ആസാദി എന്ന വാക്കും നിരോധിക്കുമോ?
text_fieldsകുതിക്കേണ്ട പുത്തനുയരങ്ങളെക്കുറിച്ചാണ് ഓരോ സ്വാതന്ത്ര്യദിനത്തിലും ദേശീയദിനങ്ങളിലും ഓരോ രാജ്യവും ആലോചനകൊള്ളുന്നത്. ആത്മവിശ്വാസത്തോടെ, തലയെടുപ്പോടെ ഭാസുരമായൊരു നാളെയിലേക്ക് കുതിക്കുന്ന ഇന്ത്യയെക്കുറിച്ച് സ്വപ്നം കാണാനാണ് രാഷ്ട്രശിൽപികൾ നമ്മളെയും ശീലിപ്പിച്ചതെങ്കിലും, നാൾക്കുനാൾ ഞെരിച്ചില്ലാതാക്കപ്പെടുന്ന സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചുറ്റും കനംവെക്കുന്നു. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത്, വൈവിധ്യങ്ങളുടെയും നാനാത്വത്തിന്റെയും മഹാദേശത്ത് അഭിപ്രായം പറയാനുള്ള, ഇഷ്ടമുള്ള മതവിശ്വാസം പിൻപറ്റാനുള്ള സ്വാതന്ത്ര്യം, ഭക്ഷണം കഴിക്കാനും ആരാധന നിർവഹിക്കാനും പാട്ടുപാടാനും കേൾക്കാനുമുള്ള അവകാശം എന്നിവയോരോന്നായി പിടിച്ചുപറിക്കപ്പെടുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
മതനിരപേക്ഷ സ്ഥിതി സമത്വ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഐഡന്റിറ്റി നിരന്തരം കടന്നാക്രമണത്തിനിരയാവുന്നു. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ ആശയങ്ങൾ നീക്കംചെയ്യിക്കാനുള്ള നിയമയുദ്ധങ്ങൾ ഫലം കണ്ടില്ലെങ്കിലും രാജ്യത്തിന്റെ സെക്കുലർ-സോഷ്യലിസ്റ്റ് പ്രകൃതം ഇല്ലാതാക്കാനുള്ള തന്ത്രങ്ങളെമ്പാടും പയറ്റുന്നുണ്ട് വംശീയ വിദ്വേഷ ശക്തികൾ. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം അതിക്രമങ്ങളും കൈയേറ്റങ്ങളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ എട്ടാം പതിറ്റാണ്ടിലേക്ക് നീങ്ങുമ്പോഴും വികസനത്തിന്റെ വെളിച്ചമെത്താത്ത ഛത്തിസ്ഗഢിലെ ആദിവാസി മേഖലകളിൽ സേവനപ്രവർത്തനം ചെയ്തുപോരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്കു നേരെ വർഗീയ ഭീകരസംഘം ബജ്റംഗ്ദൾ നടത്തിയ ക്രൂരത ലോകം കണ്ടതാണ്. ആദിവാസി യുവതികൾ കന്യാസ്ത്രീകളോടൊന്നിച്ച് യാത്ര ചെയ്യാനൊരുങ്ങുന്നു എന്ന വിവരം ബജ്റംഗ്ദൾ ആക്രമികളെ വിളിച്ചറിയിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥരും, ജാമ്യാപേക്ഷ പരിഗണിക്കെ കോടതിക്ക് മുന്നിൽ സംഘടിച്ച് വെല്ലുവിളി മുഴക്കുന്ന ആക്രമിക്കൂട്ടവും രാജ്യം എത്തിനിൽക്കുന്ന അപകടാവസ്ഥ വെളിപ്പെടുത്തിത്തരുന്നു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മനുഷ്യരെ ആൾക്കൂട്ടക്കൊലക്കിരയാക്കുന്ന കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴ്ചകൾ തോറും ആവർത്തിക്കപ്പെടുന്നു. കൊല്ലപ്പെടുന്നവരിൽ തൊണ്ണൂറ് ശതമാനവും മുസ്‍ലിംകളോ ദലിത് ആദിവാസി ജനതയിൽപ്പെട്ടവരോ ആണെന്നത് അനിഷേധ്യ സത്യം.
ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടന വാഗ്ദാനം എത്ര ഭീതിദമാംവിധമാണ് ഉല്ലംഘിക്കപ്പെടുന്നത്. രാജ്യത്തിന്റെ മണ്ണിലും ശ്വാസത്തിലും നാമോരോരുത്തരെയും പോലെ അവകാശമുള്ള മനുഷ്യരുടെ പൗരത്വത്തിൽ സംശയം ആരോപിച്ച് നാടുകടത്തുന്നതും നടുക്കടലിൽ തള്ളുന്നതും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ദരിദ്രജനകോടികളുടെ ജീവിതത്തിലെ ഏക സമ്പാദ്യമായ കിടപ്പാടങ്ങൾ ഇടിച്ചുനിരത്തി കുടിയിറക്കുന്നതിന് നൂറുനൂറു ന്യായങ്ങളാണ് നിരത്തപ്പെടുന്നത്. രാജ്യത്തെ നിയമ സംവിധാനങ്ങളെയും കോടതികളെയും മറികടന്ന് ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നതിനെതിരെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിപോലും പരിഗണിക്കാതെ അസമിലെ ഗോൾപാറയിൽ മാത്രം 3973 വീടുകളാണ് ഇക്കഴിഞ്ഞയാഴ്ചകളിൽ തകർത്ത് മണ്ണോട് ചേർത്തത്.
ജനാധിപത്യത്തിന്റെ മഹോത്സവം എന്ന് പുകൾകേട്ട ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഇത്രയും നാം കേട്ടതിനേക്കാൾ വലിയ അട്ടിമറികൾ നടന്നിരിക്കുന്നുവെന്ന ആരോപണം തെളിവുകൾ സഹിതമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വോട്ടിരട്ടിപ്പും കള്ളവോട്ടും ബൂത്ത് പിടിത്തവും തടയാനെന്ന പേരിൽ കൊണ്ടുവന്ന ഓരോ പരിഷ്കാരവും ജനാധിപത്യത്തെ പെട്ടിയിലടക്കാനാണെന്ന് വരുകിൽ, ജനാധിപത്യ മഹോത്സവം ഒന്നാകെ ആരുടെയൊക്കെയോ താൽപര്യത്തിനു വേണ്ടി റാഞ്ചപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ ബന്ദിയാക്കപ്പെട്ടിരിക്കുന്നത് നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യവുംതന്നെയാണ്.
ബുക്കർ സമ്മാന ജേത്രിയും ലോകം ശ്രദ്ധയോടെ കാതോർക്കുന്ന പൗരാവകാശ ശബ്ദവുമായ അരുന്ധതി റോയി എഴുതിയ ‘ആസാദി’, ഭരണഘടന വിദഗ്ധനും ചരിത്ര പണ്ഡിതനുമായ എ.ജി. നൂറാനിയുടെ ‘ദ കശ്മീർ ഡിസ്പ്യൂട്ട്: 1947-2012’ എന്നിവയുൾപ്പെടെ 25 പുസ്തകങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജമ്മു-കശ്മീരിൽ നിരോധനമേർപ്പെടുത്തിയിരിക്കുന്നു. ആന്താരാഷ്ട്ര ശ്രദ്ധ നേടിയ ഈ പുസ്തകങ്ങളിലൊന്നിന്റെ കോപ്പി കൈവശം വെച്ചുവെന്ന അപരാധം മതിയാവും കശ്മീരിലെ ചെറുപ്പക്കാരെയും ബുദ്ധിജീവികളെയും മാധ്യമ പ്രവർത്തകരെയും ഇനി വേട്ടയാടാൻ. പുസ്തകങ്ങളും പാട്ടുകളും ഹാസ്യപരിപാടികളുംപോലും നിരോധിക്കപ്പെടുന്ന രാജ്യത്ത് ചോദ്യംചെയ്യലോ നിയമക്കുരുക്കോ ഇല്ലാതെ വിദ്വേഷപ്രസംഗങ്ങളും വംശഹത്യ ആഹ്വാനങ്ങളും മുഴങ്ങുന്നു. പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിച്ച സൈനിക ഉദ്യോഗസ്ഥക്കെതിരിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് ഇന്നും ഒരു സംസ്ഥാന മന്ത്രിസഭയിലുണ്ട്.
‘ആസാദി’ എന്ന വാക്കിന് സ്വാതന്ത്ര്യം എന്നാണർഥം. സ്വാതന്ത്ര്യംതന്നെയമൃതം സ്വാതന്ത്ര്യംതന്നെ ജീവിതം എന്ന് മഹാകവി കുമാരനാശാൻ പാടിയ അഭിമാനബോധമുള്ള മനുഷ്യരുടെ ജീവവായു. ഫാഷിസത്തിൽനിന്നും വർഗീയതയിൽനിന്നും ‘ആസാദി’ വേണമെന്ന് മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികളെ വേട്ടയാടിയ ഭരണകൂടം പുസ്തകം മാത്രമല്ല, ‘ആസാദി’ എന്ന വാക്കുതന്നെ നിരോധിച്ചാലും അതിശയപ്പെടേണ്ട. ആയിരക്കണക്കിന് ധീരർ രക്തസാക്ഷിത്വംകൊണ്ട് നേടിത്തന്ന രാജ്യത്തിന്റെ ‘ആസാദി’ ആർക്കു മുന്നിലും അടിയറവുവെക്കാനുള്ളതല്ല. ആൾക്കൂട്ടക്കൊലയിൽനിന്നും വിദ്വേഷപ്രസംഗങ്ങളിൽനിന്നും വോട്ടുകൊള്ളയിൽനിന്നും ‘ആസാദി’ തേടി ഇന്ത്യയിലെ ജനാധിപത്യ-പൗരാവകാശ ശക്തികൾ വാദിച്ചുകൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.