ഗോവിന്ദച്ചാമി(യെ) തുറന്നുവിട്ട ജയിൽ ദുർഭൂതങ്ങൾ
text_fieldsഓടുന്ന ട്രെയിനിലെ സ്ത്രീകൾക്കുള്ള കോച്ചിൽ കയറി യുവതിയെ കൊള്ളയടിച്ച ശേഷം തള്ളി താഴെയിട്ട് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഗോവിന്ദച്ചാമി ഇക്കഴിഞ്ഞ 25ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്ത് ചാടുകയും നാലു മണിക്കൂർ നേരത്തെ തിരച്ചിലിനു ശേഷം പിടിക്കപ്പെടുകയും ചെയ്തത് കേരളത്തെയാകെ ഞെട്ടിച്ച സംഭവമാണ്. 2011ൽ നടത്തിയ ക്രൂരമായ ലൈംഗികഅതിക്രമക്കൊല ജനങ്ങൾ ഏതാണ്ട് മറന്ന അവസരത്തിലാണ് ഗോവിന്ദച്ചാമി വീണ്ടും വാർത്തയിൽ വന്നത്. കടുത്ത സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഒരു കുറ്റവാളിക്ക് രാത്രിയുടെ അന്ത്യയാമത്തിൽ അതിസുരക്ഷ ഉണ്ടാവേണ്ട സെൻട്രൽ ജയിലിലെ രണ്ടു മൂന്നു വൻകടമ്പകൾ കടന്ന് ആരോരുമറിയാതെ സ്വതന്ത്ര ലോകത്തു പ്രവേശിക്കാൻ എങ്ങനെ കഴിഞ്ഞു എന്നത് കൃത്യമായ ഉത്തരം കിട്ടേണ്ട ചോദ്യമാണ്. ബലാത്സംഗക്കൊല നടത്തി പിടിയിലാവുന്നതിനുമുമ്പ് തന്നെ തമിഴ്നാട്ടിലും കേരളത്തിലുമായി അഞ്ചു കോടതികൾ ഭവനഭേദനത്തിന് ശിക്ഷിച്ചയാളാണ് പ്രതി. കുറ്റമറ്റ സുരക്ഷയുള്ള ജയിലിലാണ് ഇത്തരമൊരാൾ ജീവപര്യന്തം കഴിയേണ്ടത്. പല നിലക്കും അതല്ല ഉണ്ടായത് എന്നാണ് തുടർന്നുള്ള അന്വേഷണത്തിൽ തെളിയുന്നത്.
ഇരുമ്പഴികൾ മുറിച്ചുമാറ്റി കമ്പിളിപ്പുതപ്പ് ഉപയോഗിച്ച് മതിൽ ചാടി, ജയിൽവേഷം മാറി പുറത്ത് കടന്നു ഈ കൊലയാളി. കിണറ്റിൽ ഒളിച്ചിടത്തുനിന്ന് കുറ്റവാളി പിടിക്കപ്പെട്ടതിനെ തുടർന്ന് നടന്ന പ്രാഥമികാന്വേഷണത്തിൽ കൃത്യവിലോപത്തിന്‍റെ പേരിൽ ഇതിനകം നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തുടർന്ന് ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ വിശദമായ അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകൾ ഏറെ ഗൗരവമുള്ളതാണ്. ജയിൽ എന്നത് പ്രാഥമികമായി, നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യനിഷേധമാണ്. അതുകൊണ്ടുതന്നെയാണ് കുറ്റങ്ങൾ തെളിയിക്കപ്പെടുന്നതിനു മുമ്പ് ദീർഘമായി കരുതൽ തടങ്കലിൽ വെക്കുന്നതിനെ കോടതികൾ ജാഗ്രതയോടെ കാണുന്നതും കുറ്റാരോപിതർക്കു ജാമ്യം അനുവദിക്കുന്നതിൽ നിഷ്കർഷ കാണിക്കുന്നതും. എന്നാൽ, കുറ്റം തെളിഞ്ഞു ശിക്ഷിക്കപ്പെട്ട ആൾ പിന്നെ നിശ്ചിത കാലാവധി വരെ പുറത്തിറങ്ങിക്കൂടാ. കുറ്റം ചെയ്താലുണ്ടാവുന്ന പരിണതിയെക്കുറിച്ച പാഠം കൂടിയാണ് ശിക്ഷ, കുറ്റവാളികൾക്കും സമൂഹത്തിനും. ഇതിനപ്പുറം കുറ്റവാളിയിൽ തന്നെ പശ്ചാത്താപത്തിനും ദുർഗുണനിവാരണത്തിനും അതവസരം ഒരുക്കുകയും വേണം. ഇതെല്ലാം ഉറപ്പുവരുത്തുന്നതാവണം ജയിലിലെ സംവിധാനങ്ങളും ചിട്ടകളും ചട്ടങ്ങളും എല്ലാം.
ഡി.ഐ.ജി വി. വിജയകുമാർ ജയിൽ ഡയറക്ടർ ജനറൽ ബലറാം കുമാർ ഉപാധ്യായക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ജയിൽ സംവിധാനത്തിൽ - നേരത്തേതന്നെ ആരോപിക്കപ്പെട്ടിരുന്ന അതിരാഷ്ട്രീയവത്കരണത്തിനപ്പുറം - പല പോരായ്മകളുമുണ്ട് എന്ന് വിശദമാക്കുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിലും കൃത്യവിലോപവും കെടുകാര്യസ്ഥതയും വേണ്ടത്ര കാണാം. സി.സി ടി.വി ദൃശ്യങ്ങൾ ചോർന്നതടക്കം സുരക്ഷയിൽ വൻവീഴ്ച സംഭവിച്ചു. തടവുപുള്ളികളുടെ സൂക്ഷ്മ നിരീക്ഷണം, ജീവനക്കാരുടെ നിയമനം, ജയിലിലെ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലെല്ലാം കാണാം കുറവുകൾ. പലതും വ്യവസ്ഥയുടെ തലത്തിൽതന്നെ. സർക്കാർ വേണ്ടത്ര ഫണ്ടുകൾ വകയിരുത്തുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നില്ല. തുരുമ്പെടുത്ത അഴികൾ പറിച്ചെടുക്കാൻ വലിയ അധ്വാനമൊന്നുംവേണ്ട. അന്തേവാസികളുടെ പെരുമാറ്റം വീക്ഷിക്കാനും ജാഗ്രത കാണിക്കാനും ആവശ്യത്തിന് അനുപാതത്തിൽ ഉദ്യോഗസ്ഥർ വേണം. എന്നാൽ, കണ്ണൂരിൽ 150 ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ 106 പേർ മാത്രമാണുള്ളതത്രെ. സുരക്ഷ മതിലിൽ ഉണ്ടാവേണ്ട കമ്പിവേലിയുടെയും അവ വൈദ്യുതിവത്കരിക്കുന്നതിന്റെയും കാര്യവും ദയനീയമാണ്. വല്ലതും സംഭവിച്ചോ എന്നു നോക്കാൻ ജയിലിനകത്തും പുറത്തുമുള്ള സി.സി ടി.വി കാമറകളിൽ പലതും പ്രവർത്തിക്കുന്നില്ല. അവ നേരാംവണ്ണം പ്രവർത്തിക്കുകയും നോക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ ഗോവിന്ദച്ചാമിയുടെ ചാട്ടം തടയാമായിരുന്നു.
ഉപകരണങ്ങൾ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നത് ഉറപ്പുവരുത്താൻ മെയിന്‍റനൻസ് കരാറുകൾ ഏർപ്പാട് ചെയ്തില്ലെങ്കിൽ അവസാനം കുറ്റവാസനയുള്ള പുള്ളികൾക്ക് പിടിച്ച കേബിളുകൾ ഷോക്കടിക്കാതെ രക്ഷപ്പെടാൻ തുണയാവുകയേ ഉള്ളൂ. ഫണ്ടുകളുടെ കാര്യമാണെങ്കിൽ, പരിഷ്കരണങ്ങൾക്ക് ബജറ്റിൽ നൂറു കോടി രൂപ ആവശ്യപ്പെട്ടിടത്ത് അനുവദിച്ചത് 20 കോടിയായിരുന്നു. അതിൽതന്നെ പകുതി സാമ്പത്തിക ഞെരുക്കം കാരണം വെട്ടിക്കുറച്ചത്രേ. ജയിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും അന്തേവാസികളുടെ എണ്ണം കൂടുകയും ചെയ്യുമ്പോൾ അവിടെ തുടങ്ങും പ്രശ്നം. 943 അന്തേവാസികളെ പാർപ്പിക്കാൻ ഇടമുള്ളിടത്ത് 1200 പേരാണ് നിലവിലുള്ളത്. അതിസുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിൽ 66 പേർക്ക് പകരം ഇപ്പോൾ നൂറുപേരെയാണത്രെ പാർപ്പിച്ചിരിക്കുന്നത്. ഡി.ഐ.ജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ശിക്ഷാനടപടികൾ ഉണ്ടായേക്കാം. വീഴ്ച വരുത്തിയവരെ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നത് ന്യായം. അതോടൊപ്പം യഥാവിധി ജയിൽ ഭരണം നടത്തുന്നതിനു വേണ്ടതായ ഉപാധികൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്ന ഭരണ സിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും വേണ്ടതായ മുൻഗണനാക്രമം പാലിച്ച് സാമ്പത്തികഞെരുക്കം പരിഹരിക്കേണ്ട രാഷ്ട്രീയനേതൃത്വത്തെയും എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.