി മാറിയിരിക്കുന്നു. അഴിമതിയും കൈക്കൂലിയും ഭരണയന്ത്രത്തെയാകെ ഗ്രസിച്ചുകഴിഞ്ഞിരിക്കെ ഉദ്യോഗസ്ഥർക്ക് ആരെയും ഭയപ്പെടേണ്ടതില്ലാത്ത സ്ഥിതിയും മാറ്റമില്ലാതെ തുടരുന്നു. അയോധ്യയിലെ രാമക്ഷേത്ര സംഭാവനക്കൊള്ള രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കിയ ഭീകര സംഭവമാണല്ലോ.

ഡൽഹിയിൽ തകർന്നുവീണ പഴഞ്ചൻ കെട്ടിടം യഥാസമയം പൊളിച്ചുനീക്കാതെ അത് വീണ്ടും വീണ്ടും വിദ്യാർഥികളെ പാർപ്പിക്കുന്ന ഹോസ്റ്റലായി ഉപയോഗിക്കാൻ കാപാലികർക്ക് കൂട്ടുനിന്നത് മറ്റാരുമല്ല, ഫോർ എൻജിൻ ഭരണസൗധത്തിലെ ഉദ്യോഗസ്ഥവൃന്ദമാണ്; സ്വാഭാവികമായും അവരെല്ലാം കാവിക്കൂറ് തെളിയിച്ചവരുമായിരിക്കും. ജയ് ശ്രീറാം വിളിക്കാനും വിളിപ്പിക്കാനും കാട്ടുന്ന ജാഗ്രതയുടെ നൂറിലൊരംശം രാമരാജ്യസങ്കൽപത്തിലെ ഭരണസംശുദ്ധിക്ക് കൽപിച്ചിരുന്നെങ്കിൽ ഇന്ത്യാമഹാരാജ്യം ഈ ശാപം പേറേണ്ടിവരുമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High Courts Slam Official Irresponsibility Over Delhi Building Collapse
Next Story