Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബി വെളിപ്പെടുന്നു

text_fields
bookmark_border
കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരായ പ്രതിരോധമെന്ന നിലയിൽ നടപ്പാക്കിയ കിഫ്ബി പദ്ധതി വൻ സാമ്പത്തിക ദുരന്തമായി കലാശിച്ചുവെന്നതാണ് വിദഗ്ധസമിതി റിപ്പോർട്ടി​ന്റെ രത്നച്ചുരുക്കം
കിഫ്ബി വെളിപ്പെടുന്നു
cancel

സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്), കഴിഞ്ഞ പത്ത് വർഷ​ത്തെ പ്രവർത്തനങ്ങളിൽ ഗുരുതരമായ ക്രമക്കേടുകളാണ് ഇതിനായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. വായ്പാധികാരം ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തി, സർക്കാറിനെയും ധനവകുപ്പിനെയും ഇരുട്ടിൽനിർത്തി സമാന്തരഭരണം നടത്തി, അധികാര ദുർവിനിയോഗത്തിലൂടെ മെഗാ റിക്രൂട്ട്മെന്റുകൾക്ക് ചുക്കാൻപിടിച്ചു തുടങ്ങി ഒട്ടേറെ ഗുരുതരമായ കാര്യങ്ങളാണ് സുധാ പിള്ള അധ്യക്ഷയായ സമിതി കണ്ടെത്തിയിരിക്കുന്നത്.

ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുന്നതിലടക്കമുള്ള നിയമ പ്രശ്നങ്ങളെക്കുറിച്ച് ധനകാര്യ കമീഷനും മുൻവർഷങ്ങളിലെ സി.എ.ജി റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. പ്രതിപക്ഷനേതാവായിരിക്കെ, വി.ഡി. സതീശൻ നിയമസഭയ്ക്കകത്തും പുറത്തും ഈ വിഷയത്തിൽ ഗൗരവതരമായ ചില സംവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തതാണ്. ഈ ആക്ഷേപങ്ങളും മുന്നറിയിപ്പുകളുമെല്ലാം ആധികാരിക ഡേറ്റ മുൻനിർത്തി ശരിവെക്കുകയാണ് വിദഗ്ധസമിതി റിപ്പോർട്ട്.

1999ൽ നായനാർ സർക്കാറിന്റെ കാലത്താണ് കിഫ്ബി രൂപവത്കരിക്കപ്പെട്ടത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം സംസ്ഥാന സർക്കാറിന്റെ ധനകാര്യ വകുപ്പിനുകീഴിൽ പ്രവർത്തിച്ചിരുന്ന സ്വതന്ത്ര സ്ഥാപനമായിരുന്ന കിഫ്ബി ഏതാണ്ട് 15 വർഷത്തോളം ഏറക്കുറെ നിശ്ചലമായിരുന്നുവെന്ന് പറയാം. 2014ൽ, ഉമ്മൻചാണ്ടി സർക്കാർ കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടത്തി.

അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ആവശ്യമായ മൂലധനം കണ്ടെത്താൻ വിപണിയധിഷ്ഠിതമായ ധനസമാഹരണ സംവിധാനമാക്കി കിഫ്ബിയെ പുനഃസംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനായിരുന്ന കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ പരിശോധിച്ചത്. കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാൻ അടിയന്തര ധനസമാഹരണം, സർക്കാർ കണ്ടെത്തിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഇടക്കാല ധനസഹായം, ഭാവിയിലെ വികസനപദ്ധതികൾക്കായി ദീർഘകാല ധനസമാഹരണ സംവിധാനം എന്നീ മൂന്ന് ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ഈ നീക്കം.

ഇതിനായി ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (എ.ഐ.എഫ്), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (ഐ.ഡി.എഫ്) തുടങ്ങിയ സംവിധാനങ്ങൾ രൂപവത്കരിക്കാനും സമിതി നിർദേശിച്ചു. വാണിജ്യപരമായി ലാഭകരമായ പദ്ധതികളിൽനിന്ന് വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ സർക്കാർ അതിലെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിച്ച് പുതിയ നിക്ഷേപങ്ങൾക്കുള്ള പണം കണ്ടെത്തുകയും അതുവഴി വൻപദ്ധതികൾക്കായി പണം കണ്ടെത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയുമായിരുന്നു ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം. ഉമ്മൻചാണ്ടിക്കുശേഷം അധികാരത്തിൽവന്ന പിണറായി സർക്കാർ ഈ നിർദേശങ്ങൾ മറ്റൊരു തരത്തിൽ നടപ്പിലാക്കാനാണ് ശ്രമിച്ചത്.

2014ൽ വിഭാവനം ചെയ്തതിൽനിന്ന് വ്യത്യസ്തമായി കിഫ്ബി നിയമം തന്നെയും ഭേദഗതി ചെയ്തുകൊണ്ടാണ് അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് ഈ ബോർഡിനെ പുതിയൊരു സംവിധാനമാക്കി ഉയർത്തിയത്. അടിസ്ഥാനസൗകര്യ മേഖലയിൽ മൂലധനച്ചെലവ് വൻതോതിൽ ഉയർത്തി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തിലേറി ആദ്യ ബജറ്റിൽതന്നെ 20,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതിക്ക് കിഫ്ബിയെ പ്രധാന ഉപാധിയാക്കി മാറ്റുകയും ചെയ്തു. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് കിഫ്ബിക്കായി വൻതുക നീക്കിവെക്കാൻ വ്യവസ്ഥ ചെയ്തതാണ് പിണറായി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളിലൊന്ന്.

ഇതിന്റെ പ്രത്യാഘാതങ്ങൾ വിദഗ്ധ സമിതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ജി.എസ്.ടി നിലവിൽ വന്നശേഷം മോട്ടോർ വാഹന നികുതിയും ഇന്ധന സെസുമാണല്ലോ സംസ്ഥാന സർക്കാറിന്റെ ‘തനതു നികുതി വരുമാനങ്ങളി'ൽ മുഖ്യം. മുൻവർഷം പിരിച്ചെടുത്ത മോട്ടോർ വാഹന നികുതിയുടെ 10 ശതമാനം ആദ്യവർഷവും തുടർന്നുള്ള ഓരോ വർഷവും 10 ശതമാനം വീതം വർധിപ്പിച്ച് അഞ്ചാം വർഷം 50 ശതമാനവും കിഫ്ബിക്ക് നൽകണമെന്നായിരുന്നു പുതുക്കിയ വ്യവസ്ഥ. ഇതിനുപുറമെ പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുള്ള സെസും കിഫ്ബിക്കായി നീക്കിവെച്ചു. 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് മോട്ടോർ വാഹന നികുതി വിഹിതമായി 19,404.52 കോടി രൂപയാണ് കിഫ്ബിക്ക് കൈമാറിയത്. പെട്രോളിയം സെസിൽനിന്ന് 5,038.04 കോടി രൂപയും അധിക സർക്കാർ വിഹിതമായി 322.07 കോടി രൂപയും നൽകി. ഇതടക്കം ആകെ 24,764.64 കോടി രൂപയാണ് സംസ്ഥാന സർക്കാർ കിഫ്ബിയിലേക്ക് കൈമാറിയതത്രെ. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് ഇത്തരത്തിൽ വലിയൊരു വിഹിതം സ്ഥിരമായി മാറ്റിവെക്കുന്നത് സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ മറ്റു വികസന ആവശ്യങ്ങൾക്ക് പണം വിനിയോഗിക്കാനുള്ള സർക്കാറിന്റെ ശേഷി കുറക്കുമെന്നുറപ്പാണ്. പ്രയോഗത്തിൽ സംഭവിച്ചതും അതുതന്നെയാണ്. ബജറ്റിന് പുറത്തുനിന്നുള്ള ധനസമാഹരണം വൻ പരാജയമായി തുടരുന്നതിനിടെയാണ് ബജറ്റിനുള്ളിൽനിന്നുള്ള ഈ കൈയിട്ടുവാരൽ എന്നതും ശ്രദ്ധിക്കണം.

അടിസ്ഥാനസൗകര്യ വികസനത്തിന്റെ നിർവചനം വിപുലീകരിച്ച് 23 ഇനങ്ങളെ കിഫ്ബിയുടെ പരിധിയിൽ ഉൾപ്പെടുത്തിയതും കിഫ്ബിയുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളിലെ വലിയ വീഴ്ചയായി സമിതി ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങൾ സൃഷ്ടിച്ചത് വലിയ സാമ്പത്തിക ആഘാതമാണ്. മുക്കാൽ ലക്ഷം കോടിയുടെ ബാധ്യതയാണ് കിഫ്ബി വരുത്തിവെച്ചത്. കിഫ്ബിയിലൂടെ അധിക വിഭവ സമാഹരണം നടത്തിയെന്ന കാരണത്താൽ വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെ കാൽ ലക്ഷം കോടിയുടെ കടമെടുപ്പ്ശേഷിയും നഷ്ടമായി.

ചുരുക്കത്തിൽ, കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരായ പ്രതിരോധം എന്ന നിലയിൽ നടപ്പിലാക്കിയ കിഫ്ബി പദ്ധതി വൻ സാമ്പത്തിക ദുരന്തമായി കലാശിച്ചുവെന്നതാണ് സമിതി റിപ്പോർട്ടി​ന്റെ രത്നച്ചുരുക്കം. എന്നുവെച്ച്, ഈ പദ്ധതി പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല. സാമ്പത്തിക ബാധ്യതകൾക്കപ്പുറം ഒട്ടേറെ കിഫ്ബി പദ്ധതികൾ പാതിവഴിയിലാണ്. അതുകൂടി പരിഗണിച്ച് ഈ ഊരാക്കുടുക്കിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് സർക്കാർ അടിയന്തരമായി ആലോചിക്കേണ്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIIFB Expert Committee Report Highlights Severe Financial Liabilities in Kerala
Next Story