Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇറാൻ ആണവ ചർച്ച വിജയിക്കുമോ?
cancel

ഇറാനും അമേരിക്കയും തമ്മിൽ ഒമാനിൽ ആണവസംബന്ധമായ കരാറിനായി ഉന്നതതല ചർച്ച നടക്കുകയാണിന്ന്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇറാൻ കരുതിയിരിക്കണം എന്ന മട്ടിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞതും, ബാഹ്യഭീഷണിയുടെ അന്തരീക്ഷത്തിൽ യുദ്ധ സാഹചര്യത്തിലേക്ക് തള്ളിവിട്ടാൽ ആണവ പ്ലാന്‍റ് പരിശോധകരെ പുറത്താക്കുന്നതുൾപ്പെടെ കരുതിയിരിക്കണമെന്ന ഇറാന്‍റെ പ്രതികരണവും ചർച്ചക്കു മേൽ നിഴൽ വീഴ്ത്തുന്നുണ്ട്. 2015ൽ ഒബാമ ഭരണകാലത്ത് ഒപ്പുവെച്ച ആണവകരാർ 2018ൽ ഏകപക്ഷീയമായി റദ്ദ് ചെയ്ത ട്രംപ് തന്നെയാണ് വീണ്ടും ചർച്ചക്ക് തയാറാകുന്നതെങ്കിലും ഇറാനെ ആണവായുധ നിർമാണ ശേഷിയുള്ള രാജ്യമാകുന്നതിൽനിന്ന് തടയാനുള്ള ശ്രമമാണ് ഈ നീക്കം എന്നതിൽ സംശയമില്ല.

ട്രംപിന്‍റെ നീക്കത്തോട് ഇറാന്‍റെ പ്രതികരണം നിഷേധാത്മകമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പക്ഷേ, ഒമാനിൽ ചർച്ചകൾ നടക്കുക നേരിട്ടാണെന്ന ട്രംപ് ഭാഷ്യത്തിൽനിന്ന് വ്യത്യസ്തമായി ചർച്ച ഉഭയകക്ഷികൾ നേരിട്ടല്ല, ഒമാൻ വിദേശകാര്യ മന്ത്രിയുടെ മാധ്യസ്ഥ്യത്തിലാവുമെന്ന് ഇറാൻ ഊന്നിപ്പറയുന്നുണ്ട്. ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ച്ചി ഏതു ചർച്ചയും രണ്ടു തുല്യ ശക്തികളെന്ന നിലയിലാവണമെന്ന് ആവർത്തിക്കുന്നുണ്ട്. ഈയിടെ നടന്ന തെരഞ്ഞെടുപ്പിലൂടെ മസ്ഊദ് പെസഷ്‌കിയാൻ അധികാരത്തിൽ വന്നതോടെ ഇറാന്‍റെ സമീപനത്തിൽ അൽപം അയവുവന്നതും സത്യമാണ്. അതേസമയം, പന്ത് അമേരിക്കയുടെ കോർട്ടിലാണെന്ന് അറാഗ്ച്ചി ചൊവ്വാഴ്ച ‘വാഷിങ്ടൺ പോസ്റ്റി’ൽ എഴുതിയ ലേഖനത്തിൽ എടുത്തുപറഞ്ഞിട്ടുമുണ്ട്.

ഒരു കരാറിലേക്ക് എത്തുന്നതിൽ ഇപ്പോൾ ഇരുപക്ഷവും ഗുണം കാണുന്നുണ്ട്. ഇറാനുമായുള്ള സംഘർഷാവസ്ഥ നീങ്ങിയാൽ മാത്രമേ അമേരിക്കക്ക് തങ്ങൾ പ്രാധാന്യം നൽകുന്ന സൗദി-ഇസ്രായേൽ സൗഹൃദത്തിന്‍റെ കാര്യത്തിൽ വല്ല നീക്കവും നടത്താൻ പറ്റൂ -ഫലസ്തീൻ പ്രശ്നത്തിന് പുറമെ. ഗൾഫ് രാജ്യങ്ങളുമായി മെച്ചപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് ഉദ്യമിക്കാനും അത് ആവശ്യമാണ്. മാത്രമല്ല, ഇറാന്‍ ആണവായുധശേഷി ഇനിയും വർധിപ്പിച്ചാൽ അവരുടെ യുറേനിയം സമ്പുഷ്‌ടീകരണ ശേഷി ഇപ്പോൾ അനുമാനിക്കപ്പെടുന്ന 60 ശതമാനത്തിൽനിന്നു വർധിച്ചേക്കും എന്നും യു.എസ് പക്ഷം ഭയപ്പെടുന്നു.

എന്നാൽ, അമേരിക്കക്ക് കേവലം ഒരു ഉഭയകക്ഷി പ്രശ്നം മാത്രമല്ല ഇറാൻ. അതിന്‍റെ പിന്നിലുള്ള മുഖ്യകക്ഷി ഇസ്രായേലാണ്. പശ്ചിമേഷ്യയിലെ ഒരു മുസ്‍ലിം രാഷ്ട്രം ആണവശേഷി കൈവരിക്കുന്നതിൽ ഏറ്റവും ഭയവും വേവലാതിയും അവർക്കാണ്. അതുകൊണ്ടുതന്നെയാണ് ഇറാന് ഇപ്പോഴും തലവേദന സൃഷ്ടിച്ച് ആക്രമണങ്ങളും, പല അവസരങ്ങളിലും ഇറാന്‍റെ ആണവോൽപാദനകേന്ദ്രങ്ങളിൽതന്നെ ബോംബ് വർഷവും നടത്തുന്നത്. ഹമാസുമായുള്ള യുദ്ധത്തിൽ ഇപ്പോൾ നേരിടേണ്ടിവരുന്ന ലോക രാഷ്ട്രങ്ങളുടെ വിമർശനത്തിന്‍റെയും ഹമാസിനെ തകർക്കണമെന്ന ലക്ഷ്യത്തിൽ നേരിട്ട പരാജയത്തിന്‍റെയും പശ്ചാത്തലത്തിൽ നയതന്ത്ര ചർച്ചകളിലൂടെ ഇറാനെ തളച്ചിടുന്നതിലാണ് ഇസ്രായേൽ വിവേകം കാണുന്നുണ്ടാവുക. അതിന് വിശ്വസ്ത സുഹൃത്തായ അമേരിക്കയെ ഉപയോഗിച്ച് കരുക്കൾ നീക്കുന്നു. മേഖലയിൽ തങ്ങളുടെ താൽപര്യങ്ങൾക്ക് ഉപകരിക്കുമെന്നതിനാൽ അമേരിക്കക്കും അത് സ്വീകാര്യമാണ്.

മുമ്പ് ലിബിയയെ കൈകാര്യം ചെയ്ത രീതിയിൽ ഇറാനെക്കൂടി വീഴ്ത്താനാവുമോ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നോട്ടം. 2003ൽ ലിബിയയുടെ മേൽ ആണവ പദ്ധതികളുടെ പേരിലുണ്ടായിരുന്ന ഉപരോധങ്ങൾ നീക്കിയപ്പോൾ സംഭവിച്ചത് യു.എസ്‌ സഹായത്തോടുകൂടി കേണൽ മുഅമ്മർ ഖദ്ദാഫി പുറത്താക്കപ്പെടുകയും രാജ്യം അരാജകത്വത്തിലേക്കും നാശത്തിലേക്കും കൂപ്പുകുത്തുകയുമാണ്. തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദർശനത്തിനിടയിൽ നെതന്യാഹു അത് തുറന്നുപറയുകയും ചെയ്തു. ഒമാൻ ചർച്ചയിൽ ഇറാനും മെച്ചങ്ങൾ കാണുന്നുണ്ടാവും. ഉപരോധം ഇറാൻ സമ്പദ് വ്യവസ്ഥയിൽ ഞെരുക്കം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പരിഭവം ഇറാൻ ജനതയിലും പ്രകടമാണ്. തിളച്ചുമറിയുന്ന ദേശസ്നേഹത്തിനുള്ള സാഹചര്യങ്ങളോ സുരക്ഷാ ഭീഷണിയോ നിലവിലില്ലാത്ത സാഹചര്യത്തിൽ ജനം മുമ്പ് കാണിച്ച സഹനശേഷി ഇപ്പോൾ കാണിക്കാനിടയില്ല. എന്നല്ല, ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ പലപ്പോഴും ജനബാഹുല്യത്താൽ ശ്രദ്ധ നേടുന്നുമുണ്ട്. മാത്രമല്ല, ആണവോർജ ചർച്ചകൾക്ക് ക്ഷണിച്ചുകൊണ്ട് പ്രസിഡന്‍റ് ട്രംപ് ഇറാൻ സർവോന്നത നേതാവ് അലി ഖാംനഈക്ക് കത്തെഴുതിയതും രണ്ടു മാസത്തിനുള്ളിൽ ഒരു ധാരണയിലെത്തണമെന്ന് ആവശ്യപ്പെട്ടതും ഇറാന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണത്തിന് വഴിതുറന്നിട്ടുണ്ട് എന്നും പറയാം.

ഉപരോധമുക്തമായ ഒരു ഇടവേള കിട്ടിയാൽ ആഭ്യന്തര വിഷയങ്ങളിൽ കേന്ദ്രീകരിച്ച് ലോകരാഷ്ട്രങ്ങളിൽ കൂടുതൽ മാന്യമായ സ്ഥാനത്ത് ഇടംപിടിക്കാൻ ആഞ്ഞുനോക്കാമെന്നൊരു വെമ്പൽ തെഹ്റാൻ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, ഇസ്രായേൽ ഉൾപ്പെട്ട ആണവസമവാക്യങ്ങളിൽ സമാധാനപ്രിയമായ രാജ്യമായിട്ടെങ്കിലും ഇറാനെ അംഗീകരിക്കാൻ അമേരിക്ക എത്രമാത്രം സന്നദ്ധമാണ് എന്നതിനെ ആശ്രയിച്ചിരിക്കും സ്ഥായിയായ സമാധാനത്തിന്‍റെ സാധ്യതകൾ. ആണവായുധ നിർമാണം അജണ്ടയിലില്ല എന്ന് ഇതുവരെയും ആണയിട്ട ഇറാൻ ഈയിടെ തങ്ങളെ മതിലിലേക്ക് പിന്നോട്ട് തള്ളിയാൽ നയം മാറ്റാൻ നിർബന്ധിതമാവുമെന്ന് വ്യക്തമാക്കിയതിലൂടെ സുതാര്യമായിത്തന്നെയാവും തങ്ങളുടെ നയംമാറ്റമെന്ന് സൂചന നൽകുന്നുണ്ട്. അതിലേക്ക് ഇറാനെ കൊണ്ടുചെന്നെത്തിക്കുന്നത് പശ്ചിമേഷ്യക്ക് മാത്രമല്ല, ലോക സമാധാനത്തിനു മേൽതന്നെ കരിനിഴൽ വീഴ്‌ത്തും എന്നു തിരിച്ചറിയേണ്ടത് അമേരിക്കയും ഇസ്രായേലുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialiran nuclear deal
News Summary - Madhyamam Editorial: Will Iran win the nuclear talks?
Next Story