Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മറക്കരുത് ഈ രക്തസാക്ഷിയെ
cancel

അഭിപ്രായ സ്വാതന്ത്ര്യത്തിനും വിശ്വാസങ്ങൾ പിൻപറ്റുന്നതിനും എല്ലാത്തിനുമുപരി അന്തസ്സായി ജീവിക്കുന്നതിനും അവകാശം ഉറപ്പാക്കപ്പെട്ട മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ എൺപതാം വാർഷികം കൊണ്ടാടവെ പശ്ചിമ ബംഗാളിലെ ബുർദ്വാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശൈഖ് മുഹമ്മദ് മഫീക് എന്ന 51 വയസ്സുകാരൻ മർദനമേറ്റ മുറിവുകളുമായി അന്ത്യശ്വാസം വലിക്കുകയായിരുന്നു. ന്യൂനപക്ഷ-ദലിത് സമൂഹങ്ങളിൽനിന്നുള്ള മനുഷ്യർ ആൾക്കൂട്ട മർദനങ്ങൾക്കും അറുകൊലപാതത്തിനും ഇരയാവുന്നത് വർത്തമാനകാല ഇന്ത്യയിൽ ഒരു വാർത്തയേ അല്ല. എന്നാൽ, ശൈഖ് മഫീക് കൊല്ലപ്പെട്ടതിന്‍റെ മുഖ്യകാരണം മതസ്വത്വമല്ല; മറിച്ച്, ഇന്ത്യൻ ജനാധിപത്യത്തിലും ഭരണഘടനയിലും അദ്ദേഹത്തിന്‍റെ മകൻ പുലർത്തിയ അമിതവിശ്വാസമാണ്.

രാജ്യത്തിന്‍റെ വിദ്യാഭ്യാസ നിലവാരത്തകർച്ചയുടെ ഉത്തരവാദികളിൽ ഒരാളായ ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് വഴിയൊരുക്കുംവിധം ഡൽഹിയിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനതാ പാർട്ടി-സി.ജെ.പിയുടെ പ്രവർത്തകനാണ് ശൈഖ് മഫീകിന്റെ മകൻ ശൈഖ് അബ്ദുൽ ഹഫീസ്. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത് ബംഗാളിലേക്ക് മടങ്ങിയ ഹഫീസ് സംഘടന നിർദേശിച്ചതുപ്രകാരം പണ്ട് താൻ പഠിച്ച കരിസുന്ദ പശ്ചിംപാര പ്രൈമറി സ്കൂളിലെത്തി, അവിടത്തെ പോരായ്മകൾ ഫോണിൽ പകർത്താൻ ഹെഡ്മാസ്റ്ററോട് അനുമതി തേടി. പിന്നീട് വരാൻ പറഞ്ഞ് ഹെഡ്മാസ്റ്റർ മടക്കിയയച്ചു; അന്നു രാത്രി ബി.ജെ.പി പ്രവർത്തകർ ഹഫീസിനെ വീടുകയറി മർദിക്കാൻ മുതിർന്നു. ഡൽഹി സമരത്തിൽ പങ്കെടുത്തതിനും സ്കൂളിന്റെ ശോച്യാവസ്ഥ പകർത്താൻ ശ്രമിച്ചതിനും മാപ്പ് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്യണമെന്ന് ശഠിച്ചു. മകനെ ഉപദ്രവിക്കുന്നത് കണ്ട് തടുക്കാനെത്തിയ ശൈഖ് മഫീകിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. പൊലീസിൽ വിളിച്ചറിയിച്ചെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഏമാന്മാർ എത്തിയത്. ആശുപത്രിയിലെത്തിച്ച് മുറിവ് വെച്ചു കെട്ടിയെങ്കിലും സുരക്ഷ നൽകാൻ പൊലീസ് വിസമ്മതിച്ചതിനാൽ മഫീകിനെ കുടുംബം വീട്ടിലേക്ക് കൊണ്ടുവന്നു. ആരോഗ്യനില വഷളാവുകയും രക്തസമ്മർദം അധികരിക്കുകയും ചെയ്തതിനെത്തുടർന്ന് പിന്നീട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് പോയെങ്കിലും ഉയിരറ്റ ദേഹമാണ് വീട്ടിലേക്ക് മടങ്ങിയത്.

അടിസ്ഥാന സൗകര്യങ്ങൾ തികച്ചും അപര്യാപ്തമായതും ഏതുസമയവും നിലംപൊത്തുമെന്ന മട്ടിലുള്ളതുമായ ആയിരക്കണക്കായ സർക്കാർ സ്കൂളുകളാണ് രാജ്യത്തുള്ളത്. പാലമോ ജലഗതാഗത സൗകര്യമോ ഇല്ലാത്ത നിറഞ്ഞൊഴുകുന്ന പുഴ നീന്തിക്കടന്ന് വിദ്യ അഭ്യസിക്കാൻ പോകുന്ന കുഞ്ഞുങ്ങളും എമ്പാടുമുണ്ട്. സി.ജെ.പിയുടെ സമരത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ചില സ്കൂളുകളിൽ വിദ്യാർഥികൾ പ്രതിഷേധമുയർത്തുകയും പരിഹാര നടപടികൾക്ക് അധികൃതർ സന്നദ്ധമാവുകയും ചെയ്ത സംഭവങ്ങൾ ഈയിടെ വാർത്തയായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് നീറ്റ് അഴിമതിക്കെതിരായ യുവജന മുന്നേറ്റത്തിന്‍റെ തുടർച്ചയെന്നോണം ‘സ്കൂൾ ഠീക് കരോ (വിദ്യാലയങ്ങൾ നന്നാക്കൂ)’ എന്ന കാമ്പയിന് സി.ജെ.പി തുടക്കമിട്ടത്. ഓരോ പ്രദേശത്തെയും സ്കൂളുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി വിഷയം അധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന കാമ്പയിനെ തങ്ങളെ താറടിക്കാനുള്ള നീക്കമായാണ് സംഘ്പരിവാർ കാണുന്നത്. രാജ്യത്തിന്‍റെ ഭാവിയിലും വരുംതലമുറയുടെ വിദ്യാഭ്യാസ മികവിലും തരിമ്പ് താൽപര്യമുണ്ടായിരുന്നെങ്കിൽ രാജ്യം ഭരിക്കുന്ന കക്ഷിക്ക് ഏറ്റെടുക്കാവുന്ന, ഒരു മാസംകൊണ്ട് മറികടക്കാവുന്ന ലക്ഷ്യമാണിത്. പക്ഷേ, പി.എം ശ്രീ പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ വികസനത്തിനുള്ള കേന്ദ്രവിഹിതംപോലും നിഷേധിക്കുന്ന, ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി രാജ്യമൊട്ടുക്ക് 35,000ത്തോളം സ്കൂളുകൾ അടച്ചുപൂട്ടാൻ ഒരുമ്പെടുന്ന അക്ഷരവൈരികളിൽനിന്ന് എന്ത് നന്മ പ്രതീക്ഷിക്കാൻ!

രാജ്യത്തെ സ്കൂളുകൾ നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യവിരോധികളായ ചിലരാണ് സ്കൂളുകളിൽ അപാകതയുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്നുമാണ് സംഘ്പരിവാറിന്‍റെ അവകാശവാദം. ഇന്നലെ രാജസ്ഥാനിലെ കൻവാർപുര ഗ്രാമത്തിലെ സ്കൂൾ സന്ദർശിക്കാൻ പുറപ്പെട്ട സി.ജെ.പി ദേശീയ വക്താവ് അശുതോഷ് റങ്കയെയും സഹപ്രവർത്തകരെയും സംഘ്പരിവാർ അനുകൂലികൾ കൈയേറ്റം ചെയ്യാൻ മുതിർന്നു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ മഹാരാഷ്ട്രയിലെ തന്‍റെ ഗ്രാമത്തിലെ സ്കൂളിലെത്തി അപര്യാപ്ത ചൂണ്ടിക്കാണിച്ച് പരിഹാര നടപടികൾ ആവശ്യപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് ആർ.എസ്.എസ് മുഖപത്രം ലേഖനവുമെഴുതിയിട്ടുണ്ട്. രക്ഷാകർത്താവോ ഉദ്യോഗസ്ഥനോ അല്ലാത്ത ദിപ്കെക്ക് സ്കൂളിൽ കയറി പരിശോധന നടത്താനും വിഡിയോ പകർത്താനും നിയമപരമായി എന്തവകാശം എന്നാണ് ഹിന്ദുത്വ ക്യാമ്പിന്‍റെ ചോദ്യം. കുഞ്ഞുങ്ങളുടെ ശോഭനഭാവിയും രാജ്യത്തിന്‍റെ പുരോഗതിയും ഉറപ്പാക്കാൻ ജനം വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ മന്ത്രി പ്രമുഖന്മാർക്കില്ലാത്ത ഔത്സുക്യം യുവജനസംഘടനാ പ്രവർത്തകർ പുലർത്തുന്നത് അധികപ്രസംഗംതന്നെ.

ഹിന്ദുത്വ ആക്രമികൾ അടിച്ചുകൊന്ന പിതാവിന് നീതി തേടിക്കൊണ്ട് ശൈഖ് അബ്ദുൽ ഹഫീസ് പറഞ്ഞത്- എത്ര പണം ലഭിച്ചാലും പിതാവ് നഷ്ടപ്പെട്ടതിന് പരിഹാരമാവില്ലെന്നും അദ്ദേഹത്തിന്‍റെ സ്മരണക്കായി ഗ്രാമത്തിൽ മികച്ച സൗകര്യങ്ങളടങ്ങുന്ന സ്കൂൾ സ്ഥാപിക്കാൻ സർക്കാർ തയാറാവണമെന്നുമാണ്. സ്കൂൾ പണിതാലും ഇല്ലെങ്കിലും രാജ്യത്തെ കുഞ്ഞുങ്ങൾക്ക് അന്തസ്സോടെ പഠിക്കാനുള്ള അവകാശത്തിനു വേണ്ടി ജീവൻ കൊടുത്ത രക്തസാക്ഷിയെ, ശൈഖ് മുഹമ്മദ് മഫീകിനെ നമ്മളൊരിക്കലും മറന്നുകൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education policystatecentral sharePM SHRI
News Summary - Remember This Martyr
Next Story