Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിർമിതബുദ്ധിയുടെ സംഹാര...

നിർമിതബുദ്ധിയുടെ സംഹാര സാധ്യതകൾ

text_fields
bookmark_border
നിർമിതബുദ്ധിയുടെ സംഹാര സാധ്യതകൾ
cancel

നിർമിതബുദ്ധിയുടെ സാധ്യതകളും സ്വാധീനവും നൂതനാശയങ്ങളും ചർച്ചചെയ്യുന്ന പഞ്ചദിന ‘ഇന്ത്യ എ.ഐ ഇംപാക്ട്’ആഗോള ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് തുടക്കമായിരിക്കുന്നു. യു.കെയിലും ദക്ഷിണ കൊറിയയിലും ഫ്രാൻസിലും ഇതിനുമുമ്പ് എ.ഐ ഉച്ചകോടികൾ നടന്നിട്ടുണ്ടെങ്കിലും ഒരു വികസ്വര രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കൂടിച്ചേരൽ. ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി ഒരുക്കിയ സമ്മേളനത്തിൽ എ.ഐ സുരക്ഷ, നൈപുണ്യ വികസനം, സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണം എന്നിവയും ചർച്ചയാകും.

ചിത്രങ്ങൾ നിർമിക്കാനും സംശയങ്ങൾ നിവർത്തിക്കാനുമാണ് സാധാരണക്കാർ എ.ഐ സങ്കേതങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ; സുരക്ഷ ഉറപ്പാക്കൽ, അതിസങ്കീർണ ശസ്ത്രക്രിയകൾ എളുപ്പമാക്കൽ, ഗതാഗത സംവിധാനങ്ങൾ, കാർഷിക വികസനം എന്നിങ്ങനെ ബഹുദൂരം മുന്നേറിയ നിർമാണാത്മക പ്രവർത്തനങ്ങൾക്കാണ് ആഗോളതലത്തിൽ ഇതിനെ പ്രയോജനപ്പെടുത്തുന്നത്. എ.ഐ അധിഷ്ഠിത ആശയങ്ങൾക്കും വ്യവസായങ്ങൾക്കും ഉതകുന്ന ഏറ്റവും വലിയ വിപണികളിലൊന്ന് എന്നനിലയിൽ ലോകം അതീവ താൽപര്യത്തോടെയാണ് ഈ സംഗമത്തെ ഉറ്റുനോക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാൻ തുടങ്ങി ഇരുപതിലേറെ രാഷ്ട്രനായകരുടെയും; ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ഓപൺ എ.ഐ സ്ഥാപകൻ സാം ആൾട്ട്മാൻ, എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്, ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡേയ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയ സാങ്കേതികവിദ്യ നായകരുടെയും സാന്നിധ്യംതന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. 600 സ്റ്റാർട്ടപ്പുകൾ അണിനിരക്കുന്നതും രണ്ടരലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതുമായ പരിപാടിയിൽ അഞ്ഞൂറിലേറെ സെഷനുകളും മൂവായിരത്തിലേറെ പ്രസംഗകരുമുണ്ടാകും. 100 ലോക രാജ്യങ്ങളുടെ പങ്കാളിത്തവും നൂറിലധികം ആഗോള സി.ഇ.ഒമാരുടെ സാന്നിധ്യവുംകൊണ്ട് ചരിത്രപരമായ ഒരു മുന്നേറ്റമായി ഉച്ചകോടി മാറുമെന്നാണ് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടത്. അത് സാധ്യമാകട്ടെ എന്ന് ആശിക്കാം.

എ.ഐ ഉച്ചകോടി ഇന്ത്യയിൽ നടക്കവെ നിർമിതബുദ്ധി സംബന്ധിച്ച് രാജ്യവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടിന് സവിശേഷ പ്രാധാന്യമുണ്ട്. ഡിജിറ്റൽ അവകാശ സംഘടനയായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, അമേരിക്കയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റുമായി ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ട് എടുത്തുപറയുന്നത് എ.ഐ സാങ്കേതികവിദ്യയുടെ ഏറ്റവും മനുഷ്യത്വവിരുദ്ധവും സംഹാരാത്മകവുമായ ഒരു ഉപയോഗത്തെക്കുറിച്ചാണ് -രാജ്യഭരണത്തിന് നേതൃത്വം നൽകുന്ന ഭാരതീയ ജനത പാർട്ടി, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാനും വിദ്വേഷ പ്രചാരണങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാനും നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്. ഇതിനകം വിവാദമായ അസമിലെ ‘വെടിവെപ്പ്’ വിഡിയോയെക്കുറിച്ച് റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. ഡൽഹി, ഛത്തിസ്ഗഢ്, കർണാടക തുടങ്ങിയ ഇടങ്ങളിലും വിദ്വേഷം പടർത്താൻ എ.ഐയെ ആയുധമാക്കിയതായി ഇതിൽ ചൂണ്ടിക്കാട്ടുന്നു.

എ.ഐ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലായതിനാൽ, ഇന്ത്യൻ സാഹചര്യങ്ങളിലെ ജാതി, മതം, പ്രാദേശിക വിദ്വേഷം എന്നിവ തിരിച്ചറിയുന്നതിൽ ഈ സാങ്കേതികവിദ്യക്ക് പരിമിതികളുണ്ട് എന്നൊരു ന്യായവാദം പലപ്പോഴും ഉയർന്നുവരാറുണ്ട്. എന്നാൽ, ഭരണകൂടങ്ങളെയും വംശഹത്യാ ശക്തികളെയും വിമർശിക്കുന്ന ഉള്ളടക്കങ്ങൾ മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിൽ പോസ്റ്റ് ചെയ്യുന്ന മാത്രയിൽ, ‘ഞങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേഡിന് യോജിച്ചതല്ല’എന്ന് ചൂണ്ടിക്കാട്ടി അവ നീക്കംചെയ്യുന്നതിൽ അമിത നിഷ്കർഷ പുലർത്തുന്നവരാണ് ഒട്ടുമിക്ക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും. എന്നാൽ, മേൽപറഞ്ഞ വെടിവെപ്പ് വിഡിയോ ലോകമെങ്ങും പ്രചരിക്കുകയും വിമർശനവും വിവാദങ്ങളും ശക്തമാവുകയുംചെയ്ത ഘട്ടത്തിൽ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. ന്യൂനപക്ഷ വിഭാഗങ്ങളെ അവമതിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്നവിധത്തിൽ എ.ഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് തയാറാക്കിയ നൂറുകണക്കിന് ചിത്രങ്ങളും ലഘു വിഡിയോകളും സംഘ്പരിവാർ ഐ.ടി സെല്ലുകളും ‘വാട്സ്ആപ് യൂനിവേഴ്സിറ്റി’കളും വഴി കുടുംബ ഗ്രൂപ്പുകൾ മുതൽ പൂർവവിദ്യാർഥി കൂട്ടായ്മകളിൽവരെ പറന്നുനടക്കുന്നു. വോട്ടർമാരെ വൈകാരികമായി സ്വാധീനിക്കാനും ആൾക്കൂട്ടങ്ങളെ വർഗീയമായി ഉന്മത്തരാക്കാനും അവക്ക് സാധിക്കുന്നു. തങ്ങൾ പുലർത്തുന്ന ഉന്നത മൂല്യങ്ങളെയും പാലിക്കുന്ന ചട്ടങ്ങളെയുംകുറിച്ച് വാചാലരാകുന്ന സമൂഹമാധ്യമങ്ങളും എ.ഐ പ്ലാറ്റ്‌ഫോമുകളും സ്വന്തം മാർഗനിർദേശങ്ങളെ നോക്കുകുത്തിയാക്കുന്നതിന്റെ ഫലമാണ് ഈ വെറുപ്പിന്റെ കുത്തൊഴുക്ക്.

‘ജനാധിപത്യത്തിന്റെ മാതാവ്’എന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രി, മുസ്‍ലിം യുവാക്കൾക്കെതിരെ വെടിയുതിർക്കുന്നത് ചിത്രീകരിക്കുന്ന എ.ഐ നിർമിത വിഡിയോ പാർട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവെക്കപ്പെട്ടു എന്നുവരുകിൽ, വെറുപ്പിന്റെ വെടിയുണ്ടകൾ എത്രകണ്ട് ആഴത്തിലേക്കാണ് പായുന്നത്?

മറ്റെല്ലാ മേഖലകളിലുമെന്നപോലെ നിർമിതബുദ്ധി രംഗത്തും ഇന്ത്യൻ യുവത ആത്മവിശ്വാസത്തോടെ മുന്നേറുന്നത് കാണാൻ നാം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, മനുഷ്യപുരോഗതിക്കും ലോകസമാധാനത്തിനും ഉപകരിക്കേണ്ട സാങ്കേതികവിദ്യ വെറുപ്പ് പടർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കുന്നു എന്ന ചീത്തപ്പേര് തൂത്തെറിയാത്ത കാലത്തോളം, കൈവരിച്ചെന്നവകാശപ്പെടുന്ന നേട്ടങ്ങളെയോർത്ത് രാജ്യത്തിന് അഭിമാനിക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ എ.ഐ വിപണിയാവാൻ ഒരുങ്ങുമ്പോഴും, അതിന്റെ ദുരുപയോഗവും പ്രത്യാഘാതങ്ങളും തടയാൻ പര്യാപ്തമായ ശക്തമായ എ.ഐ നിയമം ഇന്ത്യയിലില്ല. സാങ്കേതികവിദ്യയുടെ മേന്മകൾ പറയുന്നതിനപ്പുറം, അത് പാർശ്വവത്കരിക്കപ്പെട്ടവരെയും ദുർബല സമൂഹങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ആയുധമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇത്തരം ആഗോള ഉച്ചകോടികൾക്ക് ബാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialArtificial IntelligenceGlobal Artificial Intelligence SummitAI Summit
News Summary - The destructive potential of artificial intelligence
Next Story