വിദ്വേഷ തന്ത്രങ്ങൾ നിറഞ്ഞാടുമ്പോൾ
text_fieldsബംഗാളിൽ വോട്ടർമാരെ വെട്ടിനീക്കിയ മേഖലകളിൽ ബി.ജെ.പി വലിയ വിജയം നേടിയതിൽ നിന്നുതന്നെ എസ്.ഐ.ആർ പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാവുന്നുണ്ട്
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ മതനിരപേക്ഷ ശക്തികൾക്ക് നിരാശ പകരുന്നതു മാത്രമല്ല, ജനാധിപത്യത്തെയും നിയമവാഴ്ചയെയും സർവോപരി ഭരണഘടനയെയും മാനിക്കുന്ന ഓരോ ഇന്ത്യക്കാരെയും ആശങ്കപ്പെടുത്തുന്നതുമാണ്. കേന്ദ്രത്തിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആപത്കരമായ അജണ്ടകൾക്കും ഫെഡറൽ മര്യാദകളെ ലംഘിക്കുന്ന നടപടികൾക്കുമെതിരെ അതിശക്തമായി പ്രതികരിക്കുകയും നിയമയുദ്ധം നടത്തുകയും ചെയ്ത എം.കെ. സ്റ്റാലിനും മമത ബാനർജിയും ഭരണത്തിൽനിന്ന് പുറത്തുപോയതിനൊപ്പം പ്രതിനിധാനം ചെയ്തുവന്ന നിയമസഭാ മണ്ഡലങ്ങളിലും പരാജയപ്പെട്ടിരിക്കുന്നു. അതേ സമയം കേന്ദ്ര ഭരണകൂടത്തിന്റെ വർഗീയ-വംശീയ അജണ്ടകൾ അപ്പാടെ നടപ്പാക്കി ന്യൂനപക്ഷ ജനതയെ അപരവത്കരിച്ചുപോരുന്ന അസമിലെ ഹിമന്ത ബിശ്വ ശർമയാവട്ടെ ഭരണത്തുടർച്ച നേടിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുമുമ്പ് തിരക്കിട്ട് നടത്തിയ എസ്.ഐ.ആർ പ്രക്രിയയുടെ മറവിൽ 91 ലക്ഷത്തിനടുത്ത് ആളുകളെയാണ് ബംഗാളിൽ വോട്ടർപട്ടികയിൽനിന്ന് നീക്കിയത്. മുസ്‍ലിം സമുദായാംഗങ്ങൾ കൂടുതലുള്ള മുർശിദാബാദ്, 24 നോർത്ത് പർഗാനാസ്, മാൾഡ തുടങ്ങിയ ജില്ലകളിലെ വോട്ടർ പട്ടികയിലാണ് ഇലക്ഷൻ കമീഷൻ കടുംവെട്ട് വെട്ടിയത്. ‘മതുവ’ എന്ന ദലിത് സമുദായത്തിലെ അംഗങ്ങളുടെ വോട്ടുകളും വ്യാപകമായി നീക്കപ്പെട്ടു. അയൽരാജ്യത്തുനിന്ന് അനധികൃതമായി കുടിയേറിയവരുടെ പേരാണ് നീക്കിയത് എന്ന മട്ടിലെ ഒരു പൊതുബോധം രൂപപ്പെടുത്തി ഈ ജനാധിപത്യ നിഷേധത്തിനെതിരായ പ്രതിഷേധങ്ങളെ നിർവീര്യമാക്കുന്നതിൽ ഭരണകൂടം വിജയിച്ചു. രണ്ട് പതിറ്റാണ്ടിലേറെ ഇന്ത്യൻ കരസേനയുടെ യൂനിഫോമണിഞ്ഞ് കാർഗിലിൽ ഉൾപ്പെടെ രാജ്യത്തിനുവേണ്ടി ശത്രുസൈന്യവുമായി പടപൊരുതിയ ഹവിൽദാർ മുഹമ്മദ് ദൗദ് അലിയും മക്കളും അടക്കം ലക്ഷങ്ങൾ ഇത്തരത്തിൽ പുറന്തള്ളപ്പെട്ടു.
മണിപ്പൂരിലെ വംശീയ കലാപത്തിന്റെ മൂർധന്യ ഘട്ടത്തിൽ നിയോഗിച്ചതിന്റെ എത്രയോ ഇരട്ടി കേന്ദ്രസേനാംഗങ്ങളെയും വ്യാജ ഏറ്റുമുട്ടൽ കൊലകൾക്ക് കുപ്രസിദ്ധരായ യു.പിയിലെ പൊലീസ് ഉദ്യോഗസ്ഥരെയും ക്രമസമാധാനപാലനത്തിന് എന്ന പേരിൽ സംസ്ഥാനത്തിറക്കി അതീവ സംഘർഷബാധിത മേഖല എന്ന പ്രതീതിയും കേന്ദ്രം സൃഷ്ടിച്ചു. സമ്മതിദാനാവകാശം നിഷേധിച്ചും ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചും നടത്തുന്ന വോട്ടെടുപ്പ് പ്രക്രിയയെ സ്വതന്ത്രമെന്നോ നീതിയുക്തമെന്നോ വിളിക്കാനാവില്ല. വോട്ടർമാരെ വെട്ടിനീക്കിയ മേഖലകളിൽ ബി.ജെ.പി വലിയ വിജയം നേടിയതിൽ നിന്നുതന്നെ എസ്.ഐ.ആർ പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാവുന്നുണ്ട്. വോട്ടെണ്ണലിനിടെ സി.സി.ടി.വി കാമറകൾ ഓഫ് ചെയ്ത് തന്നെ മർദിച്ചുവെന്നും മെഷീനിൽ കൃത്രിമം നടത്തി എന്നുമടക്കം അതിഗുരുതരമായ ആരോപണങ്ങളാണ് ഫല പ്രഖ്യാപനശേഷം മമത ബാനർജി ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുടെ ധാർമിക പിന്തുണ തനിക്കായതിനാൽ രാജിവെക്കില്ലെന്നും ഗവർണറെ കാണില്ലെന്നും പറയുന്ന മമതക്ക് ഇൻഡ്യാ സഖ്യം നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അത് കോടതി പിരിഞ്ഞ ശേഷം വാദങ്ങളുയർത്തുന്നതു പോലെ യുക്തിരഹിതമാണ്. ഈ പിന്തുണയും ഐക്യചിന്തയും ആഴ്ചകൾമുമ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിൽ ബംഗാളിലേക്കുള്ള ഫാഷിസ്റ്റ് കടന്നുകയറ്റം ഫലപ്രദമായി തടയാമായിരുന്നു.
തമിഴ്നാട്ടിലും വോട്ടുവെട്ടലും കേന്ദ്ര സർക്കാറിന്റെ അമിതാധികാര പ്രയോഗങ്ങളുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഉന്നമിട്ട് ഏറെ മാസങ്ങൾക്ക് മുമ്പുതന്നെ പല വിധ വർഗീയ തന്ത്രങ്ങളും പയറ്റുകയുമുണ്ടായി. നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടിറങ്ങി പ്രചാരണത്തിന് നേതൃത്വം നൽകി. മോദി ഭരണകൂടത്തെ പലവുരു വെല്ലുവിളിച്ച എം.കെ. സ്റ്റാലിന്റെ ഭരണം ഏതുവിധേനയും അവസാനിപ്പിക്കുക എന്ന ആഗ്രഹം സഫലമായെങ്കിലും കഴിഞ്ഞ തവണ നാല് എം.എൽ.എമാരുണ്ടായിരുന്ന ബി.ജെ.പി ഒരു സീറ്റിലൊതുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന, നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴ് വെട്രി കഴകം സർക്കാർ രൂപവത്കരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മറ്റു കക്ഷികളുടെ പിന്തുണയോടെ രൂപവത്കരിക്കുന്ന സർക്കാറിനെ കേന്ദ്രം എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് കാത്തിരുന്ന് കാണാം.
വംശീയ വിദ്വേഷം വമിപ്പിക്കുന്ന വിഡിയോകൾ പ്രചരിപ്പിച്ചുകൊണ്ടാണ് അസമിൽ ബി.ജെ.പി ഈ തെരഞ്ഞെടുപ്പ് സീസണിന് തുടക്കമിട്ടതുതന്നെ. പിന്നാലെ കേന്ദ്രത്തിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ബി.ജെ.പി നേതാക്കൾ പറന്നിറങ്ങി വിദ്വേഷ പ്രസംഗങ്ങൾ നടത്തി മടങ്ങി. ഇതിനെതിരെ ഇലക്ഷൻ കമീഷന്റെ ഭാഗത്തുനിന്ന് ഒരു ഇലയനക്കം പോലുമുണ്ടായില്ല. വംശീയ ആഖ്യാനങ്ങൾ കുമിഞ്ഞുകൂടിയ ഒരു തെരഞ്ഞെടുപ്പിൽ ഇതിൽനിന്ന് വ്യത്യസ്തമായ ഫലം പ്രതീക്ഷിക്കുന്നത് അസാധ്യമാണ്. ഈ പ്രചാരണങ്ങൾ സൃഷ്ടിച്ച ധ്രുവീകരണം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതഭരിതമാക്കുമെന്നതാണ് അതിന്റെ പ്രത്യാഘാതം. കേവലം കുറച്ച് വോട്ടുകളും സീറ്റുകളും ഒപ്പിച്ചെടുക്കാൻ വർഗീയ പ്രചാരണങ്ങളും വംശീയ ആഖ്യാനങ്ങളും ഇറക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഈ അപകടം തിരിച്ചറിയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

