സക്കർബർഗ് പ്രതിക്കൂട്ടിൽ കയറുമ്പോൾ
text_fieldsഇതെഴുതുമ്പോൾ സമൂഹമാധ്യമ ഭീമനായ മെറ്റ (ഫേസ്ബുക്ക് ഉടമ) സി.ഇ.ഒമാർക്ക് സക്കർബർഗ് അമേരിക്കൻ കുത്തക നിയന്ത്രണ സ്ഥാപനമായ ഫെഡറൽ ട്രേഡ് കമീഷൻ (എഫ്.ടി.സി) ഫയൽ ചെയ്ത കേസിൽ വാഷിങ്ടണിലെ കോടതിയിൽ ഹാജരായി കമ്പനിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുകയാണ്. വ്യാപാരചരിത്രത്തിലെ ബ്ലോക്ക്ബസ്റ്റർ കേസ് എന്ന് വിളിക്കപ്പെടുന്ന, തിങ്കളാഴ്ച തുടങ്ങിയ കേസിന്റെ വിചാരണ ജൂലൈ വരെ നീളുമെന്നാണ് അനുമാനം. സാമ്പത്തികമേഖലയിൽ ചില കമ്പനികൾക്കുള്ള മേധാവിത്വം മുതലെടുത്ത് എതിരാളികളെ ഇല്ലാതാക്കുന്നതു തടയാനും, വിപണിയിൽ മത്സരം ഉറപ്പുവരുത്താനുമുള്ള നിയമസംവിധാനങ്ങൾ മിക്ക രാജ്യങ്ങളിലുമുണ്ട്. യൂറോപ്പിൽ യൂറോപ്യൻ കമീഷന്റെ കീഴിലാണത്. ഗൂഗിളിനെ അവർ ഏതാനുംതവണ വിചാരണ ചെയ്യുകയും മേധാവിത്വം നിലനിർത്താൻ നടത്തിയ നടപടികൾക്ക് ഏതാനും ബില്യൺ യൂറോ പിഴവിധിച്ചതും അങ്ങനെയാണ്.
ആറുകൊല്ലം നീണ്ട അന്വേഷണത്തെത്തുടർന്നാണ് അമേരിക്കയിൽ ആൻറി-ട്രസ്റ്റ് നിയമലംഘനമെന്ന് വിളിക്കപ്പെടുന്ന കുറ്റം ‘മെറ്റ’യിൽ ചാർത്തപ്പെട്ടത്. എതിരാളികളെ ഇല്ലാതാക്കാൻ വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ ഫേസ്ബുക്ക് സ്വന്തമാക്കിയതാണ് ആരോപണത്തിന്റെ മർമം. എഫ്.ടി.സിയുടെ വാദങ്ങൾ അംഗീകരിക്കപ്പെട്ടാൽ പിന്നെ ഈ മൂന്നു പ്ലാറ്റുഫോമുകളുടെയും ഉടമയായി മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോംസിനു തുടരാൻ പറ്റില്ല. അപ്പോൾ വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നീ മാധ്യമങ്ങളെ അടർത്തിമാറ്റി അവ വ്യത്യസ്ത ഉടമസ്ഥാവകാശമുള്ള കമ്പനികളായി മാറേണ്ടി വരും. അപ്പോൾ അവയുടെ 1.4 ട്രില്യൺ ഡോളർ എന്ന് കണക്കാക്കപ്പെടുന്ന വാർഷിക പരസ്യവരുമാനത്തിന്റെ കാര്യവും ചോദ്യചിഹ്നമാവും. വിപണിയിൽ പ്രകമ്പനമുണ്ടാക്കിയേക്കാവുന്ന അത്തരമൊരു സംഭവം നടക്കുമോ എന്നാണു രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകർ ഒരുപോലെ ഉറ്റുനോക്കുന്നത്. മെറ്റയെ സംബന്ധിച്ചും ഇതു നിർണായകമാണ്, വിശിഷ്യാ, ഇൻസ്റ്റാഗ്രാമിന്റെ കാര്യത്തിൽ; കാരണം മെറ്റയുടെ പരസ്യവരുമാനത്തിന്റെ പകുതിയോളം ഇൻസ്റ്റഗ്രാമിൽ നിന്നാണത്രേ. തത്സമയ സന്ദേശപ്രസാരണത്തിൽ അതിവേഗം വിപണി കൈയടക്കിയ വാട്സ്ആപ്പിനെ അതു സ്ഥാപിച്ച് അഞ്ചുവർഷത്തിനകം 2014ൽ 19 ബില്യൺ ഡോളറിനു വിലയ്ക്കെടുക്കുകയാണുണ്ടായത്.
സക്കർബർഗിന്റെ പ്രതിരോധ മൊഴിക്ക് മുമ്പുതന്നെ അദ്ദേഹത്തിന്റെ രണ്ടു ഇ-മെയിലുകൾ എഫ്.ടി.സി എടുത്തുദ്ധരിച്ചു. 2012ൽ ഇൻസ്റ്റഗ്രാം സ്വന്തമാക്കുന്നതിനു മുന്നോടിയായി എതിരാളിയാവാൻ സാധ്യതയുള്ള അതിനെ നിർവീര്യമാക്കണമെന്നും 2014ൽ വാട്സ്ആപ് വിലയ്ക്കെടുക്കും മുമ്പ് തങ്ങൾക്ക് ഈ ആപ് വലിയ അപകടമാണെന്നുമാണ് ആ മെയിലുകളിലുള്ളത്. അവയോട് മത്സരിക്കുന്നതിനു പകരം അവയെ വിലയ്ക്കെടുക്കാനാണ് അന്ന് ഫേസ് ബുക്ക് തീരുമാനിച്ചതെന്നാണ് എഫ്.ടി.സി വാദം. എന്നാൽ, അവയെ വളർത്താനും ഒപ്പം വളരാനുമാണ് തങ്ങളുദ്ദേശിച്ചതെന്നാണ് മെറ്റയുടെ പക്ഷം. തങ്ങൾ കുത്തക ശക്തികൊണ്ട് ഒന്നും കാശിനു വിൽക്കുന്നില്ലെന്നും മിക്ക ആപ്പുകളും സൗജന്യമാണെന്നും വ്യക്തിബന്ധങ്ങളുടെ ശൃംഖല എന്നതിൽ നിന്നും സമൂഹമാധ്യമമായി വികസിച്ചത് ഒരു വ്യവസായത്തിന്റെ സ്വാഭാവികപരിണാമമാണെന്നും മെറ്റയുടെ അഭിഭാഷകൻ മാർക് ഹാൻസെൻ വാദിച്ചു. ദിവസങ്ങളും ആഴ്ചകളും നീങ്ങുന്നതനുസരിച്ച് കൂടുതൽ വിശദാംശങ്ങളിലേക്കും സങ്കീർണതകളിലേക്കുമുള്ള കേസിന്റെ പോക്കും തീർപ്പും കാത്തിരുന്നു കാണണം.
എന്നാൽ, സാമ്പത്തിക കുത്തക മാത്രമല്ല ആശയമാധ്യമ കുത്തക കൂടിയായ ഈ ‘ബിഗ് ടെക്’ കമ്പനിയുമായി ഏറ്റുമുട്ടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോടെയാണോ ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്നതാണ് ഉയരുന്ന ചോദ്യം-വിശിഷ്യാ സക്കർബർഗ് ട്രംപ് അനുകൂലിയാണ് എന്നിരിക്കെ. ട്രംപിന്റെ രണ്ടാമൂഴം ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥികളിൽ സക്കർബർഗും ഉണ്ടായിരുന്നു. ഒരു ദശലക്ഷം ഡോളർ സംഭാവന അദ്ദേഹം നൽകിയതും വാർത്തയായിരുന്നു. ഒരു ഘട്ടത്തിൽ 450 മില്യൺ ഡോളർ അടച്ചും പിന്നീട് അത് ഒരു ബില്യൺ ഡോളറായി ഉയർത്തിയും കേസ് അവസാനിപ്പിക്കാൻ സക്കർബർഗ് ശ്രമിച്ചിരുന്നു എന്ന ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ടും ശ്രദ്ധേയമാണ്.
കുത്തകകൾ എന്നും ദൂഷ്യങ്ങൾ വരുത്താനാണ് കൂടുതൽ സാധ്യത-അവ കൂടുതൽ ഉത്തരവാദിത്വത്തിൽ പ്രവർത്തിക്കുമെന്നൊക്കെ ന്യായീകരിക്കപ്പെടുമെങ്കിലും. വ്യാപാര മേഖലയിൽ അത് നടക്കുമ്പോൾ തന്നെ, മെറ്റയെപ്പോലെ ആശയ പ്രസാരണരംഗത്ത് നിർണായക പങ്കുള്ള ഒരു സ്ഥാപനത്തിനു ജനങ്ങളുടെ അഭിപ്രായസൃഷ്ടിപ്പിലും ബോധവത്കരണത്തിലുമുള്ള അമിതസ്വാധീനം ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. അച്ചടി മാധ്യമങ്ങൾക്ക് സംഭവിക്കുന്ന സ്വാധീനശോഷണത്തിന്റെ ഘട്ടത്തിൽ ഇന്ന് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ, അതിൽതന്നെ സമൂഹമാധ്യമങ്ങളായ മെറ്റ, എക്സ് തുടങ്ങിയവയിലൂടെ, പ്രചരിക്കുന്ന വാർത്തകളും വീക്ഷണങ്ങളും സജീവമായി ശ്രദ്ധിക്കേണ്ട യുഗമാണിന്ന്. വിവിധ രാജ്യങ്ങളിലെ സമൂഹമാധ്യമ നിയമങ്ങൾതന്നെ അവയിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന അവസ്ഥയുണ്ട്. അവയിൽ ഭരണകൂടങ്ങളുടെ താൽപര്യങ്ങളും ജനങ്ങളുടെ സദാചാര, ധാർമികപരിഗണനകളും പ്രതിഫലിക്കുന്നവയുമുണ്ടാവും. അത്തരം തർക്കങ്ങൾ ഇന്നും തുടരുന്നു. പക്ഷേ, പലപ്പോഴും ഭരണകൂടങ്ങളുടെ നെറ്റിചുളിയേണ്ട എന്ന് കരുതി മാത്രം പക്ഷപാതപരമായി ഉള്ളടക്കം എടുത്തുമാറ്റുകയോ തടയുകയോ ചെയ്യുന്ന പ്രവണതകൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. അവിടെ കുത്തകമേധാവിത്വം കൂടി വന്നാൽ എതിർശബ്ദങ്ങൾക്കും എസ്റ്റാബ്ലിഷ്മെന്റിനു രസിക്കാത്ത സത്യങ്ങൾക്കും ഇടമില്ലാതാവും. ഇതു തടയണമെങ്കിൽ മെറ്റ സ്വന്തമാക്കിയ ഉപസ്ഥാപനങ്ങൾ മാത്രം സ്വതന്ത്രമായാൽ പോരാ, മെറ്റക്ക് തുല്യമായ സമാന്തര അസ്തിത്വങ്ങൾക്കുതന്നെ വളരാൻ സാഹചര്യമൊരുങ്ങണം. ആ അർഥത്തിലും കുത്തകകൾ ഇല്ലാതാവുന്നത് എന്തുകൊണ്ടും അഭിലഷണീയമേയാവൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.