ചലച്ചിത്ര മേഖലയിലെ വീണ്ടുവിചാരങ്ങൾ
text_fieldsമലയാള സിനിമാരംഗത്തെ ലൈംഗികാതിക്രമങ്ങളും വനിതാ പ്രവർത്തകരോടുള്ള വിവേചനവും ലഹരിപദാർഥങ്ങളുടെ വ്യാപ്തിയും ഗൗരവതരമായ ചർച്ചകൾക്ക് വിധേയമായ ഘട്ടത്തിലാണ് 2017ൽ കേരള സർക്കാർ അതേക്കുറിച്ച് പഠിച്ച് പരിഹാര നടപടികൾ നിർദേശിക്കാൻ ഹൈകോടതി റിട്ട. ജസ്റ്റിസ് ഹേമ കമീഷനെ നിയോഗിച്ചത്. 2019 സെപ്റ്റംബറിൽ കമീഷൻ 300 പേജുകളുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചെങ്കിലും അത് നിയമസഭയിൽ വെക്കുകയോ പ്രസക്ത നിർദേശങ്ങളെങ്കിലും പുറത്തുവിടുകയോ ചെയ്യാതെ ഉരുണ്ടുകളിക്കുകയായിരുന്നു ബന്ധപ്പെട്ട മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കപ്പെട്ട അപേക്ഷകളും നിരാകരിക്കപ്പെട്ടു. 2022 ആഗസ്റ്റിൽ വിവരാവകാശ കമീഷണറായി ചുമതലയേറ്റ ഡോ. എ. അബ്ദുൽഹക്കീമാണ് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവ ഒഴിവാക്കി ബാക്കി ഭാഗങ്ങൾ ഹൈകോടതി ഉത്തരവിന്റെ പിൻബലത്തിൽ പുറത്തുവിട്ടത്. സിനിമാരംഗത്തെ പ്രമുഖരിൽ പലരുടെയും ഉറക്കം കെടുത്തിയ വെളിപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കുമൊടുവിൽ സമഗ്ര സിനിമാനയം രൂപപ്പെടുത്താൻ ഒരു കോൺക്ലേവ് വിളിച്ചുചേർക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പ്രകാരമാണ് ആഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സിനിമാ പ്രവർത്തകരടക്കമുള്ളവരുടെ സംഗമം സംഘടിപ്പിക്കപ്പെട്ടത്. പ്രതിനിധികൾക്കായി സർക്കാർ സമർപ്പിച്ച ചർച്ച രേഖയിൽ സിനിമയിൽ അവസരം തേടുന്ന പുതുമുഖങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെതിരെ കടുത്ത നടപടി വേണമെന്ന് നിർദേശിക്കുന്നു. തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ട നിർദേശമാണെങ്കിലും സിനിമാ നിർമാതാക്കളും സംവിധായകരും അഭിനേതാക്കളും സാങ്കേതികവിദഗ്ധരുമടക്കം ആത്മാർഥമായി സഹകരിച്ചാൽ മാത്രമേ അത് നടപ്പാക്കാൻ സാഹചര്യമൊരുങ്ങൂ എന്ന പ്രാഥമികസത്യമുണ്ട്. പണവും സ്വാധീനവും ഭീഷണിയും കൊണ്ട് ഏത് പരാതിയും ഒതുക്കിത്തീർക്കുന്ന നിരവധിയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർദേശം കടലാസിൽ കിടക്കുമെന്ന് ന്യായമായി ആശങ്കിക്കണം.
അതുപോലെ സിനിമയുടെ ഉള്ളടക്കത്തിൽനിന്ന് മാത്രമല്ല സിനിമാ മേഖലയിൽനിന്നുതന്നെ മയക്കുമരുന്നും രാസലഹരിയും തുടച്ചുനീക്കണമെന്ന, കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസനയുടെ ഫലപ്രാപ്തി, കർശനമായി നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ സർക്കാറിന്റെ ആർജവത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെയാണ് സിനിമയിലെ അക്രമരംഗങ്ങളെന്നും പിണറായി പറയുകയുണ്ടായി. അടിയും ഇടിയും വെടിയും എത്ര ഭീകരമായി ചിത്രീകരിക്കപ്പെടുന്നുവോ അത്രയുമാണ് ചലച്ചിത്രത്തിന്റെ സാമ്പത്തിക വിജയമെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് മുഖ്യമന്ത്രിയുടെ താക്കീത് വനരോദനമായി കലാശിക്കുമെങ്കിൽ അത് അപ്രതീക്ഷിതമല്ല. ലഹരിയുടെയും തല്ലുമാലകളുടെയും തെറിയഭിഷേകങ്ങളുടെയുമൊക്കെ അഡിക്റ്റുകളായ തലമുറയെ സൃഷ്ടിക്കുന്ന പ്രബുദ്ധ കേരളത്തിന്റെ ദുരവസ്ഥക്ക്, കല-സാംസ്കാരിക-സാമൂഹിക രംഗത്തുള്ള പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും കൂട്ടായ യത്നത്തിന് മാത്രമേ അറുതിവരുത്താനാവൂ.
അതിനിടെ, സിനിമ കോൺക്ലേവിനെ അഭിസംബോധന ചെയ്ത മലയാള സിനിമയുടെ വിഖ്യാതസംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചില നിരീക്ഷണങ്ങളും നിർദേശങ്ങളുമിപ്പോൾ പുതിയ വിവാദങ്ങൾക്കിടയാക്കിയിരിക്കുന്നു. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസത്തെ തീവ്രപരിശീലനം നൽകണമെന്ന അദ്ദേഹത്തിന്റെ നിർദേശം വ്യാപകമായ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. ‘സ്ത്രീയായതുകൊണ്ടുമാത്രം ഒരാൾക്ക് സിനിമയെടുക്കാൻ പണം കൊടുക്കേണ്ടതില്ല. ഒന്നുരണ്ട് നല്ല വനിതാ സംവിധായകരുണ്ട്. അവരെപ്പോലെ പുതിയ ആളുകൾ വരണമെങ്കിൽ സിനിമയെടുക്കുന്നതിന്റെ എല്ലാ പ്രയാസങ്ങളും അറിയണം. ഇപ്പോൾ നൽകുന്ന ഒന്നരക്കോടി രൂപ മൂന്നുപേർക്കായി നൽകിയാൽ മൂന്ന് സിനിമയുണ്ടാകും. ചലച്ചിത്ര വികസന കോർപറേഷൻ നൽകുന്ന പണം നല്ല സിനിമയെടുക്കാനാണ്’ എന്നാണ് പത്മ ബഹുമതി നൽകി രാജ്യം ആദരിച്ച മുതിർന്ന സംവിധായകന്റെ വാദഗതി. ഇത് സദസ്സിൽ നിന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടു. സ്ത്രീവിരുദ്ധതയായും പട്ടികജാതി വിരോധമായും വിമർശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചിലർ തലമുതിർന്ന സംവിധായകനെതിരെ കോടതിയെ സമീപിക്കുക പോലും ചെയ്തിട്ടുണ്ട്. പട്ടികവിഭാഗങ്ങൾക്കും സ്ത്രീകൾക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ഒരു സിനിമയെടുത്ത് അപ്രത്യക്ഷമാവേണ്ടവരല്ല അവരെന്നുമുള്ള അദ്ദേഹത്തിന്റെ വിശദീകരണം പ്രതിഷേധം തണുപ്പിക്കാൻ ഉപകരിച്ചിട്ടില്ല. വ്യവസ്ഥകൾക്ക് വിധേയമായാണ് സർക്കാർ അവർക്ക് സിനിമക്ക് സഹായധനം നൽകുന്നത്. സിനിമാ മേഖലയിലെ യോഗ്യത തെളിയിച്ചതിനുശേഷം നൽകുന്ന സാമ്പത്തിക സഹായത്തിന്റെ പേരിൽ ഒരു വിഭാഗത്തിന് മാത്രം പരിശീലനം വേണമെന്ന് പറയുന്നത് വിവേചനപരവും അവരെ അവഹേളിക്കുന്നതിന് തുല്യവുമാണ്. എന്നാൽ സിനിമാ മേഖലകളിൽ അവഗാഹം നേടാനും അതിൽ പ്രഗത്ഭരാകാനുമാണ് സാമ്പത്തിക സഹായമെങ്കിൽ പരിശീലനം എന്ന നിർദേശത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതല്ല. പരിശീലനം കൊണ്ട് ജോലി മെച്ചപ്പെടുകയല്ലാതെ മോശമാവാൻ കാരണമില്ലല്ലോ. മലയാള സിനിമയിൽ ലഹരിയും സ്ത്രീ വിരുദ്ധതയും ജാതിബോധവും അധികാര ഗർവുമൊക്കെ അഴുകിച്ചേർന്നിട്ടുണ്ടെന്ന് വിവരാവകാശ കമീഷൻ ഡോ. അബ്ദുൽഹക്കീമിന്റെ ദുരവസ്ഥയും അടൂരിന്റെ വിവാദങ്ങളും വീണ്ടും തെളിയിച്ചിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.