റോഡു പോരാ; റോഡ് സംസ്കാരവും നന്നാവണം
text_fieldsയുദ്ധത്തിലെ ആളപായ കണക്കിനു സമാനമായിരിക്കുന്നു കേരളത്തിൽ റോഡിലെ നരബലി എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല
ഈ വാരാന്ത്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങൾ നമ്മുടെ റോഡ് സുരക്ഷയെക്കുറിച്ച ആശങ്കകൾ വർധിപ്പിക്കുന്നതാണ്. തൃശൂർ ജില്ലയിൽ നടന്ന രണ്ട് അപകടങ്ങളിൽ പതിനൊന്നു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടടുത്ത് തൃശൂർ കൈപ്പമംഗലം പനമ്പിക്കുന്നിനുസമീപം ദേശീയപാത-66ൽ ഒരു കാർ നിർത്തിയിട്ട ലോറിയിലിടിച്ച് തമിഴ്നാട്ടുകാരായ എട്ടു വിദ്യാർഥികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിറ്റേന്നാൾ ശനിയാഴ്ച പാതിരാത്രി ഏതാണ്ട് ഇതേ സമയത്തുതന്നെ റോഡരികിൽ നിർത്തിയ ബൈക്കിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചത് മാതാപിതാക്കളും പുത്രനുമടക്കം മൂന്നുപേരെയാണ്. രണ്ടു സംഭവത്തിലും രക്ഷാപ്രവർത്തനത്തിന് ആളെത്തും മുമ്പേ എല്ലാവരും മരണപ്പെട്ടിരുന്നു. ഞായറാഴ്ച മലപ്പുറത്ത് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ, വണ്ടൂരിൽ ബൈക്ക് അപകടത്തിൽ ഒരു യുവാവ്, പുനലൂർ-മുവാറ്റുപുഴ പാതയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരു യുവതി എന്നിങ്ങനെയും റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞു. യുദ്ധത്തിലെ ആളപായ കണക്കിനു സമാനമായിരിക്കുന്നു കേരളത്തിൽ റോഡിലെ നരബലി എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. കഴിഞ്ഞ ഒരു വർഷത്തെ മാത്രം കണക്കെടുക്കുക. 2025ൽ അമ്പതിനായിരത്തോളം വാഹനാപകടങ്ങളാണ് കൊച്ചുകേരളത്തിൽ നടന്നത്. കൊല്ലപ്പെട്ടത് 3733 പേർ-പ്രതിദിനം ശരാശരി പത്തുപേർ എന്ന നിരക്കിൽ. 56922 പേർക്ക് പരിക്കേൽക്കുന്നു. അഥവാ, അത്രയും പേരും അവരെ ചുറ്റിപ്പറ്റിയുള്ളവരുടെയും ജീവിതം ദുരിതത്തിലാവുന്നു.
അപകടങ്ങളോരോന്നു സംഭവിക്കുമ്പോഴും ഓടിയെത്തുന്നതിനു പകരം കൂടുതൽ അപകടങ്ങളിലേക്കു ആളുകളെ ഓടിച്ചുചാടിക്കാതിരിക്കാനുള്ള സംവിധാനമാണ് അധികൃതർ ഏർപ്പെടുത്തേണ്ടത്. തൃശൂരിൽ ദേശീയപാത 66ന്റെ വികസനപ്രവർത്തനങ്ങൾ മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ ഒരുക്കാതെയാണ് നടന്നുവരുന്നത് എന്ന ആക്ഷേപം നേരത്തേ ഉയർന്നതാണ്. ദേശീയപാത നിർമാണപ്രവൃത്തികൾ നടത്തുന്ന വിവിധ കമ്പനികൾ വ്യത്യസ്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിവരുന്നത്. പണി നടക്കുന്നിടത്തും ഗതാഗതം തിരിച്ചുവിടുന്നിടത്തുമൊന്നും ശരിയായ സൈൻബോർഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ സൂചകങ്ങളോ സ്ഥാപിക്കുന്നതിൽ അലംഭാവം പുലർത്തുന്ന കമ്പനികളുണ്ട്. തൃശൂർ ജില്ലയിൽ നിന്നു നേരത്തേയും ഇത്തരത്തിലുള്ള പരാതികളുയർന്നിട്ടുണ്ട്. നാട്ടികയിൽ വലിയ അപകടമുണ്ടായപ്പോൾ ഇതിനു പരിഹാരം കാണുമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും അതൊന്നും എങ്ങുമെത്തിയില്ല. ആളപായങ്ങൾക്കു പുറമെ കുണ്ടിലും കുഴിയിലും വാഹനങ്ങൾ വീണ് ഗുരുതര പരിക്കുപറ്റി ആശുപത്രി ചികിത്സയിൽ തുടരുന്ന നിരവധി പേരുണ്ട്. അതേസമയം, കൈപ്പമംഗലം അപകടത്തിന് അതൊന്നും കാരണമായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) അവകാശപ്പെടുന്നു. അപകടസ്ഥലത്ത് മുമ്പുതന്നെ സമഗ്രമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നുവെന്നും ഗതാഗതം വഴിതിരിച്ചുവിടുന്ന സ്ഥലത്തിനു മുമ്പുള്ള നിശ്ചിത അകലങ്ങളിൽ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ബാരിക്കേഡുകള്‍, ട്രാഫിക് കോണുകള്‍, റിഫ്ലക്ടറുകൾ തുടങ്ങിയവ ഒരുക്കിയിരുന്നതായി അതോറിറ്റി വ്യക്തമാക്കുന്നു.
അധികൃതർ മാത്രം മനസ്സുവെച്ചാൽ ഒഴിവാക്കാനാവുന്നതല്ല റോഡപകടങ്ങൾ. കൈപ്പമംഗലത്ത് ദേശീയപാതയിലെ സ്പീഡ് ട്രാക്കിൽ പാർക്കുചെയ്ത ലോറിക്കു പിറകിലാണ് കാറിടിച്ചത്. കുന്നംകുളം അപകടത്തിൽ ഫോൺവിളിക്കാൻ റോഡരികിലേക്ക് മാറ്റിയിട്ട ബൈക്കിൽ വന്നിടിച്ച കാർ ഓടിച്ചിരുന്നത് മദ്യപനായിരുന്നു. മേൽപറഞ്ഞ അപകടങ്ങളിൽ നാലെണ്ണമെങ്കിലും പാതിരാ പ്രയാണങ്ങളിലാണ് സംഭവിച്ചത്. യാത്രികരുടെ പൗരബോധവും റോഡ് സംസ്കാരവും ട്രാഫിക് സാക്ഷരതയും കൂടി മെച്ചപ്പെട്ടാലേ അപകടങ്ങളിൽനിന്നു രക്ഷനേടാനാവൂ എന്നാണ് ഇതൊക്കെയും തെളിയിക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കരുത്, സീറ്റ്ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കണം, ഉറക്കമോ മയക്കമോ അനുഭവപ്പെടുന്നവർ വിശ്രമിക്കാതെ വാഹനമോടിക്കരുത് എന്നൊക്കെ നിർദേശങ്ങളുണ്ടെങ്കിലും അതൊന്നും പാലിക്കാനുള്ളതല്ല എന്നതാണ് പൊതുപ്രവണത. ഹൈവേ പട്രോളിങ്ങും നൈറ്റ് പട്രോളിങ്ങുമൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും അപകടങ്ങൾ കുറക്കുന്നില്ല എന്നതും കാണണം. പരാതികളുയർന്ന സ്ഥലത്ത് പഴുതടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിലുപരി വാഹനങ്ങൾ പെരുകുകയും സമയം നോക്കാത്ത സഞ്ചാരങ്ങൾ സജീവമാകുകയും ചെയ്ത മുറക്കുള്ള സമഗ്രമായ സുരക്ഷാസംവിധാനങ്ങൾ സജ്ജമായിട്ടില്ല എന്നതാണ് ശരി. അതിനു അടിയന്തര പരിഹാരം ഒരുക്കേണ്ടത് അധികൃതരുടെ ബാധ്യതയാണ്. പാതകൾ വികസിച്ചു വിശാലമാകുന്നതിനനുസരിച്ച് അതിലൂടെ വാഹനമോടിക്കുന്നവരുടെ മനസ്സും മനോഭാവവും വിസ്തൃതമാകണം. അപരനു മുൻഗണനയും അതിനുവേണ്ട വിട്ടുവീഴ്ചയും യാത്രാമര്യാദയായി മാറണം. മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ നിയമാനുസൃതം പിടികൂടി കടുത്ത ശിക്ഷ നൽകണം. യാത്രാക്ഷീണവും ഉറക്കവും മുതൽ അലസമായ മൊബൈൽ ഫോൺ ഉപയോഗം വരെയുള്ള അപകടം ക്ഷണിച്ചുവരുത്തുന്ന ശീലങ്ങൾ യാത്രകളിൽ ഒഴിവാക്കണം. ട്രാഫിക് സാക്ഷരത അതു പകർന്നുകൊടുക്കുന്ന അധികൃതർ മുതൽ കാൽനടയാത്രക്കാരൻ വരെ ഉൾക്കൊള്ളണം. അങ്ങനെ റോഡുകൾ മാറുന്നതിനൊപ്പം അതുപയോഗിക്കുന്നവരും അതിനു സുരക്ഷയൊരുക്കുന്നവരും ഒരുപോലെ കണിശമായ ജാഗ്രത പുലർത്തിയെങ്കിലേ റോഡുകൾ ചാവുനിലങ്ങളായിത്തീരുന്ന ദുര്യോഗത്തിൽനിന്ന് കേരളത്തിന് രക്ഷപ്പെടാനാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

