Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്രായേലിന്‍റേത്...

ഇസ്രായേലിന്‍റേത് വംശഹത്യതന്നെ

text_fields
bookmark_border
Israel attack, Israel genocide
cancel


2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രായേൽ ഗസ്സക്കെതിരെ ആരംഭിച്ച സർവ നശീകരണയുദ്ധം 21 മാസം പിന്നിട്ടിരിക്കെ ഒടുവിൽ ആ രാഷ്ട്രത്തിൽനിന്നുതന്നെ കടുത്ത പ്രതിഷേധമുയരുന്നതാണ് ശ്രദ്ധേയമായ സംഭവവികാസം. ഇസ്രായേലിലെ പ്രമുഖ സന്നദ്ധ സംഘടനകളായ ബെൽസലെമും ഫിസിഷൻസ് ഫോർ ഹ്യുമൻ റൈറ്റ്സുമാണ് ഗസ്സയിൽ നടക്കുന്നത് ഫലസ്തീൻകാരുടെ വംശഹത്യയാണെന്ന് തുറന്നടിച്ചിരിക്കുന്നത്. രണ്ടു സംഘടനകളും സയണിസ്റ്റ് ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്ന പതിവ് നേരത്തേയുണ്ടെങ്കിലും തിങ്കളാഴ്ച അവർ പുറത്തുവിട്ട റിപ്പോർട്ടുകൾ മുമ്പൊരിക്കലും ഇല്ലാത്തവിധം കടുത്തഭാഷയിലുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘വംശഹത്യ നടത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നിങ്ങളെന്ന് തിരിച്ചറിയേണ്ടി വരുന്നു’ എന്ന് ഓർമിപ്പിച്ചുകൊണ്ട് തങ്ങൾക്കിത് അഗാധമായ വേദനയുളവാക്കുന്ന നിമിഷമാണെന്ന് അവർ സമ്മതിക്കുന്നു. ഗസ്സയിലെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്ക് പ്രകാരം അറുപതിനായിരത്തോളം സ്ത്രീകളും കുട്ടികളും സാധാരണ പൗരന്മാരുമടങ്ങിയ ഫലസ്തീനികളാണ് ഇതിനകം ഇടതടവില്ലാതെ തുടരുന്ന വ്യോമാക്രമണങ്ങളിലും വെടിയുണ്ട വർഷങ്ങളിലുമായി കൊല്ലപ്പെട്ടിരിക്കുന്നത്. അതിന്റെ രണ്ടിരട്ടിയെങ്കിലും പേർ പരിക്കേൽക്കുകയോ പട്ടിണി മൂലം മരണപ്പെടുകയോ ചെയ്തിട്ടുണ്ട്.

നടേ പറഞ്ഞ രണ്ട് ഏജൻസികളും പുറത്തുവിട്ട റിപ്പോർട്ടുകളിൽ ആയിരക്കണക്കായ സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും കൊടിയപട്ടിണി, നാടുകടത്തൽ, നിഷ്ഠുരമായ വീട് തകർക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ നശീകരണം തുടങ്ങിയ ക്രൂരകൃത്യങ്ങളുടെ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്നു. ‘ഒരു വിഭാഗത്തെ നശിപ്പിക്കാൻവേണ്ടിയുള്ള വ്യക്തവും ബോധപൂർവവുമായ ശ്രമമായാണ് ’ തങ്ങൾ അതിനെ കാണുന്നതെന്ന് ബെൻസലെം ഡയറക്ടർ യൂലിനെവാക് വ്യക്തമാക്കുന്നുണ്ട്. ‘ഈ വംശഹത്യയുടെ നേരെ നിങ്ങൾ എന്തു ചെയ്യുന്നു?’ എന്നാണ് ഓരോ മനുഷ്യജീവിയും തന്നത്താൻ ചോദിക്കേണ്ടതെന്ന് കൂടി തുറന്നടിക്കുന്നുണ്ട് യൂലിനെവാക്. ‘വംശഹത്യ കേവലം നിയമപരമായ ഒരു കുറ്റമല്ല. അതൊരു സാമൂഹികവും രാഷ്ട്രീയവുമായ പ്രതിഭാസമാണ്’ എന്നവർ പ്രതികരിക്കുന്നു.

നാസി ജർമനിയുടെ അതിക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ തന്റെ രാജ്യത്തെ ജൂതവംശജരുടെ നേരെ ആരംഭിച്ച വംശനശീകരണത്തിന്റെ ഫലമായി നാനാഭാഗങ്ങളിലേക്ക് അഭയാർഥികളായി പോയ യഹൂദരെ കുടിയിരുത്താനെന്ന പേരിലാണ് 1948ൽ അറബ് ലോകത്തിന്റെ ഭാഗമായ ഫലസ്തീനിൽ ഇസ്രാ​യേൽ രാഷ്ട്രം സ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്ന് അറിയാത്തവരില്ല. ആ രാജ്യത്തെ പരമ്പരാഗത നിവാസികളിൽ ബഹുഭൂരിപക്ഷത്തെയും പുറംതള്ളിയാണ് ഈ ജൂതപുനരധിവാസം വൻശക്തികളുടെ അന്യായ സ്വാധീനമുപയോഗിച്ച് നടപ്പാക്കിയതെന്നതും സുവിദിത സത്യം മാത്രം. 1967ൽ ഫലസ്‍തീൻ ജനതയുടെ ജന്മഗേഹത്തിൽനിന്ന് ജറൂസലം ഉൾപ്പെടെ ഭാഗങ്ങൾ കൂടി സായുധാക്രമണത്തിലൂടെ ഇസ്രായേൽ പിടിച്ചെടുത്ത് സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഭാഗമാക്കിയതും ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്.

രണ്ടു ദശലക്ഷത്തിലധികം ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന ഗസ്സ മുനമ്പിൽ പതിനായിരക്കണക്കിന് മനുഷ്യജീവികളെ ദിനേന ചുട്ടുകൊല്ലുന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ കൊടുംക്രൂരതയെ അപലപിക്കാനോ അവിടെ നടക്കുന്നത് വംശഹത്യയാണെന്ന് സമ്മതിക്കാനോ അമേരിക്കയും ആ വൻശക്തിയുടെ സുഹൃദ് രാജ്യങ്ങളും ആർജവം കാണിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം അപലപിക്കപ്പെടേണ്ടതാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ഗസ്സയിൽ ലക്ഷക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണ മനുഷ്യരുടെയും കൂട്ടനശീകരണവും പട്ടിണിയെ ഉന്മൂലനത്തിനായുധമാക്കുന്നതും വംശനശീകരണമാണെന്ന് അംഗീകരിക്കാൻ എന്തുകൊണ്ട് അമേരിക്കക്കും കൂട്ടാളികൾക്കും സാധിക്കാതെ പോവുന്നെന്ന് ഇസ്രായേലിലെതന്നെ മനുഷ്യാവകാശ കൂട്ടായ്മകൾ ലോകത്തോട് ചോദിക്കുന്നത്.

വെടിനിർത്തൽ ചർച്ചകളെന്ന പേരിൽ തുടരുന്ന അനന്തമായ കൂടിയിരിക്കലുകൾ വംശനശീകരണത്തിന് ഇസ്രായേലിന് പരമാവധി സമയം നീട്ടിക്കൊടുക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമല്ലേ എന്ന് സംശയിക്കുന്നവർപോലുമുണ്ട് നിരീക്ഷകരിൽ. ബ്രിട്ടനും ഫ്രാൻസും കാനഡയും ആസ്ട്രേലിയയുമടക്കമുള്ള യു.എൻ അനുകൂല രാഷ്ട്രങ്ങൾതന്നെയും യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ടിട്ടും ഡോണൾഡ് ട്രംപിന്റെ കണ്ണിൽ ഒരിറ്റ് വെള്ളം പൊടിയുന്നില്ല. ഇസ്രായേലിലെ എൻ.ജി.ഒകൾ ​വ്യക്തമാക്കിയ​പോലെ ഈ വംശഹത്യ അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും കൂട്ടാളികൾക്കും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം തീർച്ചയായും ഉണ്ട്.

ഗസ്സയിൽ പട്ടിണിമൂലം മരിച്ചുകൊണ്ടിരിക്കുന്ന അനേകായിരം കുഞ്ഞുങ്ങൾക്കും മനുഷ്യജീവികൾക്കും ഭക്ഷ്യസാധനങ്ങൾ കടത്തിവിടുമെന്ന ഉറപ്പ് ഇസ്രായേൽ യഥാവിധി പാലിക്കുന്നില്ലെന്ന് ഏറ്റവു​മൊടുവിൽ കുറ്റപ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ വാക്കുകളിൽ ആത്മാർഥതയുടെ കണികയെങ്കിലുമു​ണ്ടെങ്കിൽ അക്കാര്യത്തിലെങ്കിലും നെതന്യാഹുവിനെ നിർബന്ധിക്കാൻ അദ്ദേഹത്തിന് കഴിയേണ്ടതാണ്. പക്ഷേ, ഹിറ്റ്ലറുടെ നവാവതാരങ്ങളോട് നീതിയും മനുഷ്യത്വവും ഉപദേശിക്കുന്നതിലെന്തർഥമെന്ന് ചോദിച്ചുപോവുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialgazzaIsrael Attack
News Summary - Israel's genocide in Gazza
Next Story