Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകലുഷ കാലത്തിന്റെ...

കലുഷ കാലത്തിന്റെ സുവിശേഷം

text_fields
bookmark_border
editorial
cancel

മ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന അത്യന്തം ഹീനമായ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽനിന്ന് ലോകമൊട്ടുക്കുമുള്ള മനുഷ്യസ്നേഹികൾ മുക്തരായിട്ടില്ല. വെടിയൊച്ചകളും മനുഷ്യക്കുരുതികളും വാർത്താ തലക്കെട്ടുകളിൽനിന്ന് അപ്രത്യക്ഷമായ ആശ്വാസത്തിൽ വിനോദസഞ്ചാരികൾ ഭൂമിയിലെ സ്വർഗം എന്ന വിളിപ്പേരുണ്ടായിരുന്ന കശ്മീരിലേക്ക് വീണ്ടുമൊഴുകിത്തുടങ്ങിയ, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ദുരിതംനിറഞ്ഞ സംഘർഷ സാഹചര്യങ്ങളിൽനിന്ന് കര കയറാൻ പ്രദേശവാസികൾ കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പഹൽഗാം കൂട്ടക്കൊല അരങ്ങേറുന്നത്. ‘ഭൂമിയിലെ സ്വർഗ’ത്തിൽ വസിക്കുന്ന മനുഷ്യരുടെ ജീവനും ജീവിതവും എല്ലാ അർഥത്തിലും നരകതുല്യമാക്കാൻ മാത്രം ഉപകരിക്കുന്ന ഇത്തരമൊരു ചെയ്തിക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ കശ്മീരിനെയോ കശ്മീരികളെയോ സ്നേഹിക്കുന്നവർ ആവില്ലെന്ന് ഉറപ്പ്. മണ്ണിലും മനസ്സിലും സമ്പദ് വ്യവസ്ഥയിലും തുടരത്തുടരെ ഏൽപിക്കപ്പെട്ട മുറിവുകൾ ഒന്നൊന്നായി ഉണക്കി ജീവിതം കരുപ്പിടിപ്പിക്കാൻ കശ്മീരി ജനത പണിപ്പെടുന്നതിനിടയിലാണ് ഈ പ്രഹരം വന്നുപതിച്ചത്. രാജ്യത്തിന്റെ അതിർത്തിസുരക്ഷാ സേനയിലും പ്രത്യേക സുരക്ഷാസംഘത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ച സഞ്​ജീവ്​ കൃഷ്​ണൻ സൂദ്​ നിരീക്ഷിച്ചതുപോലെ പഹൽഗാമിൽ നടന്നത് ‘‘കശ്മീരിനും കശ്മീരിക​ളുടെ ആത്മാവിനും നേരെയുള്ള ആക്രമണ’’മാണ്.

സഞ്ചാരികളെ കുതിരസവാരിയിൽ സഹായിച്ചുപോന്ന സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന കശ്മീരി ചെറുപ്പക്കാരൻ ഭീകരരെ ചെറുത്ത് നിരപരാധികളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് കൊല്ല​പ്പെട്ടത്. ഭീകരാക്രമണ ഇരകളുടെ കുടുംബാംഗങ്ങൾക്കും സംഭവത്തെത്തുടർന്ന് യാത്ര മതിയാക്കി മടങ്ങിയവർക്കും കശ്മീരികൾ നൽകിയ നന്മയാർന്ന പിന്തുണയെക്കുറിച്ച് പറഞ്ഞ് മതിയാവുന്നില്ല. ഭീകരരുടെ വെടിയേറ്റു മരിച്ച മലയാളി വയോധികന്റെ മകൾ പറഞ്ഞത് എനിക്കവിടെ രണ്ട് സഹോദരങ്ങളെക്കിട്ടി എന്നാണ്. ബന്ദ് ദിനത്തിന് സമാനമായി കടകമ്പോളങ്ങൾ അടച്ചിട്ടാണ് ശ്രീനഗറിലും പഹൽഗാമിലുമുള്ള കശ്മീരി വ്യാപാരികൾ ഭീകരതയോടുള്ള പ്രതിഷേധവും കൊല്ലപ്പെട്ട ഇരകളോടുള്ള ഐക്യദാർഢ്യവും പ്രകടമാക്കിയത്. അതിനിടയിലും സഞ്ചാരികൾക്ക് കുടിവെള്ളമെത്തിക്കാനും ഇടത്താവളങ്ങളൊരുക്കാനും അവർ ശ്രദ്ധവെച്ചുവെന്നത് കേവലം ആതിഥ്യമര്യാദ മാത്രമല്ല, അവർ ഉയർത്തിപ്പിടിക്കുന്ന ഉന്നത മാനവിക മൂല്യങ്ങളുടെ പ്രതിഫലനംതന്നെയാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഭീകരരുടെ കൊടുംക്രൂരതക്കും അത് മുൻകൂട്ടി കണ്ടെത്തുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചക്കും കശ്മീരി ജനതയെ പ്രതിക്കൂട്ടിലാക്കാനുള്ള നൃശംസനീയ നീക്കം സർക്കാറിന്റെ അടുപ്പക്കാരായ മാധ്യമ-സമൂഹ മാധ്യമ വിചാരണക്കാർ ആദ്യരാത്രിയിൽതന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. ​ഇസ്രായേൽ ഫലസ്തീനിൽ ചെയ്യുന്നതുപോലുള്ള ഓപറേഷനാണ് കശ്മീരിൽ വേണ്ടതെന്ന മട്ടിലാണ് ഈ വിചാരണക്കാരുടെ വിധിത്തീർപ്പ്. അതിന്റെ പ്രത്യാഘാതവും തുടങ്ങിയിരിക്കുന്നു. കശ്മീരി വിദ്യാർഥികളോട് ഉടനടി നാടുവിട്ടുപോകണമെന്ന അന്ത്യശാസനം നൽകിയിരിക്കുകയാണ് ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലെ ഹിന്ദുത്വ തീവ്ര സംഘടനകൾ. ചണ്ഡിഗഢിൽ ഹോസ്റ്റലിലേക്ക് കടന്നുകയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചതുൾപ്പെടെ കുറഞ്ഞത് എട്ട് സംഭവങ്ങളുണ്ടായതായി ചൂണ്ടിക്കാട്ടി ജമ്മു-കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ അധികൃതരെ സമീപിച്ചിട്ടുണ്ട്. കശ്മീരികൾക്കെതിരായ വംശഹത്യ ആഹ്വാനവും ഇസ്‍ലാമോഫോബിയ നിറഞ്ഞ മുദ്രാവാക്യങ്ങളും തെരുവുകളിലും സൈബർ തെരുവുകളിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒരു സമൂഹത്തിനും സമുദായത്തിനുമെതിരെ കരുതിവെച്ചിരിക്കുന്ന വിരോധം ഭീകരതക്കെതിരായ വികാരത്തിന്റെ മറവിൽ ചെലവഴിക്കാനുള്ള ദുഷ്ട ലാക്ക് തിരിച്ചറിയപ്പെടുകയും തുറന്നെതിർക്കപ്പെടുകയും വേണം.

പഹൽഗാം അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ ന്യായമായും ശക്തമായ ഭാഷയിലുള്ള മുന്നറിയിപ്പുകളും സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളും ഇന്ത്യ ആരംഭിച്ചിരിക്കുന്നു. ഷിംല കരാർ മരവിപ്പിക്കാനും ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിക്കാനും വ്യാപാര ബന്ധങ്ങൾ നിർത്തലാക്കാനുമെല്ലാം പാകിസ്താനും തീരുമാനിച്ചിരിക്കുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും കാർഷിക വിളകൾക്ക് വിലയില്ലാത്തതുമെല്ലാംമൂലം ഇതിനകംതന്നെ പ്രതിസന്ധി നേരിടുന്ന ഇരു രാജ്യങ്ങളുടെയും സാമ്പത്തികത്തകർച്ച കൂടുതൽ രൂക്ഷമാക്കാനേ വ്യാപാര ബന്ധങ്ങളിൽനിന്നുള്ള പിന്മാറ്റം ഉപകരിക്കൂ. കശ്മീരിന്റെ മണ്ണിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ഭീകര സംഘങ്ങൾക്ക് നൽകിവരുന്ന പിന്തുണയിൽനിന്നും വിഘടനവാദികളുടെ രക്ഷാകർതൃത്വത്തിൽനിന്നുമാണ് പാകിസ്താൻ പിന്മാറേണ്ടത്. വികാര പ്രകടനങ്ങൾക്കല്ല, വിവേകപൂർണമായ പുനരാലോചനകൾക്കും നടപടികൾക്കും നിർദേശങ്ങൾക്കും വിലകൽപിക്കേണ്ട സമയമാണിത്. മേഖലയിൽ സമാധാനം നിലനിൽക്കുക എന്നത് ലോകത്തിന് അത്രമേൽ പ്രധാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pahalgam Terror Attack
News Summary - madhyamam editorial 25 april 2025 pahalgam terror attack
Next Story