യുദ്ധമെന്ന പരിസ്ഥിതിപ്രശ്നം
text_fieldsഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്
കാലാവസ്ഥാ പ്രതിസന്ധിയെ പ്രതിരോധിക്കാൻ പാരിസ് ഉച്ചകോടി മുന്നോട്ടുവെച്ചിരുന്ന ശുഭപ്രതീക്ഷകൾ മനുഷ്യസമൂഹം കളഞ്ഞുകുളിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം (യു.എൻ.ഇ.പി) തയാറാക്കിയ “പരിധി ലംഘനത്തിന്റെ ആഘാതം കുറക്കൽ” റിപ്പോർട്ടാണ് ആശങ്കപ്പെടുത്തേണ്ട യാഥാർഥ്യം ഉറപ്പിക്കുന്നത്. വ്യവസായവത്കൃതാനന്തര താപവർധന 1.5 ഡിഗ്രി സെൽഷ്യസിൽ ഒതുക്കിനിർത്താനാവശ്യമായ പദ്ധതികൾ 2015ലെ പാരിസ് പരിസ്ഥിതി ഉച്ചകോടി നിർദേശിച്ചിരുന്നെങ്കിലും, കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾതന്നെ അവ നടപ്പാക്കുന്നതിൽ അലംഭാവം കാണിച്ചു. മലിനവാതക നിർഗമനത്തിൽ നിർബന്ധമായും വരുത്തേണ്ടിയിരുന്ന വെട്ടിക്കുറവ് ഉണ്ടായില്ല. ഇതുവരെ ഉണ്ടായിട്ടുള്ള വാതക നിർഗമനം, ഒരു തിരിച്ചുപോക്ക് അസാധ്യമാക്കുംവിധം മലിനീകരണ വർധന അനിവാര്യമാക്കിയിരിക്കാം.
1.5 ഡിഗ്രി പരിധി കടക്കുന്നതോടെ കാര്യങ്ങൾ പിടിവിടുമെന്ന് ശാസ്ത്രജ്ഞർ മുമ്പേ താക്കീത് ചെയ്തതാണ്. ആ അവസ്ഥ വന്നെത്തിത്തുടങ്ങി. വിവിധ പ്രദേശങ്ങളിലെ തീവ്ര കാലാവസ്ഥാ ദുരന്തങ്ങളും അതിതീവ്രമായ എൽനിനോ പ്രതിഭാസവും ഈ കണ്ടെത്തലിന് അടിവരയിടുന്നുണ്ട്. ഇപ്പോൾ 1.5 ഡിഗ്രി വർധന ഉറപ്പായിരിക്കെ പരിഹാരതന്ത്രങ്ങൾ പ്രതിരോധത്തിൽനിന്ന് ചികിത്സയിലേക്ക് പിൻവാങ്ങേണ്ടിവരുമെന്ന് യു.എൻ.ഇ.പി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ധ്രുവങ്ങളിലെ ഹിമപാളികൾ പൂർണമായും തകരാനുള്ള സാധ്യത ഏറെയാണ്. കാലാവസ്ഥാ ദുരന്തങ്ങൾ കൂടും; വെള്ളവും ഭക്ഷണവും ദുർലഭമാകും. ആരോഗ്യപ്രശ്നങ്ങൾ വർധിക്കും.
ഇനിയങ്ങോട്ട് കർശനമായ നിയന്ത്രണങ്ങൾ ഓരോ രാജ്യവും ഉറപ്പുവരുത്തിയാൽതന്നെ, നൂറ്റാണ്ട് മധ്യത്തോടെ 1.8 ഡിഗ്രി വർധന തീർച്ചയായിട്ടുണ്ട്. ഇന്നത്തെ നിലക്ക് പോയാൽ 2100ഓടെ 2.6 ഡിഗ്രി വർധന എന്ന ഭീകരസാധ്യതയുമുണ്ട്. 2 ഡിഗ്രി വർധനക്കപ്പുറം പോകാതെ പിടിച്ചുനിർത്തുക എന്ന ലക്ഷ്യമാണ് ഇപ്പോൾ സ്വീകരിക്കാനാവുക എന്ന് റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ പ്രതിസന്ധിക്ക് നേരിട്ട് കാരണമാകുന്ന യുദ്ധങ്ങൾ ഇല്ലാതാക്കാൻ കൂടുതൽ ശ്രദ്ധ നൽകേണ്ട സന്ദർഭമാണിത്.
യുദ്ധമെന്ന മുഖ്യകാരണത്തെ ഇപ്പോഴും പരിസ്ഥിതി പ്രശ്നമായി കണക്കാക്കാൻ ലോകസമൂഹത്തിന് കഴിയാത്തത് വിചിത്രമാണ്. യുദ്ധം വമ്പിച്ച പരിസ്ഥിതി വിനാശത്തിനും മലിനീകരണത്തിനും കാരണമാകുന്നുണ്ട്. ഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്. യുദ്ധങ്ങളും സൈന്യങ്ങളും ആയുധങ്ങളുമെല്ലാം സകല കണക്കും തെറ്റിച്ചുകൊണ്ടാണ് അന്തരീക്ഷമാലിന്യം കുത്തനെ കൂട്ടുന്നത്.
മാത്രമല്ല, യു.എൻ.ഇ.പി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന പോലെ, യുദ്ധം ആഗോള സഹകരണത്തെ തളർത്തും; പരിഹാരത്തിന് ചെലവിടേണ്ട പണം വിനാശത്തിനായി തിരിച്ചുവിടും. യുദ്ധമില്ലാത്ത അവസ്ഥയിൽതന്നെ, മൊത്തം ഹരിതവാതക മലിനീകരണത്തിന്റെ 5.5 ശതമാനത്തിനും ഉത്തരവാദി സൈന്യങ്ങളാണ്. യുദ്ധംകൂടിയാകുമ്പോൾ അത് പതിന്മടങ്ങാകും. യുദ്ധത്തെ ഒരു രാജ്യമായി സങ്കൽപിച്ചാൽ, ഏറ്റവും കൂടുതൽ കാലാവസ്ഥാ തകർച്ചക്ക് കാരണം ആ രാജ്യമാകും. രാജ്യാന്തര രാഷ്ട്രീയ പ്രശ്നമായി മാത്രം യുദ്ധത്തെ കാണുന്ന ഇന്നത്തെ രീതി യാഥാർഥ്യബോധത്തിന് നിരക്കാത്തതാണ്. അത് രാഷ്ട്രീയ പ്രശ്നം മാത്രമല്ല അതിതീവ്രമായ പരിസ്ഥിതി പ്രശ്നവുമാണ്.
എല്ലാവരുടെയും പ്രശ്നമായതുകൊണ്ടുതന്നെ ആരുടെയും പ്രശ്നമല്ല എന്നതാണ് കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഏറ്റവും വലിയ തടസ്സം. ലോകത്തിന് പൊതുനേതൃത്വമില്ല. പല്ലുപോയ യു.എൻ എല്ലാറ്റിനും കാഴ്ചക്കാരായി നിൽക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. പ്രശ്നം പരിധിവിട്ട നിലക്ക് ഇനി ചെയ്യാനാവുക കെടുതികളുടെ ആഘാതം കുറക്കുകയും കഴിയുന്നത്ര വേഗത്തിൽ 1.5 ഡിഗ്രി എന്ന ലക്ഷ്യത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയും ചെയ്യുകയാണ്. അത്തരമൊരു കർമരേഖ യു.എൻ.ഇ.പി റിപ്പോർട്ട് വരച്ചുകാട്ടുന്നുണ്ട്.
ഉച്ചകോടികളും റിപ്പോർട്ടുകളും കാര്യം പറഞ്ഞു വെച്ചതുകൊണ്ടായില്ല. നടപ്പാക്കേണ്ട രാഷ്ട്ര ഭരണകൂടങ്ങൾ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം. ഇപ്പോൾ ഭൂമി ശരിക്കും അനുഭവിച്ചുതുടങ്ങിയ കെടുതികൾ പോലും സർക്കാറുകളെ വിവേകത്തിലേക്ക് നയിക്കാൻ പര്യാപ്തമാകുന്നില്ലെങ്കിൽ, പിന്നെ ജനസമൂഹങ്ങൾ രംഗത്തിറങ്ങുക മാത്രമാകും വഴി. ഭൂമിക്ക് വേണ്ടിയുള്ള സമരം നിസ്സംഗത പുലർത്തുന്ന സർക്കാറുകൾക്കെതിരായ സമരംകൂടിയാകണം. കാലാവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടം യുദ്ധത്തിനെതിരായ പോരാട്ടംകൂടിയാകണം. പൗരസമൂഹങ്ങൾക്കും കൂട്ടായ്മകൾക്കും സന്നദ്ധസംഘടനകൾക്കും ഈ രംഗത്ത് വളരെയേറെ ചെയ്യാനുണ്ട്. യു.എൻ.ഇ.പി റിപ്പോർട്ട് പ്രശ്നപരിഹാരമല്ല പരിഹാരത്തിന്റെ തുടക്കം മാത്രമാണ്. ഇനിയെങ്കിലും ലോകം കർമരംഗത്തിറങ്ങുന്നില്ലെങ്കിൽ അത് ആത്മഹത്യപരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

