Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും

text_fields
bookmark_border
മോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും
cancel
അനുയായികളുടെ ഭാഗത്തുനിന്ന്​ ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും?

ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് സംഘടനാ ആസ്ഥാനമായ നാഗ്പൂരിൽ വിജയദശമി നാളിൽ നടത്തിയ പ്രസംഗം പതിവുപോലെ ദേശീയമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നു. ആർ.എസ്.എസിന്റെ രൂപവത്കരണ വാർഷികദിനത്തിൽ സംഘടനാതലവൻ നടത്തുന്ന പതിവ് പ്രസംഗം ഇത്തവണ സംഘടന നൂറാണ്ട് തികച്ചതിന്റെ ആഘോഷവേളയിലായിരുന്നു. മാത്രമല്ല, കേന്ദ്ര സർക്കാറിനെതിരെയും തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെയും നടന്നുവരുന്ന പ്രതിപക്ഷ-യുവജന പ്രതിഷേധങ്ങൾ രാജ്യത്തെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചതും. ഇന്ത്യ എന്ന രാജ്യത്തിന്റെ ശക്തി കുടികൊള്ളുന്നത് സാംസ്കാരിക സ്വത്വത്തിലും സാമൂഹികമായ രഞ്ജിപ്പിലുമാണ് എന്നതിലൂന്നിയായിരുന്നു അദ്ദേഹം കുറേ കാര്യങ്ങൾ പറഞ്ഞത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമുൾപ്പെടെ ബി.ജെ.പി നേതൃത്വത്തിലെ പ്രമുഖർ ഈ പ്രസംഗത്തിനുമേൽ ചൊരിഞ്ഞ പ്രശംസകൾ കേന്ദ്ര സർക്കാർ അനുകൂല വാർത്താ നിലയങ്ങൾ കൊണ്ടാടുകയും ചെയ്തു.

സർസംഘ് ചാലക് പറഞ്ഞ ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം ഹൈന്ദവ ധർമമാണെന്ന സിദ്ധാന്തമടക്കമുള്ള ചില തത്ത്വങ്ങൾ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടനൽകുന്നതാണ്. മാത്രമല്ല, ഭാഗവതിന്റെ ഭംഗിവാക്കുകളും അവകാശവാദങ്ങളും അപ്പടി സ്വീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള വിപരീതചെയ്തികളാണ് അദ്ദേഹത്തിന്റെ സംഘടനയും സംഘ്പരിവാറിലെ ഇതര ഘടകങ്ങളും കാഴ്ചവെച്ചുപോരുന്നത്. ഹൈന്ദവ മത-സംസ്കാരത്തിൽ ഹിന്ദുസമൂഹത്തെ ഉദ്ധരിക്കുന്നതിൽ രാജ്യത്തെ ഇതര മതവിഭാഗങ്ങളായ മുസ്‌ലിംകൾക്കോ ക്രൈസ്തവർക്കോ പരാതിയുണ്ടാവാനിടയില്ല. എന്നാൽ, അവർ ഉദ്‌ഘോഷിക്കുന്ന ഏക സംസ്കാര ഇന്ത്യയും തദടിസ്ഥാനത്തിൽ ഇതര മതസ്ഥരോട് പുലർത്തുന്ന സമീപനങ്ങളുമാണ് പ്രശ്നം. അവർ മുന്നോട്ടുവെക്കുന്ന ഹൈന്ദവ-സംസ്കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ ഭാരതത്തിൽ ഇതര മതസ്ഥർക്കൊന്നും തുല്യാവകാശങ്ങളോട് കൂടിയ ഇടമില്ല. അത് പക്ഷേ, മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം പോലുള്ള ഔപചാരിക പ്രഖ്യാപനങ്ങളിൽ കാണില്ല.

അതിന്റെ പ്രായോഗികാവിഷ്കാരങ്ങൾ ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങളായ പള്ളികൾ, ഇതര സ്ഥാപനങ്ങൾ എന്നിവക്കു നേരെ സംഘ്പരിവാർ പ്രവർത്തകരും പരിവാറിലെ പോഷകസംഘങ്ങളും നടത്തുന്ന കൈയേറ്റങ്ങളിലും അതിക്രമങ്ങളിലുമാണ് പ്രകടമാകുക. മതപരിവർത്തനം, പെൺകുട്ടികളെ വശത്താക്കൽ തുടങ്ങിയ വ്യാജാരോപണങ്ങളുടെ പേരിൽ ഇതര മതവിഭാഗത്തിൽ പെട്ടവർക്കുനേരെ നടക്കുന്ന കൈയേറ്റത്തിൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ സർക്കാർ മെഷിനറി ഉപയോഗിച്ചുള്ള ന്യൂനപക്ഷവിരുദ്ധ പീഡനങ്ങളിൽ ഒക്കെയാണ് അത് കാണാനാവുക. അർധ അനൗദ്യോഗിക സൈനികസ്വഭാവമുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന ഭാഗവതിന്റെ ഉദാത്തമായ തത്ത്വഘോഷണങ്ങൾക്കിടയിലും തെരുവിൽ നടക്കുന്നത് അതിനു കടകവിരുദ്ധമാണ് എന്നതിന്റെ ചെറിയ ഉദാഹരണങ്ങളാണ് ഇപ്പറഞ്ഞതൊക്കെ. ഇതൊക്കെ ചെയ്യുന്നത് അച്ചടക്ക പരിശീലനം ലഭിച്ച പ്രവർത്തകരല്ല, കാര്യങ്ങളെ തെറ്റായി മനസ്സിലാക്കിയ ചില വിഭാഗങ്ങളാണ് എന്ന അസത്യ പ്രസ്താവനയും നേതൃത്വത്തിൽ നിന്നുണ്ടാവാറുണ്ട്.

കേഡറിൽ പെട്ടവർ തന്നെ കേസുകളിൽ പ്രതികളായ അനുഭവങ്ങളുള്ളപ്പോൾ ആർ.എസ്.എസ് പ്രവർത്തകർ ഉത്തരവാദികളല്ല എന്ന പ്രസ്താവം തന്നെ നിരുത്തരവാദപരമാണ്. ഇതിനുനേരെ കണ്ണടച്ച് ഇരുട്ടാക്കാതെ എങ്ങനെയാണ് ഒരു നേതാവിന് തത്ത്വഭാഷണം നടത്താനും സ്വന്തം അനുയായികളോട് തിരുത്തലുകൾ വരുത്താൻ പറയാതിരിക്കാനും കഴിയുക!

ഭാരതീയ സംസ്കാരത്തിന്റെ മഹിമയെക്കുറിച്ച് പറഞ്ഞതിനൊപ്പം ഭരണഘടനയെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ‘നാം ഇന്ത്യൻ ജനത’ എന്ന ഭരണഘടനയിൽ പൗരരെ വിശേഷിപ്പിച്ചത് എടുത്തുപറഞ്ഞ്​ അദ്ദേഹം ഊന്നിയത്, ഒട്ടനവധി വൈവിധ്യങ്ങൾക്കിടയിലും വൈകാരിക ഐക്യം ശക്തിപ്പെടുത്തേണ്ട ആവശ്യകതയാണ്. എന്നാൽ, അത് പറയുന്നതിനൊപ്പം ഇതിനു കടകവിരുദ്ധമായി ആർ.എസ്.എസ് സംഘടനാ സംവിധാനങ്ങൾ തന്നെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളും ആക്രമണങ്ങളും ചെയ്തുകൂട്ടുന്നതൊന്നും അദ്ദേഹത്തിന്റെ ഓർമയിലില്ലെന്നു തോന്നും. ഒരു വിശേഷാൽ പരിപാടിയുടെ പ്രൗഢസദസ്സിലെ വിശിഷ്ടാതിഥികളുടെ മുന്നിൽ അസുഖകരമായ പ്രസ്താവനകൾ ഒഴിവാക്കാം. അനുയായികളുടെ ഭാഗത്തുനിന്ന്​ ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും? മാത്രമല്ല, പലപ്പോഴും ഉത്തരവാദപ്പെട്ട നേതൃത്വങ്ങളിൽ നിന്നുതന്നെ കലാപാഹ്വാനങ്ങളായി വിഷമൊഴികൾ പുറത്തുവരാറുമുണ്ട്. അപ്പോഴൊന്നും ആർ.എസ്‌.എസ് പക്ഷത്ത് നിന്ന് രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ച് ആഹ്വാനങ്ങൾ ഉണ്ടാവാറില്ല.

ഭാഗവത് ഭരണഘടനയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഭരണഘടനയിലെ തുല്യതയുടെയും മതനിരപേക്ഷതയുടെയും കടയ്ക്കൽ കത്തിവെക്കുന്ന കാര്യങ്ങളാണ് ആർ.എസ്.എസും സഹോദരസംഘടനകളും രാഷ്ട്രീയ രൂപമായ ബി.ജെ.പിയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നടത്തുന്നത് എന്നത് ഏതു കുഞ്ഞിനും അറിയാവുന്ന കാര്യമാണ്. അതിൽ കൃത്യമായ ഒരു നിലപാട് രൂപപ്പെടുത്തിയ ശേഷമേ സംഘം പറയുന്ന സാംസ്‌കാരിക ഏകതയുടെയും അതിൽ വിവിധ വിശ്വാസികൾക്കുള്ള സ്ഥാനത്തെയുംകുറിച്ച് സമൂഹത്തിനുള്ള ആശങ്കകളും സംശയങ്ങളും ഇല്ലാതാവൂ. അത് നടന്നില്ലെങ്കിൽ ആർ.എസ്.എസ് എന്ന പ്രസ്ഥാനം നാടിന്റെ സ്വാസ്ഥ്യത്തിനും അസ്തിത്വത്തിനു തന്നെയും ഭീഷണിയായി തുടരും, സർസംഘ് ചാലക് എന്തു പറഞ്ഞാലും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohan Bhagwat's Speech and Realities: Editorial Analysis
Next Story