Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏകീകൃത സിവിൽകോഡ് പിൻവാതിലിലൂടെ

text_fields
bookmark_border
രാജ്യത്ത് ആദ്യമായി ഏക സിവിൽകോഡ് നടപ്പാക്കിയതായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡിൽ ആദിവാസി ഗോത്രവർഗങ്ങളെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത്, ഏക സിവിൽകോഡ് എന്ന ശാഠ്യം അപ്രായോഗികമാണെന്ന് ആദ്യ കാൽവെപ്പിൽതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു
ഏകീകൃത സിവിൽകോഡ് പിൻവാതിലിലൂടെ
cancel

2029ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി, ബി.ജെ.പി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ആർ.എസ്.എസിന്റെ തീവ്രഹിന്ദുത്വ അജണ്ട ഓരോന്നോരോന്നായി രാജ്യത്തിന്റെ മേൽ അടിച്ചേൽപിക്കാനുള്ള ആസൂത്രിത അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. നിലവിലെ ലോക്സഭയിൽതന്നെ ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കുമെന്നതായിരുന്നു കാവിപ്പടയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാതെപോയതിനാൽ അത് സഫലമാക്കാൻ കഴിയാതെവന്നു.

സർക്കാറിനെ പിന്താങ്ങുന്ന ജനതാദൾ (യു), ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, ചിറാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി മുതലായ പാർട്ടികളൊന്നും ബി.ജെ.പിയുടെ നീക്കത്തിന് അനുകൂലമല്ല. ഇപ്പോൾതന്നെ അമിത് ഷായുടെ പ്രഖ്യാപനത്തെ തുറന്നെതിർത്തിരിക്കുകയാണ് ജെ.ഡി.യു. ബിഹാറിൽ ബി.ജെ.പിയോടൊപ്പം ഭരണം പങ്കിടുന്ന നിതീഷ്‍കുമാറിന്റെ പാർട്ടി, സംസ്ഥാനത്ത് അത് നടപ്പാക്കുകയില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തുറന്നുപറഞ്ഞിരിക്കുകയാണ്. അപ്പോൾ പിന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ഭൂരിപക്ഷ സമുദായത്തെ ബോധ്യപ്പെടുത്തുകയേ അമിത് ഷാക്ക് നിർവാഹമുള്ളൂ. അത് പക്ഷേ, എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യമുണ്ട്. നാഗാലാൻഡ്, മേഘാലയ, സിക്കിം എന്നീ എൻ.ഡി.എ ഘടകകക്ഷികൾ നിയന്ത്രിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഏക സിവിൽകോഡിനോട് പൊരുത്തപ്പെടാൻ സാധ്യതയില്ല.

രാജ്യത്ത് ആദ്യമായി ഏക സിവിൽകോഡ് നിയമസഭയിൽ പാസാക്കി രായ്ക്കു രാമാനം രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുത്ത് സംസ്ഥാനത്ത് നടപ്പാക്കിയതായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡിൽതന്നെ ആദിവാസി ഗോത്രവർഗങ്ങളെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നുവെച്ചാൽ ഏക സിവിൽകോഡ് എന്ന ശാഠ്യം അപ്രായോഗികമാണെന്ന് ആദ്യ കാൽവെപ്പിൽതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. എന്നിട്ടും ആർ.എസ്.എസ് അജണ്ട നടപ്പാക്കുമെന്ന് ഉദ്ഘോഷിക്കാൻ പ്രേരണ അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യോഗി ആദിത്യനാഥിന്റെ യു.പിയിൽ ഉൾപ്പെടെ പരാജയസാധ്യത നിരന്തരം വെളിപ്പെടുത്തുന്ന അഭിപ്രായ വോട്ടെടുപ്പുകളും മാധ്യമ നിരീക്ഷണങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നെഞ്ചിടിപ്പുതന്നെയാവണം. ജാതി ഹിന്ദുത്വ വോട്ടുകൾ എവ്വിധവും പിടിച്ചുനിർത്തണമല്ലോ.

ആഗോള എണ്ണ പ്രതിസന്ധി, ഹുർമുസിലെ കപ്പൽ ഗതാഗത തടസ്സം, പ്രകൃതികോപങ്ങൾ തുടങ്ങിയ കാരണങ്ങളാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാമാന്യജനത്തെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രാന്തരീയ സാമ്പത്തിക ഇടപാടിൽ ഇന്ത്യൻ രൂപയുടെ മൂല്യം പാതാളത്തിലേക്കാണ് താഴുന്നത്. ജന്തർമന്തറിൽ ആരംഭിച്ച യുവജന-വിദ്യാർഥി പ്രക്ഷോഭം മോദി സർക്കാറിന്റെ ഉറക്കംകെടുത്തി അനുദിനം പുതിയ മേഖലകളിലേക്ക് പടരുന്നു; വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുന്നിൽ മുട്ടുമടക്കി കേന്ദ്രമന്ത്രിസഭയിൽനിന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രയെ പുറത്തുചാടിക്കേണ്ടിവന്നത് ആർ.എസ്.എസ് കാഡറുകളിൽ ഇളക്കിവിട്ട രോഷം മോദി-അമിത് ഷാ ടീമിന്റെ ഉറക്കംകെടുത്തുന്നു. ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാൻ മണ്ഡലപുനർനിർണയ പരിപാടി പ്രഖ്യാപിച്ചതോടെ, സീറ്റുകളുടെ അനുപാതത്തിൽ താഴോട്ട് പതിക്കുമെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ന്യായമായ ആശങ്കക്ക് തടയിടാൻ മോദി സർക്കാറിന് സാധിക്കുന്നില്ല.

രാജ്യത്തിന്റെ തെക്ക് ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് സാരമായി മങ്ങലേൽക്കുന്നതാണ് സ്ഥിതിവിശേഷം. ഇതിൽനിന്നൊക്കെ ശ്രദ്ധതിരിക്കാൻകൂടിയാവണം അടിയന്തരമായി ഏക സിവിൽകോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം. പക്ഷേ, മോദി സർക്കാർ നിയോഗിച്ച നിയമകാര്യ കമീഷൻതന്നെ അപ്രായോഗികമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതാണിതെന്നോർക്കണം. ഭരണഘടനയുടെ മാർഗദർശക തത്ത്വങ്ങളിൽ വിഭാവനം ചെയ്യുന്ന ഏക സിവിൽകോഡ് എന്ന ആശയമല്ല ഉത്തരാഖണ്ഡിൽ ഇതിനകം നടപ്പാക്കാൻ ശ്രമിക്കുന്ന കുടുംബ നിയമസംഹിത എന്ന് വ്യക്തമാണ്. ഭരണഘടനാപരംതന്നെയായ നിലവിലെ മുസ്‍ലിം വ്യക്തിനിയമത്തിന്റെ പരിഷ്‍കാരമാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അപാകതകൾ പരിഹരിച്ച് സ്ത്രീ-പുരുഷ വിഭാഗങ്ങൾക്ക് തുല്യ നീതി ഉറപ്പുനൽകുന്ന ഒരു സിവിൽകോഡിന്റെ രൂപരേഖ രാജ്യത്തിന്റെ മുന്നിൽ സമർപ്പിക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്.

ജനാധിപത്യ സമൂഹം അതിന്മേൽ ചർച്ചനടത്തി ഒടുവിൽ ബിൽ പാർലമെന്റിന്റെ മുന്നിലെത്തുമ്പോൾ ഉചിതമായ ഭേദഗതികളോടെ പാസാക്കുകയാണ്, ലക്ഷ്യം സദുദ്ദേശ്യപരമാണെങ്കിൽ മുന്നിലുള്ള വഴി. അതല്ലല്ലോ തീവ്രഹിന്ദുത്വ വക്താക്കൾക്ക് വേണ്ടത്. അമേരിക്കയിൽ ചെന്ന് തന്റെ രാജ്യത്ത് ഹിന്ദുക്കളും മുസ്‍ലിംകളും മറ്റെല്ലാവരും സമാധാനപൂർവം ജീവിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സർസംഘചാലക് മോഹൻ ഭാഗവതിന് തന്റെ അവകാശവാദം ഒരൽപം വിശ്വാസ്യമാവണമെന്ന് നിർബന്ധമുണ്ടെങ്കിൽ നരേന്ദ്ര മോദി-അമിത് ഷാ ടീമിനെ സദ്ബുദ്ധി ഉപദേശിക്കണം, മതന്യൂനപക്ഷങ്ങളെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന അനുയായികളെ അടക്കിനിർത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UCC Through the Backdoor: Amit Shah's Push
Next Story