ലജ്ജാകരം, ഈ പുസ്തക വിരോധം
text_fieldsഅറിവിനും സ്വാതന്ത്ര്യത്തിനും വിലങ്ങിടുന്നത് പൊതുസമൂഹത്തെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. വായനയിൽ ഒതുങ്ങുന്നതല്ല ഇത്. ഓരോ നിയന്ത്രണവും സമൂഹത്തെ വരിഞ്ഞുമുറുക്കുന്നുണ്ട്
പുസ്തകങ്ങൾ വർഗീയവാദികളുടെ മുഖ്യശത്രുവാകുന്നത് ആദ്യമല്ല. ആശയങ്ങൾ വിലക്കിക്കൊണ്ടാണല്ലോ സ്വേച്ഛാഭരണം നിലനിൽക്കാറ്. ഇപ്പോൾ, സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകളെച്ചൊല്ലി ഉയർന്നിട്ടുള്ള വിവാദം ഇതിന് അടിവരയിടുന്നു. സോണിയയുടെ പുസ്തകമായ ‘ബിലോങ്ങിങ്: എ സ്റ്റോറി ഓഫ് ലവ്’ പ്രസിദ്ധപ്പെടുത്തുന്നതിൽനിന്ന് പെൻഗ്വിൻ റാൻഡംഹൗസ് ഇന്ത്യ പിൻവാങ്ങിയതാണ് സംഭവം. പെൻഗ്വിൻ നിർദേശിച്ച മാറ്റത്തിരുത്തലുകൾക്ക് സോണിയ സമ്മതിക്കാതിരുന്നതാണത്രെ കാരണം. ഇത് നിഷേധിച്ചുകൊണ്ട് പെൻഗ്വിൻ ഇറക്കിയ പ്രസ്താവന തന്നെ വ്യംഗ്യമായി അത് സ്ഥിരീകരിക്കുകയാണ് ചെയ്തത്. അവരുടെ തന്നെ ഭാഗമായ ആൽഫ്രഡ് എ. നോഫ് യു.എസിൽ ഇതേ പുസ്തകം മാറ്റമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നുണ്ടുതാനും. ഇതര രാജ്യങ്ങളിലും പെൻഗ്വിൻ ഗ്രൂപ് അത് ഇറക്കുന്നുണ്ട്.
നരേന്ദ്ര മോദിയുടെ ശകാരപദങ്ങൾ (‘ജേഴ്സി പശു’) മുതൽ ഭരണവീഴ്ചകൾ, ആർ.എസ്.എസ്, ഇന്ത്യയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങൾ വരെ നീക്കാൻ പെൻഗ്വിൻ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആരുടേതാണ് സമ്മർദം എന്ന് ഇത് സൂചിപ്പിക്കുന്നു. മുമ്പും പെൻഗ്വിൻ സർക്കാറിനു വഴങ്ങിയിട്ടുണ്ട്. ഗാൽവാനിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം സൈന്യത്തെ കൈയൊഴിഞ്ഞതായി അന്നത്തെ സൈനിക മേധാവി ജനറൽ നരവണെ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ലോകസഭയിൽ പരാമർശിച്ചപ്പോൾ, പ്രസിദ്ധീകരിക്കാത്ത പുസ്തകമെന്നുപറഞ്ഞ് സർക്കാർ നേരിട്ടു. പ്രസാധകർ അത് ഏറ്റുപറഞ്ഞു; പക്ഷേ രാഹുൽ ഗാന്ധി പുസ്തകത്തിന്റെ കോപ്പി പ്രദർശിപ്പിച്ചു. പിന്നീട് ജൂണിൽ, ഗ്രാഫിക് നോവലിസ്റ്റ് ജോൺ സാക്കോ 2013ലെ മുസഫർ നഗർ കൂട്ട വർഗീയഹത്യയെപ്പറ്റി രചിച്ച പുസ്തകം, പ്രസിദ്ധീകരിച്ചതിന് പിന്നാലെ പെൻഗ്വിൻ പിൻവലിച്ചു.
2014ൽ വെൻഡി ഡോണിഗർ രചിച്ച ഒരു ഗ്രന്ഥവും വർഗീയ പക്ഷക്കാരുടെ സമ്മർദം കാരണം പിൻവലിച്ചു. 2015ൽ പെരുമാൾ മുരുകൻ പുസ്തകം പിൻവലിക്കാൻ മാത്രമല്ല, ഇനി പുസ്തകം എഴുതില്ലെന്ന് ശപഥം ചെയ്യാൻ വരെ നിർബന്ധിതനായി. എഴുത്തുകാരും പ്രസാധകരും സ്വന്തം കൃതികളെ തള്ളിക്കളയുകയും തള്ളിപ്പറയുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം രാജ്യത്തിന് കുറച്ചിലാണെന്ന് പറയേണ്ടതില്ല. ഇത്തരം സംഭവങ്ങളോട് ചേർത്തുവായിക്കേണ്ട മറ്റൊന്നാണ് പുസ്തകങ്ങൾക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന അക്രമങ്ങൾ. അഹ്മദാബാദിൽ കഴിഞ്ഞദിവസം ഒരു പുസ്തക പാരായണ പരിപാടി ബജറംഗ്ദളുകാർ അലങ്കോലമാക്കി. സ്കൂൾ പാഠപുസ്തകങ്ങളിലും ചർച്ചകളിലും സെൻസർഷിപ് ഏർപ്പെടുത്തിയതിനോടുള്ള പ്രതിഷേധമായിരുന്നു പുസ്തക വായന.
താലിബാനിരയായ മലാല യൂസഫ് സായിയുടെ ആത്മകഥയും ഹിറ്റ്ലറുടെ കാലത്തെ പീഡനങ്ങളെപ്പറ്റി ആൻ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകളും നെഹ്റുവിന്റെയും ഭഗത് സിങ്ങിന്റെയും അംബേദ്കറുടെയും പുസ്തകങ്ങളും വർഗീയവാദികൾ വിലക്കി. അതിക്രമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെ മാത്രമല്ല അക്കാദമിക ഗവേഷണ നിലവാരത്തെയും ബാധിക്കുന്നുണ്ട്. അമിതമായ അധികാര കേന്ദ്രീകരണം സംസ്ഥാന യൂനിവേഴ്സിറ്റികളെയും ഗവേഷകരെയും ഞെരുക്കുന്നുണ്ട്. പല വിഷയങ്ങളും പരിധിക്ക് പുറത്താക്കപ്പെടുന്നു. ഫണ്ടിങ് അതിന് ആയുധമാക്കുന്നുമുണ്ട്. ഇതെല്ലാം സ്വതന്ത്ര ഗവേഷണത്തെ തളർത്തുന്നതായി നിതി ആയോഗിന്റെ പുതിയ റിപ്പോർട്ട് പറയുന്നു. ജമ്മു-കശ്മീർ യൂനിയൻ ഭരണ പ്രദേശമാക്കിയതിനുശേഷം വരുത്തിയ കടുത്ത നിയന്ത്രണങ്ങൾ പ്രസാധനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അധികൃതർ വിലക്കിയവയിൽ അരുന്ധതി റോയ്, എ.ജി. നൂറാനി, അനുരാധ ഭാസിൻ തുടങ്ങിയവരുടെ പുസ്തകങ്ങൾ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം 25 പുസ്തകങ്ങളാണ് വിലക്കിയത്. സർവകലാശാല ലൈബ്രറികൾ വലിയ സെൻസർഷിപ്പിന് വിധേയമാണ്. പുസ്തകങ്ങളും ആനുകാലികങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഡിജിറ്റൽ ഉള്ളടക്കങ്ങളും എല്ലാം സൂക്ഷ്മമായി സെൻസർ ചെയ്യുന്നു. പുസ്തക വിൽപനശാലകളിൽ റെയ്ഡുകൾ നടത്തുന്നു. എങ്ങനെയും വലിച്ച് നീട്ടാവുന്ന ‘അഹിതകരം’ (‘objectionable’) എന്ന വിശേഷണത്തോടെ എന്തും നിരോധിക്കപ്പെടാം; നിയമനടപടിക്ക് വിധേയമാകാം. ഈ പ്രവണതയാണ് പ്രസാധകരിലും പ്രാദേശിക പുസ്തക വായനകളിലും വരെ വർഗീയ ഇടപെടലായി എത്തിയിരിക്കുന്നത്.
അറിവിനും സ്വാതന്ത്ര്യത്തിനും വിലങ്ങിടുന്നത് പൊതുസമൂഹത്തെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. വായനയിൽ ഒതുങ്ങുന്നതല്ല ഇത്. ഓരോ നിയന്ത്രണവും സമൂഹത്തെ വരിഞ്ഞുമുറുക്കുന്നുണ്ട്. ഹിറ്റ്ലർ ആദ്യമേ കോൺസെൻട്രേഷൻ ക്യാമ്പുകൾ ഉണ്ടാക്കുകയല്ല ചെയ്തത്. മാധ്യമങ്ങളെ ഉന്നമിട്ടു. ആശയങ്ങൾക്ക് നിയന്ത്രണം വെച്ചു. പുസ്തകങ്ങൾ നിരോധിച്ചു. സത്യത്തിനു പകരം പ്രോപഗൻഡയും ചരിത്രത്തിനുപകരം തീവ്രദേശീയതയും സ്ഥാപിച്ചു. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കി. പിന്നെ എല്ലാം എളുപ്പമായി. സത്യത്തെ, ജനാധിപത്യ സംവാദങ്ങളെ, ഭയപ്പെടുന്ന രാജ്യമായി ഇന്ത്യ ഇന്ന് ലോകത്തിനു മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

