Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഛത്തിസ്ഗഢിലെ...

ഛത്തിസ്ഗഢിലെ ക്രൈസ്തവവേട്ട

text_fields
bookmark_border
ഛത്തിസ്ഗഢിലെ ക്രൈസ്തവവേട്ട
cancel


കേരളത്തിൽനിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ ഛത്തിസ്ഗഢിലെ ദുർഗ് റയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത് വൻപ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. മനുഷ്യക്കടത്ത്, നിർബന്ധ മതപരിവർത്തനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ ഈ കന്യാസ്ത്രീകളെ ജൂലൈ 26ന് ഗവ. റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

നാരായൺപുർ ജില്ലയിൽനിന്നുള്ള മൂന്നു ആദിവാസി യുവതികളെ ആഗ്രയിലെ കോൺവന്‍റിലേക്ക് ഗാർഹികജോലിക്കായി കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാരായൺപുരുകാരനായ സുഖ്മാൻ മാണ്ഡവി എന്നയാളുടെ കൂടെ റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികളോട് സംശയം തോന്നിയ ടിക്കറ്റ് പരിശോധകൻ അന്വേഷിച്ചപ്പോൾ കന്യാസ്ത്രീകളുടെ സഹയാത്രികരാണ് എന്ന മറുപടി കിട്ടി. പരിശോധകൻ ഉടനെ പ്രദേശത്തെ ബജ്റംഗ്ദൾ പ്രവർത്തകരെ വിവരമറിയിച്ചു. അവർ സംഘടിച്ചു സ്റ്റേഷനിലെത്തി ബഹളംവെച്ചതോടെ റെയിൽവേ പൊലീസ് കന്യാസ്ത്രീകളെയും തദ്ദേശീയനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതീയ ന്യായസംഹിത 143ാം വകുപ്പ് അനുസരിച്ച് മനുഷ്യക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ മൂവരെയും ആഗസ്റ്റ് എട്ടുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അറസ്റ്റ് ദുരുപദിഷ്ടവും കേസ് കെട്ടിച്ചമച്ചതുമാണെന്നും ആരോപിച്ചും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടും കാത്തലിക് ബിഷപ്സ് കോൺഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ)യും സീറോ മലബാർ സഭയും രംഗത്തുവന്നിട്ടുണ്ട്. യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാർ ഒന്നടങ്കം പാർലമെന്‍റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിൽ സംഘ്പരിവാർ ഒഴികെയുള്ള എല്ലാ സംഘടനകളും കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിനെ അപലപിക്കുകയും അവരുടെ ഉടൻമോചനത്തിന് കേന്ദ്ര-ഛത്തിസ്ഗഢ് സർക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.

എന്നാൽ, ആദിവാസികൾക്കിടയിൽ മതപരിവർത്തനവും മനുഷ്യക്കടത്തും വ്യാപകമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് യുവതികളെ കടത്താൻ നടത്തിയ ശ്രമമെന്നാണ് ബജ്റംഗ്ദൾ ആരോപണം. കന്യാസ്ത്രീകളിൽനിന്നു പിടിച്ചെടുത്ത ഡയറി അടക്കമുള്ള രേഖകൾ വിശദപരിശോധനക്ക് വിധേയമാക്കുമെന്നു ഗവ.റെയിൽവേ പൊലീസ്-ഇൻ ചാർജും പറയുന്നു. ക്രൈസ്തവ നേതൃത്വം ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്നുവരുന്ന ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ ഭാഗമായാണ് അവർ ഇതിനെയും കാണുന്നത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ പുതിയതല്ല. മുസ്ലിംകളും ക്രൈസ്തവരുമാണ് അവരുടെ മുഖ്യഉന്നം. ഗുജറാത്ത്, ഒഡിഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ എക്കാലത്തും സംഘ്പരിവാർ സംഘടനകളുടെ ഇരകളാണ് ക്രൈസ്തവർ. ഒഡിഷയിൽ ഗ്രഹാം സ്റ്റെയിൻസിനെയും പിഞ്ചുമക്കളെയും വാഹനത്തിലിട്ട് ചുട്ടുകൊന്നം ഗുജറാത്തിലെ ഡാംഗ്സിൽ ചർച്ചുകൾ നശിപ്പിച്ചും ക്രൈസ്തവസന്യാസം സ്വീകരിച്ചവരെ പീഡിപ്പിച്ചും സംഘ്പരിവാർ കക്ഷികൾ താണ്ഡവമാടിയത് മറക്കാനാവില്ല. പിന്നീട് ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഒത്താശയിലോ നേരിട്ടോ ഭരണമാറ്റമുണ്ടാവുകയും കേന്ദ്രത്തിൽ ബി.ജെ.പി ഭരണം സ്ഥിരപ്പെടുകയും ചെയ്തതോടെ ആക്രമണങ്ങൾ ശമിക്കുകയല്ല, പതിന്മടങ്ങ് വർധിക്കുന്നതാണ് അനുഭവം. ഏറ്റവും കത്തുന്ന ഉദാഹരണം മണിപ്പുർതന്നെ.

ഇങ്ങനെ രാജ്യവ്യാപകമായി ക്രൈസ്തവർ പീഡിപ്പിക്കപ്പെടുമ്പോൾ സഭാനേതൃത്വം കേന്ദ്ര ഭരണകൂടവുമായി നിരന്തര സമ്പർക്കത്തിലായിരുന്നു. സ്വന്തം പാർട്ടിയിലെതന്നെ മുസ്ലിംകളെ അധികാരത്തിൽനിന്നും ആനുകൂല്യങ്ങളിൽനിന്നും മാറ്റിനിർത്തിയപ്പോഴും കേന്ദ്രമന്ത്രിസഭ മുതൽ ന്യൂനപക്ഷ കമീഷൻ വരെ ക്രൈസ്തവവിഭാഗത്തെ കൂടെനിർത്താൻ മോദിസർക്കാർ ശ്രദ്ധിച്ചു. സർക്കാറിന്‍റെ ദൂതന്മാർ അരമനകളിൽ കയറിയിറങ്ങി. തങ്ങളുടെ ആഭ്യന്തരശത്രുക്കളായ മുസ്ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിനും കേരളത്തിലടക്കം ബി.ജെ.പി അമിതാവേശം കാട്ടി. എന്നാൽ, സഭാ-ഭരണനേതൃത്വങ്ങൾ തമ്മിലെ ഈ സൗഹൃദവും വിരുന്നും സദ്യയുംകൊണ്ടൊന്നും സമുദായം നേരിടുന്ന ഹിന്ദുത്വ അതിക്രമങ്ങൾക്ക് കുറവൊന്നും വന്നില്ല .

സ്റ്റാൻസ്വാമിയുടെ അതിദയനീയമായ ജയിൽമരണവും ന്യൂഡൽഹിയടക്കം വിവിധയിടങ്ങളിലെ ക്രിസ്മസ്, മതാഘോഷചടങ്ങുകൾക്ക് ഔദ്യോഗിക വിലക്കുമൊക്കെ മുടക്കമില്ലാതെ നടന്നിട്ടും സ്വസമുദായത്തിന്‍റെ ദുഃസ്ഥിതി തിരുത്തിക്കാനുള്ള അവസരമായി മോദിസർക്കാർ ബന്ധം ഉപയോഗിക്കാൻ സഭാനേതൃത്വത്തിനു കഴിഞ്ഞതുമില്ല. ഏറ്റവുമൊടുവിൽ വത്തിക്കാന്‍റെ ഇടപെടലിന് അപേക്ഷിച്ചിരിക്കുകയാണ് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം. ജൂലൈ 13 മുതൽ 19 രെ ഇന്ത്യ സന്ദർശിച്ച വത്തിക്കാനിലെ ദേശാന്തരീയകാര്യ സെക്രട്ടറി ആർച് ബിഷപ് പോൾ റിച്ചാർഡ് ഗാലഘറിന് സംഘടന സമർപ്പിച്ച നിവേദനത്തിൽ മോദിഭരണത്തിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ 2014ലെ 127ൽനിന്ന് ഒരു ദശകം പിന്നിടുമ്പോൾ 834ൽ എത്തിനിൽക്കുന്നുവെന്ന് ഔദ്യോഗികകണക്ക് നിരത്തുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ വിശദീകരണം നൽകേണ്ട ഛത്തിസ്ഗഢ് സർക്കാർ അതിനു മുതിരുന്നില്ല എന്നു തന്നെയല്ല, സംഭവത്തിന്‍റെ വെളിച്ചത്തിൽ മതപരിവർത്തന നിരോധനനിയമം കൂടുതൽ കർക്കശമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദുത്വഭരണകൂടത്തിന് അവരുടെ വഴിയുണ്ട്. അതിനെതിരെ ഒത്തൊരുമിച്ച് ജനാധിപത്യത്തിന്‍റെ മറുവഴി തേടാൻ രാജ്യസ്നേഹികൾക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ ഭാവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhBajrang DalchristiansAttacks Against Christians
News Summary - violence against Christians in Chhattisgarh
Next Story