Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ?

text_fields
bookmark_border
നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു
മദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ?
cancel

കഴിഞ്ഞ ഞായറാഴ്ച അർധരാത്രി നെടുമ്പാശ്ശേരിയിൽ അമിത വേഗതയിൽ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും ഒരു യുവാവിനും നേരിട്ട അതിദാരുണമായ അന്ത്യം അവരുടെ കുടുംബങ്ങളെ കണ്ണീർക്കയത്തിലേക്ക് തള്ളിവിട്ടതോടൊപ്പം കേരളീയ മനഃസാക്ഷിയെ പൊതുവായിത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കുറ്റവാളികളെ ഉടനടി പിടികൂടിയ പൊലീസിന്റെ നടപടിയിൽ ആശ്വസിക്കുന്നുണ്ടെങ്കിലും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. നരഹത്യക്കുറ്റം പോരാ, കൊലക്കുറ്റംതന്നെ വേണമെന്ന് ജീവഹാനി നേരിട്ട വിദ്യാർഥികളിൽ ഒരാളായ ദേവികയുടെ പിതാവ് പ്രതികരിക്കുമ്പോൾ, കള്ളുകുടിച്ച് വണ്ടിയോടിച്ചാൽ പെറ്റിക്കേസെടുത്ത് വിട്ടിട്ട് കാര്യമില്ല, അകത്ത് കിടത്തണം എന്നാവശ്യപ്പെടുന്നു​, കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ. 240 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാർ മക്കൾക്ക് വാങ്ങിക്കൊടുക്കുന്ന വീട്ടുകാർ വിചാരിക്കേണ്ടേ അങ്ങനെ പോവാൻ പറ്റിയ റോഡ് ഇന്ത്യയിലില്ലെന്ന് എന്ന് ചോദിക്കുന്നു അദ്ദേഹം. കാറോടിച്ച സുഹൈൽ സജീവിന് പത്തൊമ്പത് വയസ്സേ പ്രായമുള്ളൂ. സുഹൃത്തുമായി എയർപോർട്ടിലേക്ക് ആഡംബര കാറിൽ പറക്കവേ യാത്രക്കിടയിൽ മറ്റ് മൂന്ന് കൂട്ടുകാരുമൊത്ത് നഗരത്തിലെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതും രാത്രി 9.30നും 1.30നും ഇടയിലുള്ള നേരങ്ങളിൽ! അപകടമറിഞ്ഞ് ഓടിക്കൂടിയ ജനങ്ങളോട് മുഖ്യപ്രതിയുടെ ആക്രോശമോ? എല്ലാം വാപ്പ നോക്കിക്കോളുമെന്ന്! വിദ്യാർഥിതന്നെയായ ആ ചെറുപ്പക്കാരന്റെ മനോഗതം ഇത്രത്തോളം ക്രൂരമാവാനുള്ള പശ്ചാത്തലം വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്. സമ്പന്ന കുടുംബത്തിൽ പിറന്ന്, യഥേഷ്ടം ധൂർത്തടിക്കാനുള്ള പണം കൈയിൽ വന്നിരിക്കെ താന്തോന്നിയായി ജീവിക്കാൻ ലഭിക്കുന്ന അവസരം സുലഭമായി ഉപയോഗിക്കുന്ന ഇളംതലമുറയുടെ യഥാർഥ പ്രതിനിധിയാണിയാൾ. ഇപ്പോൾ പിടിക്കപ്പെട്ട കേസിൽ അന്യൂനമായി കുറ്റം തെളിയിക്കപ്പെട്ടാലും ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏതാനും വർഷത്തെ തടവായിരിക്കുമെന്ന് പറയേണ്ടതില്ല. ഇപ്പോഴത്തെ പ്രതിഷേധം കെട്ടടങ്ങിയാൽ കേസ് തുമ്പില്ലാതാക്കാൻ നിയമത്തിന്റെ പഴുതുകൾ വേണ്ടവിധം കണ്ടെത്താൻ മിടുക്കരായ അഭിഭാഷകർക്ക് ഒരു ക്ഷാമവുമില്ലാത്ത സാഹചര്യവും നിലനിൽക്കുന്നു.

അപ്പോൾ പ്രശ്നം ഒരു പ്രത്യേക സംഭവത്തിന്റെ പേരിൽ പിടികൂടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ഏതാനും കുറ്റവാളികളുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാ​ങ്കേതികമായും കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന വൻ വികസനത്തിനും പു​രോഗതിക്കും ഉത്കണ്ഠാജനകമായ ഒരു മറുവശമുണ്ട് എന്നതാണ്. നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് പ്രശ്നത്തിന്റെ മർമം. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങളോ, എല്ലാറ്റിനും നേതൃത്വം നൽകുന്ന രാഷ്ട്രീയ നേതൃത്വങ്ങളോ സമൂഹത്തെ ബാധിച്ച അപചയത്തെ സത്യസന്ധമായി വിലയിരുത്തി പ്രതിവിധി കാണുന്നതിൽ വിജയിക്കുന്നില്ല എന്ന് സമ്മതിക്കേണ്ടതായിത്തന്നെ വരും. വ്യക്തികളും സമൂഹവും എവ്വിധം എങ്ങോട്ട് പോവുന്നുവോ ആ വഴിയേ നയിക്കുക എന്നതാണ് സാമാന്യ​ശൈലി. അതിനാൽ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും പരസ്പരം കുറ്റപ്പെടുത്തുക എന്ന വഴക്കത്തിന് കാതലായ മാറ്റം സംഭവിക്കുന്നില്ല.

രാത്രി നാല് മണിക്കൂറുകൾക്കിടയിൽ മൂന്ന് ബാറുകളിൽ കയറി കണക്കിലധികം മദ്യം അകത്താക്കി, തീർത്തും ബോധം നഷ്ടപ്പെട്ടവൻ അതിവേഗത്തിൽ ഡ്രൈവ് ചെയ്ത് പറപറക്കുമ്പോൾ അതിന്റെ പരിണതി മൂന്ന് മനുഷ്യജീവൻ കുരുതികൊടുക്കലാണെന്ന് ഇപ്പോഴത്തെ അപകടക്കേസിലെ യുവവിദ്യാർഥികൾ ഓർക്കുന്നില്ല. കേസെടുത്ത ​പൊലീസ് മൂന്ന് ബാറുകളുടെ പേരിലും ചട്ടലംഘനങ്ങളിൽ കേസെടുത്തിരിക്കുന്നു. ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 29 ബാറുകളായിരുന്നു സംസ്ഥാനത്താകെ ഉണ്ടായിരുന്നതെങ്കിൽ ദശവത്സരക്കാലത്തെ ഇടതു ഭരണത്തിന് തിരശ്ശീല വീഴുമ്പോൾ ബാറുകളുടെ എണ്ണം 800! അപ്പോൾപിന്നെ ഒരേ രാത്രി മൂന്ന് ബാറുകളിൽകയറി നമ്പർവൺ ലഹരിപാനീയങ്ങൾ അകത്താക്കി അതിവേഗ കാറിൽ യുവാക്കൾ പറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കരുതെന്ന അബ്കാരി നിയമം ലംഘിച്ചതിന്റെ പേരിൽ കേസെടുത്തിരിക്കുകയാണ് നടേ സൂചിപ്പിച്ച സംഭവത്തിൽ പൊലീസ്.

ഓരോ ലംഘനത്തിനും 25,000 രൂപ പിഴശിക്ഷ വസൂലാക്കാമെന്നതുകൊണ്ട് സംഭവം സർക്കാർ ഖജനാവിനും മുതൽക്കൂട്ട്. പക്ഷേ, ഒരൊറ്റ ബാർ പോലും ഇതിന്റെ പേരിൽ അടച്ചുപൂട്ടേണ്ടിവരില്ലെന്നുറപ്പ്. കാരണം, കള്ളുകുടിക്കാൻ വരുന്ന യുവാക്കളോട് വയസ്സ് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് ഏത് ബാറുകാരാണ് ആവശ്യപ്പെടുക? ആവശ്യപ്പെട്ടാൽതന്നെ സംഗതി നടക്കുമോ? അല്ലെങ്കിൽതന്നെ ബാറുകളിലെ അടിപിടിയും മറ്റു അനിഷ്ട സംഭവങ്ങളും നിത്യസംഭവമായിരിക്കെ, എസ്.ഐ.ആർ മാതൃകയിൽ വയസ്സ് തെളിയിക്കാനുള്ള ചോദ്യമൊന്നും പ്രായോഗികമല്ല. വി.ഡി. സതീശന്റ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അതി​ന്റെ മദ്യനയം പ്രഖ്യാപിക്കാനിരിക്കെ, മദ്യവ്യാപനം പരമാവധി തടയാനുള്ള പ്രായോഗിക തന്ത്രമാവണം ആവിഷ്കരിക്കേണ്ടതും നടപ്പാക്കേണ്ടതും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF Government Liquor Policy: Debate Over Curbing Alcohol Expansion and New Tax Proposals
Next Story