അംബേദ്കറെ പിഴുതെറിയാൻ വ്യാമോഹിക്കുന്നവർ
text_fieldsഅനീതികൾക്കും അസമത്വത്തിനുമെതിരെ അനുനയപ്പെടാൻ കൂട്ടാക്കാതെ പൊരുതിയ ഭരണഘടനാ ശിൽപി ബാബാ സാഹേബ് അംബേദ്കറുടെ 134ാം ജന്മദിനം കഴിഞ്ഞ 14ന് രാജ്യത്തിനകത്തും ഐക്യരാഷ്ട്ര സഭയിലുമുൾപ്പെടെ ആഘോഷിക്കവെ ഉത്തർപ്രദേശിലെ ഒരുകൂട്ടം പൊലീസധികാരികൾ ഒരു പ്രത്യേകതരം കർസേവയിലായിരുന്നു. ഡോ.അംബേദ്കറുടെ സ്മരണയുണർത്തുന്ന പ്രതിമകളും സ്തൂപങ്ങളും പിഴുതു മാറ്റാൻ ഈ മാസം ആദ്യവാരംതന്നെ അവർ ഇറങ്ങിത്തിരിച്ചിരുന്നു.
അധികാരികളുടെ അനുമതി വാങ്ങാതെയാണ് ലഖ്നോവിലെ ഖാന്താരി ഗ്രാമത്തിൽ ദലിത് സമൂഹം അംബേദ്കർ പ്രതിമ സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയ നിയമ ലംഘനം. പൊലീസ് സംഘം സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെയും കൂട്ടിവന്ന് പ്രതിമ പൊളിക്കാൻ ഒരുമ്പെട്ടെങ്കിലും ജനം ശക്തമായി പ്രതിരോധിച്ചു. ലാത്തിയും കണ്ണീർ വാതകവും പ്രയോഗിച്ചെങ്കിലും ജയ് ഭീം വിളികളുമായി അവർ പ്രതിമക്ക് വലയം തീർത്തതോടെ ഉദ്യോഗസ്ഥ സംഘത്തിന് മടങ്ങിപ്പോകേണ്ടി വന്നു.
പ്രതിമ സ്ഥാപിക്കാൻ ഔദ്യോഗികമായി അനുമതി ലഭിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, ഇന്നോ ഇന്നലെയോ അല്ല, ഗ്രാമസഭയും പ്രാദേശിക ഭൂവിനിയോഗ സമിതിയും ഒറ്റക്കെട്ടായി അംഗീകരിച്ച അംബേദ്കർ പ്രതിമ പദ്ധതിക്ക് അനുമതി തേടി ഏതാണ്ട് മൂന്നു വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു ഖാന്താരിയിലെ ദലിതുകൾ. ഇത്ര കാത്തിരുന്നിട്ടും മറുപടിയൊന്നും ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിക്കലുമായി അവർ മുന്നോട്ടു പോയത്. അതോടെ ഭരണകൂടം സടകുടഞ്ഞെണീറ്റു, നിയമവും നടപടിക്രമങ്ങളും പറയാനും നടപ്പാക്കാനും തുടങ്ങി.
ഖാന്താരിയിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അംബേദ്കർ ജയന്തി ദിനത്തിൽ അനാച്ഛാദനം ചെയ്യുന്നതിനായി ഝാൻസി ജില്ലയിലെ ജർബോ ഗ്രാമത്തിൽ ദലിത് ജനങ്ങൾ അര ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച പ്രതിമ 12ന് രായ്ക്ക് രാമാനം പൊലീസും റവന്യൂ അധികാരികളുമെത്തി നീക്കം ചെയ്തു. ദലിതുകൾക്കെതിരെ കേസുമെടുത്തു. അനുമതിയില്ലാതെ പ്രതിമ സ്ഥാപിച്ചു, സർക്കാർ ഉടമസ്ഥതയിലുള്ള പൊതുസ്ഥലത്ത് പ്രതിമ സ്ഥാപിച്ചു എന്നീ ആരോപണങ്ങൾ മനസ്സിലാക്കാം; അധികാരികളിൽനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളുടെയും സമ്മതത്തോടെ ഗ്രാമവാസികൾ ഒറ്റക്കെട്ടായാണ് പ്രതിമ സ്ഥാപിച്ചതെന്നും ദലിത് സമുദായാംഗമായ ഗ്രാമമുഖ്യ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയുമുണ്ടായി. എന്നാൽ, പൊലീസ് ചുമത്തിയിരിക്കുന്ന കേസും വകുപ്പുകളും അറിയുമ്പോളാണ് ഭരണകൂടത്തിന്റെ ഉള്ളിലിരിപ്പും ജാതിഭീകരതയുടെ ആധിക്യവും വെളിപ്പെടുന്നത്. അംബേദ്കർ പ്രതിമ സ്ഥാപിച്ച് വിവിധ ജാതി-വിഭാഗങ്ങൾക്കിടയിൽ ശത്രുതയും സാമൂഹിക സൗഹാർദത്തിന് ഭീഷണിയും സൃഷ്ടിച്ചു എന്നാണ് യോഗിയുടെ വർഗീയ-ജാതീയ പൊലീസ് ചമക്കുന്ന ആഖ്യാനം. ഭരണഘടനാ ശിൽപിയുടെ പ്രതിമ കണ്ടാൽ ശത്രുത തോന്നുന്നവരെയല്ലേ ചികിത്സിക്കേണ്ടത്?
സീതാപൂരിൽ സ്ഥാപിച്ച അംബേദ്കറുടെയും ബുദ്ധ ഭഗവാന്റെയും പ്രതിമകൾ നീക്കണമെന്ന സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ അന്ത്യശാസനം ജനങ്ങൾ അംഗീകരിച്ചില്ലെന്നതിനാൽ മൂന്ന് സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാരുടെ അകമ്പടിയിൽ ഭരണകൂടം അവ ഇളക്കി മാറ്റി. പ്രതിഷേധവുമായി മുന്നോട്ടുവന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ദലിത് സമൂഹത്തിന് നേരെ ബലപ്രയോഗം നടത്തി, കൊലപാതകത്തിന് ശ്രമിച്ചുവെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നുമെല്ലാമുള്ള കുറ്റങ്ങൾ ചാർത്തി അവർക്കെതിരെ കേസുമെടുത്തു.
പ്രതിമ സ്ഥാപിക്കൽ നാം കരുതുന്നത്ര എളുപ്പമുള്ള സംഗതിയല്ല. വിശുദ്ധരുടെയും മഹാവ്യക്തികളുടെയും പ്രതിമകൾ അധികാരികളുടെ അനുമതി കൂടാതെ സ്വകാര്യ ഭൂമിയിൽ പോലും സ്ഥാപിക്കരുത് എന്നാണ് 2008ലെ ഒരു സർക്കാർ ഉത്തരവ്. പൊതുവഴികളിലും നടപ്പാതകളിലും മറ്റും പ്രതിമകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകരുതെന്ന് 2013ൽ സുപ്രീംകോടതിയും സർക്കാറുകളോട് നിർദേശിച്ചിട്ടുണ്ട്- പക്ഷേ, പ്രതിമ അംബേദ്കറുടെതാകുമ്പോൾ മാത്രം അതു നടപ്പാക്കാൻ യു.പി ഭരണകൂടം പ്രത്യേക ശുഷ്കാന്തി പുലർത്തുന്നതിനു പിന്നിലെ താൽപര്യം വേറെയാണ്. കാവിക്കൂട്ടങ്ങൾ കെട്ടുന്ന ഹിന്ദുത്വ-ജാതിയാധിപത്യ രാഷ്ട്ര മനക്കോട്ടകൾക്ക് നിരന്തരം വിഘാതം തീർത്തുകൊണ്ടിരിക്കുന്ന ബാബാ സാഹേബിന്റെ ഓർമകൾ അവരെ അത്രമാത്രം ഭയപ്പെടുത്തുന്നുണ്ട്.
രാജ്യം ഭരണഘടന അംഗീകരിച്ചതിെൻറ 75ാം വാർഷിക സ്മരണ പുതുക്കാൻ പാർലമെൻറിൽ നടന്ന പ്രത്യേക ഭരണഘടനാ ചർച്ചയുടെ സമാപന പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പരാമർശങ്ങൾ മറക്കാറായിട്ടില്ല. ‘‘അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായിരിക്കുന്നു, ഇത്രയും വട്ടം ഭഗവാന്റെ നാമം ഉരുവിട്ടിരുന്നുവെങ്കിൽ സ്വർഗം ലഭിക്കുമായിരുന്നു’’ എന്നാണ് അമിത് ഷാ നടത്തിയ നിന്ദാ പരാമർശം. എങ്കിലെന്ത് ഇപ്പോളുമെപ്പോളും മത നിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിനായുള്ള ഓരോ ചർച്ചയിലും കൂട്ടായ്മകളിലും ആ നാമം പേർത്തും പേർത്തും ഉരുവിടപ്പെടുന്നു. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവത്കരണത്തിനെതിരായ പോരാട്ടത്തിലെന്ന പോലെ, പൗരത്വ വിവേചനത്തിനെതിരായ ബഹുജന പ്രക്ഷോഭത്തിലെന്നപോലെ, വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായി രാജ്യമൊട്ടുക്ക് നടക്കാനിരിക്കുന്ന മുന്നേറ്റങ്ങളിലും ഉയർന്നു നിൽക്കുക നീലക്കോട്ടണിഞ്ഞ് പുഞ്ചിരിച്ചു നിൽക്കുന്ന ഡോ. അംബേദ്കറും അദ്ദേഹം അണിയിച്ചൊരുക്കിയ ഭരണഘടനയുമായിരിക്കും. സാമൂഹിക നീതിക്കായുള്ള ഓരോ തേട്ടത്തിലും ഈ നാമം മുഴങ്ങിക്കൊണ്ടേയിരിക്കും. അധികാര ഗർവിന്റെ ബലത്തിൽ പ്രതിമകൾ ഇളക്കിമാറ്റാൻ ഹിന്ദുത്വ സർക്കാറിന് സാധിച്ചേക്കാം. യു.പിയിൽ മാത്രമല്ല, വിദ്വേഷ ശക്തികൾക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിലെല്ലാം അതു നടക്കുന്നുമുണ്ട്. പക്ഷേ, ആ ഓർമകളും ആദർശവും പിഴുതുമാറ്റുക എന്നത് വല്ലാത്തൊരു വ്യാമോഹം മാത്രമായി അവശേഷിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.