Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത് ഏതുതരം കേരള മോഡൽ?

ഇത് ഏതുതരം കേരള മോഡൽ?

text_fields
bookmark_border
ഇത് ഏതുതരം കേരള മോഡൽ?
cancel


തിരുവനന്തപുരം മെഡിക്കൽകോളജിൽ അധികൃതരുടെ അനാസ്ഥ മൂലം അത്യാവശ്യ ഉപകരണങ്ങളില്ലാത്തതിന്‍റെ പേരിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിൽ മനംനൊന്ത് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സങ്കടം വലിയ വാർത്തയായത് കഴിഞ്ഞ മാസാദ്യത്തിലാണ്. ഡോക്ടറുടെ പരാതി പുറത്തുവന്ന ഞെട്ടലിൽ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥവൃന്ദവുമൊക്കെ ഉണർന്നെണീറ്റ് തിടുക്കത്തിൽ പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്തു.

സർക്കാറിന്‍റെ പിടിപ്പുകേട് വെളിച്ചത്തായ ജാള്യമൊഴിവാക്കാനുള്ള തൽക്കാല ലേപന ചികിത്സ മാത്രമാണതെന്നും ആരോഗ്യവകുപ്പ് സംവിധാനത്തെ ശരിയാക്കാൻ കായകൽപ ചികിത്സ വേണമെന്നുമാണ് ഡോക്ടർ വിളിച്ചുപറഞ്ഞതെന്ന് മന്ത്രിയടക്കം ലോകത്തിന് ബോധ്യമായി. രോഗം ബാധിച്ചിരിക്കുന്നത് സിസ്റ്റത്തിനുതന്നെയെന്ന് മന്ത്രി അന്ന് തുറന്നുപറഞ്ഞു. കുറ്റം പറയുന്ന സിസ്റ്റം താനടങ്ങുന്നതാണെന്ന കാര്യം മന്ത്രിയോ സർക്കാറോ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് വകതിരിവുള്ളവരെല്ലാം അന്ന് ആശ്ചര്യപ്പെട്ടതാണ്.

സിസ്റ്റം എത്രമാത്രം ജീർണിച്ച നിലയിലാണെന്ന് കോട്ടയം മെഡിക്കൽകോളജ് സമുച്ചയത്തിലെ കെട്ടിട മോന്തായം തകർന്നുവീണതോടെ കേരളത്തിന് ബോധ്യമാകുകയും ചെയ്തു. എന്നാൽ, തകരാറിലായ സിസ്റ്റം നന്നാക്കിയെടുക്കുന്നതിനു പകരം വെടക്കാക്കി തനിക്കാക്കുന്ന രീതിക്കാണ് ജനപക്ഷം, ഹൃദയപക്ഷം എന്നൊക്കെ തന്നത്താൻ ഞെളിയുന്ന ഇടതുമുന്നണി സർക്കാർ മുതിരുന്നതെന്നത് വലിയ ദുരന്തമാണ്. ഇടതുപക്ഷം ചേർന്നുപോകുന്ന ഡോ. ഹാരിസ് ചിറക്കലിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചും മെഡിക്കൽ കോളജിലെ ഉപകരണം കാണാതായതിന് അദ്ദേഹത്തെ സംശയനിഴലിൽ നിർത്തിയും ശിക്ഷിക്കുന്ന ആരോഗ്യമന്ത്രിയും ഇടതുസർക്കാറും ഏത് കേരള മാതൃകയാണാവോ സൃഷ്ടിക്കുന്നത്?!

കെടുകാര്യസ്ഥതക്കെതിരായ ഡോക്ടറുടെ ചൂളംവിളിക്ക് ആദ്യം കൈയടിച്ചെങ്കിലും അധികാരസ്ഥർക്ക് അത് പിടിച്ചില്ലെന്ന് ഒന്നാം നാളിലേ വ്യക്തമായിരുന്നു. ശസ്ത്രക്രിയ മുടങ്ങുന്നതോ, അത് മുടങ്ങാതിരിക്കാൻ ചികിത്സക്ക് ഓടിയെത്തുന്ന രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം ഇരന്നുവാങ്ങുന്നതോ ഒന്നുമായിരുന്നില്ല അന്നേ മുഖ്യമന്ത്രിക്ക് നാണക്കേടുണ്ടാക്കിയത്. അക്കാര്യം ഡോക്ടർ ഇങ്ങനെ പരസ്യമായി പറഞ്ഞുകളഞ്ഞതിലായിരുന്നു അദ്ദേഹത്തിന്‍റെ വിമ്മിട്ടം. സർക്കാർ പെരുമാറ്റച്ചട്ടത്തിന്‍റെ സാങ്കേതികപ്പഴുതിലൂടെ നോക്കിയാൽ ഡോക്ടർ അപരാധിയാവാം. അതേ പെരുമാറ്റച്ചട്ടത്തിന് തന്‍റെ മേലധികാരികളും ആരോഗ്യവകുപ്പ് സംവിധാനവും വഴങ്ങാത്തതുകൊണ്ടാണ് അത്തരമൊരു തുറന്നുപറച്ചിലിന് നിർബന്ധിതമായതെന്ന് ഡോക്ടർ വ്യക്തമാക്കിയിട്ടുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ഡോക്ടറുടെ പരാമർശം കാരണമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. എന്നാൽ, ഫയലുകൾക്കുമേൽ അടയിരുന്നും നിസ്വാർഥ ജീവനക്കാരുടെ വഴിമുടക്കിയും ആരോഗ്യമേഖലയെ പറയിപ്പിക്കുന്നവരെയല്ല, അതിൽ പരിഭവം പറഞ്ഞവരെ ശരിയാക്കാനാണ് എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിച്ച ഭരണക്കാരുടെ തിടുക്കം. വാഴ്ത്തുപാട്ടിൽ അഭിരമിക്കുന്ന അധികാരികൾ ഡോക്ടറെ കൈകാര്യം ചെയ്യാതടങ്ങുമോ എന്ന ദോഷൈകദൃക്കുകളുടെ ആക്ഷേപത്തിന് ചുവടൊപ്പിച്ചു സർക്കാർ നീങ്ങുന്നതാണ് പിന്നീട് കണ്ടത്. ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസായി, വകുപ്പുതല അന്വേഷണമായി, അത് പുറത്തുവരുന്നതിനു മുമ്പേ എന്നോ കാണാതായ ഒരു ഉപകരണത്തിന്‍റെ പേരിൽ മന്ത്രിതന്നെ ഡോക്ടറെ ചൂണ്ടി അന്വേഷണ ഭീഷണിയായി. ഒടുവിൽ ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി പോലും കേരളം യോഗിയുടെ യു.പിക്ക് പിറകെ എന്നു അറിയാതെ ഒരു മാത്ര പറഞ്ഞുപോയി (പാർട്ടി കോപം ഭയന്ന് പിന്നെയതു വിഴുങ്ങിയെങ്കിലും). നിസ്വാർഥനും ജനസേവകനുമായ ഒരു ഭിഷഗ്വരനു മേൽ മോഷണസംശയം കെട്ടിവെച്ച് ഏത് കേരള മാതൃകയാണാവോ ഇടതുമുന്നണി സർക്കാർ സൃഷ്ടിക്കുന്നത്?

മൂത്രാശയരോഗ വിഭാഗത്തിൽ ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണത്തിന് അനുബന്ധ സാമഗ്രികൾ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 10നും ജൂൺ ആറിനും അധികൃതർക്ക് ഡോ. ഹാരിസ് കത്തുനൽകിയതാണ്. മറുപടിയില്ലാതിരിക്കുകയും അധികൃതരുടെ അനങ്ങാപ്പാറ നയം കാരണം ശസ്ത്രക്രിയ മുടങ്ങുകയും ചെയ്തതിനെ തുടർന്ന് ഡോക്ടർ പരാതി പരസ്യപ്പെടുത്തുന്നത് ജൂൺ 27നാണ്. അതിനുശേഷം ഉപകരണം തിടുക്കപ്പെട്ട് വാങ്ങുകയായിരുന്നു. ഡോക്ടർ ആരോപിച്ച ദിവസം ഉപകരണം വകുപ്പിലുണ്ടായിരുന്നെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ വകുപ്പ് അധികൃതർ പറയുന്നത്.

എന്നാൽ, സംഭവം അന്വേഷിച്ച സർക്കാറിന്‍റെ നാലംഗ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് ഡോക്ടറുടെ വാദം പൂർണമായും ശരിവെക്കുന്നു. സമയത്തിന് ഉപകരണങ്ങൾക്ക് അപേക്ഷ സമർപ്പിച്ചിട്ടും അഞ്ചാറു മാസങ്ങൾക്കു ശേഷമാണ് പലതും കിട്ടുന്നതെന്നും പല അപേക്ഷകളും കലക്ടറുടെയടക്കം മേശപ്പുറത്ത് കെട്ടിക്കിടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ പേരുപറഞ്ഞ്, എം.പി ഫണ്ടിൽ നിന്ന് വാങ്ങിയ ഒരു ഉപകരണത്തിന്‍റെ ഭാഗം കാണുന്നില്ലെന്ന് അന്വേഷണസമിതി കണ്ടെത്തിയെന്ന് മാധ്യമങ്ങൾക്കുമുന്നിൽ മന്ത്രി നടത്തിയ വെളിപ്പെടുത്തലും വെറും തള്ളായി. മൂത്രാശയ രോഗചികിത്സക്കായുള്ള ഒരു ഉപകരണം കേടായെന്നും അത് തനിയെ കേടാവാനിടയില്ലെന്നുമായിരുന്നു വിദഗ്ധസമിതിക്കു മുമ്പാകെ വന്ന മൊഴിയെന്ന് പറയുന്നു. എന്നാൽ, മുൻമേധാവിയുടെ കാലത്ത് ശസ്ത്രക്രിയക്ക് കൊണ്ടുവന്ന ഉപകരണം അതിൽ പരിശീലനം ലഭിച്ചവരില്ലാത്തതിനാലും അതുപയോഗിച്ച് നേരത്തേ നടത്തിയ ശസ്ത്രക്രിയ അതിസങ്കീർണമായി മാറിയതിനാലും ഉപയോഗിക്കാതെ മാറ്റിവെച്ചതാണെന്ന് ഡോക്ടർ ഹാരിസ് തിരുത്തുന്നു.

കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ഉദ്യോഗസ്ഥ മൊഴി അപ്പടി ആവർത്തിച്ച് വലിയ പിഴ വരുത്തിയതാണ് മന്ത്രി. ഇവിടെയും റിപ്പോർട്ടിലെ ഒരു മൊഴിയിൽ പിടിച്ച് തന്‍റെ വകുപ്പിനുകീഴിലെ കെടുകാര്യസ്ഥത വെളിച്ചത്താക്കിയ ഉദ്യോഗസ്ഥനെ ശ്ലാഘിക്കുന്നതിനു പകരം ശാസിച്ചൊതുക്കുന്ന നയമാണ് മന്ത്രി സ്വീകരിച്ചത്. സ്വന്തം തൊഴുത്തിലെ അഴുക്ക് വൃത്തിയാക്കാൻ നോക്കാതെ, അത് ചൂണ്ടിക്കാണിക്കുന്നവർക്കുമേൽ തെറിപ്പിക്കാൻ തിടുക്കപ്പെടുന്ന ഈ ഭരണഃമാതൃക‘യെ എന്തുപേരിൽ വിളിക്കണം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena Georgekerala modelKafeel KhanDr Haris Chirakkal
News Summary - What kind of Kerala model is this?
Next Story