പാർട്ടി സേവ കമീഷൻ അല്ല പി.എസ്.സി
text_fields‘‘ഇന്ത്യയിലെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും നടക്കുന്നത് നമ്മുടെ കേരളത്തിലാണ്. 2025ൽ മാത്രം പി.എസ്.സി വഴി സർക്കാർ 36,813 നിയമനങ്ങൾ നടത്തി, തുടർച്ചയായി മൂന്നാം വർഷവും 30,000ൽ അധികം പേർക്ക് സർക്കാർ ജോലി നൽകാൻ സാധിച്ചു. 2016 മേയ് മുതൽ 2025 ഒക്ടോബർ 31 വരെ പി.എസ്.സി മുഖേന ആകെ 3,00,773 നിയമനങ്ങളാണ് നടന്നത്, ഇത് ചരിത്രമാണ്. സംസ്ഥാനത്ത് 30,000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി... യുവതലമുറക്ക് സർക്കാർ ജോലി എന്ന സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും കഴിയുന്ന ഒരു നവയുഗം വിരിയുകയാണ് കേരളത്തിൽ’’-ഭരണത്തിൽ മൂന്നാമൂഴത്തിലേക്ക് തുഴഞ്ഞ ഇടതുമുന്നണി സർക്കാറിന്റെ തെരഞ്ഞെടുപ്പിനുള്ള അരങ്ങൊരുക്കത്തിന്റെ ഭാഗമായി വന്ന അവകാശവാദ പരസ്യങ്ങളിലൊന്നാണ് ഇത്.
എന്നാൽ, തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റ് ഐക്യ ജനാധിപത്യമുന്നണി അധികാരമേറ്റതിൽ പിന്നെ, ‘നവയുഗം വിരിയിച്ച’ പി.എസ്.സിയെ കുറിച്ചു സർക്കാറിനു മുന്നിൽ കുമിഞ്ഞുകൂടുന്ന പരാതികൾ വിളിച്ചുപറയുന്നത് കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്നത് മറ്റൊരു യുഗപ്പിറവിയാണെന്നാണ്- പബ്ലിക് സർവിസ് കമീഷൻ എന്ന കേരളത്തിലെ ഉദ്യോഗാർഥികളുടെ സ്വപ്നക്കൂട് പാർട്ടിക്കാർക്ക് മാത്രം സർവിസ് നടത്തുന്ന കമീഷനായി മാറി എന്ന്. രണ്ടൂഴം തികച്ച ഇടതുഭരണത്തിൽ ആരു നേടി എന്നതിന്റെ കൃത്യമായ ഉത്തരം ചെന്നെത്തുന്നത് തുടർഭരണം നയിച്ച പാർട്ടിയുടെ സ്വജന പക്ഷപാതിത്വത്തിലേക്കും ആശ്രിത പുനരധിവാസത്തിലേക്കുമാണ്.
വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നതനിലവാരം പുലർത്തേണ്ട ഉന്നത ഭരണസ്ഥാപനമായ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ്, റാങ്ക് ലിസ്റ്റ്, നിയമനരീതി എല്ലാം അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണിപ്പോൾ. പരാതികളിൽ ആഭ്യന്തര അന്വേഷണത്തിന് പി.എസ്.സി മുതിർന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് നിയുക്തമായ കമീഷൻ, അന്നത്തെ ഭരണമുന്നണിയുടെ ഹിതാഹിതങ്ങൾക്കു വഴങ്ങി നടത്തിയെന്നാരോപിക്കപ്പെടുന്ന അത്യാചാരങ്ങൾക്കെതിരെ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് യു.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രിക്കുതന്നെയും പൂർണമായി ഉൾക്കൊള്ളാനാവണമെന്നില്ല. അതിനാൽ ഉയർന്ന പരാതികളുടെ ഗൗരവം പരിഗണിച്ച് പഴുതടച്ച അന്വേഷണത്തിന് സർക്കാർ മുതിരുമെന്നു തന്നെയാണ് കരുതേണ്ടത്.
പി.എസ്.സിയിൽ ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള പാനലിനെ നിശ്ചയിക്കുന്നത് ചെയർമാനാണ്. ഇടതുപക്ഷ സർവിസ് സംഘടനാ നേതാവായിരുന്ന ചെയർമാന്റെ പാനലിൽ വരുന്നവരെല്ലാം ആ അസോസിയേഷൻ നേതാക്കളോ അംഗങ്ങളോ. ഇന്റർവ്യൂവിന് വിഷയ വിദഗ്ധരായി പോകുന്നതും അവർ തന്നെ. പാനൽ തയാറാക്കുന്ന ചോദ്യങ്ങളിലേതൊക്കെ അംഗീകരിക്കപ്പെട്ടു എന്നു അംഗങ്ങൾക്ക് അറിവില്ലാതിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഇപ്പോൾ പ്രതിഫലം അനാകർഷകമെന്നു പറഞ്ഞ് പലരും പിൻവാങ്ങുന്നതിനാൽ ഒടുവിൽ ഒരാളുടെ ചോദ്യപട്ടിക അതേ പടി അംഗീകരിക്കുകയാണെന്നാണ് ആക്ഷേപം.
അതുപിന്നെ ചോരാൻ മറ്റുവഴികൾ തേടേണ്ടതില്ലേല്ലാ. ഫിഷറീസ് വകുപ്പിൽ കുറച്ചു മുമ്പുനടന്ന പരീക്ഷയിൽ ചോദ്യപേപ്പർ തയാറാക്കിയതും അഭിമുഖത്തിനു വന്നതുമൊക്കെ ഒരു സർവകലാശാലയിലെ അധ്യാപകർ. അവർ സ്വന്തക്കാർക്ക് പരീക്ഷാ പരിശീലനവും മോക് ഇന്റർവ്യൂവുമൊക്കെ നടത്തി ‘യോഗ്യരെ തയാറാക്കി’ നിർത്തി. പരീക്ഷയും മറ്റു അഭ്യാസങ്ങളും കഴിഞ്ഞ് നിയമനപട്ടിക വന്നപ്പോൾ മുകളിലുള്ള മുപ്പത്തഞ്ചിലേറെ പേർ ഒരേ സർവകലാശാലയിൽ പഠിച്ചിറങ്ങിയ ഒരേ പാർട്ടിക്കാർ. അസ്വാഭാവികത തോന്നി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർ തന്നെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഒന്നും നടന്നില്ല. നടന്നതെന്തെന്നോ, ആക്ഷേപാർഹമായ രീതിയിൽ നിയമനം നേടിയവരുടെ പ്രൊബേഷൻ പിടിച്ചുവെച്ച മേലുദ്യോഗസ്ഥനെ സ്ഥലം മാറ്റി.
പി.എസ്.സിയിൽ മറ്റു ജോലികളിലുള്ളവരെ താൽക്കാലികമായ ‘പ്രിസം’ പാനലിൽ ഭാഗികജോലിക്കാരായി എടുക്കും. കാഷ്വൽ ജോലിയായി പി.എസ്.സി തന്നെ കാണുന്ന ഈ തൊഴിൽ വിഭാഗത്തിലുള്ളവർ അസി. ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനു ഈ പരിചയം കാണിച്ച് അപേക്ഷിച്ചപ്പോൾ തള്ളിപ്പോയി. എന്നാൽ, സർക്കാറിന്റെ പ്രചാരണപരിപാടികൾക്കായി നിയമിക്കപ്പെട്ട ഈ സ്വന്തക്കാർ വഴിയാധാരമാകുമെന്നുകണ്ട് പാർട്ടി ഇടപെട്ടു. അതോടെ, അസാധാരണവേഗത്തിൽ, തിരുത്തിയ പുതിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് പി.എസ്.സി ഓഫിസിലെത്തിച്ച് അവർ റാങ്കുപട്ടികയിൽ കയറിക്കൂടി. സാധാരണഗതിയിൽ തിരുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ ആജീവനാന്തം വിലക്കുന്ന പി.എസ്.സിയാണ് ഇത് ചെയ്യുന്നതെന്നോർക്കണം. യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതി പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ കണ്ടെടുത്തത് കേരള സർവകലാശാലയുടെ എഴുതാത്ത ഒരുപിടി ഉത്തരക്കടലാസുകൾ.
ഇത്തരം അനുഭവം മുന്നിലുള്ളതുകൊണ്ട് 2020ൽ നടന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷയെക്കുറിച്ചും കാര്യമായ പരാതിവന്നു-നാലര ലക്ഷംപേർ എഴുതിയ ഒ.എം.ആർ രീതിയിലുള്ള പ്രാഥമിക പരീക്ഷയിലെ 12000 ഉത്തരക്കടലാസുകൾ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണം പറഞ്ഞ്, 21 പി.എസ്.സി ഉദ്യോഗസ്ഥരെക്കൊണ്ട് മാന്വലായി മൂല്യനിർണയം നടത്തിയതിനെതിരെ.
പരീക്ഷാ ക്രമക്കേടുകളിൽ ആഭ്യന്തര വിജിലൻസ് അന്വേഷിക്കണമെന്ന പി.എസ്.സി യോഗതീരുമാനത്തിനു ഒടുവിൽ ചെയർമാൻ വഴങ്ങിയിട്ടുണ്ട്. എന്നാൽ ഒഴിവുകൾ നികത്താതെ, റാങ്ക് പട്ടിക നിലവിലിരിക്കെ, താൽക്കാലിക നിയമനം വഴി പി.എസ്.സി ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും ഇടതുപാർട്ടി ബന്ധുക്കളെയുമൊക്കെ പിൻവാതിലിലൂടെ നിയമിച്ച് തുടർഭരണത്തിന്റെ ബലത്തിൽ പി.എസ്.സിയെ പാർട്ടി സേവാ കമീഷൻ ആക്കി മാറ്റുകയാണ് എൽ.ഡി.എഫ് ചെയ്തത് എന്ന ആക്ഷേപത്തിന് അതൊന്നും പരിഹാരമാവില്ല. പരീക്ഷയോട് പടവെട്ടി ജയിക്കാൻ ഊണും ഉറക്കവുമില്ലാതെ അർഥവും ആയുസ്സും കളഞ്ഞ് അധ്വാനിക്കുന്ന പതിനായിരങ്ങളുടെ പ്രതീക്ഷകളെ ചവിട്ടിമെതിച്ചുള്ള പി.എസ്.സിയുടെ ഈ പോക്കിന് കടിഞ്ഞാണിടുകയും വിശ്വാസ്യത തിരിച്ചുപിടിക്കുകയും ചെയ്തേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

