ബെളഗാവിയെ ദൈവം രക്ഷിച്ചു
text_fields41 കുഞ്ഞുങ്ങളുടെയും ഗ്രാമത്തിന്റെയും മാത്രമല്ല, കർണാടക സംസ്ഥാനത്തിന്റെ, ഇന്ത്യാ മഹാരാജ്യത്തിന്റെതന്നെ ജീവൻ അപകടത്തിലായിപ്പോയേനെ ആ ഗൂഢപദ്ധതി അൽപമെങ്കിലും ഫലം കണ്ടിരുന്നുവെങ്കിൽ. കർണാടക ബെളഗാവി ജില്ലയിലെ ഗുളിക്കട്ടി ഗ്രാമത്തിലുള്ള സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിക്കാനായി വിദ്യാലയത്തിലെ കുടിവെള്ള ടാങ്കിൽ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്തുക എന്ന നീചപദ്ധതി ആസൂത്രണം ചെയ്ത ഭീകരന്മാരുടെ ഞരമ്പുകളിലൊഴുകുന്ന വിഷദ്രാവകത്തെ എന്തുപേരിട്ടാണ് വിളിക്കുക?
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയങ്കരനായ, ഗ്രാമവാസികളുടെ ഏതൊരാവശ്യത്തിനും മുന്നിൽ നിൽക്കുന്ന പ്രധാനാധ്യാപകൻ സുലൈമാൻ ഗൊരിനായകിക്ക് നാട്ടിലെമ്പാടും വിദ്വേഷം പടർത്തുന്ന, നിരപരാധികളെ തെരുവിലിട്ട് തല്ലിക്കൊല്ലുന്ന ശ്രീരാമസേന എന്ന ഭീകരസംഘടനയുടെ കണ്ണിൽ വലിയൊരു അയോഗ്യതയുണ്ടായിരുന്നു-അദ്ദേഹത്തിന്റെ മതം ഇസ്ലാം ആയി എന്നത്. സുലൈമാൻ ഗൊരിനായകിയെ ജോലി നഷ്ടപ്പെടുത്തി നാട്ടിൽ നിന്നോടിക്കാൻ സേനയുടെ സവദത്തി താലൂക്ക് യൂനിറ്റ് പ്രസിഡന്റ് സാഗർ പട്ടീലും അനുയായികളും ചേർന്ന് ആസൂത്രണം ചെയ്തതാണ് ഈ ഭീകരാക്രമണ പദ്ധതി.
അന്യ മതസ്ഥരുമായി സംസാരിക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്ന യുവതീയുവാക്കളെ തല്ലിച്ചതക്കുന്നത് തങ്ങളുടെ ദൗത്യമായി എണ്ണുന്ന സേന അന്യജാതിയിൽപ്പെട്ട യുവതിയുമായുള്ള ബന്ധം വെളിപ്പെടുത്തുമെന്ന് ബ്ലാക്മെയിൽ ചെയ്താണ് ഒരു ചെറുപ്പക്കാരനെ ഈ നിഷ്ഠുരകൃത്യത്തിന് പങ്കുചേർത്തത്. ചോക്‍ലറ്റും പണവും നൽകി എട്ടുംപൊട്ടുംതിരിയാത്ത ഒരു യു.പി സ്കൂൾ വിദ്യാർഥിയെക്കൊണ്ട് വെള്ളത്തിൽ വിഷം കലക്കിക്കുകയും ചെയ്തു. സ്കൂൾ ടാങ്കിലെ വെള്ളം കുടിച്ച ഇരുപതോളം കുട്ടികളെ തക്കസമയം ആശുപത്രിയിലെത്തിച്ചതിനാൽ ദുരന്തം താൽക്കാലികമായി വഴിമാറിപ്പോയി. ഹിന്ദുത്വ വലക്കെണികളിൽ കുടുങ്ങാതെ കർണാടക പൊലീസ് ശരിയാംവിധം കേസന്വേഷണം നടത്തിയതു കൊണ്ടുമാത്രം ഗൂഢാലോചനയുടെ ചുരുളഴിക്കാനും പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്യാനുമായി. പക്ഷേ, ഇത്തരം വർഗീയ ഭീകരപദ്ധതികൾക്ക് എന്ന് അന്ത്യം കുറിക്കാനാവും എന്നാണ് ചോദ്യം.
2005 മുതൽ കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നിരന്തരം വർഗീയാസ്വാസ്ഥ്യങ്ങൾ സൃഷ്ടിച്ചുപോരുന്നുവെങ്കിലും ഭരണകൂടങ്ങളുടെയും പൊലീസിലെ മിത്രങ്ങളുടെയും പിന്തുണയുള്ളതിനാൽ ശ്രീരാമ സേനക്കാർക്കെതിരെ നിയമം പ്രയോഗിക്കപ്പെട്ടത് വിരളമായി മാത്രം. ബിജാപൂരിനടുത്തുള്ള സിന്ദ്ഗിയിലെ ഒരു സർക്കാർ കെട്ടിടത്തിൽ 2012ലെ പുതുവർഷ ദിവസം പാകിസ്താന്റെ പതാക ഉയർന്നതിന്റെ പേരിൽ ഹിന്ദുത്വസംഘടനകൾ മേഖലയിൽ പ്രതിഷേധവും സംഘർഷവും സൃഷ്ടിച്ചു, നമസ്കാരപ്പള്ളിക്കുനേരെ കല്ലേറുമുണ്ടായി. പൊലീസ് ചുഴിഞ്ഞന്വേഷിച്ചപ്പോൾ ശ്രീരാമസേനയാണ് കൊടിയുയർത്തിയതെന്ന് കണ്ടെത്തി. ധീര മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ പരശുരാം അശോക് വാഗ് മറെയുടെ കുടുംബത്തിനുവേണ്ടി ധനസഹായം സ്വരൂപിച്ചതാണ് ഈ സംഘടനയുടെ മറ്റൊരു വീരകൃത്യം.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട് സംഭരിച്ച സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധ ശേഖരവുമായി സേന വക്താവ് വൈഭവ് റാവത്തുൾപ്പെടെ 12 ഹിന്ദു ജനജാഗൃതി സമിതി, സനാതൻ സൻസ്ഥ അംഗങ്ങൾ പിടിയിലായിരുന്നു. 2021ൽ ലവ്ജിഹാദ് ആരോപിച്ച് ബെളഗാവിയിലെ അർബാസ് അഫ്താബ് മുല്ല എന്ന 24കാരനെ വെട്ടിനുറുക്കി കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ സംഘടനയുടെ താലൂക്ക് പ്രസിഡന്റ് പുന്ദലീക മഹാരാജും സഹപ്രവർത്തകരുമാണ് പ്രതികൾ. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതും മുസ്‍ലിം കച്ചവടക്കാരുടെ കടകൾ തല്ലിത്തകർത്തതും ക്രൈസ്തവ പ്രാർഥനയോഗങ്ങളിൽ ഇരച്ചുകയറി അലങ്കോലപ്പെടുത്തിയതും ബീഫുമായി യാത്ര ചെയ്തുവെന്നും പശുവിനെ കടത്തിയെന്നും ആരോപിച്ച് നിരപരാധികളായ മനുഷ്യരെ തല്ലിച്ചതച്ച് ജീവച്ഛവങ്ങളാക്കിയതും അന്യസമുദായക്കാരുമായി സംസാരിച്ചുവെന്നതിന്റെ പേരിൽ യുവതീ യുവാക്കളെ ആക്രമിച്ചതുമടക്കമുള്ള നിരവധി കുറ്റകൃത്യങ്ങൾ വേറെ.
ജനകീയ പൗരാവകാശ കൂട്ടായ്മകൾ പ്രകടിപ്പിച്ച ജാഗ്രതയുടെ ഫലമായി കഴിഞ്ഞ കർണാടക നിയമസഭതെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് തെല്ലൊന്നടങ്ങിയ സംഘ്പരിവാർ, വർഗീയ പദ്ധതികളുമായി വീണ്ടും പത്തിയുയർത്തുന്ന കാഴ്ചയാണ് കുറെ മാസങ്ങളായി കണ്ടുവരുന്നത്. ശ്രീരാമസേന പ്രവർത്തകർക്ക് വെടിവെപ്പ് പരിശീലനം സംഘടിപ്പിച്ചിട്ടും വളരെ അമാന്തിച്ചാണ് പൊലീസ് കേസെടുത്തത്. വയനാട് പുൽപള്ളി സ്വദേശിയായ മുഹമ്മദ് അഷ്‌റഫിനെ ആർ.എസ്.എസ് പ്രവർത്തകർ ആൾക്കൂട്ട കൊലപാതകം നടത്തിയതും കോൽത്തമജൽ ജുമാമസ്ജിദ് സെക്രട്ടറി അബ്ദുറഹ്മാനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതും 2025ന്റെ ആദ്യ പാതിയിലാണ്. വർഗീയ വിദ്വേഷ പ്രവർത്തനങ്ങളും അക്രമങ്ങളും നടത്തി ജനങ്ങളെ ധ്രുവീകരിക്കാതെ നിലനിൽപില്ലെന്നു കണ്ടാണ് സംഘ്പരിവാർ വിദ്വേഷ പ്രസംഗങ്ങളും അതിക്രമങ്ങളും പുനരാരംഭിച്ചിരിക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ.
സ്കൂൾ ഹെഡ്മാസ്റ്ററുടെ ജോലി കളഞ്ഞ് നാട്ടിൽ നിന്നോടിക്കുക മാത്രമാണ് ഗുളിക്കട്ടിയിൽ നിന്ന് ഇപ്പോൾ പുറത്തുവന്ന ഭീകര പദ്ധതിക്ക് പിന്നിലെ അജണ്ടയെന്ന് വിശ്വസിക്കുക പ്രയാസം. ദൗർഭാഗ്യവശാൽ കുഞ്ഞുങ്ങളിലാർക്കെങ്കിലും അപായം സംഭവിച്ചുപോയിരുന്നുവെങ്കിൽ കത്തിയെരിഞ്ഞേനെ നാട്. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി ചൂണ്ടിക്കാണിച്ചതുപോലെ പ്രതിസ്ഥാനത്ത് ഹിന്ദുത്വ വർഗീയ സംഘടനയായതിനാൽ നിശ്ശബ്ദത പൂണ്ട് തലപൂഴ്ത്തിയിരിക്കുന്ന മാധ്യമ ഫാക്ടറികൾ ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ഇളകിയാടുമായിരുന്നില്ലേ?
1993ൽ പിഞ്ചുകുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രക്കുനേരെ എറിഞ്ഞ് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ബോംബ് നിർമിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് താനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ‘‘മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു. അല്ലെങ്കിൽ ജില്ല വർഗീയ കലാപത്തിൽ കത്തിയെരിയുമായിരുന്നു’’ എന്നാണ് ഇതുസംബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് തുറന്നുപറഞ്ഞത്. അതേ മട്ടിൽ ഇക്കുറി ബെളഗാവി രക്ഷപ്പെട്ടിരിക്കുന്നു. പക്ഷേ, വിദ്വേഷ വിഷശക്തികൾ ചുറ്റിലും തക്കം പാർത്ത് നടക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഓരോ സമാധാനകാംക്ഷിയുടെയും സ്വാസ്ഥ്യം കെടുത്താൻ പോന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.