തെരുവുനായ് നിയന്ത്രണവും സുപ്രീംകോടതി ഇടപെടലും
text_fieldsരാഷ്ട്ര തലസ്ഥാനമായ ന്യൂഡൽഹിയിൽ തെരുവുനായ് ശല്യം അതിരൂക്ഷമായപ്പോൾ, ഒടുവിൽ സുപ്രീംകോടതിക്കുതന്നെ നേരിട്ട് ഇടപെടേണ്ടിവന്നു. ആറുമാസത്തിനിടെ 40,000 പേർക്കാണ് ഡൽഹിയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത്; റിപ്പോർട്ട് ചെയ്യപ്പെട്ട 60ലധികം പേ വിഷബാധ കേസുകളിൽ പലതും മരണത്തിൽ കലാശിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് പരമോന്നത നീതിപീഠം വിഷയത്തിൽ ഇടപെട്ടത്. ഒരു നഗരത്തിന് താങ്ങാവുന്നതിനപ്പുറമാണ് അവിടെ തെരുവുനായ്ക്കളുടെ എണ്ണമെന്ന് വിലയിരുത്തിയ സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് രണ്ടുമാസത്തിനുള്ളിൽ തലസ്ഥാനത്തെ മുഴുവൻ തെരുവുനായ്ക്കളെയും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടു. നായ്ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാൽ, ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നതടക്കം സുപ്രധാനമായ ഒട്ടേറെ ഇടപെടലുകൾ ഈ വിധിയിലൂടെ കോടതി നടത്തിയിട്ടുണ്ട്. വിധി പ്രസ്താവത്തിനിടെ, ജസ്റ്റിസ് പർദിവാലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘ഇത് പൊതുജന നന്മ മുൻനിർത്തിയുള്ളതാണ്. ഇതിൽ മറ്റു വികാരങ്ങൾക്ക് പ്രസക്തിയില്ല. എത്രയുംപെട്ടെന്ന് നിർദേശങ്ങൾ നടപ്പാക്കുക; അതുവരെയും നിയമങ്ങൾ മറന്നേക്കുക. തെരുവുകൾ പൂർണമായും തെരുവുനായ് മുക്തമാക്കുകയാണ് ലക്ഷ്യം. പേ വിഷബാധയേറ്റ് മരിച്ചുപോയവരെ ആർക്കാണ് തിരിച്ചുനൽകാൻ കഴിയുക?’’ തെരുവുനായ് നിയന്ത്രണം സംബന്ധിച്ച നമ്മുടെ നിയമ സംവിധാനത്തിന്റെ പോരായ്മയിലേക്കും പ്രശ്നപരിഹാരത്തിന്റെ സങ്കീർണതകളിലേക്കും ഒരുപോലെ വിരൽചൂണ്ടുന്നതാണ് ഈ വാക്കുകൾ. അതുകൊണ്ടുതന്നെ, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഈ വിധിയിൽ ഒരുപാട് പാഠങ്ങളുണ്ട്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി തെരുവുനായ് ആക്രമണം മാറിയിട്ടുണ്ട്. അക്ഷരാർഥത്തിൽതന്നെ, നമ്മുടെ തെരുവുകൾ നായ്ക്കൾ കൈയടക്കിയിരിക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. പാർക്കുകളിലും ആശുപത്രികളിലും കടൽത്തീരങ്ങളിലും മുതൽ വീട്ടുമുറ്റത്തുവരെ ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യുന്ന തരത്തിൽ തെരുവുനായ്ക്കൾ മാറിയിരിക്കുന്നു. പാർലമെന്റ് രേഖകൾ അനുസരിച്ച്, 2024ൽ 37 ലക്ഷത്തിലധികം ആളുകൾക്ക് തെരുനായുടെ കടിയേറ്റു. മുൻവർഷത്തേക്കാൾ അഞ്ച് ലക്ഷം കൂടുതലാണിത്. തെരുവുനായുടെ കടിയേറ്റതിന്റെ ഫലമായി 54 പേ വിഷബാധ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെരുവുനായ് ആക്രമണവുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങളിൽ മൂവായിരത്തിലധികം ആളുകൾ വേറെയും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇതര നഗരങ്ങളെ അപേക്ഷിച്ച് ന്യൂഡൽഹിയിൽ തെരുവുനായ് ആക്രമണം കൂടുതലാണെന്നാണ് കണക്കുകൾ; 2024ൽ, ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മാത്രം തെരുവുനായ് ആക്രമണത്തെ തുടർന്ന് പ്രവേശിപ്പിക്കപ്പെട്ടത് ലക്ഷത്തിലധികം ആളുകളെയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 2024ൽ, കേരളത്തിൽ നായ് കടിയേറ്റത് 3.17 ലക്ഷം പേർക്കാണ്; പേ വിഷബാധ മരണങ്ങൾ 26ഉം. ഈ വർഷം ഏഴുമാസം പിന്നിട്ടപ്പോഴേക്കും പേ വിഷബാധ മരണങ്ങൾ 21 ആയിരിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഓരോ വർഷവും തെരുവുനായ് ആക്രമണ സംഭവങ്ങളും മരണങ്ങളും കൂടിക്കൂടി വരുകയാണ്. 10 വർഷം മുമ്പ് ഒന്നേകാൽ ലക്ഷം പേർക്ക് കടിയേൽക്കുകയും അഞ്ച് പേ വിഷബാധ മരണങ്ങൾ സംഭവിക്കുകയും ചെയ്തിടത്താണിപ്പോൾ ആക്രമണ സംഭവങ്ങൾ ഇരട്ടിയിലധികമായിരിക്കുന്നത്; മരണവും അഞ്ച് മടങ്ങ് വർധിച്ചു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും ഇതുതന്നെയാണ് അവസ്ഥ. ഭീതിദമാണ് അവസ്ഥയെന്ന് ചുരുക്കം. 2019ലെ ഡോഗ് സെൻസസ് പ്രകാരം, ഇന്ത്യയിൽ അഞ്ച് കോടിയിൽ പരം തെരുവുനായ്ക്കളുണ്ട്; 30 ലക്ഷം നായ്ക്കൾ വിവിധ ഷെൽട്ടറുകളിലുമുണ്ട്. സ്വാഭാവിക പ്രകൃതിയിൽ നമ്മുടെ തെരുവുകളിൽ ആവശ്യമുള്ളതിനേക്കാളും കൂടുതലാണിതെന്ന് ആർക്കും നിസ്സംശയം ബോധ്യപ്പെടും. അപ്പോൾ, തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക എന്നതുതന്നെയാണ് പരിഹാരം. നായ്ക്കളെ കൊന്നൊടുക്കുക, കൂട്ടവന്ധ്യംകരണം, ഷെൽട്ടറുകളിലേക്ക് മാറ്റൽ തുടങ്ങിയ പരിഹാര നിർദേശങ്ങൾ പലഘട്ടങ്ങളിൽ ഉയർന്നുകേട്ടുവെങ്കിലും പ്രായോഗികവഴികളിൽ പലതരം തടസ്സങ്ങൾ നേരിടുന്നതും അനാവശ്യമായ വിവാദങ്ങളിലേക്ക് കാര്യങ്ങൾ പോകുന്നതുമാണ് അനുഭവം.
ഈ തർക്കങ്ങളിൽ ചില കാര്യങ്ങൾ ബോധപൂർവംതന്നെ വിസ്മരിക്കേണ്ടിവരുമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് സുപ്രീംകോടതി വിധി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിലവിലെ നിയമങ്ങളുടെ ദൗർബല്യംതന്നെയാണ്. ആനിമൽ ബർത്ത് കൺട്രോൾ നിയമത്തിലെ (എ.ബി.സി റൂൾ) ചട്ടങ്ങൾ തെരുവുനായ് നിയന്ത്രണത്തിന് പര്യാപ്തമല്ല എന്ന് ഈ വിധിന്യായം അടിവരയിടുന്നു. തെരുവുപട്ടിയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം നടത്തി ആറുദിവസം ശുശ്രൂഷിച്ച് തിരിച്ച് അതേസ്ഥലത്തുതന്നെ കൊണ്ടുചെന്നുവിടണം എന്ന എ.ബി.സി ചട്ടത്തിലെ വ്യവസ്ഥയെ അസംബന്ധം എന്നാണ് സുപ്രീംകോടതി ബെഞ്ച് വിശേഷിപ്പിച്ചത്. വന്ധ്യംകരണം ഒരു പരിഹാരമായി നിർദേശിക്കുന്നതിനോടും കോടതി വിയോജിക്കുന്നുണ്ട്. വന്ധ്യംകരണം നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനേ ഉപകരിക്കൂ; ആക്രമണം കുറക്കാനാവില്ല. മൃഗക്ഷേമ സംഘടനകളെയും കോടതി അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. മനുഷ്യജീവന് വിലകൽപിക്കാതെ, മൃഗക്ഷേമം മാത്രം മുദ്രാവാക്യമാകുന്നതിന്റെ യുക്തി ചോദ്യംചെയ്ത കോടതി, അത്തരം സംഘടനകൾക്ക് ശക്തമായ താക്കീതും നൽകി. ഈയർഥത്തിൽ തെരുവുനായ് വിഷയത്തിൽ കൃത്യമായൊരു ഇടപെടൽ നടത്തിയപ്പോഴും, കോടതിയുടെ പരിഹാര നിർദേശം എത്രകണ്ട് പ്രായോഗികമാണെന്ന ചോദ്യം ബാക്കിയാണ്. ഒന്നാമത്, ലക്ഷക്കണക്കിന് വരുന്ന തെരവുനായ്ക്കളെ എട്ടാഴ്ചകൊണ്ട് ഷെൽട്ടറുകളിലേക്ക് മാറ്റുക എളുപ്പമല്ല; എന്നല്ല, ഷെൽട്ടറുകളിലേക്കെത്തിക്കുന്ന നായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും വ്യക്തതയില്ല.
അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ കോടതിവിധിയിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. കേരളംപോലെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ഷെൽട്ടറുകൾ ഒരു പരിഹാരമായി നേരത്തേതന്നെ നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവിടെയും പ്രായോഗിക തടസ്സങ്ങളുണ്ട്. ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് എ.ബി.സി സെന്ററുകൾപോലും സ്ഥാപിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല എന്നിരിക്കെ നൂറുകണക്കിന് നായ്ക്കളെ പാർപ്പിക്കുന്ന ഷെൽട്ടറുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇവിടെ നാട്ടുകാരെ പൂർണമായി കുറ്റപ്പെടുത്താനും കഴിയില്ല. ഇത്തരം കേന്ദ്രങ്ങൾ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കലും പരിഹാരമല്ല. ചുരുക്കത്തിൽ, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കൂടുതൽ സമഗ്രവും ഫലപ്രദവുമായ പരിഹാര നിർദേശങ്ങൾ ഇനിയും ഉയർന്നുവരേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.