ജനസംഖ്യാ മാറ്റ പഠനം പോകുന്ന വഴി
text_fieldsജനസംഖ്യാ ശാസ്ത്ര സംബന്ധിയാണ് അന്വേഷണ വിഷയമെങ്കിലും ഉന്നത സമിതി അംഗങ്ങൾ ആരും ജനസംഖ്യാ ശാസ്ത്ര വിദഗ്ധരല്ല; അതുകൊണ്ടുതന്നെ ഇത് ചില സമുദായങ്ങളെ പൗരപ്പട്ടികയിൽനിന്ന് പുറത്താക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഏറക്കുറെ ഉറപ്പിക്കാം.
2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദി ജനസംഖ്യാ ഘടനയിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച ആശങ്കകൾ ഒരു വലിയ പ്രശ്‌നമായി പൊതുവേദിയിൽ ഉന്നയിച്ചത്. പിന്നീടും സ്വാതന്ത്ര്യദിന പരിപാടികളിലടക്കം പല വേദികളിലും അദ്ദേഹവും ആഭ്യന്തര മന്ത്രി അമിത് ഷായും അത് തുടർന്നു. തദ്‌സംബന്ധമായി പഠനം നടത്തി ശിപാർശകൾ നൽകാൻ ജസ്റ്റിസ് പ്രഭാകർ നവ്ലേകറെ അധ്യക്ഷനും സെൻസസ് കമീഷണർ ഉൾപ്പെടെ നാലുപേരെ അംഗങ്ങളുമാക്കി ഒരു ഉന്നതതല ജനസംഖ്യാ ശാസ്ത്രദൗത്യ സംഘത്തെ നിയോഗിക്കുകയും ചെയ്തു. നിയമവിരുദ്ധ കുടിയേറ്റവും മറ്റു ‘അസാധാരണ ഘടകങ്ങളും’ കാരണമായി നടക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ സമഗ്രമായി വിലയിരുത്തി, ഒരു വർഷത്തിനകം പരിഹാര നിർദേശങ്ങളോടുകൂടി റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന്റെ പരമാധികാരം, ദേശസുരക്ഷ, ക്രമസമാധാനം, സാമൂഹിക ഘടന, ഗോത്രസമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായും ബന്ധപ്പെട്ടതായാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്.
ഒരു ഭരണ നടപടിയെന്നതിലുപരിയായ മുൻഗണന ഭരണകൂടം ഇതിനു നൽകുന്നുണ്ടെന്നുവേണം മോദി-അമിത് ഷാ നേതൃത്വത്തിന്റെ പരാമർശങ്ങളിൽ നിന്ന് ധരിക്കാൻ. അതുകൊണ്ടുതന്നെ ബി.ജെ.പി സർക്കാറിന് ഇതിലുള്ള താൽപര്യം അവരുടെ ജനസംഖ്യാപരമായ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാണ്. അസം, ബംഗാൾ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുടിയേറ്റം ബി.ജെ.പി നേതൃത്വം ഇപ്പോഴും എടുത്തുപറയുന്നതും അതുകൊണ്ടുതന്നെ. വോട്ടർമാരുടെ തീവ്ര പരിശോധനയിലൂടെ (എസ്.ഐ.ആർ) ബംഗ്ലാദേശി കുടിയേറ്റക്കാരെ പട്ടികയിൽനിന്ന് നീക്കണം എന്ന നിർബന്ധബുദ്ധിയുമായി ഒരു വലിയ വിഭാഗം (മുഖ്യമായും മുസ്‍ലിം) വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുകയും അതുവഴി പൗരരല്ലാതാക്കി മാറ്റുകയും മറ്റൊരു ഘട്ടത്തിലെ ഓപറേഷനിലൂടെ ഏതെങ്കിലും വിധത്തിൽ ജനസംഖ്യയുടെ കണക്കിൽ നിന്ന് പുറത്താക്കുകയും ചെയ്യുക എന്ന ബി.ജെ.പി അജണ്ട ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നല്ല, തെളിഞ്ഞുനിൽക്കുന്നുണ്ട് എന്നുതന്നെ പറയാം. ഇതിനകം പൗരത്വ കണക്കെടുപ്പിൽ പുറത്താക്കപ്പെട്ടവരുടെ സാമുദായിക കണക്കെടുത്ത് നോക്കിയാൽ ഇത് വ്യക്തമാവുന്നതുമാണ്.
സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളുടെ കാലത്തെ അമിത് ഷായുടെ പരാമർശങ്ങൾ ഇപ്പോൾ ഓർക്കുന്നത് സംഗതമാവും. സി.എ.എ പൗരത്വമില്ലാത്തവർക്ക് പൗരത്വം നൽകുന്നതിനുള്ളതാണ്, ഉള്ളവരുടേത് ഇല്ലാതാക്കാനല്ല, അത്തരം പ്രചാരണങ്ങൾ അസ്ഥാനത്താണ് എന്നായിരുന്നു അമിത് ഷായുടെ വാദം. എന്നാലിന്ന് ഉള്ള ജനതയുടെ പൗരത്വം തന്നെ ചോദ്യം ചെയ്യുകയും അവരെ അതിർത്തി കടത്താൻ ശ്രമിക്കുകയും അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തുകയും ചെയ്യുന്ന നിർദാക്ഷിണ്യ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനെല്ലാം പശ്ചാത്തലമൊരുക്കുന്ന, ബംഗ്ലാദേശ് കുടിയേറ്റത്തെക്കുറിച്ച പെരുപ്പിച്ചതും വ്യാജവുമായ വിവരങ്ങളും കണക്കുകളും ഹിന്ദുത്വ സർക്കാർ നിരത്തിക്കൊണ്ടിരിക്കുകയും ചെയ്യും. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിന്റെ പേരിൽ ആർക്കും, പൗരന്മാർക്ക് കിട്ടുന്ന ഒരു പരിഗണനയും ക്ഷേമ പദ്ധതികളുടെ അനുകൂല്യങ്ങളും നിഷേധിച്ചുകൂടാ എന്ന് സുപ്രീംകോടതി നേരത്തെ അസം എസ്.ഐ.ആർ ഘട്ടത്തിൽതന്നെ ഉത്തരവ് നൽകിയതാണെങ്കിലും അതുകൂടി ലംഘിച്ചുകൊണ്ടാണ് പല ബി.ജെ.പി സർക്കാറുകളും അന്നപൂർണ യോജന, പൊതുവിതരണ സംവിധാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ നിഷേധിച്ചുകൊണ്ടിരുന്നത്. ബംഗാളിൽ എസ്.ഐ.ആർ തീരുമാനങ്ങൾക്കെതിരെ 34 ലക്ഷത്തോളം അപ്പീലുകളാണ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധിക്കുക. ബംഗ്ലാദേശി കുടിയേറ്റക്കാർ ചിതലാണെന്നായിരുന്നു അമിത് ഷാ 2018ൽ പറഞ്ഞത്. നിയമവിരുദ്ധ കുടിയേറ്റക്കാരെക്കുറിച്ച പെരുപ്പിച്ച കഥകളുപയോഗിച്ചാണ് ബംഗാളിലും അസമിലുമെല്ലാം ബി.ജെ.പി കുറെയൊക്കെ നേട്ടം കൊയ്തതും.
ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വ സർക്കാർ നിയമിച്ച ജനസംഖ്യാ കമ്മിറ്റിയുടെ ശിപാർശകൾ എപ്രകാരമുള്ളതായിരിക്കുമെന്ന് ഏതാണ്ടനുമാനിക്കാം. ജനസംഖ്യാ ശാസ്ത്ര സംബന്ധിയായതാണ് അന്വേഷണ വിഷയമെങ്കിലും അതിലെ അംഗങ്ങൾ ആരും ജനസംഖ്യാ ശാസ്ത്ര വിദഗ്ധരല്ല എന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കുടിയേറ്റവും ജനസംഖ്യാ സ്വഭാവവുമായി ബന്ധപ്പെട്ടതല്ല എന്നും ചില സമുദായങ്ങളെ പൗരപ്പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള അജണ്ടയുടെ ഭാഗമാണ് എന്നും ഏറക്കുറെ ഉറപ്പിക്കാം. ബംഗ്ലാദേശ് കുടിയേറ്റത്തിന്റെ തോതിനെക്കുറിച്ച വാദങ്ങൾക്ക് ബലം നൽകുന്ന ശാസ്ത്രീയമായ ഒരു സ്ഥിതിവിവരവും സർക്കാറിന് നിരത്താൻ കഴിഞ്ഞിട്ടുമില്ല. കമ്മിറ്റിക്കു നൽകപ്പെട്ട അന്വേഷണ വിഷയങ്ങളിൽ ‘മതപരവും സാമൂഹികവുമായ സമുദായങ്ങളുടെ ഘടനാപരമായ ജനസംഖ്യാ മാറ്റങ്ങൾ, വിശിഷ്യാ പൊതുവായ പ്രവണതകളിൽനിന്ന് വ്യതിയാനം കാണുന്നിടങ്ങളിൽ (അഥവാ പ്രത്യുൽപാദന നിരക്കിലെ വ്യത്യാസങ്ങൾ)’ വിശകലനം ചെയ്യാനുള്ള നിർദേശവുമുണ്ട്. ഇതാണെങ്കിൽ ഇന്ന് മുസ്‌ലിംകളിലെ ജനന നിരക്കിനെക്കുറിച്ച ശരിയല്ലാത്ത കണക്കുകൾ, മിക്കവാറും കണക്കില്ലാത്ത പ്രചാരണങ്ങൾ എന്നിവയുടെ കാരണത്താലുണ്ടാകുന്നതാണ്.
ചുരുക്കത്തിൽ രേഖകളില്ലാത്ത കുടിയേറ്റത്തിന്റെ പേരുപറഞ്ഞ് പല വിധേനയും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ള അന്വേഷണമാണ് കമ്മിറ്റിക്കു നടത്തേണ്ടിവരുക. അതിൽ തന്നെ ‘രാജ്യത്ത് താമസിക്കുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരെ സമയബന്ധിതമായി കണ്ടെത്തി, തടവിലിടലും നാടുകടത്തലും നടത്താനുള്ള സ്ഥിരമായ ഒരു പ്രവർത്തന സംവിധാനം’ വേണമെന്ന് പറയുമ്പോൾ പൗരത്വ പട്ടികയും എസ്.ഐ.ആറും ജനസംഖ്യാ മാറ്റ പഠനവും സമ്മേളിക്കുന്ന ഒരു ബി.ജെ.പി അജണ്ടയുടെ ചേരുവകൾ അവിടെ പൂർണമാവും. ഒരു പരിഷ്‌കൃത ജനാധിപത്യം എന്ന അവകാശവാദം ഇന്ത്യക്കു ഉന്നയിക്കണമെങ്കിൽ ഇനിയെങ്കിലും ഈ ദൂഷിത ചക്രത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ചേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

