ഈ ചർച്ച മഴയവധിയിൽ ഒതുക്കരുത്
text_fieldsസംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽനിന്ന് മാറ്റുന്നതിനെക്കുറിച്ച പൊതുചർച്ചക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞദിവസം, വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തന്നെയാണ് വാർത്തസമ്മേളനത്തിലൂടെയും തുടർന്ന് സോഷ്യൽ മീഡിയയിലൂടെയും ഇക്കാര്യം പ്രഖ്യാപിച്ചത്. കാലങ്ങളായി തുടരുന്ന മധ്യവേനലവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റി മഴയവധിയാക്കുന്നതിനെക്കുറിച്ച അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് വിദ്യാഭ്യാസവകുപ്പ് ആരായുന്നത്. ഇങ്ങനെയൊരു ആലോചനയുടെ കാരണം വ്യക്തം: ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിൽ കനത്ത ചൂടാണ്. ഇത് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയുമെല്ലാം ബാധിക്കുന്നുണ്ട്. ഈ വസ്തുത നിലനിൽക്കെത്തന്നെ, അതിനേക്കാൾ ഭീതിദമായ അവസ്ഥയാണ് ജൂൺ, ജൂലൈ മാസങ്ങളിലുള്ളത്. കനത്ത മഴ കാരണം പലപ്പോഴും സ്കൂളുകൾക്ക് അവധി നൽകേണ്ടിവരുന്നു; മഴയപകടങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ, മൺസൂണിലെ ആദ്യ രണ്ട് മാസങ്ങൾ പൂർണമായും അവധി നൽകിക്കൂടെ എന്നാണ് ചോദ്യം.
അതല്ലെങ്കിൽ, മേയ്-ജൂൺ മാസങ്ങളിലായി വേനൽ-മഴ അവധി എന്ന ആലോചനയും വിദ്യാഭ്യാസ വകുപ്പിന് മുന്നിലുണ്ട്. ഇക്കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് എന്തു പറയാനുണ്ട് എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് അറിയേണ്ടത്. ഈ ചർച്ചയെ മുൻനിർത്തി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മഴയവധി നടപ്പിലാക്കുക എന്നത് ലളിതമായ കാര്യമല്ല. പൊതുജനങ്ങളെയും സർവിസ് സംഘടനകളെയുമെല്ലാം വിശ്വാസത്തിലെടുത്ത് മാത്രമേ ഓരോ ചുവടും മുന്നോട്ടുവെക്കാനാവൂ. ഇപ്പോൾതന്നെ പ്രതിപക്ഷ അധ്യാപക സംഘടന ഈ ആലോചനയോടുള്ള വിമർശനം ഉന്നയിച്ചുകഴിഞ്ഞു. ജൂൺ, ജൂലൈ മാസത്തിലേക്ക് അവധി മാറ്റിയാൽ തന്നെയും മന്ത്രി ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമോ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തുന്നതടക്കം സാങ്കേതികമായ ഒട്ടേറെ കടമ്പകളും കടന്നുവേണം വേനലവധിയിൽനിന്ന് മഴയവധിയിലേക്കുള്ള മാറ്റം സാധ്യമാക്കാൻ. അതെന്തായാലും, ഒരു കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ചേ മതിയാകൂ: കാതലായൊരു മാറ്റത്തിന് ശ്രമിക്കുമ്പോൾ അത് ഏകപക്ഷീയമായ വിജ്ഞാപനങ്ങളിലൂടെ അടിച്ചേൽപിക്കാതെ ജനകീയ ചർച്ചയിലേക്ക് കൊണ്ടുവന്നു എന്നത് ജനാധിപത്യ സംവിധാനത്തിലെ മൂല്യവത്തായ മാതൃകയാണ്.
വാസ്തവത്തിൽ, സ്കൂൾ അവധിമാറ്റത്തെക്കുറിച്ച ചർച്ച പുതിയതല്ല; കേരളത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യക്ഷ സൂചനകൾ കണ്ടുതുടങ്ങിയസമയംതൊട്ടേ ഈ ചർച്ച തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിന്റെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടായി. പരമ്പരാഗത പഞ്ചാംഗങ്ങളെയെല്ലാം അപ്രസക്തമാക്കുംവിധം അപ്രവചനീയമായ കാലാവസ്ഥാ പ്രതിഭാസത്തിനാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലിപ്പോൾ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ താപനിലയാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെ ഉയർന്നപ്പോൾ സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗവും റിപ്പോർട്ട് ചെയ്തു. ഈ കൊടുംചൂടിൽ സ്കൂൾ എങ്ങനെ പ്രവർത്തിപ്പിക്കും? അത്തരത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുംവിധമുള്ള ക്ലാസ് മുറികളാണോ നമുക്കുള്ളത്? അപ്പോൾ വേനലവധി മാറ്റുന്നതിൽ ചില പ്രായോഗിക തടസ്സങ്ങളുണ്ട്.
ഇനി മഴയവധിയിലേക്ക് കൊണ്ടുവന്നാലും പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ 25 വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിൽ മഴ കുറവാണ്. ഈ മഴക്കുറവ് പരിഹരിക്കപ്പെടുന്നത് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കനത്ത മഴയിലൂടെയാണ്. മൊത്തം മൺസൂൺ മഴയുടെ അളവിൽ കുറവുവരുന്നില്ലെങ്കിലും വർഷപാത വിതരണത്തിലെ ഈ അസന്തുലിതത്വമാണ് കേരളത്തിൽ പ്രളയത്തിന്റെ മുഖ്യകാരണം. കഴിഞ്ഞ ഏഴുവർഷത്തിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത പ്രളയങ്ങളും ഉരുൾപൊട്ടലുകളുമെല്ലാം ജൂലൈ അവസാന വാരത്തിനുശേഷമാണ്. ഈ സാഹചര്യത്തിൽ, മഴയവധിയും പരിഹാരമാകുന്നില്ല. വേനൽ-മഴ അവധിയിലും ഇതേ സങ്കീർണതകൾ കാണാം. ഉഷ്ണതരംഗങ്ങളും വർഷപാതവും കേരളത്തിൽ കൃത്യമായ സമയങ്ങളിലല്ല എന്നതാണ് പ്രശ്നം. പിന്നെയുള്ളത്, സിംഗപ്പൂരിലും മറ്റും നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിധത്തിൽ വർഷത്തിൽ രണ്ടുതവണയായി ഓരോ മാസം വീതം അവധി നൽകുന്ന രീതിയാണ്. കാലാവസ്ഥയെ മുൻനിർത്തിയാണ് കേരളത്തിൽ ഈ രീതി പരീക്ഷിക്കുന്നതെങ്കിൽ അവിടെയും മേൽസൂചിപ്പിച്ച സങ്കീർണതകൾ അവശേഷിക്കും. അവധിമാറ്റമെന്നത് നിസ്സാരകാര്യമല്ലെന്ന് ചുരുക്കം.
ഇതത്രയും വ്യക്തമാക്കുന്നത്, കേരളത്തിന്റെ മാറിയ കാലാവസ്ഥ ജനജീവിതത്തെ എത്രമേൽ ബാധിച്ചിരിക്കുന്നുവെന്ന യാഥാർഥ്യമാണ്. ഇത് കേരളത്തിന്റെ മാത്രം പ്രശ്നവുമല്ല. ആഗോളതലത്തിൽതന്നെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന പുതിയൊരു പ്രതിസന്ധിയാണ്; മാനവരാശിയുടെ അതിജീവനത്തിനായി പ്രഥമമായി മറികടക്കേണ്ട പ്രതിസന്ധി. നോക്കു, കേവലമൊരു അവധിമാറ്റംതന്നെയും ഇത്രയും സങ്കീർണമെങ്കിൽ ഇതര മേഖലകളിൽ അത് എത്രമാത്രം ആഘാതം സൃഷ്ടിച്ചിരിക്കും. വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്ന ചർച്ച കേവലം അവധി മാറ്റത്തിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതല്ല; അത് മാറിയ കാലാവസ്ഥയെ അതിജീവിക്കാനായി നമ്മുടെ മൊത്തം സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുകൂടി ആലോചനാവിധേയമാക്കേണ്ട അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്.
രണ്ടു നൂറ്റാണ്ട് മുമ്പ് തിട്ടപ്പെടുത്തിയ ഞാറ്റുവേലകളെ മുൻനിർത്തി നമുക്ക് ഇനിയൊരു കാർഷികരീതി സാധ്യമാകില്ല; കാലാവസ്ഥ മാറ്റം പ്രകടമായ സാഹചര്യത്തിൽ കൃഷിയും കച്ചവടവും വ്യവസായവുമെല്ലാം പുതിയ തലങ്ങളിലേക്ക് മാറേണ്ടിവരും. നമ്മുടെ നിർമിതികളുടെ കാര്യത്തിലും മാറ്റങ്ങൾ അനിവാര്യമാണ്. സ്കൂൾ അവധിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നവർ നമ്മുടെ സ്കൂൾ കെട്ടിടങ്ങൾ പുതിയ കാലാവസ്ഥക്ക് യോജിച്ചതാണോ എന്നും ചിന്തിക്കണം. ഇത്തരത്തിൽ ബഹുമുഖ സ്പർശിയായൊരു വിഷയമാണ് കാലാവസ്ഥാ മാറ്റം. അതിനെ കേവലം അവധി മാറ്റത്തിന്റെ വിഷയമായി മാത്രം ചുരുക്കുന്നതിനുപകരം, കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. നമ്മുടെ ആരോഗ്യ നയം പോലും ഈയർഥത്തിൽ മാറേണ്ടതുണ്ട്. 2024ലെ ബജറ്റിൽ ഇതുസംബന്ധിച്ച ചില പ്രഖ്യാപനങ്ങളിലൂടെ ചെറിയൊരു ചുവടുവെപ്പ് സർക്കാർ നടത്തിയെങ്കിലും അതിന് തുടർച്ചയുണ്ടായില്ല. പുതിയ ചർച്ചയുടെ പശ്ചാത്തലത്തിലെങ്കിലും ഇക്കാര്യത്തിലൊരു പുനരാലോചനയുണ്ടാകേണ്ടതുണ്ട്. കാലാവസ്ഥ മാറ്റത്തെ മുൻനിർത്തി പുതിയൊരു കേരള മോഡൽ നിർമിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.