രാഹുലിന്റെ രാജിയും രാഷ്ട്രീയത്തിലെ സദാചാരവും
text_fieldsയുവനടിയുൾപ്പെടെയുള്ളവർക്ക് ഫോണിൽ അശ്ലീല സന്ദേശമയച്ചെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവെച്ചു. യുവതിയെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ തരത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതടക്കം ഒട്ടേറെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ പുറത്തുവന്നത്. രാഹുൽ അയച്ചതെന്ന് പറയപ്പെടുന്ന സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളും ഫോൺ സംഭാഷണങ്ങളുടെ ശബ്ദ ശകലങ്ങളുമെല്ലാം സൈബറിടത്തിൽ പ്രചരിച്ചു. കോൺഗ്രസ് നേതൃത്വം വെളിപ്പെടുത്തലുകളെ ഗൗരവമായി കണക്കിലെടുത്ത് ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ചതോടെ, പൂർണമായും പ്രതിരോധത്തിലായ രാഹുലിന് രാജിയല്ലാതെ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് പത്തനംതിട്ടയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ കണ്ട് രാജി പ്രഖ്യാപിച്ച ശേഷവും അദ്ദേഹത്തിനെതിരെ പുതിയ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു; നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ പൊലീസിലും സംസ്ഥാന ബാലാവകാശ കമീഷനിലും പരാതിയുമെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ തന്റേതായ ഇടം കണ്ടെത്തിയ യുവനേതാവിന്റെ ഇത്തരമൊരു പതനം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല; രാഷ്ട്രീയ സംവാദങ്ങളിലും സംഘാടനങ്ങളിലും മികവ് കാണിച്ച ആ ചെറുപ്പക്കാരൻ പക്ഷേ, തന്റെ പദവികളെ രാഷ്ട്രീയ സദാചാരത്തിനും ധാർമികതക്കും വിരുദ്ധമായ രീതിയിൽ ഉപയോഗപ്പെടുത്തിയെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, രാജി അനിവാര്യമായിരുന്നു. നേതൃത്വത്തിന്റെ കണിശതയാൽ അത് അധികം വൈകിയില്ല എന്നത് നല്ല കാര്യവുമാണ്.
ഈ സംഭവം കേരളത്തിലെ രാഷ്ട്രീയ, പൊതുപ്രവർത്തന സംസ്കാരത്തെക്കുറിച്ച ഗൗരവതരമായ ചില ചോദ്യങ്ങളുയർത്തുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ വന്നുചേരുന്ന പദവികളും അധികാരങ്ങളുമെല്ലാം ആത്യന്തികമായി ജനസേവനത്തിനും സാമൂഹികനന്മക്കുമായി പരമാവധി ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയ സംസ്കാരത്തിന്റെയും ധാർമികതയുടെയുമെല്ലാം മൗലിക തത്ത്വം. എന്നാൽ, ഇതിന് വിരുദ്ധമായി അധികാരവും പദവിയുമെല്ലാം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നെന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ മൂല്യച്യുതിയെയാണ് സൂചിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെ, ഒരു ജനപ്രതിനിധിയെ/രാഷ്ട്രീയനേതാവിനെ സമീപിക്കേണ്ടി വരുന്നവർ പല രൂപത്തിൽ ചൂഷണം ചെയ്യപ്പെട്ട സംഭവങ്ങൾ കേരളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം അത് വലിയ വാർത്തയും വിവാദവുമൊക്കെയാകുമെങ്കിലും പതിയെ എല്ലാം വിസ്മരിക്കപ്പെടും; നിയമത്തിന്റെ സാങ്കേതിക പഴുതിലൂടെ പലപ്പോഴും വേട്ടക്കാർ രക്ഷപ്പെടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ സ്ഥിരം കാഴ്ചയാണ്. രാജ്യത്തെ അന്താരാഷ്ട്രമേളകളിൽ പ്രതിനിധീകരിച്ച വനിത ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമങ്ങൾക്കിരയാക്കി എന്ന ആരോപണം നേരിടുന്ന ബി.ജെ.പി നേതാവ് ഇപ്പോഴും രാജ്യം ഭരിക്കുന്ന ഉന്നതരുടെ ഇഷ്ടക്കാരനായി തുടരുന്നു. ആ പാർട്ടിയുടെ വനിത നേതാക്കൾ പോലും ഗുസ്തിതാരങ്ങളുടെ കണ്ണീരിന് വില കല്പിക്കുന്നില്ല. നമ്മുടെ രാഷ്ട്രീയമൂല്യശോഷണത്തിന്റെ കൂടി നിദർശകമാണിത്. തനിക്കെതിരെ ഒരാളും പരാതി ഉന്നയിക്കില്ലെന്ന് ഉന്നത അധികാര പദവികളിൽ വിഹരിക്കുന്നവർക്കുറപ്പുണ്ട്; ഇനി ഏതെങ്കിലും ഘട്ടത്തിൽ പരാതിയും കേസുമൊക്കെ ആയാലും അതിനെ വ്യവഹാര തന്ത്രങ്ങളിൽ മെരുക്കാനും അവർക്കറിയാം.
സാധാരണഗതിയിൽ, ഇത്തരമൊരു സന്ദർഭത്തിൽ രാഷ്ട്രീയ എതിരാളികൾ കളങ്കിതരുടെ സമ്പൂർണ രാജിയാണ് ആവശ്യപ്പെടാറ്.
എന്നാൽ രാഹുൽ നിയമസഭാംഗത്വം ഒഴിയണമെന്ന ശക്തമായ ആവശ്യം ഇടതുപാർട്ടികൾ ഉന്നയിച്ചിട്ടില്ല. ഇക്കാര്യം കോൺഗ്രസ് ഗൗരവപൂർവം പരിശോധിക്കട്ടെയെന്നും ജനങ്ങൾ ആവശ്യപ്പെടുന്നതിനാൽ രാജിവെക്കണമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കം പറയുന്നത്. എന്തുകൊണ്ടായിരിക്കും ഈ അയഞ്ഞ സമീപനമെന്ന് വ്യക്തം. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാൽ മറുഭാഗത്ത് ഏറക്കുറെ സമാന വിഷയങ്ങളിൽ നിയമനടപടികൾ നേരിടുന്ന ജനപ്രതിനിധികളുടെ കാര്യവും ചർച്ചയാകുമെന്ന ആശങ്ക ഭരണപക്ഷത്തുണ്ട്. ഫെബ്രുവരിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവന്നതിന് പിറകെ, മുകേഷ് എം.എൽ.എക്ക് എതിരെ ആരോപണങ്ങളും കേസുകളും വന്നപ്പോൾ അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നായിരുന്നു സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാട്. വനിത കമീഷനും സമാനമായ മൃദുസമീപനമായിരുന്നു മുകേഷിനോട്. മുമ്പ് ഒരു എം.എൽ.എക്കെതിരെ ലൈംഗികപീഡന പരാതി വന്നപ്പോഴും അത് പാർട്ടിക്കുള്ളിൽ പരിഹരിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന വിമർശനം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ഇക്കാരണങ്ങൾ കൊണ്ടെല്ലാമാണ് രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് വ്യക്തമായി പറയാൻ സി.പി.എമ്മിനും മറ്റും സാധിക്കാത്തത്. അതിനാൽ, പാർട്ടി നേതൃപദവിയിൽനിന്ന് മാറ്റി പ്രശ്നം തൽക്കാലം ശമിപ്പിക്കാൻ രാഹുലിനും കോൺഗ്രസിനും കഴിഞ്ഞു. ഈ വിഷയം കോടതിയിലെത്തിയാലും ഇതേ ‘രാഷ്ട്രീയ സഹകരണം’ ഉറപ്പായിരിക്കും. കാരണം, അവിടെയും സ്ഥിതി സമാനമാണ്.
പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന നമ്മുടെ രാഷ്ട്രീയസംസ്കാരം എത്രമേൽ അധഃപതിച്ചെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ, കേവലമായ രാജി മുറവിളിയിൽ ഇപ്പോഴത്തെ പ്രതിഷേധങ്ങൾ പരിമിതപ്പെട്ടാൽ അത് അർഥശൂന്യമാണ്. മാറിയ കാലത്ത് സാമൂഹിക പ്രവർത്തകരും നേതാക്കളും നിർബന്ധമായും ആർജിച്ചെടുക്കേണ്ട രാഷ്ട്രീയ ധാർമികതയെയും സദാചാരത്തെയും കുറിച്ച പുതിയ പാഠങ്ങൾ രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും പഠിച്ചെടുത്തേ മതിയാവൂ. ഇല്ലെങ്കിൽ അവരെ നിലക്കുനിർത്താനുള്ള ആർജവം പൊതുജനം കാണിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.