Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇമ്രാൻഖാനു പറ്റാത്തതും ബി.ജെ.പിക്കു പറ്റുന്നതും

text_fields
bookmark_border
ഇമ്രാൻഖാനു പറ്റാത്തതും ബി.ജെ.പിക്കു പറ്റുന്നതും
cancel
വിരുദ്ധശബ്ദങ്ങളോടും വിമർശനങ്ങളോടുമുള്ള ജന്മസിദ്ധമായ അസഹിഷ്ണുത ബി.ജെ.പി വിദേശത്തും പ്രയോഗിക്കാറുണ്ട്

തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ചുള്ള പ്രതിഷേധ സമരത്തിനിടയിൽ ഒക്ടോബർ പത്തിന് നടൻ ഇമ്രാൻഖാനെ തടഞ്ഞുവെച്ച സംഭവവും അതോടനുബന്ധിച്ച സമൂഹമാധ്യമ പോസ്റ്റുകളും ഏറെ ചർച്ചാവിഷയമായിരുന്നു. മുംബൈയിലെ പ്രതിഷേധസ്ഥലത്ത് പൊലീസുകാർ അദ്ദേഹത്തെ തടഞ്ഞുവെച്ച് പിടികൂടിയ ശേഷം കുറെനേരം പലയിടത്തായി കറക്കി വിട്ടയക്കുകയായിരുന്നു. യു.എസ്. പൗരനായ ഖാൻ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുക്കുക വഴി കുടിയേറ്റനിയമം ലംഘിച്ചെന്ന് ആരോപിച്ച പൊലീസ്, അദ്ദേഹം ഒക്ടോബർ 28നുള്ളിൽ ഇന്ത്യ വിടണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ഖാൻ ബോംബെ ഹൈകോടതിയിൽ ഹരജി നൽകി. തദടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് എം.സെത്ന എന്നിവരുടെ ഡിവിഷൻ ബെഞ്ച് പ്രസ്തുത തീരുമാനം, ഇനി കേസ് കേൾക്കുന്ന ഡിസംബർ ഏഴുവരെ നടപ്പാക്കരുതെന്ന് വിധിച്ചു.

ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുള്ള ഇന്ത്യൻ വംശജൻ മാത്രമാണെന്നും ഒ.സി.ഐ കാർഡുള്ളവർക്ക് ഇന്ത്യൻ പൗരർക്കു ലഭ്യമായ രാഷ്ട്രീയ പങ്കാളിത്തം പോലുള്ള അവകാശങ്ങളില്ല എന്നും, ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് നിയമവിരുദ്ധമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കേട്ട ശേഷം വിഷയത്തിൽ വിശദമായ തീർപ്പ് കൽപിക്കാതെ ഖാന് തൽക്കാലം ഇന്ത്യയിൽ തുടരാൻ അനുവാദം നൽകുകയാണുണ്ടായത്. പ്രതിഷേധ സമരം പോലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയില്ല എന്ന ധാരണയിലായിരുന്നു തീരുമാനം.

ഒരു വിദേശ പൗരനെ നിയമലംഘനത്തിന്റെ പേരിൽ തടഞ്ഞുവെച്ച് പിന്നീട് കോടതിയുടെ തീരുമാനത്തിന് വിധേയമായി തൽക്കാലം വിട്ടയച്ച ഒരു വെറും നടപടിക്രമമല്ല ഇത്. കേവലം നിയമ ലംഘനത്തിന്മേലുള്ള നടപടികളായിരുന്നില്ല അത്. ഖാനെ അറസ്റ്റ് ചെയ്തിരുന്നുമില്ല. അതിനുപിന്നിൽ ഒരു ബി.ജെ.പി പ്രവാസരാഷ്ട്രീയം കൂടിയുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിന്റെ വിഡിയോകളിലൂടെയും അല്ലാതെയും മനസ്സിലാവുന്നത്, നാടകീയമായി ഖാനെയും കൂടെയുണ്ടായിരുന്നവരെയും പിടികൂടി ബലംപ്രയോഗിച്ച് അൽപനേരത്തേക്ക് പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റിനിർത്തി അതിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം എന്നാണ്. ഖാനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ട് വനിതകളെയും പൊലീസ് വാനിൽ രണ്ടു മണിക്കൂറോളം എങ്ങോട്ടെന്നില്ലാതെ കറക്കുകയും പിന്നീട് ഒരിടത്ത് ഇറക്കിവിടുകയുമാണ് ചെയ്തത്. അവർ ഈ സംഭവത്തെ അൽപം സരസമായി കണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. പക്ഷേ, കോടതി തന്നെ ഓർമിപ്പിച്ചത്, ഒ.സി.ഐ കാർഡുടമകൾക്ക് പൗരനുള്ള എല്ലാ അവകാശങ്ങളും ലഭ്യമല്ല എന്നായിരുന്നു.

അമേരിക്കയിലും പല പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യൻ വംശജരായ വലിയ വിഭാഗം പൗരരുണ്ട്. ബി.ജെ.പി അവരെയൊക്കെ പല വേദികളിലും സംഘടിപ്പിക്കാറുണ്ട്. വിദേശ സന്ദർശനവേളകളിൽ പ്രധാനമന്ത്രി മോദി തന്നെ വലിയ സമ്മേളനങ്ങളിലൂടെ അവരുമായി സംവദിക്കാറുണ്ട്. അവിടെയൊക്കെ ഇന്ത്യൻ രാഷ്ട്രീയം ഉൾപ്പെട്ട കാര്യങ്ങൾ പറയാറുണ്ട്, പങ്കെടുക്കുന്നവർ-ഒ.സി.ഐ കാർഡുള്ളവരും ഇല്ലാത്തവരും- അതിൽ അത്രതന്നെ താൽപര്യം കാണിക്കാറുമുണ്ട്.

തത്ത്വത്തിൽ പറഞ്ഞാൽ ഇന്ത്യക്കു പുറത്താണെങ്കിലും പ്രധാനമന്ത്രിയും മറ്റു നേതാക്കളും വിദേശ പൗരരോട് ഇടപെട്ട് ഇന്ത്യയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന് ഒരു തടസ്സവുമുണ്ടാവാറില്ല. അതെല്ലാം ബി.ജെ.പിക്ക് വേണ്ടിയും അനുകൂലവുമാണെന്നു മാത്രം. അത്തരം വിദേശ പൗരന്മാരെ ഇന്ത്യയുടെ അംബാസഡർമാരായാണ് മോദി വിശേഷിപ്പിക്കാറ്. അതിനു ന്യായം പറയാനുണ്ടാവുക അതൊന്നും പ്രതിഷേധ പരിപാടിയല്ല, ഇന്ത്യൻ വംശജരുമായുള്ള സംഭാഷണങ്ങളാണ് എന്നാവും. പക്ഷേ, നവംബർ രണ്ടിന് അറ്റ്ലാന്റയിൽ ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് പോയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അവിടത്തെ ബി.ജെ.പിയുടെ ഓവർസീസ് ഫ്രൻഡ്‌സിനെ കാണാൻ സമയം കണ്ടെത്തിയ വിവരം ‘എക്‌സി’ൽ കുറിച്ചിരുന്നു. ആ കുറിപ്പിനു താഴെ ഇന്ത്യയുടേയോ അതോ ബി.ജെ.പി.യുടെയോ, ആരുടെ പ്രതിനിധിയായാണ് അദ്ദേഹം പോയത് എന്ന ചോദ്യമുയർന്നിരുന്നു. വിദേശിയോ സ്വദേശിയോ ആവട്ടെ, ആർക്ക് അനുകൂലവും പ്രതികൂലവുമായാണ് ഈ രാഷ്ട്രീയം നടത്തുന്നത് എന്നതാണ് വിഷയം.

ഇന്ത്യൻ വംശജർ എന്ന വിലാസത്തിൽ അത്തരം വിദേശ പൗരരുടെ പിന്തുണയും സഹായവും ബി.ജെ.പി യഥേഷ്ടം സ്വീകരിക്കുമ്പോൾ തന്നെ, ഇതര സംഘടനകളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും വിദേശസഹായം ലഭിക്കുന്നു എന്ന ആരോപണമുയർത്താൻ അവർക്ക് മടിയേതുമുണ്ടാകാറില്ല. അതോടൊപ്പം രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യയിൽ നടത്താറുള്ള അതേ ഭരണകൂട വിമർശനങ്ങൾ വല്ലതും വിദേശത്ത് പ്രകടിപ്പിച്ചാൽ അതിനെ രാജ്യത്തിനെതിരെ നടത്തുന്ന പ്രചാരവേലയാക്കിയാണ് ചിത്രീകരിക്കുക.

വിരുദ്ധ ശബ്ദങ്ങളോടും വിമർശനങ്ങളോടുമുള്ള അസഹിഷ്ണുത ബി.ജെ.പി വിദേശത്തും പ്രയോഗിക്കാറുമുണ്ട്. ഇന്ത്യക്കാരുടെ ലേബലിൽ ഹിന്ദുത്വവാദികളുടെ സ്വീകരണം സംഘടിപ്പിച്ചും അത് ചെയ്യാറുണ്ട്. അതിനാൽ വിദേശികളുടേതോ സ്വദേശികളുടേതോ എന്നതല്ല, അവർ ബി.ജെ.പിക്ക് അനുകൂലമോ എതിരോ എന്നതാണ് ഇപ്പോൾ പ്രശ്നം. അതനുസരിച്ചാണ് നിയമം പ്രയോഗിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതുമൊക്കെ. ജനാധിപത്യത്തിന് അസ്വീകാര്യമായ ഈ സമീപനമാണ് മുംബൈയിൽ നടൻ ഇമ്രാൻ ഖാനെതിരായ ബി.ജെ.പി ഭരണകൂടത്തിന്റെ നടപടികളിലും പ്രതിഫലിച്ചു കണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Imran Khan’s Detention and BJP’s Hypocrisy
Next Story