കുട്ടിക്കൈകളിലെ ചോര: എവിടെയാണ് നമുക്ക് പിഴക്കുന്നത്?
text_fieldsനമ്മുടെ തിയറ്ററുകളിലേക്ക് ഉടൻ എത്താനിരിക്കുന്ന ബിഗ് ബജറ്റ് ഗ്യാങ്സ്റ്റർ ചിത്രത്തിലെ നായകൻ യാഷ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ കൗമാരക്കാർക്ക് വ്യക്തമായൊരു മുന്നറിയിപ്പ് നൽകുകയുണ്ടായി- ‘‘ഇത് കുട്ടികൾക്കുള്ള സിനിമയല്ല, അവരത് കാണാൻ വരരുത്.’’ ആക്രമണവും ലഹരിയും ലൈംഗികതയും പ്രതികാരവുമെല്ലാം ‘ഹീറോയിസ’മായി തിമിർത്താടുന്ന ഒന്നായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വർഷങ്ങൾക്ക് മുമ്പ്, ബോളിവുഡിൽ ആഘോഷിക്കപ്പെട്ട ഇംറാൻ ഹാഷ്മിയും സമാനമായൊരു കാര്യം തുറന്നുപറഞ്ഞിരുന്നു. തന്റെ സിനിമകൾ മകനെ കാണിക്കാൻ താൽപര്യമില്ലെന്നും അവന്റെ യൂട്യൂബ് കാഴ്ചകൾ പോലും താൻ നിയന്ത്രിക്കാറുണ്ടെന്നുമാണ് താരം വ്യക്തമാക്കിയത്. എന്നാൽ, ഇവരെ വീരാരാധനയോടെ പൂജിക്കുകയും ഇവരുടെ സിനിമകളെ ഉന്മാദത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്ന കൗമാരക്കാരാകട്ടെ, ഇവരെ അനുകരിച്ചും പിന്തുടർന്നും സ്ക്രീനിലെ കാഴ്ചകൾ ജീവിതത്തിലെ അനുഭവമാക്കാൻ ശ്രമിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ആലപ്പുഴ കരുവാറ്റയിൽ കുടുംബത്തിലെ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിലും തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്ന കേസിലും അറസ്റ്റിലായിരിക്കുന്നത് കൗമാരക്കാരാണ്. ഈ രണ്ട് കൊലപാതകങ്ങളും അങ്ങേയറ്റം ക്രൂരമായിരുന്നെന്നും, ഒരു സിനിമാ ത്രില്ലർപോലെ കുട്ടികളത് ആസ്വദിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഇത് നമ്മുടെ മുന്നിലേക്ക് വലിയൊരു ചോദ്യമുയർത്തുന്നു: കുട്ടികളുടെ നിർമല മനസ്സിലേക്ക് ഇത്രയും ദയയില്ലാത്ത അക്രമാസക്തി എങ്ങനെയാണ് വളർന്നുവരുന്നത്? പൊലീസിന്റെ വിശദീകരണം, രണ്ട് സംഭവങ്ങളിലും കൊലപാതകത്തിന് അവരെ പ്രചോദിപ്പിച്ച ഘടകങ്ങൾ ഡിജിറ്റൽ ലോകത്ത് കണ്ടുകൊണ്ടിരിക്കുന്ന ആഡംബര ജീവിതത്തോടുള്ള ആസക്തിയും സിനിമകളുടെ പ്രചോദനവുമാണെന്നാണ്. അതിലേക്ക് ഭയാനകമായ രാസലഹരികൂടി ചേർന്നാൽ ശാന്തസ്വാഭാവികളായ ടീനേജുകാർപോലും ഭീകരരായ ‘ടോക്സിക് അനിമൽ’ ആയിത്തീരുകയാണ്.
ഇവയെ വെറും ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ട് ലഘൂകരിക്കാനാകില്ല. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ പ്രതികളായ കൊലക്കേസുകൾ 2024ൽ 1120ഉം കൊലപാതകശ്രമങ്ങൾ 2243ഉം ആണ്. കേരളത്തിനു മുന്നിലും ശക്തമായ മുന്നറിയിപ്പുകളുണ്ട്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആകെ ജുവനൈൽ കേസുകളിൽ 2022നും 2024നുമിടയിലുണ്ടായ വർധന 62 ശതമാനമാണ്. ഈ കണക്കുകൾ ഭയപ്പെടുത്താനല്ല, കുട്ടികളുടെ കാര്യത്തിൽ നമ്മൾ പുലർത്തേണ്ട ജാഗ്രത ഓർമപ്പെടുത്താൻ മാത്രമാണ്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ കുടുംബാന്തരീക്ഷം വളരെ പ്രാധാന്യമേറിയതാണ്. കുട്ടിയും രക്ഷിതാവും തമ്മിലുള്ള ബന്ധം എങ്ങനെയാണ്, വീട്ടിൽ ആശയവിനിമയമുണ്ടോ, കുട്ടി എവിടെയാണ് പോകുന്നതെന്നും ആരോടൊപ്പമാണ് സമയം ചെലവഴിക്കുന്നതെന്നും മുതിർന്നവർ അറിയുന്നുണ്ടോ, വീട്ടിൽ അക്രമവും അപമാനവും പതിവാണോ ഇതൊക്കെയാണ് നിർണായകം. ഒരു കുട്ടി ഏതെങ്കിലും ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായ ശേഷമാണ് നാം അവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നതെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ പരാജയം. അതിനു മുമ്പ് എത്രയെത്ര സൂചനകൾ അവർ പ്രകടിപ്പിച്ചിരിക്കും. പെട്ടെന്നുണ്ടായ സ്വഭാവമാറ്റം, തുടർച്ചയായ ആക്രമണം, സ്കൂളിൽനിന്നുള്ള അകലം, ലഹരി, ഉറക്കമില്ലായ്മ, അമിതമായ ഡിജിറ്റൽ ഭ്രമം ഇവയെക്കുറിച്ചെല്ലാം രക്ഷിതാക്കളും അധ്യാപകരും തുറന്നുസംസാരിക്കണം. ആ സന്ദർഭത്തിൽ തിരക്കുകളിൽ മുഴുകി അവരെ കാണാനോ കേൾക്കാനോ കഴിയാതെപോയതിന്റെ വിപത്തുകൂടിയാകാം അവരെത്തിച്ചേരുന്ന അപകടകരമായ കൂട്ടൂകൾ.
ഒരു കുട്ടി പങ്കാളിയാകുന്ന കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം സിനിമക്കോ മൊബൈലിനോ കുടുംബത്തിനോ ലഹരിക്കോ മേൽ ചുമത്തി സമൂഹത്തിന് കൈകഴുകാനാവില്ല. കുട്ടിയെ രൂപപ്പെടുത്തുന്നതിൽ ഇവയെല്ലാം ഉൾപ്പെടുന്ന സമൂഹത്തിനും പങ്കുണ്ട്. മലയാളം നേരെ ചൊവ്വേ എഴുതാനറിയാത്ത പ്രൈമറി ക്ലാസിലെ വിദ്യാർഥികൾക്കുവരെ ലംബോർഗിനിയും ഫരാരിയും തമ്മിലുള്ള എട്ട് വ്യത്യാസങ്ങൾ അറിയുന്ന കാലമാണ്. ഈ മാറ്റത്തെ രക്ഷിതാക്കളും അധ്യാപകരും സർക്കാറും തിരിച്ചറിയുകയാണ് പ്രധാനം. ആലപ്പുഴയിലെ സംഭവത്തിൽ പ്രതിയായ കുട്ടി പറഞ്ഞത് വസ്തുതാപരമാണെങ്കിൽ ഷെൽട്ടർ ഹോമിലെ അപര്യാപ്തതകളുടെ ഉത്തരവാദിത്തം ഒരു സമൂഹമെന്ന നിലക്ക് നമ്മുടെകൂടി പരാജയമാണ്. ഷെൽട്ടർ ഹോമുകളും ജുവനൈൽ ഹോമുകളും പുനരധിവാസ കേന്ദ്രങ്ങളുമെല്ലാം പലപ്പോഴും ഇരയാക്കപ്പെടുന്ന കുട്ടികൾക്ക് ആശ്വാസമോ തണലോ നൽകുന്ന ഇടങ്ങളാകുന്നില്ല; മറിച്ച്, അവരെ അപകടകാരികളായ കുറ്റവാളികളാക്കി മാറ്റുന്ന കേന്ദ്രങ്ങളായി മാറുന്നുവെങ്കിൽ ചോദിക്കേണ്ടത് ‘ഈ കുട്ടികൾക്ക് എന്തുപറ്റി’ എന്നു മാത്രമല്ല; നമുക്ക് എന്തുപറ്റിയെന്നുകൂടിയാണ്.
ഇതേ തലമുറയെക്കുറിച്ച് ശോഭനമായ മറ്റൊരു ചിത്രവും നമ്മുടെ മുന്നിലുണ്ട്. സമീപകാല ജനകീയ പ്രക്ഷോഭങ്ങളിൽ പുതിയ തലമുറയുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടൽ ലോകം കണ്ടു. അഴിമതിയോടും അനീതിയോടും അധികാരദുർവിനിയോഗത്തോടും ചോദ്യം ചോദിക്കുന്ന, സാങ്കേതികവിദ്യയെ അതിവേഗം ഉപയോഗിക്കുന്ന, പഴയ തലമുറക്ക് സങ്കൽപിക്കാനാവാത്ത വേഗത്തിൽ വിവരങ്ങൾ കണ്ടെത്തുകയും സംഘടിക്കുകയും ചെയ്യുന്ന ജെൻസി. അവരുടെ രാഷ്ട്രീയ പ്രബുദ്ധതക്കുമുന്നിൽ ഏറ്റവുമൊടുവിൽ വിളറിപ്പോയത് കേരള യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ്. പക്ഷേ, ഒരു തുള്ളി സയനൈഡ് മതി ശുദ്ധമായ തടാകത്തെയാകെ വിഷലിപ്തമാക്കാൻ. അതുകൊണ്ട് കൗമാരക്കാരുടെ പ്രശ്നങ്ങളെ വ്യക്തികളുടെയും കുടുംബത്തിന്റെയും പ്രശ്നമായി ചുരുക്കാതെ ഒരു സാമൂഹിക വിഷയമായി മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യാൻ ഇനി അമാന്തം വരുത്തിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

