ഉരുൾദുരന്ത ഓർമകൾ കേരളത്തെ പഠിപ്പിക്കേണ്ടത്
text_fieldsഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളിലൊന്നായ വയനാട് മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിന് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. മൂന്നു ഗ്രാമങ്ങളോട് ചേർന്ന് കൃഷിയായും കച്ചവടമായും കൊച്ചുകൊച്ചു തൊഴിലുകളായും ജീവിതത്തിന്‍റെ വഴി കണ്ടെത്തുകയും സന്തോഷത്തോടെ താമസിക്കുകയും ചെയ്തിരുന്ന ആയിരത്തിനടുത്ത കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് അന്നാ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്.
അതു വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളിൽ നമുക്ക് വിജയിക്കാനായോ? നേരിടേണ്ടിവന്ന മഹാദുരന്തത്തിനുശേഷം അതിജീവിതർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് പ്രത്യാശാനിർഭരരായാണോ അതോ, അവരിപ്പോഴും നിരാശയുടെ ഗർത്തങ്ങളിൽ തന്നെയാണോ? ഇടക്കിടക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും നമ്മുടെ മുന്നിൽ കൃത്യമായ മാർഗരേഖയുണ്ടോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും അക്കാദമിക വിദഗ്ധരും ഈ ചോദ്യങ്ങൾ ഉന്നയിക്കുകയും ഉത്തരം തേടുകയും ചെയ്യുന്നുണ്ട്. വാർഷികാചരണത്തിന് വയനാട്ടിലെത്തിയ നേതാക്കളും ഉദ്യോഗസ്ഥരും ചുരമിറങ്ങുന്നതോടെ ഈ ചോദ്യം ഉപേക്ഷിക്കാതിരിക്കുകയാണ് ഈ ദുരന്തത്തിനിരയായവരോട് ചെയ്യേണ്ട പ്രാഥമിക മര്യാദ.
അതിജീവിതരുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും ഉയർത്തിപ്പിടിച്ചു വേണം ഏതു ദുരന്തനിവാരണ പദ്ധതികളും പുനരധിവാസങ്ങളും രൂപകൽപന ചെയ്യാൻ. ദുരന്ത രക്ഷാപ്രവർത്തനത്തിൽ ഓരോ മലയാളിയും പ്രകടിപ്പിക്കുന്ന സ്നേഹദാർഢ്യം ലോകോത്തരമാണ്. അവരുടെ കനിവും കരുണയും ഏത് ഉരുൾപൊട്ടലിനെയും തടയാൻ മാത്രം ബലമുള്ളതാണ്. അതിന്‍റെ നന്മകളാണ് ചൂരൽമലയിലെ ജനങ്ങൾക്ക് സർക്കാർ പദ്ധതികൾക്കു പുറമെ, ആശ്രയവും ആശ്വാസവുമായത്. സാങ്കേതിക കാരണങ്ങളാൽ പുറത്തായവരുടെ ജീവിതത്തിന് പ്രത്യാശ പകർന്നതും സന്നദ്ധ സംഘങ്ങളുടെ നിഷ്കാമ കർമങ്ങൾതന്നെ. പക്ഷേ, അതിന്‍റെ മറവിൽ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങളുടെ ബലഹീനതകൾ അദൃശ്യമാകുന്നുണ്ട്. അതിന്‍റെ കരാളത ഇരകളുടെ അഭിമാനത്തെ തകർക്കുകയും ജീവിതത്തെ കുടുസ്സാക്കിക്കളയുകയും ചെയ്യുന്നു. പ്രകൃതി ദുരന്തത്തിൽ വീണുപോയവർ ഉദ്യോഗസ്ഥ, അധികാര ഏമാൻമാരുടെ മുന്നിൽ വളഞ്ഞുനിൽക്കാൻ നിർബന്ധിതരാകുന്ന അവസ്ഥ വയനാടും വിലങ്ങാടും ആവർത്തിച്ചുവെന്നത് ദുഃഖകരമാണ്.
വയനാട്ടിലെ കൂഞ്ഞോമിൽ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ കുശാലിന്‍റെ മാതാപിതാക്കൾക്ക് സഹായം നിഷേധിച്ചത് അവർ നേപ്പാളെന്ന വിദേശ രാജ്യത്തുനിന്ന് വന്നവരാണ് എന്ന സാങ്കേതികത്വത്തിൽ ഊന്നിയാണ്. ചൂരൽമല പരിസരങ്ങളിലെ പാടികളിൽ താമസിച്ചിരുന്നവരും വാടകക്ക് താമസിച്ചവരും അവിടെ ദൈനംദിന ജോലികൾ ചെയ്തവരും നഷ്ടപരിഹാരത്തിന്‍റെ പരിധിക്ക് ഇപ്പോഴും പുറത്താണ്. വീട് നിർമാണത്തിലും രക്ഷാ ദൗത്യസമയത്തുള്ള റേഷൻ വിതരണത്തിലും പരിമിതിപ്പെടേണ്ടതല്ല പുനരധിവാസം. ദുരന്തങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കുന്ന, മാനുഷികത ആമൂലാഗ്രം നിറഞ്ഞുനിൽക്കുന്ന സമഗ്രമായ പദ്ധതിയാവണമത്. ദുരന്തത്തിലകപ്പെടുന്നവരുടെ ജീവനും സ്വത്തിനും വലിയ മൂല്യം നിശ്ചയിക്കുന്ന, നഷ്ടപരിഹാരങ്ങൾ അവകാശമാക്കുന്ന നിയമ നിർമാണങ്ങൾ കേരളത്തിൽ അനിവാര്യമാണ്. കാരണം, പുനരധിവാസം അധികാരികളുടെ ഔദാര്യമോ ദയാവായ്പോ അല്ല, അവകാശമാണെന്ന ബോധ്യമുള്ള ജനതക്കു മാത്രമേ ദുരന്തങ്ങളെ ആത്മാഭിമാനത്തോടെ മറികടക്കാനാകൂ.
ലോകത്തിലെത്തന്നെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഏറ്റവും അപകടകരമായ ഹോട്ട് സ്പോട്ടാണ് നമ്മുടെ സംസ്ഥാനമെന്നു തിരിച്ചറിയുകയാണ് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള ആദ്യപടി. ഭരണകൂടത്തിന്റെയും നയരൂപീകർത്താക്കളുടെയും എന്തിനേറെ, ഒരു ജനതയെന്ന നിലക്ക് നാം ഓരോരുത്തരുടെയും ശ്രദ്ധ ഈ വിഷയത്തിൽ അതിശുഷ്കമാണെന്ന് പറയാതെ വയ്യ. പ്രകൃതിക്കെടുതികൾ നിരന്തരമായി അഭിമുഖീകരിക്കുന്ന ഇക്കാലത്തും പുതിയ വികസന പദ്ധതികളിലും സംസ്ഥാനത്തിന്‍റെ ഭാവിയെക്കുറിച്ച അഭിലാഷങ്ങളിലും കാലാവസ്ഥ മാറ്റത്തെ അഭിമുഖീകരിക്കാനുള്ള വൈമുഖ്യം പ്രകടമാണ്.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഉരുവപ്പെടുന്ന ന്യൂനമർദങ്ങളുടെ ഫലമായിചുഴലിക്കാറ്റുകളും തീവ്രമഴകളും സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പേമാരികളും ചെറുഭൂചലനങ്ങളും പശ്ചിമഘട്ടത്തെ സാരമായി പരിക്കേൽപിക്കുകയും മലനിരകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 2015നും 2022 നും ഇടയിലുണ്ടായിട്ടുള്ള 3782 ഉരുൾപൊട്ടലുകളിൽ 2239 ഉം സംഭവിച്ചത് കേരളത്തിലാണ്. 2018ൽ വയനാട് മാത്രം ചെറുതും വലുതുമായ 330ൽ അധികം ഉരുൾപൊട്ടലുകളുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വികസന നയങ്ങളും വ്യവസായ കാർഷിക പദ്ധതികളും ആസൂത്രണം ചെയ്യുമ്പോൾ മുതൽ ദുരന്തനിവാരണ, പുനരധിവാസ പ്രവർത്തനങ്ങളിൽ വരെ പ്രകൃതിയുടെ ലോലാവസ്ഥ ഉൾക്കൊണ്ടും മനസ്സിലാക്കിയുമായിരിക്കണം രൂപപ്പെടുത്തേണ്ടതെന്ന് ചുരുക്കം. പ്രകൃതിയുടെ പരിപാലനം, ദുരന്തരക്ഷാ പരിശീലനം, അതിജീവന മാർഗങ്ങൾ തുടങ്ങിയവ നിയമപരമായ അവകാശമാക്കാനുള്ള ‘മിഷൻ’ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ചൂരൽമലയിലെ അതിജീവിതർ സർക്കാറിനോടും കേരളത്തോടും ഒരു വർഷത്തെ ദുരന്തജീവിത പാഠമായി പങ്കുവെക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.